പാലക്കാട് മണ്ണാര്‍ക്കാട് ക്വാറിയുണ്ടായിരുന്ന ഭൂമിയെ പച്ചപ്പണിയിക്കാനുള്ള ശ്രമത്തില്‍ അണിചേര്‍ന്ന് ഒരുകൂട്ടം വിദ്യാര്‍ഥികളും. ക്വാറി പ്രവര്‍ത്തിച്ചിരുന്ന, കുറ്റിച്ചെടികളും പാറകളും നിറഞ്ഞ മൊട്ടക്കുന്നിനെ പച്ചത്തുരുത്താക്കാനുള്ള ശ്രമത്തിലാണ് കാഞ്ഞിരപ്പുഴ പഞ്ചായത്ത്. ഇതിനൊപ്പം കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും 'കുട്ടിമരത്തുരുത്തു'മായി മുന്നോട്ടുവന്നു.

To advertise here,

ഫലവൃക്ഷങ്ങള്‍മാത്രം നട്ടുപിടിപ്പിച്ചുകൊണ്ടുള്ള 'കുട്ടിമരത്തുരുത്ത്' പദ്ധതിയുടെ ആദ്യഘട്ടമായി നൂറിനടുത്ത് തൈകള്‍ ഇവര്‍ നട്ടു. സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് നേതൃത്വം നല്‍കുന്നത്. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പളംചോലയിലാണ് ഈ സ്ഥലം. കാഞ്ഞിരപ്പുഴ അണക്കെട്ട് പ്രദേശത്തിന്റെ അധീനതയിലുള്ള 25 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഒരു കുന്നാണിത്.

അണക്കെട്ടിന്റെ ആവശ്യങ്ങള്‍ക്കുള്ള കല്ലുകള്‍ക്കായി മുന്‍പ് ക്വാറിയായി പ്രവര്‍ത്തിച്ചിരുന്ന തരിശുപ്രദേശത്തിപ്പോള്‍ മാവ്, പ്ലാവ്, വാഴ, മുരിങ്ങ മുതല്‍ വേപ്പിന്‍തൈകളും ചോളവുംവരെ തഴച്ചുവളരുന്നു. രണ്ടാംവാര്‍ഡംഗം എന്‍. പ്രദീഷാണ് നേതൃത്വം നല്‍കുന്നത്. 2021-ലെ പരിസ്ഥിതിദിനത്തിലാണ് തുടക്കമിട്ടത്. മൂന്നുവര്‍ഷംകൊണ്ട് തരിശുഭൂമിയുടെ ഒരുഭാഗം ചെറുവനത്തിന് തുല്യമായിക്കഴിഞ്ഞു.

ഇതിനിടെയാണ് കുന്നിന്റെ ഒരുഭാഗത്ത് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ ആഗ്രഹം പ്രകടിപ്പിച്ചത്. സ്‌കൂളില്‍ നടപ്പാക്കുന്ന 'സൗഹൃദ തേന്‍കനി' പദ്ധതിപ്രകാരം സ്‌കൂള്‍വളപ്പിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും നൂറുകണക്കിന് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച പരിചയമായിരുന്നു ഇവരുടെ കൈമുതല്‍. അരിനെല്ലി, പേര, ഞാവല്‍, ചാമ്പ തുടങ്ങിയ ചെറു ഫലവൃക്ഷത്തൈകളാണ് നട്ടത്.  

പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് മൈക്കിള്‍ ജോസഫ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എസ്. സനല്‍കുമാര്‍, ഡോ. പി. സുരേഷ് ബാബു ഉള്‍പ്പെടെയുള്ള അധ്യാപകരും പി.ടി.എ.യും കുട്ടികള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളാണ് പച്ചത്തുരുത്തിന്റെ പരിപാലനം. മൂന്നുവര്‍ഷംകൊണ്ട് ഒന്നരക്കോടിയിലധികം രൂപയുടെ തൊഴില്‍ നല്‍കാനായി. കഴിഞ്ഞവര്‍ഷം ചെണ്ടുമല്ലിക്കൃഷിയിലും വരുമാനമുണ്ടാക്കി. വൊളന്റിയര്‍മാരായ നിര്‍മല്‍ ആന്റോ, റോസ് മരിയ, എസ്. ശ്രീദേവിക, ടി.എസ്. അനശ്വര, ഫസ്ന ജാസ്മിന്‍, കെ. അലന്‍ എന്നിവരാണ് കുട്ടിമരത്തുരുത്തിന് നേതൃത്വം നല്‍കുന്നത്.