
കല്പറ്റ: വാകേരി കൂടല്ലൂരിൽ കർഷകനെ കൊന്ന കടുവയെ തൃശൂരിൽ എത്തിച്ചു. അതീവസുരക്ഷയോടെ എത്തിച്ച കടുവയെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. വയനാട് ജില്ലയിലെ നാലാംമൈൽ പച്ചാടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ ഈ കടുവയെ കൂടി പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് തൃശ്ശൂരിലേക്ക് മാറ്റിയത്. മെഡിക്കൽ പരിശോധനകൾക്കുശേഷമാണ് കടുവയെ മാറ്റിയത്. അഞ്ച് കടുവകൾക്ക് സ്വസ്ഥമായി താമസിക്കുന്നതിനുള്ള സൗകര്യമാണ് സംരക്ഷണകേന്ദ്രത്തിലുള്ളത്.
ഏഴുകടുവകളെയാണ് ഇപ്പോൾ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. 2022 മുതൽ ജില്ലയിലെ വിവിധ ജനവാസമേഖലകളിലിറങ്ങി പ്രയാസം സൃഷ്ടിച്ച കടുവകളാണ് സംരക്ഷണകേന്ദ്രത്തിലുള്ളവയെല്ലാം. പുതുശ്ശേരിയിൽ തോമസിനെ കൊന്ന കടുവയും ഇക്കൂട്ടത്തിലുണ്ട്.
പ്രായമായവയും മനുഷ്യവന്യജീവി സംഘർഷത്തിലോ അല്ലെങ്കിൽ വനത്തിൽ നിന്നുതന്നെ ഗുരുതരമായ പരിക്കേറ്റോ പുറന്തള്ളപ്പെട്ടവയാണ് ഈ കടുവകളെല്ലാം. അതിനാൽതന്നെ ഇരതേടുന്നതിനായി വീണ്ടും ജനവാസമേഖലകളിലെത്താനുള്ള സാഹചര്യം പരിശോധിച്ചാണ് ഇവയെ സംരക്ഷണകേന്ദ്രങ്ങളിൽ താമസിപ്പിച്ചിരിക്കുന്നത്.
അഞ്ചുസെല്ലുകളിലും തീവ്രപരിചരണം ആവശ്യമായ കടുവകളെ ചികിത്സിക്കുന്നതിനുള്ള രണ്ട് സ്ക്യൂസ് കേജുകളിലും ഇപ്പോൾ കടുവകളെ പാർപ്പിച്ചിരിക്കുകയാണ്. സ്ക്യൂസ് കേജുകളും നിറഞ്ഞിരിക്കുന്നതിനാൽ ഇപ്പോൾ പിടികൂടിയ കടുവയെ പരിചരിക്കുന്നതിനും പ്രത്യേകം സംവിധാനം ഒരുക്കേണ്ടിവരും.
കടുവകൾക്ക് വനസമാന വാസസൗകര്യമൊരുക്കിയിട്ടുള്ള നാലു പെഡോക്കുകളും കേന്ദ്രത്തിലുണ്ട്. ശരാശരി 25 മീറ്റർ നീളത്തിലും വീതിയിലുമായി 20 അടിയിലധികം ഉയരത്തിൽ കമ്പിവല സ്ഥാപിച്ച പുൽമേടുകളാണ് പെഡോക്കുകൾ. സെല്ലുകളിൽ കഴിയുന്ന കടുവകളെ മാറിമാറി പെഡോക്കുകളിലേക്ക് മാറ്റുകയാണ് പതിവ്.
ജനവാസമേഖലകളിൽ കടുവകളുടെ സാന്നിധ്യം സ്ഥിരമായതോടെ കൂടുതൽ സെല്ലുകൾ സംരക്ഷണകേന്ദ്രത്തിൽ ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കൂടുതൽ കടുവകളെ എത്തിക്കുന്നതിനൊപ്പം അവയുടെ പരിചരണത്തിനാവശ്യമായ തുകയും ലഭ്യമാകേണ്ടതുണ്ട്. ഓരോ കടുവയ്ക്കും രണ്ടുദിവസം കൂടുമ്പോൾ പത്തുകിലോ വീതം ഇറച്ചിവേണം. ഒരുമാസം ഒരു കടുവയ്ക്ക് ഏതാണ്ട് 60,000 രൂപയുടെ ചെലവുണ്ട്. പുതിയ കൂടുകളും കടുവകളും എത്തിയാൽ വലിയ തുക ചെലവാക്കേണ്ടി വരും. ഇതിനെല്ലാം പരിഹാരമായി സംരക്ഷണകേന്ദ്രത്തിൽ സഫാരി പാർക്ക് സ്ഥാപിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നും ആവശ്യമുയരുന്നു.
Content Highlights: tiger in caught in wayanad will be send to thrissur zoo
Published: 19 Dec 2023, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented