മൂവാറ്റുപുഴ: പരിസ്ഥിതി വിനാശകാരിയായ ചെഞ്ചെവിയന്‍ ആമയെ (റെഡ് ഇയേര്‍ഡ് സ്ലൈഡര്‍-Red-Eared Slider) മൂവാറ്റുപുഴ ആനിക്കാട് ചിറയില്‍ കണ്ടെത്തി.  രണ്ട് ചെഞ്ചെവിയന്‍ ആമകളെ ചിറയുടെ ഒരു ഭാഗത്ത് കരയോട് ചേര്‍ന്നാണ് കണ്ടെത്തിയത്. കാഴ്ചയില്‍ അതിമനോഹരമാണെങ്കിലും ജലാശയത്തിലെ മറ്റ് ജീവജാലങ്ങള്‍ക്ക് ഇവ മാരകമായ ദോഷം വരുത്തും. കണ്ണുകളോടു ചേര്‍ന്ന് ചെവിപോലെ കടുംചുവപ്പ് നിറമുണ്ട്. ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിനാല്‍ രാജ്യത്ത് ഇവയുടെ വില്‍പനയ്ക്കും കടത്തിനും നിരോധനമുണ്ട്. 

To advertise here,

 സാല്‍മൊണല്ല ബാക്ടീരിയയുടെ (Salmonella Bacteria) വാഹകരായ ഇവ മനുഷ്യരില്‍ രോഗബാധയുണ്ടാക്കുന്നവയുമാണ്. ജലത്തില്‍ അതിവഗേത്തില്‍ പെരുകി സസ്യ-ജന്തുജാലങ്ങളെ ഇല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കും. മെക്സിക്കന്‍ വംശജനായ ഈ ആമയെ രൂപഭംഗി മൂലം പലരും രഹസ്യമായി വളര്‍ത്തിയിരുന്നു.

പച്ച, മഞ്ഞ നിറങ്ങളിലാണ് പ്രധാനമായും കാണുന്നത്. അലങ്കാര ജീവിയെന്ന നിലയില്‍ വളര്‍ത്തി തുടങ്ങുന്ന ഇവയെ പലരും പിന്നീട് ജലാശയങ്ങളില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത് ജലാശയങ്ങളില്‍ ഇവയുടെ സാന്നിധ്യം ഇരട്ടിക്കാനുള്ള കാരണമായി. കുടിവെള്ളത്തെയും ജലസ്രോതസ്സുകളെയും അപകടകരമാംവിധം ഇവ മലീമസമാക്കും. ആനിക്കാട് ചിറയില്‍ ചെഞ്ചെവിയന്‍ ആമ എത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. യൂറോപ്യന്‍ രാജ്യങ്ങളിലും ഇവയ്ക്ക് നിരോധനമുണ്ട്.

നിരോധനം ഫലപ്രദമാകണം

" കേരളത്തിന്റെ ജലാശയങ്ങൾക്കും അവയിലെ സസ്യ-ജന്തുജാലങ്ങൾക്കും ഭാവിയിൽ വലിയ ഭീഷണിയായി മാറാവുന്നതാണ് ചെഞ്ചെവിയൻ ആമ. 20 വർഷത്തോളമായി ഇത് കേരളത്തിലെത്തിയിട്ട്. ചിലയിടങ്ങളിൽ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ വലിയ വ്യാപനം നടന്നിട്ടില്ല. നമ്മുടെ ജലാശയങ്ങൾ ഇവ താവളമാക്കാനുള്ള സാധ്യത വളരെയേറെയാണ്. ആധികാരികമായി ഇവ രാജ്യത്ത് നിരോധിച്ചു എന്നു പറയാനുമാകില്ല. ഫലപ്രദമായ നിരോധനം അനിവാര്യമാണ്. പീച്ചി വനഗവേഷണ കേന്ദ്രം ചില പദ്ധതികൾ നടപ്പാക്കുന്നുണ്ട്." - ജാഫർ പാലോട്ട്   (സീനിയർ സുവോളജിക്കൽ സയന്റിസ്റ്റ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ)