ഓസോണ്‍ പാളിയിലെ വിള്ളല്‍ ചുരുങ്ങുന്നതായി പഠനങ്ങള്‍. ദക്ഷിണധ്രുവത്തിലാണ് (South Pole) ഈ പ്രതിഭാസം. മേഖലയിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ ഏഴിനും ഒക്ടോബര്‍ 13 നുമിടയില്‍ 23.2 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്ററെന്ന തോതിലെത്തി. മുന്‍വര്‍ഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. 2021-ല്‍ ഇത് 24.8 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്ററായിരുന്നു. 

To advertise here,

അന്റാര്‍ട്ടിക്കയിലെ അന്തരീക്ഷത്തില്‍ സ്‌ട്രോറ്റോസ്പിയറിനും മുകളിലായിട്ടാണ് വിള്ളല്‍ കാണപ്പെടുന്നത്. എല്ലാവര്‍ഷവും സെപ്റ്റംബറിലാണ് മേഖലയില്‍ മാറ്റങ്ങള്‍ പ്രകടമാകുക. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ വിള്ളല്‍ ചുരുങ്ങുന്ന പ്രതിഭാസത്തിനാണ് മേഖല സാക്ഷ്യം വഹിക്കുന്നത്.

ഓസോണ്‍ പാളികളിലെ വിള്ളലുമായി ബന്ധപ്പെട്ട സംരക്ഷണത്തിന് കൊണ്ടുവന്ന മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍(Montreal protocol) ഫലം ചെയ്തതായി കണക്കാക്കാമെന്ന്‌ വിദ്ഗധര്‍ പറയുന്നു. നാസയിലെയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷനിലെയും ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് വിള്ളലിലെ തോത് നിര്‍ണയിച്ചത്‌.

ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഒക്ടോബര്‍ അഞ്ചിന് മാത്രമാണ് കഴിഞ്ഞ കൊല്ലത്തേക്കാള്‍  കൂടുതലായി വര്‍ധനവ് രേഖപ്പെടുത്തിയത്. അതായത് 26.4 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍. 1990 കളുടെ അവസാനത്തിലെയും 2000 ത്തിന്റെ തുടക്കത്തിലുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ് 2022-ലേത്. ക്ലോറോഫ്‌ളൂറോ കാര്‍ബണുകളാണ് ഓസോണ്‍ പാളിയുടെ വിള്ളലിലേക്ക് നയിക്കുന്നത്.