ബെയ്ജിങ് : ഇഷ്ടപ്പെട്ട അഴകളവുകളിലേക്കും രൂപത്തിലേക്കും മാറാന്‍ സ്ത്രീകളും പുരുഷന്‍മാരും കോസ്‌മെറ്റിക് സര്‍ജറികള്‍ നടത്തുന്നത് സാധാരണമാണിപ്പോള്‍. എന്നാല്‍ മിക്കിമൗസിന്റെ ചെവിയാക്കാനായി ചൈനയില്‍ വളര്‍ത്തുമൃഗങ്ങളില്‍ കോസ്‌മെറ്റിക് സര്‍ജറി നടത്തുന്നത് വലിയ പ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്.

To advertise here,

വളര്‍ത്തുമൃഗങ്ങളുടെ ചെവികള്‍ ട്രിം ചെയ്യാനും ഷേപ്പാക്കാനും വലിയ ഡിസ്‌ക്കൗണ്ടുകളാണ് സ്ഥാപനങ്ങള്‍ നല്‍കുന്നത്. ശാരീരികമായ വേദനകളും മാനസികപ്രയാസങ്ങളും ഇത്തരം ശസ്ത്രക്രിയകള്‍ മൃഗങ്ങളിലുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ബെയ്ബെയ് ജില്ലയില്‍ ഒരു പെറ്റ് ക്ലിനിക്ക്  'മിക്കി ഇയര്‍' ഗ്രൂപ്പ് പര്‍ച്ചേസ് പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യം പ്രസിദ്ധപ്പെടുത്തിയത് ഒരുപാട് പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചുവെന്നാണ് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നത്. 300 യുവാന്‍ (3533രൂപ) സ്‌പെഷ്യല്‍ ഓഫറില്‍ ചെയ്തുകൊടുക്കപ്പെടും എന്നുള്ള പരസ്യങ്ങളാണ് പുറത്തു വരുന്നത്.

'മിക്കി മൗസ് ഇയര്‍' ശസ്ത്രക്രിയ പെട്ടെന്ന് ചെയ്യാവുന്ന ഒന്നല്ലെന്നാണ് ബെയ്ജിംഗിലെ ലവിംഗ് കെയര്‍ ഇന്റര്‍നാഷണല്‍ പെറ്റ് മെഡിക്കല്‍ സെന്ററിലെ ഡീന്‍ ലിയു യുന്‍ഡോങ് പറയുന്നത്. ആദ്യം അനസ്‌തേഷ്യ നല്‍കിയ ശേഷം അരമണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ചെവി മുറിച്ചു അതാതാകൃതിയിലാക്കുന്ന പ്രക്രിയയാണ്. പിന്നെ 20 മുതല്‍ 60 ദിവസങ്ങളോളമുള്ള തുടര്‍ച്ചയായ സിറ്റിങ്ങിലാണ് പ്രക്രിയ പൂര്‍ണ്ണമാകുന്നത്. വളര്‍ത്തുമൃഗങ്ങളെ സംബന്ധിച്ച് ഇത് വേദനാജനകവും  രോമം വെട്ടുന്ന മോക്കോവറുകള്‍ പോലെ അസുഖകരവും മാനസികാഘാതം ഉണ്ടാക്കുന്നതുമാണ്.

മൃഗാശുപത്രികളില്‍ ഇത് വളരെ അപൂര്‍വമായി മാത്രമേ ചെയ്യാറുള്ളൂ. എന്നാല്‍ ബ്രീഡിങ് സെന്ററുകളിലും മറ്റും ഇത് ചെയ്തു കൊടുക്കുന്നുണ്ട്. നിലവില്‍, ചൈനയില്‍ ഈ ശസ്ത്രക്രിയകള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങളൊന്നുമില്ല. പക്ഷെ വലിയ ധാര്‍മ്മിക പ്രസ്‌നമാണ് ഇത് ഉയര്‍ത്തുന്നത്. അതിനാൽ തന്നെ ഇത്തരം ശസ്ത്രക്രിയകൾക്ക് നിയന്ത്രണം വേണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം