കകടലുകളെ മാറ്റിനിർത്തിയാൽ കരയിലെ ഏറ്റവും വലിയ ജലസ്രോതസ്സ് ഭൂഗര്‍ഭ ജലമാണെന്ന് കണ്ടെത്തല്‍. വിശാലമായ തടാകങ്ങളാലും നദീതടങ്ങളാലും ഭൂമി ചുറ്റപ്പെട്ടതായി തോന്നുമെങ്കിലും അവ ഭൂമിയിലെ ജലത്തിന്റെ 0.01 ശതമാനം മാത്രം വരുന്നവയാണ്. ഉപരിതലത്തില്‍ ഉള്‍ക്കൊള്ളുന്ന ശുദ്ധജലത്തിന്റെ നൂറ് മടങ്ങ് അധികമാണ് ഭൂഗര്‍ഭ ജലം. പാറയ്ക്കുള്ളില്‍ കാണപ്പെടുന്ന ചെറിയ വിള്ളലുകളിലും മണ്ണിന്റെ കണികകള്‍ക്ക് ഇടയിലുമാണ് ഭൂഗര്‍ഭ ജലം സംഭരിച്ചിരിക്കുന്നത്. കുറഞ്ഞത് പത്ത് കിലോ മീറ്റര്‍ വരെ ആഴത്തില്‍ വ്യാപിക്കാന്‍ ഇവയ്ക്ക് സാധിക്കും. 

To advertise here,

ഇതുവരെ കണ്ടെത്താത്ത പരിസ്ഥിതി സൗഹാര്‍ദമായ നിരവധി ഫലങ്ങള്‍ ഭൂഗര്‍ഭ ജലസ്രോതസ്സ് പ്രദാനം ചെയ്യുന്നുവെന്നാണ് നിഗമനം. ലോകത്തിലെ വലിയൊരു ശതമാനം ജലവും ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് മുമ്പ് തെളിയിക്കപ്പെട്ടതാണ്. എന്നാല്‍, ഇവ പ്രതീക്ഷിച്ചതിനെക്കാള്‍ ഏറെ അളവില്‍ ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്നു. ഉപരിതലത്തിന് പത്ത് കിലോ മീറ്റര്‍ താഴെയായി അടുത്തിടെ നടത്തിയ പഠനങ്ങള്‍ യഥാര്‍ത്ഥ ഭൂഗര്‍ഭ ജലത്തിന്റെ തോത് ഇരട്ടിയലധികമാണെന്ന് നിഗമനത്തിലേക്കാണ് ഗവേഷകരെ കൊണ്ടെത്തിച്ചത്.

അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലാന്‍ഡിലെയും ഹിമപാളികളില്‍ അടങ്ങിയിരിക്കുന്ന ജലത്തിന്റെ പതിന്മടങ്ങ് അളവാണ് ഭൂഗര്‍ഭ ജല സ്രോതസ്സുകളിലുള്ളത്. മുമ്പ് നടന്ന പഠനങ്ങള്‍ പ്രകാരം ഭൂഗര്‍ഭ ജലം ആഴമേറിയ പ്രതലങ്ങളില്‍ മാത്രമേ കണ്ടെത്തുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും നിലവിലെ പഠനങ്ങള്‍ ഇവ ഭൂമിക്ക് പത്ത് കിലോ മീറ്റര്‍ താഴ്ന്ന പ്രദേശങ്ങളില്‍ വരെ കണ്ടെത്താനായേക്കുമെന്ന് തിരിച്ചറിയുകയായിരുന്നു. ഇവിടങ്ങളിലെ പാറകളിലെ സുഷിരവും വിള്ളലും ജലം സംഭരിക്കാന്‍ സഹായിക്കുന്നു.

വീടുകള്‍, ജലസേചനം, വ്യവസായം എന്നിവയ്ക്കായി ആശ്രയിക്കാവുന്ന സ്രോതസ്സ് കൂടിയാണ് ഭൂഗര്‍ഭ ജലം. പാറകളില്‍ അടങ്ങിയിരിക്കുന്ന ഭൂഗര്‍ഭ ജലത്തിന്റെ ഏറിയ പങ്കും ഉപ്പുരസമുളളവയാണ്. സമുദ്രജലത്തെക്കാള്‍ ഉയര്‍ന്ന അളവില്‍ ചിലപ്പോള്‍ ഉപ്പിന്റെ സാന്നിധ്യമുണ്ടായേക്കാം. ഇത്തരം പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലം ജലസേചനത്തിനും വ്യവസായത്തിനും ഗുണകരമാകില്ല. ആഴത്തിലുള്ള ഭൂഗര്‍ഭ ജലത്തിന്റെ സഞ്ചാരപാതയെ നിയന്ത്രിക്കുന്നത് ഭൂപ്രകൃതിയാണ്. മണല്‍ക്കല്ലുകളിലും ചുണ്ണാമ്പുകല്ലുകളിലും ജലം വളരെ വേഗത്തില്‍ സഞ്ചരിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Content Highlights: ground water is considered to be the highest source of water on land