
ചാവക്കാട്(തൃശ്ശൂർ): തീരത്ത് കടലാമക്കാലത്തിന് തുടക്കംകുറിച്ച് സീസണിലെ ആദ്യ കടലാമ തീരത്തെ മണൽത്തിട്ടയിൽ മുട്ടയിട്ട് മടങ്ങി. തിങ്കളാഴ്ച രാത്രിയാണ് കടപ്പുറം പഞ്ചായത്തിലെ വെളിച്ചണ്ണപ്പടിയിൽ വേലിയേറ്റത്തിലുണ്ടായ മണൽത്തിട്ടയിൽ കടലാമ മുട്ടയിടാനെത്തിയത്.
ഇതോടെ നാലു മാസത്തോളമുള്ള കടലാമകളുടെ മുട്ടയിടൽകാലത്തിനു തുടക്കമായി. നൂറ് മുട്ടകൾ കടലാമക്കൂട്ടിൽ ഉണ്ടായിരുന്നു. ഈ സീസണിൽ അല്പം വൈകിയാണ് കടലാമകൾ മുട്ടയിടാനെത്തിയത്.
തുടർച്ചയായി ഉണ്ടാകുന്ന വേലിയേറ്റം കടലാമകൾ മുട്ടയിടാൻ എത്തുന്നത് വൈകാൻ കാരണമാകുന്നതായി കടലാമസംരക്ഷണസമിതി പ്രവർത്തകർ പറഞ്ഞു.
പ്രദേശത്തെ പൊതുപ്രവർത്തകരായ ഹസീബ്, മെഹറൂഫ്, ആശിഖ്, ജലാൽ എന്നിവർ അറിയിച്ചതിനെത്തുടർന്ന് പുത്തൻകടപ്പുറം സൂര്യ കടലാമസംരക്ഷണസമിതി പ്രവർത്തകരായ പി.എ. സെയ്ദുമുഹമ്മദ്, പി.എ. നസീർ, കെ.എസ്. ഷംനാദ് എന്നിവരുടെ നേതൃത്വത്തിൽ മുട്ടകൾ പുത്തൻകടപ്പുറത്തെ സൂര്യ കടലാമ ഹാച്ചറിയിലേക്ക് മാറ്റി. 40 ദിവസത്തോളം കഴിഞ്ഞാൽ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും.
ഒലീവ് റിഡ്‌ലി ഇനത്തിലുള്ള കടലാമകളാണ് കേരളതീരത്ത് മുട്ടായിടാനെത്തുന്നത്. വിരിഞ്ഞിറങ്ങുന്ന കടലാമക്കുഞ്ഞുങ്ങളെ കടലാമസംരക്ഷണപ്രവർത്തകർ കടലിലേക്കു വിടും.
കേരളത്തിൽ ബ്ലാങ്ങാട് മുതൽ മലപ്പുറം ജില്ലാതിർത്തി വരെയുള്ള ചാവക്കാട് തീരത്താണ് ഏതാനും വർഷങ്ങളായി ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്നതെന്നു പുത്തൻകടപ്പുറം സൂര്യ കടലാമസംരക്ഷണസമിതി പ്രവർത്തകനായ പി.എ. സെയ്ദുമുഹമ്മദ് പറഞ്ഞു.
വർഷങ്ങളായി ഏറ്റവും കൂടുതൽ കടലാമക്കൂടുകൾ സംരക്ഷിക്കുന്നത് സൂര്യ കടലാമസംരക്ഷണസമിതിയാണ്.
മുട്ടകൾ സൂക്ഷിക്കാൻ കൂടുതൽ കൂടുകളൊരുക്കും
കടലാമസംരക്ഷണസമിതികൾക്ക് കടലാമമുട്ടകൾ വിരിഞ്ഞിറങ്ങുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കാൻ കൂടുതൽ ഇരുമ്പുകൂടുകൾ നൽകുമെന്ന് ഡപ്യൂട്ടി റേഞ്ച് ഓഫീസർ വി.ജെ. ഗീവർ പറഞ്ഞു. എരുമപ്പെട്ടി ഫോറസ്റ്റ് ഡിവിഷനു കീഴിലും വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിനു കീഴിലുമാണ് ചാവക്കാട് തീരത്തെ കടലാമസംരക്ഷണസമിതികളും വാച്ചർമാരും പ്രവർത്തിക്കുന്നത്.
Content Highlights: Chavakkad coast sees the start of the sea turtle nesting season with the first Olive Ridley turtles laying eggs.
Published: 31 Dec 2025, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented