
ന്യൂഡല്‍ഹി: 2023-ലെ ദേശീയ ജലപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജലസംരക്ഷണത്തില്‍ രാജ്യത്തെ മികച്ച പഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിനുള്ള ഏക പുരസ്‌കാരമാണിത്. ജനകീയപങ്കാളിത്തത്തോടെയുള്ള ജലസംരക്ഷണപദ്ധതികളാണ് പഞ്ചായത്തിന് സമ്മാനം നേടിക്കൊടുത്തത്. രാജ്യത്തെ മികച്ച ജലസംരക്ഷണ മാതൃകകള്‍ക്ക് കേന്ദ്ര ജലശക്തി മന്ത്രാലയം നല്‍കുന്ന പുരസ്‌കാരമാണിത്. ഒന്‍പത് വിഭാഗങ്ങളിലായി 38 ജേതാക്കളുണ്ട്. ഒക്ടോബര്‍ 22-ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ജലസംരക്ഷണത്തില്‍ മികച്ച സംസ്ഥാനമായി ഒഡിഷ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശ് രണ്ടാംസ്ഥാനം നേടിയപ്പോള്‍ പുതുച്ചേരിയും ഗുജറാത്തും മൂന്നാംസ്ഥാനം പങ്കിട്ടു. ദക്ഷിണമേഖലയില്‍ വിശാഖപട്ടണം (ആന്ധ്രാപ്രദേശ്), വടക്കുകിഴക്കന്‍ മേഖലയില്‍ ധലയ് (ത്രിപുര), ഉത്തരമേഖലയില്‍ ബാന്ദ (യു.പി.), ഗന്ദേര്‍ബാള്‍ (ജമ്മു-കശ്മീര്‍), പശ്ചിമമേഖലയില്‍ ഇന്ദോര്‍ (മധ്യപ്രദേശ്), കിഴക്കന്‍ മേഖലയില്‍ ബലാംഗീര്‍ (ഒഡിഷ) എന്നിവ മികച്ച ജില്ലകളായി തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിലെ സൂറത്താണ് മികച്ച നഗരതദ്ദേശസ്ഥാപനം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരമാവധി ജലസംരക്ഷണം എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തനമെന്ന് പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് പറഞ്ഞു.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പുല്ലമ്പാറയുടെ നേട്ടം
വെഞ്ഞാറമൂട്: മികച്ച ഗ്രാമപ്പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജല അവാര്‍ഡ് പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്തിന്. ദേശീയതലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്തായി പുല്ലമ്പാറ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ നേതൃത്വത്തില്‍ നവകേരളം കര്‍മപദ്ധതി, അഗ്രി എന്‍ജിനിയറിങ് എന്നിവയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ 'നീരുറവ്' പദ്ധതിക്കാണ് പുരസ്‌കാരം ലഭിച്ചത്. പദ്ധതിപ്രകാരം കളരിവനം വൃക്ഷവത്കരണ പദ്ധതിയിലൂടെ രാജ്യത്തിനു മാതൃകയായ രീതിയില്‍ വാമനപുരം നദിയുടെ പാര്‍ശ്വപ്രദേശങ്ങളില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ദേശീയ ബാംബൂ മിഷന്റെ ഫണ്ടുപയോഗിച്ച് മുള വെച്ചുപിടിപ്പിക്കുകയും ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയില്‍ അറുന്നൂറോളം കുളങ്ങള്‍ നിര്‍മിക്കുകയും കിണര്‍ റീചാര്‍ജ് ചെയ്യുകയും ചെയ്തതിലൂടെ ജലനിരപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞതായും കമ്മിറ്റി കണ്ടെത്തി. കാര്‍ഷികമേഖലയിലും അനുബന്ധ മേഖലകളിലും ക്രോപ്പ് റോട്ടേഷന്‍ പോലെയുള്ള സങ്കേതങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നും കണ്ടെത്തി. വാമനപുരം നിയോജകമണ്ഡലത്തില്‍ എം.എല്‍.എ. ഡി.കെ. മുരളിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'നീര്‍ധാര' പദ്ധതിയുടെ ഭാഗമായും നിരവധി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 2021 ഓഗസ്റ്റില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത പദ്ധതി പിന്നീട് കേരളത്തിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലും നടപ്പാക്കി.
90 ശതമാനം പേരും മൊബൈല്‍ ഓണ്‍ലൈന്‍ സേവന ഉപയോഗ പരിജ്ഞാനം നേടിയ ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് എന്ന രീതിയില്‍ പി.എസ്.സി. പരീക്ഷയിലും പുല്ലമ്പാറ പഞ്ചായത്ത് ഉള്‍പ്പെട്ടിരുന്നു. കൂടാതെ കേരളത്തിന്റെ പൈലറ്റ് പദ്ധതിയായി മാറിയ 'നീരുറവ്' ആരംഭിച്ചതും പുല്ലമ്പാറയിലായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പോയി പഠിക്കുന്ന ഡ്രീം പദ്ധതി തുങ്ങിയവയെല്ലാം പുല്ലമ്പാറ പഞ്ചായത്തിന്റെ സ്വന്തം പ്രവര്‍ത്തനങ്ങളാണ്. 'സജലം' എന്ന പേരില്‍ ജില്ലാ ജലശക്തി അഭിയാന്റെ കീഴില്‍, ഹരിത കേരളം മിഷന്‍, തൊഴിലുറപ്പുപദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ നീരുറവകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളെ സംരക്ഷിക്കുന്ന വികസനപദ്ധതിയും നടക്കുന്നു. ഈ മാസം 22-ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് രാഷ്ട്രപതി ഉപഹാരം സമര്‍പ്പിക്കും.
Content Highlights: 5th national water awards 2023 best village panchayat, pullampara in kerala thiruvananthapuram
Published: 15 Oct 2024, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented