ഗരവാസികള്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ വൃത്തിയാക്കാനിറങ്ങി ഒരു ജീവനാണ് തിരുവനന്തപുരത്ത് പൊലിഞ്ഞത്. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനിറങ്ങിയ കരാര്‍ തൊഴിലാളിയായ ജോയി. ജോയിക്ക് ജീവന്‍ നഷ്ടപ്പെട്ട തിരുവന്തപുരം നഗരഹൃദയത്തിലെ ആമയിഴഞ്ചാന്‍ തോട് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. നമ്മുടെ ഏതൊരു നഗരത്തിലേയും പുഴകളും തോടുകളും കൈത്തോടും കനാലുമെല്ലാം മാലിന്യവാഹിനികളാണ്. കനാലുകളും കൈത്തോടുകളുമെല്ലാം മാലിന്യം വലിച്ചെറിയാനും മലിനജലം ഒഴുക്കി വിടാനുമുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്. ഓരോ ദിവസവും ടണ്‍ കണക്കിന് ഖരമാലിന്യങ്ങളും മലിനജലവുമാണ് ഓരോ ജലസ്രോതസുകളിലേക്കും എത്തുന്നത്. യാതൊരു തരത്തിലുള്ള സംസ്‌കരണവും ഒരുഘട്ടത്തിലും നടക്കുന്നില്ല. അതോടെ ഇവ നമ്മുടെ പുഴകളിലേക്കും കായലിലേക്കും കടലിലേക്കും എത്തുന്നു. ഇതേ വെള്ളം തന്നെയാണ് നമ്മള്‍ കുടിക്കാനടക്കം ഉപയോഗിക്കുന്നതും. ഇങ്ങനെയൊക്കെ മതിയോ? എന്താണ് നമ്മുടെ പ്രശ്‌നം, എങ്ങനെ നമുക്കത് പരിഹരിക്കാം? മലിനജലസംസ്‌കരണത്തിന് ലോകരാജ്യങ്ങള്‍ പിന്തുടരുന്ന മാതൃകകള്‍ നമുക്കും പകര്‍ത്താവുന്നതല്ലേ? കൊച്ചി ശസ്ത്ര സാങ്കേതിക സര്‍വകലാശാല പരിസ്ഥിതി വിഭാഗം അധ്യാപകനും സ്വീവേജ് ട്രീറ്റ്‌മെന്റ് മേഖലയില്‍ അക്കാദമിക് പരിചയസമ്പത്തുമുള്ള ഡോ. ആനന്ദ്  മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

To advertise here,

മാലിന്യം നമുക്ക് വലിയ തലവേദന നിറഞ്ഞ പ്രശ്‌നമാണ്. മാലിന്യനീക്കത്തിനിറങ്ങിയാണ് തിരുവനന്തപുരത്ത് ഒരു ജീവന്‍ നഷ്ടമായത്. മാലിന്യനിര്‍മാര്‍ജനത്തിനായി  പലതും ചെയ്യുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. നമ്മുടെ മാലിന്യസംസ്‌കരണ മാര്‍ഗങ്ങളുടെ പ്രശ്‌നമെന്താണ്? 

കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ നോക്കിയാല്‍ ഒരു സുസ്ഥിര മാലിന്യസംസ്‌കരണ സംവിധാനം നമുക്കില്ല. ഒരു മാലിന്യസംസ്‌കരണ സംവിധാനം എന്നാല്‍ അത് സംയോജിതമായിരിക്കണം. നമ്മുടെ വ്യവസായ സ്ഥാപനങ്ങള്‍, പാര്‍പ്പിട മേഖലകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വിവിധ തരത്തിലായിരിക്കും. ജൈവവും അജൈവുമായ മാലിന്യങ്ങളുണ്ടാകും. ഇതിനെയെല്ലാം അതിന്റെ സ്വഭാവം അനുസരിച്ച് കൃത്യമായി തരംതിരിച്ച്, ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സംസ്‌കരിക്കണം. അതിനെയാണ് ഇന്റ​​ഗ്രേറ്റഡ് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം (ഐ.എസ്.ഡബ്യൂ.എം.) എന്ന് പറയുന്നത്. അത്തരത്തിലൊരു വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം നമുക്കില്ല. അപ്പപ്പോള്‍ വരുന്ന പ്രശ്‌നം പരിഹരിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. ദീര്‍ഘകാലത്തേക്ക് പദ്ധതി ആസൂത്രണം ചെയ്യാനോ, അതിനൊരു സംയോജിതമാതൃക ഉണ്ടാക്കാനോ നമ്മള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല.

placeholder
ഡോ. അനന്ദ് മഹാദേവന്‍

മാലിന്യം കൈകാര്യം ചെയ്യാനുള്ള സാങ്കേതികവിദ്യ ഇല്ലാഞ്ഞിട്ടല്ല. അതിനായി ഒരു ഇന്റ​​ഗ്രേറ്റഡ് സിസ്റ്റം നമ്മള്‍ വികസിപ്പിച്ച് എടുക്കുന്നില്ല എന്നതാണ് പ്രശ്‌നം. അത്  വികസിപ്പിച്ചെടുത്താല്‍ മാത്രമേ, അത് നന്നായി പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ. കൊച്ചി, ബ്രഹ്‌മപുരത്ത് ബി.പി.സി.എൽ ഒരു ബയോഗ്യാസ് പ്ലാന്റ് നിർമിക്കുന്നുണ്ട്. പക്ഷേ, കൃത്യമായി മാലിന്യം അവിടെ എത്തിച്ചാല്‍ മാത്രമേ അത് പ്രവര്‍ത്തിക്കുകയുള്ളൂ. മാലിന്യം പ്ലാന്റില്‍ എത്തിക്കാനുള്ള ട്രാന്‍പോര്‍ട്ടേഷന്‍ സിസ്റ്റം നമ്മള്‍ വികസിപ്പിച്ചിട്ടില്ല. നമ്മള്‍ പ്ലാന്റ് ഉണ്ടാക്കും. അത് നടത്തുന്നവരോട് വേസ്റ്റ് എത്തിക്കാമെന്ന് പറയും. പക്ഷേ, അതിന് സാധിക്കില്ല. ഇതുപോലെ എന്തൊക്കെയോ ചെയ്യുന്നുണ്ട്. പക്ഷേ, അതൊരു സിസ്റ്റമായി വികസിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നില്ല.

ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ഏത് തരം മാതൃകയാണ് പിന്തുടരുന്നത്, അത് ഫലപ്രദമാണോ? 

മറ്റ് രാജ്യങ്ങളെ  നോക്കിയാല്‍ ഇന്‍സിനറേഷനാണ് കൂടുതല്‍ രാജ്യങ്ങളിലും ഉപയോഗിക്കുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ മാലിന്യത്തെ ഇന്‍സിനറേറ്റ് ചെയ്ത് അതില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നു. വികസിതരാജ്യങ്ങള്‍ ഒട്ടുമിക്കതും മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുകയാണ്. നെതര്‍ലാന്‍ഡ്, ജര്‍മനി പോലുള്ള രാജ്യങ്ങള്‍ മാലിന്യത്തില്‍നിന്നു ബയോഗ്യാസ് ഉത്പാദിപ്പിക്കുകയും  കമ്പോസ്റ്റാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. പക്ഷേ, അവിടെയെല്ലാം ഇക്കാര്യത്തില്‍ കൃത്യമായി സിസ്റ്റം നിലവിലുണ്ട്. ഓരോ വീട്ടില്‍നിന്നും ദിവസവും മാലിന്യം ശേഖരിച്ചിരിക്കും. ഭരിക്കുന്നവരും ഉദ്യോഗസ്ഥരും ജനങ്ങളുമെല്ലാം ഇക്കാര്യത്തില്‍ ബോധവാന്മാരായിരിക്കണം.

നമ്മുടെ നാട്ടിലെ കാര്യം നോക്കൂ. തിരുവനന്തപുരത്ത് പ്രശ്‌നമുണ്ടായപ്പോള്‍ നമ്മളത് കണ്ടതല്ലേ. തിരുവനന്തപുരം കോര്‍പറേഷന്‍ റെയില്‍വേയെ കുറ്റം പറയുന്നു. മറ്റുള്ളവര്‍ മുന്‍സിപ്പാലിറ്റിയെ കുറ്റം പറയുന്നു. സത്യത്തില്‍ നമ്മള്‍ ഓരോരുത്തരും മാലിന്യം അതില്‍ ഇട്ടിട്ടുണ്ട്. നമ്മള്‍ ഓരോരുത്തരും അതിന് ഉത്തരവാദികളാണ്. അപ്പോള്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള മനോഭാവം പ്രധാനമാണ്. പക്ഷേ, ജനങ്ങള്‍ക്ക് തനിച്ച് ഒന്നും ചെയ്യാന്‍ സാധിക്കില്ല. സിസ്റ്റം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായി പ്രവർത്തിക്കണം. അതിനൊപ്പം ജനങ്ങളും ചേർന്നാൽ ഇത് നന്നായി പ്രവർത്തിക്കും. 

placeholder
Photo: Sajan V Nambiar | Mathrubhumi
കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യക്കൂമ്പാരം(ഫയല്‍ ചിത്രം) | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍/ മാതൃഭൂമി

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനായി ഇറങ്ങിയാണ് ജോയി മരിക്കുന്നത്. ശാസ്ത്രീയമായി ഇതൊരു ശരിയായ മാതൃകയല്ലല്ലോ, ഇക്കാര്യത്തില്‍ യന്ത്രസംവിധാനങ്ങള്‍ നമുക്ക് ആശ്രയിക്കാവുന്നതല്ലേ ?

വിദേശരാജ്യങ്ങളില്‍ ഇത്തരംപ്രവര്‍ത്തനത്തില്‍ മനുഷ്യന്റെ ഇടപെടല്‍ വളരെക്കുറവാണ്. അവിടങ്ങളിലെ മലിനജല സംവിധാനം പൂര്‍ണമായും ക്ലോസ്ഡാണ്. മറ്റൊന്ന് നമ്മള്‍ തോടുകളും പുഴകളുമെല്ലാം സീവേജ് സിസ്റ്റമായാണ് ഉപയോഗിക്കുന്നത്. ശരിക്കും മലിനജല സംവിധാനം വ്യത്യസ്തമാണ്. അത് മറ്റൊരു സംവിധാനമായി കൈകാര്യം ചെയ്യേണ്ടതാണ്. അതിന് കൃത്യമായ നഗരാസൂത്രണം വേണം. നമ്മുടെ നാട്ടില്‍ പക്ഷേ, തോടുകളും പുഴകളുമെല്ലാം ഇതിനായി ഉപയോഗിക്കുന്നു. ഒപ്പം അവ കൈയേറി വീതി കുറഞ്ഞ അവസ്ഥയിലും. തോടുകളും കനാലുകളും മഴവെള്ളം ഒഴുകിപ്പോകാനുള്ളതാണ്. അല്ലാതെ നമ്മുടെ മലിനജനം ഒഴുക്കാനുള്ളതല്ല. പക്ഷേ നമ്മള്‍ അതില്‍ മലിനജലം ഒഴുക്കുന്നു, എല്ലാത്തരത്തിലുമുള്ള ഖരമാലിന്യവും ഇടുന്നു. നമുക്ക് പ്രത്യേകമായ സീവേജ് സിസ്റ്റമില്ല. മറ്റുള്ള രാജ്യങ്ങളില്‍ അങ്ങനെയല്ല. അവിടെ റോബോട്ട് സംവിധാനം ഉള്‍പ്പെടെ ഉപയോഗിച്ചാണ് അവര്‍ ക്ലീനിങ് നടത്തുന്നത്. അത്യാവശ്യമുണ്ടെങ്കില്‍ മാത്രമാണ് മനുഷ്യന്‍ ഇടപെടുന്നത്. അല്ലെങ്കില്‍ ഇതിനെല്ലാം യന്ത്രസംവിധാനങ്ങളുണ്ട്.

ഇക്കാര്യത്തില്‍ എന്താണ് നമ്മുടെ പ്രശ്‌നം,  മറ്റ് രാജ്യങ്ങളുടെ മാതൃക നമുക്കും പകര്‍ത്താവുന്നതല്ലേ? 

ലണ്ടന്‍ നഗരത്തില്‍ പോയാല്‍ മലിനജല സംവിധാനം പുറത്തൊന്നും കാണില്ല. എല്ലാം ഭൂമിക്കടിയിലാണ്. 100-150 വര്‍ഷം മുന്നേ അവരത് സജ്ജീകരിച്ചതാണ്.നമ്മള്‍ ഗള്‍ഫ് രാജ്യങ്ങളെ നോക്കിയാല്‍ അവര്‍ക്ക് മഴവെള്ളം ഒഴുകിപ്പോകാന്‍ തോടുകളോ പുഴകളോ ഇല്ല. മഴ പെയ്ത് കഴിഞ്ഞാല്‍ അവിടെ വെള്ളപ്പൊക്കം ഉണ്ടാകും. അതിനെ പ്രതിരോധിക്കാന്‍ അവര്‍ മഴവെളളം ഒഴുകിപ്പോകാന്‍ പ്രത്യേക സിസ്റ്റം ഉണ്ടാക്കിയിട്ടുണ്ട്. മലിനജലം കൈകാര്യം ചെയ്യാനുള്ളതിന് പുറമേയാണിത്. അവര്‍ക്ക് അത് ആവശ്യമാണ്. പക്ഷേ, നമ്മള്‍ എന്താണ് ചെയ്യുന്നത് ? തോടുകളിലേക്കും പുഴകളിലേക്കും മലിനജലം ഒഴുക്കിവിടുന്നു. അതോടെ അവ മാലിന്യവാഹിനികളാകുന്നു. ഇത് കായലിലേക്കും കടലിലേക്ക് പോകും. മലിനജലത്തിന്റെ സംസ്‌കരണം എവിയെയും നടക്കുന്നില്ല. മറ്റുള്ള രാജ്യങ്ങളില്‍ മലിനജലം ശുദ്ധീകരിച്ച് ചെടി നനയ്ക്കാനോ കൃഷിയിടങ്ങള്‍ നനയ്ക്കാനോ ഉപയോഗിക്കും. സൗദി അറേബ്യയില്‍ അല്‍കോബാറില്‍ ശുദ്ധീകരിക്കുന്ന വെള്ളം അവര്‍ റിയാദിലേക്ക് കൊണ്ടുപോയാണ് ഉപയോഗിക്കുന്നത്. 

placeholder
Photo: VK Aji/ Mathrubhumi
ബ്രഹ്‌മപുരത്ത് മാലിന്യത്തിന് തീ പടർന്നപ്പോൾ തീ കെടുത്താൻ അഗ്നിശമന സേനയുടെ ശ്രമം (ഫയൽ ഫോട്ടോ) | ഫോട്ടോ: വി.കെ. അജി/ മാതൃഭൂമി

നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും നല്ല മാതൃകകള്‍ ചൂണ്ടിക്കാണിക്കാനുണ്ടോ, തോടുകളും കനാലുകളും നമുക്ക് വീണ്ടെടുക്കാവുന്നതല്ലേ? 

പുഴകളും മറ്റും ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ട്. കുണ്ടന്നൂര്‍ കനാല്‍ ക്ലീന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. എറണാകുളത്ത് മറ്റ് ചില കനാലുകളും വൃത്തിയാക്കാന്‍ ശ്രമം നടത്തിയിരുന്നു. സംസ്ഥാനത്ത് മറ്റ് ചില ഭാഗങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷ, നമുക്ക് ഖരമാലിന്യത്തിന് പുറമേ മലിനജലത്തിന്റെ പ്രശ്‌നമുണ്ട്. ഖരമാലിന്യം നീക്കം ചെയ്താലും വെള്ളം പഴയ രീതിയിലാകുന്നില്ല. മലിനജലം വീണ്ടും എത്തുന്നതോടെ പുഴയോ കനാലോ പഴയ രീതിയിലാകും. ജലശുദ്ധീകരണത്തിനൊപ്പം ഇന്റഗ്രേറ്റഡ് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും കൊണ്ടുവന്നാല്‍ മാത്രമേ തോടുകളെ നമുക്ക് വീണ്ടെടുക്കാന്‍ സാധിക്കൂ. ബ്രിട്ടീഷുകാരുടെ സമയത്ത് കൊച്ചിയിലെ മലിനജല ശുദ്ധീകരണത്തിന് ഏലംകുളത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉണ്ടാക്കിയിരുന്നു. അന്നത് ചെറിയ കപ്പാസിറ്റിയില്‍ ഉണ്ടാക്കിയതാണ്. ഇന്നും അത് പ്രവര്‍ത്തിക്കുന്നു. പക്ഷേ, ജനസംഖ്യ വര്‍ധിച്ചതോടെ ഇത് പര്യാപ്തമല്ല. അത് അപ്ഗ്രഡേറ്റ് ചെയ്യും എന്നെല്ലാം പറയുന്നുണ്ട്. 

നമ്മുടെ നഗരങ്ങളില്‍ മലിനജലശുദ്ധീകരത്തിന് സംവിധാനങ്ങളില്ല. അര്‍ബന്‍ പ്ലാനിങ് അല്ലെങ്കില്‍ അര്‍ബന്‍ അപ്‌ഗ്രേഡിങ് നമ്മള്‍ ചെയ്യണം. അത് ചെയ്താല്‍ മാത്രമേ ഇതിനെല്ലാം പരിഹാരം കണാന്‍ സാധിക്കുകയുള്ളൂ. ഇല്ലെങ്കില്‍ തിരുവനന്തപുരത്ത് സംഭവിച്ചതുപോലുള്ളവ ആവര്‍ത്തിക്കും. വെള്ളപ്പൊക്കം ഉണ്ടാകും. ആളുകള്‍ മരിക്കും. നിങ്ങള്‍ നോക്കൂ, കേരളത്തില്‍ നഗരങ്ങളില്‍ മലിനജല ശുദ്ധീകരണ സംവിധാനങ്ങളില്ല. കേന്ദ്ര സര്‍ക്കാര്‍ അമൃത് പദ്ധതിവഴി ഇത്തരം സംവിധാനങ്ങള്‍ ചെയ്യാന്‍ പറയുന്നുണ്ട്. മാലിന്യ സംസ്‌കാരണവും മലിനജല ശുദ്ധീകരണവും നടപ്പാക്കാന്‍ പറയുന്നുണ്ട്. പക്ഷേ, നമ്മുടെ തദ്ദേശ സ്ഥാപനങ്ങളൊന്നും ഇക്കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. കൃത്യമായി റിപ്പോര്‍ട്ട് നല്‍കാതെ വരുന്നതോടെ ഫണ്ട് നഷ്ടപ്പെടുന്നു. പല നഗരങ്ങളും ഇത് നഷ്ടപ്പെടുത്തിക്കളയുകയാണ്. 

placeholder
മാലിന്യങ്ങള്‍ നിറഞ്ഞ ആമയിഴഞ്ചാന്‍ തോടിന്‍റെ ഒരുഭാഗം | Photo: ബിജു വർഗീസ്/മാതൃഭൂമി

മലിനജലസംസ്‌കരണം ഒരു വലിയ പ്രശ്‌നമായി മുന്നില്‍ നിൽക്കുകയാണ്. നഗരങ്ങളിലെ മലിനജലം എങ്ങനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സാധിക്കും?

നഗരങ്ങളില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍  നിലവില്‍ സംവിധാനങ്ങളുണ്ട്. അതിനുള്ള സംവിധാനങ്ങളും പ്രകൃതി നമുക്ക് തന്നിട്ടുണ്ട്. പക്ഷേ, ചില പ്രശ്‌നങ്ങള്‍ ഇക്കാര്യത്തിലുണ്ട്. തോടുകളും കനാലുകളും വലിയ തോതില്‍ കൈയേറിയിട്ടുണ്ട്. ഒപ്പം മലിനജലവും ഖരമാലിന്യങ്ങളും ഒഴുകിയെത്തുന്നു. അതോടെ മഴ പെയ്താല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല. ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്നു. തോടുകളുടേയും കനാലുകളുടേയും കൈയേറ്റം ഒഴിപ്പിച്ച് വീതി കൂട്ടി, മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കി എടുക്കണം. അതോടെ ഇവ നമുക്ക് മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമായി ഉപയോഗിക്കാം. അതുവഴി നഗരത്തിലെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാന്‍ കഴിയും.

മറ്റൊന്ന്, ഇത് രണ്ടും രണ്ട് രീതിയില്‍ കാണണം. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനവും മലിനജലത്തിനുള്ള ഓടകളും രണ്ടും രണ്ടാണ്. ഇത് തമ്മില്‍ കൂടിക്കലരുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. കേരളത്തിൽ ഇപ്പോഴില്ലാത്ത രോഗങ്ങളില്ലല്ലോ? ബ്രഹ്‌മപുരം പ്ലാന്റിന് തൊട്ടടുത്താണ് കടമ്പയാര്‍. ഇവിടുത്തെ മലിനജലം കടമ്പയാറിലേക്കാണ് എത്തുന്നത്. അവിടെനിന്ന് പെരിയാറിലേക്കും. അതാണ് നമുക്ക് പമ്പ് ചെയ്ത് കുടിക്കാന്‍ തരുന്നത്. അതൊരു പ്രശ്‌നമാണ്. നമ്മള്‍ ചിന്തിച്ച് പ്രവർത്തിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. മലിനജലം കൊണ്ടുപോകാന്‍ ഭൂമിക്കടിയിലൂടെ പ്രത്യേകം ലൈനുകള്‍ ഉണ്ടാക്കണം. തുടർന്ന് അതത് മേഖലകളില്‍ ട്രീറ്റ്‌മെന്റ് സംവിധാനങ്ങള്‍ ഒരുക്കി, ശുദ്ധീകരിച്ച് ആ വെള്ളം നമുക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അല്ലെങ്കില്‍ അത് കടലിലേക്ക് ഒഴുക്കി വിടാം.

placeholder
കോഴിക്കോട്ടെ കനോലി കനാല്‍ | ഫോട്ടോ: കെ.കെ സന്തോഷ് | മാതൃഭൂമി

മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ മറ്റുള്ള സ്ഥലങ്ങളില്‍നിന്ന് പകര്‍ത്താവുന്ന മാതൃകകളുണ്ടോ? 

മാതൃകകള്‍ ഉണ്ടെങ്കിലും അവ അതേപടി പകര്‍ത്താന്‍ സാധിക്കില്ല. തമിഴ്‌നാട് ചെയ്യുന്ന ഒരു മാതൃക നമുക്ക് സ്വീകാര്യമാകണമെന്നില്ല.  നമ്മുടെ കാലവസ്ഥയും ഭൂമിശാസ്ത്രവുമെല്ലാം അവരില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. നമുക്ക് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ വിജയിക്കില്ല. കൊച്ചി നഗരം മാത്രം 300 മുതല്‍ 360 ടണ്‍ മാലിന്യമാണ് ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നത്. അത്രയും മാലിന്യങ്ങള്‍ ഒരു സ്ഥലത്ത് കൊണ്ടിടുന്നത് പ്രാക്റ്റിക്കലല്ല. അതിനുള്ള ഗ്രീന്‍ ചാനല്‍ലോ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള വാഹന സംവിധാനമോ നമുക്കില്ല. അതുമാത്രമല്ല, അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലാണ്. ആറ് മാസത്തിലധികം മഴയുണ്ട്. അതുകൊണ്ട് ഒരു ഓപ്പണ്‍ കംപോസ്റ്റിങ്ങും ഗുണകരമാകില്ല. 

ഉറവിടത്തില്‍ കാര്യക്ഷമമായി മാലിന്യം കൈകാര്യം ചെയ്യുന്ന ഒരു സംവിധാനമാണ് ആവശ്യം. പൈപ്പ് കമ്പോസ്റ്റിങ്, ബിന്‍ കംപോസ്റ്റിങ് എന്നിങ്ങനെ സര്‍ക്കാര്‍ പല പദ്ധതികളും കൊണ്ടുവരുന്നുണ്ട്. പക്ഷേ അത് വിജയിക്കുന്നില്ല. വീട്ടിലോ ഫ്‌ളാറ്റിലോ ചെയ്യാന്‍ ആളുകള്‍ മടിക്കുന്നു. ഇതിന് ലീക്കേജ് വരാം, ദുര്‍ഗന്ധം ഉണ്ടാകാം. പ്രാണികള്‍ വരാം. മലയാളികളുടെ പ്രത്യേക സ്വഭാവംകൊണ്ട് ഇതൊന്നും പിന്നെ ഉപയോഗിക്കില്ല. അതിനൊരു ബദല്‍ സിസ്റ്റമാണ് നമുക്ക് അവശ്യം. ജൈവമാലിന്യങ്ങള്‍ പൂര്‍ണമായും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍, ബാക്കിയുള്ളവ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കും. ആക്രിയും പ്ലാസ്റ്റികും മറ്റും എടുക്കുന്നവരുണ്ട്. അതൊരു പ്രശ്‌നമല്ല. പക്ഷേ ഇത് രണ്ടുംകൂടി ഒന്നിച്ചുചേരുന്നതാണ് പ്രശ്‌നം. ഫുഡ് വേറ്റ് തരംതിരിച്ച് ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ സാധിച്ചാല്‍ ഒരു പരിധി വരെ കേരളത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. 

ഇക്കാര്യത്തില്‍ പ്രത്യേകമായി ഏതെങ്കിലും മാതൃക ചൂണ്ടിക്കാണിക്കാനുണ്ടോ ?

തമിഴ്‌നാടിന്റെ മാതൃക അതേപടി സ്വീകരിക്കാന്‍ സാധിക്കില്ലെങ്കിലും അവര്‍ ഇക്കാര്യത്തില്‍ ഒരുപാട് മുന്നേറ്റം നടത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ നഗരത്തില്‍ ചെന്നാല്‍ ഇക്കാര്യം ദൃശ്യമാണ്. മാലിന്യനീക്കത്തില്‍ ഫലപ്രദമായ സംവിധാനങ്ങള്‍ അവര്‍ കൊണ്ടുവന്നു. ശാസ്ത്രീയമായ സമീപനമാണ് അവരുടേത്. അവര്‍ക്ക് മാലിന്യ ശേഖരണ കേന്ദ്രങ്ങളുണ്ട്, ഇന്റര്‍മീഡിയറ്റ് സ്‌റ്റേഷന്‍സുണ്ട്. മാലിന്യം നീക്കുന്ന വാഹനങ്ങളിളെല്ലാം ജി.പി.എസ് സംവിധാനമുണ്ട്. അതിനാല്‍ തന്നെ അതിന്റെ നിരീക്ഷണം സാധ്യമാണ്. ഈ രീതിയിലാണ് കോയമ്പത്തൂരില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അത് നമുക്ക് കാണാന്‍ സാധിക്കും. 15 വര്‍ഷം മുമ്പ് കണ്ട കോയമ്പത്തൂരല്ല ഇപ്പോള്‍ കാണാന്‍ കഴിയുക. ഉക്കടത്ത് പോയാല്‍ അവിടെ ഒരു കുളമുണ്ട്. അത് മുമ്പ് മലിനജലമായിരുന്നു. അതിലേക്കുള്ള മലിനജലം നിര്‍ത്തി. അത് ശുദ്ധീകരിച്ചു. ഇപ്പോള്‍ അതൊരു അമ്യൂന്‍മെന്റ് പാര്‍ക്ക് പോലെയാക്കി മാറ്റി. ആ രീതിയില്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ നമുക്ക് എന്ത് മാറ്റവും കൊണ്ടുവരാം.