
ചുറ്റും മഴക്കെടുതികളാണ്.. തകര്‍ത്തുപെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും വാര്‍ത്തകൾക്ക് പഞ്ഞമില്ല. മണ്‍സൂൺ മഴയുടെ സ്വഭാവത്തില്‍ വന്ന മാറ്റം സാധാരണക്കാരെ മാത്രമല്ല, അധികൃതരെയും ആശങ്കയിലാക്കുന്നുണ്ട്. ഇങ്ങനെ പെയ്താല്‍ ഈ മഴയും പ്രളയത്തിലായിരിക്കുമോ അവസാനിക്കുക എന്ന ഭയം സജീവമാണ്. ഇതുവരെയുള്ള ലക്ഷണങ്ങള്‍വെച്ച് നോക്കുമ്പോള്‍ മണ്‍സൂണിന്റെ രണ്ടാം പകുതിയില്‍, അതായത് ഓഗസ്റ്റ് മാസത്തില്‍ അതിവൃഷ്ടിക്ക് സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ മീറ്റീറോളജിക്കല് ഡിപ്പാര്‍ട്ട്മെന്റ് (ഐ.എം.ഡി.) ഡയറക്ടര്‍ നീത ഗോപാല്‍ പറയുന്നത്. ഇത് പ്രളയത്തിന് കാരണമാകുമോ എന്ന് ജൂലായ് അവസാനത്തോടെയേ പറയാനാകൂവെന്നും നീത ഗോപാൽ പറയുന്നു. മണ്‍സൂണിലെ മാറ്റങ്ങളെക്കുറിച്ചും അത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ മേധാവി കൂടിയായ നീത മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
പ്രതീക്ഷിച്ചതുപോലെ തന്നെ മണ്‍സൂണിന്റെ ശക്തി വെള്ളിയാഴ്ചയോടെ കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ചുരുക്കം ചില വടക്കന്‍ ജില്ലകളില്‍ ചെറിയതോതില്‍ മഴ ഉണ്ടായേക്കും. 19-ാം തീയതിയോടെ ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നതായി കണ്ടെത്തിയിരുന്നെങ്കിലും അത് ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കു ഭാഗത്തായതിനാല് കേരളത്തെ കാര്യമായി ബാധിക്കില്ല എന്ന കാലാവസ്ഥാ വകുപ്പിന്റെ അനുമാനവും ശരിയായി. മഴ കനത്തതോടെ എല്ലാവര്ക്കും അറിയേണ്ടത് ഒന്നേയുള്ളൂ, 'ഇക്കൊല്ലം പ്രളയം ഉണ്ടാകുമോ!'. അതിനെക്കുറിച്ച് പറയണമെങ്കില്‍ കുറച്ച് മഴക്കണക്കുകള്‍ പരിശോധിച്ചേ മതിയാവൂ... അങ്ങനെ നോക്കുമ്പോള്‍, ഈ വര്‍ഷത്തെ മണ്‍സൂണ്‍ കണക്കുകള്‍ പ്രകാരം ജൂണില്‍ ലഭിച്ച മഴ കുറവായിരുന്നു. എന്നാല്‍, ജൂലായ് പകുതിയോടെ ഈ കുറവ് പരിഹരിക്കപ്പെട്ടിട്ടുണ്ട്. മൈനസ് 16 ആണ് ജൂലായ് 16-ലെ സീസണല്‍ ഡിപ്പാര്‍ച്ചര്‍.
അതായത്, ജൂണ്‍ ഒന്ന് മുതല്‍ ജൂലായ് 16-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ആകെ കിട്ടിയ മഴയുടെ അളവ് സാധാരണ നിലയിലേക്ക് വന്നിട്ടുണ്ട്. ജൂലായ് 15 രാവിലെ 8.30 മുതല്‍ ജൂലായ് 16 രാവിലെ 8.30 വരെയുള്ള അളവനുസരിച്ച് സാധാരണ നിലയിൽ കിട്ടുന്നതിലും കൂടുതല്‍ അളവിലാണ് മഴ ലഭിച്ചിട്ടുള്ളത്. അതായത്, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ ദിവസങ്ങളില്‍ 19.6 മില്ലിമീറ്റര്‍ മഴയാണ് കിട്ടിക്കൊണ്ടിരുന്നതെങ്കില്‍ ഇത്തവണ കിട്ടിയിരിക്കുന്നത് 86.5 മില്ലീമീറ്ററാണ്. ഏകദേശം 331 ശതമാനം മഴയാണ് നമുക്ക് കൂടുതലായി ലഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒന്നുരണ്ടുദിവസം കൂടി മഴ ലഭിച്ചാല്‍, ഇത്തവണത്തെ മണ്‍സൂണിലെ മഴയുടെ കുറവ് നികത്തപ്പെടും. മുമ്പും അങ്ങനെ സംഭവിച്ചിട്ടുണ്ട്.
2019-ലെയും 2020-ലെയും മണ്‍സൂണ്‍ ഇതിന് ഉദാഹരണമാണ്. ജൂണ്‍ മാസവും ജൂലായ് മാസവും മഴയുടെ കുറവ് ഉണ്ടായിരുന്നു. പക്ഷേ ഓഗസ്റ്റിലെയും സെപ്തംബറിലെയും മഴ, 2019-നെ സംബന്ധിച്ച് ഓഗസ്റ്റില്‍ നല്ല മഴ കിട്ടിയതുകൊണ്ടാണ് ചെറിയ തോതില്‍ പ്രളയം ഉണ്ടായത്. സെപ്റ്റംബറിലും നല്ല മഴ കിട്ടിയതോടെ സീസണല്‍ ടോട്ടല്‍, ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബർ 30 വരെയുള്ള മണ്‍സൂണ്‍ സീസണിലെ ആകെയുള്ള മഴ കൂടി വന്നപ്പോള്‍ നോര്‍മലായി. 2021-ലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. ജൂണിലും ജൂലായിലും മഴ കുറവായിരുന്നു, പക്ഷേ ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും മഴ കൊണ്ട് ആ കുറവ് നോര്മലാക്കി. ഇത്തരത്തില്‍ ഒന്നോ രണ്ടോ ദിവസത്തെ മഴ കൊണ്ട് മഴയുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കപ്പെടാം.
കുറച്ചധികം വര്‍ഷങ്ങളുടെ ശരാശരി എടുത്തിട്ടാണ് നമ്മള് ഈ കണക്കുകള്‍ തയ്യാറാക്കുക. അതിന്റെ അടിസ്ഥാനത്തിലാണ് മഴയുടെ അളവിലെ കുറവ്യും മറ്റും കണക്കാക്കുക.

ഈ വര്‍ഷം ജൂണില്‍ മഴ കുറവായിരുന്നെങ്കിലും ജൂലായില്‍ നല്ല മഴ ലഭിച്ചതോടെ ആ കുറവ് കവര്‍ ചെയ്തുകഴിഞ്ഞു. ആ സ്ഥിതിക്ക്, ഓഗസ്റ്റിലും സെപ്തംബറിലും നല്ല മഴ ലഭിച്ചാല്‍ അത് എബൊവ് നോര്‍മല്‍ റെയിന്‍ ഫാള്‍ ആയിരിക്കും. ഇത് പ്രളയസമാനമായ സാഹചര്യത്തിന് വഴിവെക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. മഴ സാധാരണയില്‍ കൂടുതലായിരിക്കും എന്നാണ് കാണുന്നത്. വ്യത്യസ്തമായ പല ഘടകങ്ങളെ ആശ്രയിച്ചാണ് പ്രളയം ഉണ്ടാകുന്നത്. ജൂലായില്‍ തന്നെ വലിയ ഡാമുകളിലൊക്കെ ജലനിരപ്പ് വളരെ കുറവാണ്. പല ഡാമുകളിലും സംഭരണശേഷിയുടെ പകുതിയോളം വെള്ളമേ ഉള്ളൂ. ചെറിയ ഡാമുകള്‍ മാത്രമാണ് നിറഞ്ഞിട്ടുള്ളത്. ഇത്തരം ഡാമുകളിലെ വെള്ളമാണ് ഈ അടുത്ത ദിവസങ്ങളിലായി തുറന്നുവിട്ടിട്ടുള്ളത്.
വെള്ളം നിശ്ചിത അളവില്‍ എത്തിക്കഴിയുമ്പോള്‍ റെഗുലേറ്റഡ് റിലീസ് നടത്താറുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി ചെയ്യുന്നതുകൊണ്ടുതന്നെ ഒരു അക്യുമിലേറ്റഡ് എഫക്ട് ആ സമയത്തേക്ക് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും മഴ കൂടുതലുണ്ടാകും എന്ന സാധ്യത ഉള്ളതുകൊണ്ട് നദികള്‍ കരകവിഞ്ഞ് ഒഴുകിയേക്കും. ഓഗസ്റ്റിലെ പ്രത്യേകത, ജൂണിലും ജൂലായിലും പെയ്യുന്ന മഴ കൊണ്ട് ഡാമുകളിലെ സ്റ്റോറേജ് മാക്സിമം ആകും. അതായത്, മണ്ണില്‍ സൂക്ഷിക്കുന്നതും ആറുകള്‍, നദികള്‍, കുളങ്ങള്‍, തോടുകള്‍ എന്നിങ്ങനെ എല്ലാ ജലാശയങ്ങളും അതിന്റെ മാക്സിമം കപ്പാസിറ്റിയില്‍ ജലം എടുത്തിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ഓഗസ്റ്റില്‍ പെയ്യുന്നത് എത്ര കുറഞ്ഞ അളവിലുള്ള മഴയാണെങ്കിലും അത് ബാധിക്കും. ഈ മഴയില്‍ നിന്നു ലഭിക്കുന്ന ജലം റണ്‍ ഓഫ് അഥവാ ഒഴുകിപ്പോകുന്ന ജലമാണ്. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനും മറ്റും കാരണമാകുന്നത് ഇതാണ്. ഇതിനൊപ്പം ഡാം വാട്ടര്‍ റിലീസിനുള്ള സാഹചര്യം കൂടി ഉണ്ടായാലാണ് വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടാകുന്നത്.
മഴ വന്നാല്‍ മാത്രം മണ്‍സൂണ്‍ ആവില്ല...
പണ്ട് മഴ വന്നാല്‍തന്നെ മണ്‍സൂണ്‍ വന്നു എന്നായിരുന്നു കണക്കാക്കിയിരുന്നത്. ഇന്ത്യയിലെ പ്രധാന ഭൂപ്രദേശങ്ങളിലേക്കുള്ള മണ്‍സൂണിന്റെ കവാടം അഥവാ എന്‍ട്രി പോയന്റ് ആയിട്ടായിരുന്നു കേരളത്തെ കണക്കാക്കിയിരുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും മെയ് 10-ന് ശേഷമുള്ള എല്ലാ ദിവസത്തെയും മഴ നോക്കിയിട്ടാണ് പണ്ട് മണ്‍സൂണ്‍ വന്നോ ഇല്ലയോ എന്ന് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്നത്തെ കാലത്തെ മാറിയ സാഹചര്യത്തില്‍, മഴ പെയ്താല്‍ മാത്രം മണ്‍സൂണ്‍ വന്നു എന്ന് പറയാനാവില്ല. അതിന് മൂന്ന് മാനദണ്ഡങ്ങളാണുള്ളത്. അറബിക്കടലില്‍ ഒരു പ്രത്യേക ഏരിയ കണക്കാക്കിയിട്ടുണ്ട്, ആ ഏരിയയിലെ കാറ്റിന്റെ വേഗതയും പൊക്കവും മേഘത്തിന്റെ അളവും നോക്കിയാണ് പെയ്യുന്ന മഴ മണ്‍സൂണിന്റെ ഭാഗമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നത്. ഈ ഘടകങ്ങളെല്ലാം ഒത്തുവന്നാല്‍ മാത്രമേ മണ്‍സൂണ്‍ എത്തി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കഴിയുള്ളൂ.
തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം (സൗത്ത്-വെസ്റ്റ് മണ്‍സൂണ്‍), വടക്കു-കിഴക്കന്‍ കാലവര്‍ഷം എന്നിങ്ങനെ രണ്ട് മണ്‍സൂണുകളാണ് കേരളത്തിനുള്ളത്. തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണില്‍ കാറ്റിന്റെ ദിശ കേരളത്തിലേക്ക് തെക്കു-പടിഞ്ഞാറന്‍ ദിശയിലേക്കാണ് വീശുക. വടക്കു-കിഴക്കന്‍ മണ്‍സൂണിന്റെ സമയത്ത് കാറ്റ് വടക്കു-കിഴക്ക് ദിശയില്നിന്നാ കേരളത്തിലേക്ക് വീശുക. കൃത്യം എതിര്‍ദിശയിലേക്കാണ് ഈ രണ്ടു സീസണുകളിലും കാറ്റ് വീശുക. അതുകൊണ്ടാണ് ഇതിനെ സീസണല്‍ റിവേഴ്സ് ഫ്ളോ ഓഫ് വിന്‍ഡ് എന്ന് പറയുന്നത്. ഇത്തരത്തില്‍ കാറ്റിന്റെ ദിശ കൂടി മാറിയെങ്കിലേ അതിനെ മണ്‍സൂണ്‍ എന്ന് പറയാന്‍ സാധിക്കൂ.
തുടര്‍ച്ചയായി മഴ പെയ്യുന്ന പ്രതിഭാസമല്ല മണ്സൂണിന്റേത്. ഓരോ സ്പന്ദങ്ങള്‍ (സ്പെല്‍സ്) ആയാണ് മണ്‍സൂണ്‍ മഴ പെയ്യുക. അടുപ്പിച്ച് കുറച്ചു ദിവസം മഴ പെയ്യും, പിന്നെ കുറച്ചുദിവസത്തേക്ക് പെയ്യില്ല. വീണ്ടും പെയ്യും.. അതാണ് മണ്‍സൂണിന്റെ രീതി. ഇതിന്റെ ദൈര്‍ഖ്യം കൂടിയും കുറഞ്ഞുമിരിക്കും. കേരളത്തില്‍ പെയ്യുന്ന മഴയുടെ അളവ് മാത്രം വെച്ചാണ് കേരളത്തിലെ മണ്‍സൂണിനെ നമ്മള് ഡിഫൈന്‍ ചെയ്യുക. മണ്‍സൂണ്‍ ഒരു പ്ലാനറ്ററി സ്കെയിലാണ്. അതായത്, ഒരു ലാര്‍ജ് സ്കെയില്‍ പ്രോസസിന്റെ ചെറിയ ഭാഗം മാത്രമാണ് കേരളത്തില്‍ പെയ്യുന്ന മണ്‍സൂണ്‍. ദക്ഷിണാര്ത്ഥഗോളത്തില്നിന്ന് വായുപ്രവാഹം ഉത്തരാര്ത്ഥഗോളത്തിലേക്ക് വരുന്നു, ഇതില്‍ രണ്ട് അര്ത്ഥഗോളങ്ങളും ഉള്‍പ്പെടുന്നു, അതുകൊണ്ടാണ് അതിനെ പ്ലാനറ്ററി സ്കെയില്‍ എന്ന് പറയുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലോ, സമുദ്രത്തിലോ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഈ മഴയുടെ അളവിനെ സ്വാധിനിക്കും (അന്തരീക്ഷവും സമുദ്രവും ഒരുമിച്ച് ഇന്ററാക്ട് ചെയ്യുന്നതിന്റെ ഫലമായാണല്ലോ മഴ ഉണ്ടാകുന്നത്).
ഇത്രയും നാള് നമ്മള് എല്‍ നിനോ കണ്ടീഷനിലായിരുന്നു. തെക്കേ അമേരിക്കന്‍ തീരത്തിനടുത്തുള്ള പസഫിക് സമുദ്രത്തിലെ വായും ജലവും സാധാരണയില്‍ കൂടുതലായി ചൂടാകുന്ന അവസ്ഥയെയാണ് നമ്മള് എല്‍ നിനോ എന്ന് പറയാറ്. ഇത് മണ്‍സൂണിനെ വിപരീതമായി ബാധിക്കുന്നതായാണ് നിരീക്ഷണങ്ങള്‍ കാണിക്കുന്നത്. ആ സ്ഥിതിയില്‍ നിന്നും ഇപ്പോള്‍ ന്യൂട്രല്‍, അല്ലെങ്കില്‍ നോര്‍മല്‍ കണ്ടീഷനിലേക്ക് എത്തിയിട്ടുണ്ട്. ഓഗസ്റ്റ് മാസം ആകുമ്പോഴേക്കും ഇത് ലാ നിനാ കണ്ടീഷനിലേക്ക് പോകുമെന്നാണ് ഇപ്പോഴത്തെ പ്രവചനങ്ങള്‍ കാണിക്കുന്നത്. തെക്കേ അമേരിക്കന്‍ തീരത്തിനടുത്തുള്ള പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില സാധാരണയില്‍ കുറയുന്ന അവസ്ഥയാണ് ലാ നിനാ കണ്ടീഷന്‍.

ഇത് കേരളത്തിലെ മണ്‍സൂണിന് അനുകൂലമായുള്ള ഘടകമാണ്. ഐ.എം.ഡിയുടെ ലോങ് റേഞ്ച് വെതര്‍ ഫോര്ക്കാസ്റ്റില് മണ്‍സൂണില്‍ രണ്ടാം പകുതിയില്‍ മഴ കൂടുതലുണ്ടാവാന്‍ സാധ്യതയുണ്ട് എന്ന് പറയുന്നതിന്റെ പ്രധാന കാരണം ഇതാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒന്നിനുപുറകേ ഒന്നായി ന്യൂനമര്‍ദങ്ങള്‍ ഉണ്ടായതിന്റെ അനന്തരഫലമാണ് 2018-ലെ പ്രളയത്തിന് കാരണമായത്. സാധാരണഗതിയില്‍ ഈ ന്യൂനമര്‍ദങ്ങള്‍ ഒഡിഷ അല്ലെങ്കില്‍ ബംഗാള്‍ തീരത്തിന് അടുത്ത് രൂപംകൊണ്ട് വടക്കു-പടിഞ്ഞാറ് ദിശയിലൂടെ സഞ്ചരിച്ച് രാജസ്ഥാനില്‍ ചെന്ന് ചേരുന്നതാണ് രീതി. ഗംഗയുടെ തടഭൂമിയുലൂടെ വടക്കു-പടിഞ്ഞാറായി നീങ്ങി രാജസ്ഥാന്, മധ്യപ്രദേശ് ഭാഗങ്ങളില്‍ ചെന്നുചേരും, അതാണ് പതിവ്. ഈ ന്യൂനമര്‍ദം രൂപപ്പെടുന്ന സമയത്ത് സാധാരണഗതിയില്‍ കേരളത്തിന് മഴ ലഭിക്കാറുണ്ട്. എന്നാല്‍, 2018-ല്‍, പതിവിന് വിപരീതമായി വടക്കുഭാഗത്തിനു പകരം തെക്ക് ആന്ധ്രയ്ക്കരികിലൂടെയാണ് ഈ സിസ്റ്റങ്ങള്‍ സഞ്ചരിച്ചത്. ഇത് കേരളത്തിലെ മഴയേയും സാരമായി സ്വാധീനിച്ചു. അതിന്റെ ഫലമായാണ് അന്ന് കേരളത്തില്‍ പതിവില്‍ കൂടുതല്‍ മഴ ലഭിച്ചത്. അടുപ്പിച്ച് അടുപ്പിച്ചുള്ള സിസ്റ്റങ്ങളായതിനാല് ഇടതടവില്ലാതെ മഴ ലഭിച്ചു.
ഒന്നിനുപിറകേ ഒന്നായി ന്യൂനമര്‍ദങ്ങള്‍ ഉണ്ടാകുകയും ഈ ദിശയില്‍തന്നെ പോകുകയും ചെയ്തതുകൊണ്ടാണ് അടുപ്പിച്ച് കുറച്ചധികം ദിവസം മഴ ലഭിച്ചത്. അതുകൊണ്ടാണ് അന്ന് കേരളത്തില്‍ പ്രളയം ഉണ്ടായത്. ഈ വര്‍ഷം ജൂലായ് 19-ന് വീണ്ടും ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നതായാണ് ഫോര്‍കാസ്റ്റ് വ്യക്തമാക്കുന്നത്. എന്നാല്‍ അത് കുറച്ചുകൂടി വടക്ക് ചേര്‍ന്നുള്ള ട്രാക്കായിരിക്കും സ്വീകരിക്കുക എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ, സാധാരണ പോലെ ന്യൂനമര്‍ദം രൂപപ്പെടുന്ന സമയത്ത് കേരളത്തിലും കുറച്ച് കൂടുതലായി മഴ ലഭിക്കും എന്നല്ലാതെ ഗണ്യമായി മഴ കൂടാനുള്ള സാഹചര്യം ഇപ്പോള്‍ കാണുന്നില്ല.
തിരിമുറിയാതെ പെയ്ത കാലവര്‍ഷം മാറി, ഇടവിട്ടുപെയ്യുന്ന ശക്തിയായ മഴ വന്നു...
ചെറിയ ഇടവേളകളില്‍ പെയ്യുന്ന വലിയ മഴയാണ് ഇപ്പോള്‍ കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലാവസ്ഥയില്‍ വന്നിട്ടുള്ള മാറ്റമാണ് ഇതിന് പ്രധാനകാരണം. സാധാരണ കാലവര്‍ഷത്തില്‍ അന്തരീക്ഷം മിക്കപ്പോഴും മൂടിക്കെട്ടി നില്ക്കും, തിരിമുറിയാതെ പെയ്യും. ഈ രീതിയാണ് പണ്ടുമുതല്‍ കണ്ടുവരുന്നത്. ഇപ്പോള്‍ അത് മാറി. ശക്തിയായി മഴ പെയ്യുന്നു, ഒരിടവേള വരുന്നു, വീണ്ടും ശക്തിയായ മഴ, പിന്നാലെ ഇടവേള.. ഈ പാറ്റേണിലാണ് ഇപ്പോള്‍ മഴ പെയ്യുന്നത്. എക്സ്ട്രീം വെതര്‍ കണ്ടീഷന്‍സ് അഥവാ തീവ്രത കൂടിയ വെതര്‍ പാറ്റേണ്‍, അതി തീവ്രമായ മഴ അതിതീവ്രമായ ചൂട്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇപ്പോള്‍ പൊതുവില്‍ ഭൂമിയുടെ ചൂടും അന്തരീക്ഷത്തിന്റെ ചൂടും കൂടിയിട്ടുള്ളതായാണ് പഠനങ്ങള്‍ പറയുന്നത്. ഇതുമൂലം കൂടുതല്‍ ജലം നീരാവിയാകുകയും ബാഷ്പീകരിക്കപ്പെടുകയും ഇത് കൂടുതല്‍ മഴയുണ്ടാകാന്‍ കാരണമാകുകയും ചെയ്യും.
ചില ഭൂപ്രദേശങ്ങളില്‍ ജലം കൂടുതലായി നീരാവിയാകുന്നത് വരള്‍ച്ചയ്ക്ക് വഴിവെക്കും. അതുപോലെതന്നെ മഴപെയ്യുമ്പോള്‍ അതിവൃഷ്ടിക്കും വഴിവെക്കും. ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ദോഷഫലം ഇതാണ്. ഈ പാറ്റേണ്‍ ആണ് ലോകമെമ്പാടും കണ്ടുവരുന്നത്. കാലാവസ്ഥാ മേഖലയെ സംബന്ധിച്ച് ഇത് ഒരു പുതിയ പ്രതിഭാസമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ മുതലാണ് ഇങ്ങനെയൊരു പ്രതിഭാസത്തെക്കുറിച്ച് കാലാവസ്ഥാ കേന്ദ്രങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് എക്സ്ട്രീം വെതര്‍ കണ്ടീഷന്‍. തീവ്രമായ മഴയും തീവ്രമായ ചൂടുമൊക്കെ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ അത് അടിക്കടി അനുഭവപ്പെടുന്നു. അതുകൊണ്ടാണ് തീവ്രമായ കാലാവസ്ഥ (ക്ലൈമറ്റ് എക്സ്ട്രീം അല്ലെങ്കില്‍ വെതര്‍ എക്സ്ട്രീം) ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചാവിഷയമാകുന്നത്.
ഇത് കേരളം മാത്രം നേരിടുന്ന പ്രശ്നമല്ല. തീവ്രമായ കാലാവസ്ഥ ബാധിക്കാത്ത ഒരു രാജ്യവും ഇന്ന് ലോകത്തില്ല. ഒന്നുകില്‍ അതിശക്തമായ ഉഷ്ണതരംഗം, അതുമൂലമുണ്ടാകുന്ന വരള്‍ച്ച. അല്ലെങ്കില്‍ അതിശക്തമായ മഴയും അതിനോടനുബന്ധിച്ചുള്ള വെള്ളപ്പൊക്കവും. വ്യത്യസ്ത രാജ്യങ്ങളിലായി ഇത് നിരന്തരം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. തീവ്രമായ കാലാവസ്ഥാ അനുഭവങ്ങള്‍ നമുക്ക് കൂടിയിട്ടുണ്ട്. അതിനെ നമുക്ക് നിയന്ത്രിക്കാനാവില്ല. പകരം നമുക്ക് ചെയ്യാവുന്നത്, അതുകൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള ആഘാതത്തിന്റെ തോത് കുറയ്ക്കുക എന്നതാണ്. ജീവനും സ്വത്തിനും സംഭവിക്കാവുന്ന നഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനാകും.
ഹരിതഗൃഹവാതകങ്ങളാണ് ആഗോളതാപനത്തിനും അതുവഴി എക്സ്ട്രീം കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. 200 വര്‍ഷം മുമ്പ് ഉണ്ടായിട്ടുള്ള വ്യവസായ വിപ്ലവത്തിനും അതിനുശേഷം ഉണ്ടായിട്ടുള്ള മനുഷ്യന്റെ പ്രവൃത്തികള്‍ കൊണ്ടുമാണ്, ഫോസില്‍ ഫ്യുവല്‍ കത്തിക്കുക എന്നിങ്ങനെ, കാലാവസ്ഥയില്‍ ഇത്തരത്തിലുള്ള മാറ്റം ഉണ്ടായത്. ഹരിത ഗൃഹവാതകത്തിന്റെ ഉത്പാദനം കുറയ്ക്കുക എന്നതാണ് ഒരു വഴി. നാച്ചുറല്‍ ഗ്രീന്‍ ഹൗസ് ഉത്പാദനം സ്വാഭാവികമായി സംഭവിക്കുന്നുണ്ടാകാം, എന്നാല്‍ മനുഷ്യനായി ഉത്പാദിപ്പിക്കുന്ന ഇത്തരം വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിലൂടെ അന്തരീക്ഷത്തിലെ ചൂട് അനിയന്ത്രിതമായി കൂടുന്നത് തടയാനാകും എന്ന പ്രതീക്ഷയിലാണ് ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത്.

എന്നും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കാലാവസ്ഥ. പ്രകൃതിയുടെ പല സൈക്കിള്സുണ്ട്. കുറച്ചുവര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന, 10 വര്‍ഷം 100 വര്‍ഷം തൊട്ട് കോടിക്കണക്കിന് വര്‍ഷങ്ങള്‍ വരെ ദൈര്‍ഘ്യമുള്ള പല സൈക്കിള്സുമുണ്ട്. അത് പ്രകൃതിയില്‍ സംഭവിക്കുന്ന ചില മാറ്റങ്ങളാണ്. അങ്ങനെയുള്ള മാറ്റങ്ങളുമുണ്ട്. അതിന്റെ കൂടെത്തന്നെ മനുഷ്യന്റെ പ്രവൃത്തികള്‍ കാരണമുള്ള, ഗ്രീന്‍ഹൗസ് വാതകങ്ങള്‍ മൂലമുണ്ടാകുന്ന ആഗോളതാപനവും ഉണ്ട്. ഇവ രണ്ടും ഒരുമിച്ച് വന്നതുകൊണ്ടായിരിക്കാം ഇത്തരത്തിലുള്ള ഹൈ ഇംപാക്ട് വെതര്‍ ഇവന്റ്സ് കൂടുതലാകുന്നത്.
ഉദാഹരണത്തിന്, ഐസ് ഏജ്, ലിറ്റില്‍ ഐസ് ഏജ്, ഇന്റര്ഗ്രേഷ്യല് പീരിയഡ് എന്നിവയൊക്കെ കുറെയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതാണ്. ഭൂമിയിലെ താപനില കൂടുതലായി ഗ്ലേഷ്യസെല്ലാം അലിഞ്ഞുപോയി എന്ന് പഠങ്ങള്‍ പറയുന്നു. അതായത്, ഭൂമിയുടെ താപനില നേരത്തെയും ഇത്തരത്തില്‍ കൂടിയിട്ടുണ്ട്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പും ആയിരുന്നെങ്കില്‍പോലും അങ്ങനെയൊരു സാഹചര്യം ഭൂമിയില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. അതകൊണ്ടുതന്നെ ഇതൊരു സ്വാഭാവിക ചംക്രമണത്തിന്റെ പാര്‍ട്ടായിട്ടും സംഭവിക്കുന്നതായിരിക്കാം എന്നും അനുമാനിക്കാം. ആ സ്വാഭാവിക ചംക്രമണത്തെ ത്വരിതപ്പെടുത്തുന്ന രീതിയിലേക്ക് മനുഷ്യന്റെ പ്രവൃത്തികള്‍ കൂടിചേര്ന്നതാവാം ഇപ്പോഴത്തെ ഈ തീവ്രകാലാവസ്ഥയ്ക്ക് കാരണം.
മേഘവിസ്ഫോടനം കേരളത്തിലുമെത്തുമ്പോള്...
ന്യൂനമര്‍ദം എന്നോ ചുഴലിയെന്നോ ഒക്കെ പറയുന്നതുപോലെ ഒരു കാലാവസ്ഥാ പ്രതിഭാസമല്ല മേഘ വിസ്ഫോടനം. മറിച്ച്, അതിതീവ്രമായ മഴയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ്. ലൈറ്റ് റെയിന്‍, മോഡറേറ്റ് റെയിന്‍, ഇന്റന്‍സ് റെയിന്‍, വെരി ഇന്റന്‍സ് റെയിന്‍ എന്നൊക്കെ പറയുന്നതുപോലെ ഒരു റെയിന്‍ ഇന്റന്‍സിറ്റി കാറ്റഗറിയാണ് ക്ലൗഡ് ബേസ്റ്റ് അഥവാ മേഘ വിസ്ഫോടനം. അതായത് ഒരു പ്രദേശത്തു മണിക്കൂറില്‍ 10 സെന്റിമീറ്ററില്‍ അധികം മഴയുണ്ടായാല്‍ ആ മഴയുടെ ശക്തി അഥവാ നിരക്ക് മേഘ വിസ്ഫോടനം എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. അത്ര ശക്തിയായ മഴ മേഘം പൊട്ടിവീഴുന്നത് പോലെയുള്ള പ്രതീതി ഉണ്ടാക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു പ്രയോഗം നിലവില്‍ വന്നത്.
ഒരു ദിവസത്തില്‍ അഥവാ 24 മണിക്കൂറില്‍ പെയ്യുന്ന 10 സെന്റിമീറ്റര്‍ മഴ (കനത്ത മഴ) ഒരു മണിക്കൂറില്‍ പെയ്താല്‍ അതിന്റെ ആഘാതം അത്രയും വലുതായിരിക്കും. അണ്സ്റ്റേബിള് ആയിട്ടുള്ളതും ഹില്ലി ഏരിയകളും ഒക്കെ ആണെങ്കില്‍ മണ്ണിടിച്ചിലൊക്കെ രൂക്ഷമാകും. ഹിമാലയത്തിലൊക്കെ സംഭവിക്കുന്നത് അതാണ്.
അങ്ങനെ പറയാനുള്ള മറ്റൊരു പ്രധാന കാരണം നമ്മുടെ പശ്ചിമഘട്ടത്തിന്റെ സാന്നിധ്യമാണ്. മേഘവിസ്ഫോടത്തിന് ഫേവറബിളായ സ്ഥലമാണ് പശ്ചിമഘട്ടം. 24 മണിക്കൂറില്‍ 65 സെന്റിമീറ്റര്‍ മഴ കിട്ടിയിട്ടുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍, അതില്‍ ഏതെങ്കിലും ഒരു മണിക്കൂറില്‍ ഒരുപക്ഷേ മേഘവിസ്ഫോടനം ഉണ്ടായിരുന്നിരിക്കാം. പക്ഷേ അതിനെക്കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഔദ്യോഗികമായി പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ, റെക്കോഡ് ചെയ്യപ്പെട്ട കേരളത്തിലെ ആദ്യത്തെ മേഘവിസ്ഫോടനം എന്നേ കളമശ്ശേരിയിലെ സംഭവത്തെ പറയാനാകൂ. മേഘവിസ്ഫോടനം നടക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം പര്‍വതപ്രദേശമാണ്. അതുകൊണ്ടാണ് ഹിമാലയം, ജമ്മു-കശ്മീർ, ലേ, ലഡാക്ക് എന്നിവിടങ്ങളിലൊക്കെ കൂടുതലായി മേഘവിസ്ഫോടനം ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കേരളത്തില്‍ തുടര്‍ക്കഥയാകുന്ന മണ്ണിടിച്ചില്‍
ഒരു സ്ഥലത്ത് 24 മണിക്കൂര്‍ സമയത്ത്, ഒരു മണിക്കൂറില്‍ ഏകദേശം ഒരു സെന്റിമീറ്റര്‍ മഴ പെയ്യുന്നു എന്ന് വിചാരിക്കുക. അങ്ങനെ 24 മണിക്കൂറില്‍ 24 സെന്റിമീറ്റര്‍ മഴ പെയ്യുന്നു. ഇതിങ്ങനെ സാധാരണ പോലെ പെയ്തുകൊണ്ടേയിരിക്കുകയാണ്. അങ്ങനെവരുമ്പോള്‍ മഴവെള്ളത്തിന് മണ്ണിലേക്ക് ഇറങ്ങി പോകുന്നതിനും ഒഴുകിപ്പോകുന്നതിനും ഉള്ള സാവകാശം കിട്ടും. അതേസമയം, 24 മണിക്കൂർ കൊണ്ട് പെയ്യുന്ന ഈ 24 സെന്റിമീറ്റര്‍ മഴ, 10 മണിക്കൂറില്‍ പെയ്യുന്ന അവസ്ഥ വന്നാലോ! അപ്പോള്‍ വെള്ളത്തിന് മണ്ണിലിറങ്ങാനും ഒഴുകിപ്പോകാനുമുള്ള സാവകാശം ലഭിക്കില്ല. അതായത്, അപ്പോള്‍ നേരത്തത്തേതിനേക്കാള്‍ കൂടിയ അളവിലായിരിക്കും മഴ ഓരോ മണിക്കൂറിലും ലഭിക്കുക. അപ്പോള്‍ വെള്ളം കൂടുതലായും ഒഴുകിപ്പോവുകയാണ് ചെയ്യുക.
ഇതേ അളവിലെ മഴ ആറ് മണിക്കൂറിലാണ് പെയ്യുന്നതെങ്കിലോ? അതിശക്തമായ മഴയായി മാറും അത്. അങ്ങനെ വരുമ്പോള്‍ വെള്ളത്തിന് ഒഴുകിപ്പോകാനോ മണ്ണിലേക്ക് ആഴ്ന്നിറങ്ങാനോ ഉള്ള സമയം വളരെ കുറവായിരിക്കും. മാത്രമല്ല കൂടുതല്‍ ശക്തിയിലായിരിക്കും മഴ ഭൂമിയില്‍ പതിക്കുക. അതുകൊണ്ടുതന്നെ അതിന്റെ ഇംപാക്ടും കൂടുതലായിരിക്കും. തീവ്ര മഴ ഉണ്ടാകുന്ന സമയത്ത് മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും ചെറിയ വെള്ളപ്പൊക്കങ്ങളും ഉണ്ടാകുന്നതിന് കാരണം ഇത്തരത്തില്‍ കുറഞ്ഞ സമയത്ത് കൂടുതല്‍ മഴ പെയ്യുന്നതുകൊണ്ടാണ്. ഭൂവിനിയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളും ഇതിന് പ്രധാന കാരണമാണ്. ഈ രണ്ട് കാര്യങ്ങളും കൂടി ചേരുമ്പോഴാണ് ഇതിന്റെ ഇംപാക്ട് വലുതാവുന്നത്. ഇപ്പോള്‍ കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ ഇത്തരത്തിലുള്ളതാണ്. അതുകൊണ്ടാണ് മണ്ണിടിച്ചിലും മറ്റും കൂടുതലായി ഉണ്ടാകുന്നത്.
100% കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന ഒന്നല്ല കാലാവസ്ഥ...
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നമുക്ക് ഒബ്സര്വേറ്ററുകള് ഉള്ളതുപോലെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിവിധതരത്തിലുള്ള ഒബ്സര്‍വേറ്ററികളുണ്ട്. ഭൂതലത്തിലെ അന്തരീക്ഷത്തിന്റെ മര്‍ദം, കാറ്റിന്റെ വേഗത, ദിശ, ആര്‍ദ്രത, താപനില എന്നിങ്ങനെയുള്ള ഘടകങ്ങളാണ് സാധാരണ ഗതിയില്‍ കാലാവസ്ഥാ പ്രവചനത്തിന്റെ ഭാഗമായി അളക്കാറുള്ളത്. ഇത്തരത്തില്‍ സാറ്റലൈറ്റ് വഴിയും കപ്പലുകളിലെ ഒബ്സര്വേഷനും കടലിലെ ഒബ്സര്‍വേഷന്‍ പ്ലാറ്റ്ഫോമുകളിലൂടെയും നമ്മളിത് അളക്കാറുണ്ട്. കടലിനുമുകളിലെ അന്തരീക്ഷത്തെ സാറ്റലൈറ്റ് വഴിയാണ് നിരീക്ഷിക്കാറുള്ളത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഒരേ സമയം, ഒരു ദിവസത്തില്‍ ആറു പ്രാവശ്യം എന്ന നിലയില്‍ ഒബ്സര്‍വേഷനുകള്‍ എടുക്കുന്നുണ്ട്. വേള്‍ഡ് മീറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷനിലെ അംഗങ്ങളാണ് എല്ലാ കാലാവസ്ഥാ കേന്ദ്രങ്ങളും. അവരുടെ എഗ്രിമെന്റ് പ്രകാരം എല്ലാവരും ഈ ഡേറ്റ പരസ്പരം കൈമാറണം.
ഈ എടുക്കുന്ന ഒബ്സര്‍വേഷനുകള്‍ നമ്മള് ഒരു ഭൂപടത്തില്‍ അടയാളപ്പെടുത്തി, മര്‍ദം കൂടിയതും മര്‍ദം കുറഞ്ഞതുമായ മേഖലകളായി തരംതിരിക്കും. മര്‍ദം കുറഞ്ഞ മേഖലകള്‍ പൊതുവെ മഴ തരുന്ന റീജിയണുകളായിരിക്കും. അത്തരം കാര്യങ്ങളൊക്കെ ഐഡന്റിഫൈ ചെയ്ത്, അവ ഏത് ദിശയിലേക്കാണ്, എത്ര വേഗത്തിലാണ് സഞ്ചരിക്കുന്നത് എന്നൊക്കെ മനസിലാക്കും. ഒരു ഫോര്കാസ്റ്ററുടെ പരിജ്ഞാനവും അനുഭവവും മീറ്ററോളജിയിലെ ഒബ്സര്വേഷനുകളുമെല്ലാംവെച്ച് അനലൈസ് ചെയ്ത് അതിനനുസരിച്ചാണ് കാലാവസ്ഥാ പ്രവചനം തയ്യാറാക്കുക. ഇപ്പോള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ പ്രോസസുകള്‍ മുഴുവനും നമുക്ക് ചില മാത്തമാറ്റിക്കല്‍ ഇക്വേഷനിലൂടെ മിമിക് ചെയ്ത് അതിനനുസരിച്ചുള്ള സൂത്രവാക്യങ്ങള്‍ വഴി അത് സോള്‍വ് ചെയ്ത് അതിന്റെ ഫൈനല്‍ പ്രോഡക്ടായി, വെതര്‍ ഫോര്‍ക്കാസ്റ്റ് എന്ന് പറഞ്ഞ് ലഭിക്കും. ഇത്തരത്തില്‍ അന്തരീക്ഷത്തിലെ കാറ്റിന്റെയോ മഴയുടെയോ മര്‍ദത്തിന്റെ ഡിസ്ട്രിബ്യൂഷനോ ഒക്കെ അഞ്ചോ ഏഴോ പതിനഞ്ചോ ദിവസങ്ങള്‍ വരെയുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടും.

എന്നാല്‍ ലോകത്തെവിടെയുമുള്ള ഫോര്‍കാസ്റ്റുകള്‍ 100 ശതമാനം ന്യൂമറിക്കല്‍ വെതര്‍ പ്രെഡിക്ഷന് മോഡലിലുള്ള ഗൈഡന്‍സ് മാത്രമായി ഉപയോഗിക്കില്ല. കാരണം, അത് 100 ശതമാനം വിശ്വസനീയമല്ല. ആദ്യത്തെ ഒന്നും രണ്ടും മൂന്നും ദിവസങ്ങളില്‍ മാനുവലായുള്ള മെത്തേഡ്, അല്ലെങ്കില്‍ ഒരു ഫോര്കാസ്റ്ററുടെ എക്സ്പീരിയന്‍സും പ്രെഡിക്ഷന്സും വെച്ചുള്ള ഫോര്കാസ്റ്റിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുക. പിന്നീട് വരുന്ന ദിവസങ്ങളിലാണ് മോഡലില്‍ നിന്നുള്ള ഗൈഡന്‍സ് ഉപയോഗിക്കുക. ഇതാണ് സാധാരണ കാലാവസ്ഥാ പ്രവചനത്തില്‍ അനുവര്‍ത്തിച്ചുവരുന്ന രീതി. ഇന്ത്യയില്‍ സാധാരണയായി ഏഴു ദിവസത്തെ കാലാവസ്ഥയാണ് പറയുക. മഴ, ചൂട് എന്നിവയെ സംബന്ധിച്ചുള്ള അറിയിപ്പുകളാവും ഇവ. ഇതിലേതെങ്കിലും ഘടകം വാര്‍ണിങ് സ്റ്റേജിലേക്ക് പോകുന്നുണ്ടെങ്കില്‍ അതിനുവേണ്ടിയുള്ള സൂചനാ മുന്നറിയിപ്പുകളാണ് അലര്‍ട്ട് വാര്‍ണിങ്. ഫോര്‍കാസ്റ്റും വാര്‍ണിങ്ങും വ്യത്യസ്തമാണ്.
ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കുന്നതാണ് നല്ലത്
മഴയൊക്കെ കടുക്കുന്ന അവസരങ്ങളില്‍ കാലാവസ്ഥയെക്കുറിച്ചുള്ള അനൗദ്യോഗികവും ഭീതിജനകവുമായ ചിത്രങ്ങളും മാപ്പുകളും സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കാറുണ്ട്. ഇത് ജനങ്ങളെ അനാവശ്യമായ പരിഭ്രാന്തിയിലാക്കുകയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ അവിശ്വസിക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഇത്തരം വ്യാജന്മാരില്‍നിന്ന് രക്ഷനേടാനുള്ള ഏറ്റവും മികച്ച വഴിയാണ് സര്‍ക്കാരിന്റെ കീഴിലുള്ള മൗസം, സചേത് എന്നീ ആപ്പുകള്‍ ഉപയോഗിക്കുക എന്നത്. ദുരന്തനിവാരണ വകുപ്പിന്റെ ആപ്പാണ് സചേത്. ദുരന്ത സാധ്യത ഉണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മാത്രമാണ് സചേത് ആപ്പില്‍ ലഭിക്കുക. കാലാവസ്ഥയെക്കുറിച്ച് അധികം ജാഗ്രത പുലര്ത്താത്തവരാണെങ്കില് സചേത് ആപ്പ് ആയിരിക്കും അവര്‍ക്ക് ഉപകാരപ്പെടുക. ഔദ്യോഗിക അറിയിപ്പുകള് മാത്രമേ സചേതിലൂടെ ലഭിക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ മാറിവരുന്ന മഴയുടെയോ കാറ്റിന്റെയോ സ്ഥിതി അറിയിക്കാനാണ് നൗകാസ്റ്റ് പുറപ്പെടുവിക്കുക. മൂന്നുമണിക്കൂര്‍ ഇടവിട്ടാണ് ഈ അറിയിപ്പ് പുറപ്പെടുവിക്കുക. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് റെഡ്, ഓറഞ്ച് അലര്‍ട്ടുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഓറഞ്ച് ആണെങ്കില്‍ നോട്ടിഫിക്കേഷന്‍ മാത്രമാണ് ലഭിക്കുക, അതേസമയം, റെഡ് ആണെങ്കില്‍ അലാറം കൂടി ലഭിക്കും. അതേസമയം, മൗസം ആപ്പില്‍ ഒരു സ്ഥലത്തിന്റെ താപനില, മഴ പെയ്യാനുള്ള സാധ്യത, മിന്നലടിക്കാനുള്ള സാധ്യത, ഇവയൊക്കെ അപകടനിലയിലേക്ക് പോയാല്‍ അതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍, ചുഴലിക്കാറ്റ്, അന്തരീക്ഷത്തിലെ വായുവിന്റെ ക്വാളിറ്റി മുതല്‍ സൂര്യോദയം, സൂര്യാസ്തമയം, ചന്ദ്രോദയം, ചന്ദ്രാസ്തമയം വരെയുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മൗസം ആപ്പ്.
"പഠിച്ച കാര്യങ്ങള്‍ തന്നെ പ്രാക്ടീസ് ചെയ്യുന്നതിലെ ആത്മവിശ്വാസവും തൃപ്തിയുമുണ്ട്..."
ഇടുക്കി തൊടുപുഴ സ്വദേശിനിയായ നീത ഗോപാല്‍ കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എം.എസ്.സി., എം.ടെക് അറ്റ്മോസ്ഫിയര്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയത്. ശേഷം ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്ട്ടുമെന്റില് ജോലിക്ക് കയറി. വെല്ലുവിളി നിറഞ്ഞ മേഖലയാണ് കാലാവസ്ഥാ പ്രവചനം, പഠിച്ച അതേ മേഖലയില്‍തന്നെ ജോലിക്ക് കയറാന്‍ സാധിച്ചത് സന്തോഷത്തിനപ്പുറം ആത്മവിശ്വാസവും തരുന്നതായി നീത പറയുന്നു. 'പഠിച്ച കാര്യങ്ങള്‍ തന്നെ പ്രാക്ടീസ് ചെയ്യുന്നതിലെ ആത്മവിശ്വാസവും തൃപ്തിയുമുണ്ട്. സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള മേഖലകളിലാണ് ഇതുവരെയും ജോലി ചെയ്തിട്ടുള്ളത്. ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ കാലാവസ്ഥ സംബന്ധിച്ച് മാത്രം ജോലി ചെയ്യുന്നത്. ഇതിനുമുമ്പ്, ഏവിയേഷന്‍ കാലാവസ്ഥ, മറൈന്‍ സൈക്ലോവാര്ണിങ് എന്നിങ്ങനെയുള്ള സെക്ടറുകളിലായിരുന്നു ജോലി ചെയ്തിരുന്നത്. ബേസിക്കലി ഫോര്‍കാസ്റ്റര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള എക്സ്പീരിയന്‍സ് വളരെയധികം സഹായകമാകുന്നുണ്ട്' - നീത പറയുന്നു. കൊച്ചി ഏവിയേഷന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെയും ഡോപ്ലര്‍ റഡാര്‍ സ്റ്റേഷന്റെയും മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് നീത.
Content Highlights: kerala may face flood in august 2024 monsoon 2024
Published: 20 Jul 2024, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented