ലോകത്തില്‍ ഇന്നറിയപ്പെടുന്നതില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിത ഹരിത വനങ്ങള്‍ രൂപപ്പെടുത്തിയ ജപ്പാനീസ് പ്രൊഫസറെ തേടിപ്പോയ ഒരു മലയാളിയുടെ യാത്ര ഫലം കണ്ടു. തൊണ്ണൂറ്റി രണ്ടിലെത്തി നില്ക്കുന്ന ഡോ. അകിറ മിയാവാക്കിയെ തേടിയായിരുന്നു യാത്ര. ജപ്പാനിലെ യോക്കോഹാമ യൂണിവേഴ്സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. മിയാവാക്കി ഇപ്പോള്‍ പ്രായാധിക്യത്തെ തുടര്‍ന്ന് പൊതു പ്രവര്‍ത്തന മേഖലകളിലെ നേരിട്ടുള്ള ഇടപെടലുകള്‍ അല്പം കുറക്കുന്നു.
ജനാധിവാസ മേഖലകളിലെ നേരിട്ടുള്ള ഇടപെടലുകള്‍ അല്പം കുറക്കുന്നു. ജനാധിവാസ മേഖലകളിലടക്കം ആഗോളതലത്തില്‍ അദ്ദേഹത്തിന്റെ മാതൃകയില്‍ പിറന്നത് 4000ല്‍ അധികം നിര്‍മ്മിത തനത് വനങ്ങള്‍. അവയത്രയും ഹരിതം ചൂടി നില്‍ക്കുന്നു. സ്വാഭാവിക വനങ്ങളിലേതുപോലുള്ള നാലു കോടിയിലധികം മരങ്ങളാണദ്ദേഹം നേരിട്ട് നട്ടുപിടിപ്പിച്ചെടുത്തത്.
ഹരിയുടെ യാത്ര, പ്രകൃതിയിലേക്കും മിയാവാക്കിയിലേക്കും
ജേര്‍ണ്ണലിസത്തിലും നിയമത്തിലും ഉപരിപഠനം നടത്തിയ ഹരി തൊഴിലായി തെരഞ്ഞെടുത്തത് വിവര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഒരിടത്തരം വ്യവസായമാണ്. നാട്ടിന്‍പുറത്തു ചെലവിട്ട ബാല്യകാലത്തിന്റെ ബാക്കി പത്രവും മാതൃധാരയും കൃഷിയിലും കാടിലുമൊക്കെയുള്ള താല്‍പര്യവും നഗരജീവിതത്തിനിടയിലും വിടാതെ പിന്തുടര്‍ന്നു. ആദ്യം വീടിനു ചുറ്റുമുള്ള സ്ഥലവും മട്ടുപ്പാവും വന സമാനമാക്കി. പുളിയറക്കോണത്ത് വനവത്ക്കരണത്തിനായി വാങ്ങിയ തരിശു ഭൂമിയിലെ ശ്രമങ്ങള്‍ ഒന്നും വിജയം കണ്ടില്ല. മിയാവാക്കി വഴിവിളക്കാവുന്നത് ഈ പ്രതിസന്ധി ഘട്ടത്തിലാണ്.

ഇന്ത്യയില്‍ നവ വനവത്ക്കരണ മാതൃക പ്രചരിപ്പിച്ച ശുഭേന്ദു ശര്‍മ്മയുടെ TED talk-ലൂടെയാണ് ഹരി ആദ്യമായി മിയാവാക്കിയെക്കുറിച്ച് അറിയുന്നത്. സുഹൃത്തായ ബോബി മോഹനും ബന്ധു കൃഷ്ണപ്രസാദും ശുഭേന്ധു ശര്‍മ്മയുടെ വീഡിയോ അയച്ചു കൊടുത്തു. 'മൂന്നു സെന്റില്‍ ഒരാള്‍ കാടു വെച്ചിരിക്കുന്നു. എന്തുകൊണ്ടു പരീക്ഷിച്ചു കൂടാ?' ഹരിയുടെ വനവല്‍ക്കരണ ശ്രമങ്ങളും പരാജയങ്ങളും കണ്ടുമടുത്ത ഇവര്‍ ഒരു പ്രതി മാതൃക നിര്‍ദ്ദേശിച്ചു.
സുഹൃത്തും ഇന്റര്‍നെറ്റ് വിദഗ്ധനുമായ ഹരികൃഷ്ണന്റെ അന്വേഷണത്തിനൊടുവില്‍ ശര്‍മ്മയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി. മിയാവാക്കി മാതൃകയുടെ അടിസ്ഥാന തത്ത്വങ്ങള്‍ അവിടെ നിന്നാണ് ലഭ്യമാകുന്നത്. അതു പ്രാവര്‍ത്തികമാക്കുന്നതിനുള്ള പഠനങ്ങളായിരുന്നു. അടുത്ത ഒന്നര വര്‍ഷം. ഒടുവില്‍ 2018 ജനുവരി 31 ന് പുളിയറക്കോണത്ത് കേരളത്തിലെ ആദ്യത്തെ മിയാവാക്കി നഗര സൂക്ഷ്മ വനം (Urban Micro Fortse) പിറവി കൊണ്ടു. തുടര്‍ന്ന് പേയാടിലും (ചതുപ്പ്) മൂന്നാറിലും (ഹൈറേഞ്ച്) വനങ്ങള്‍ രൂപപ്പെടുത്തി. പൊതു സ്ഥലത്താദ്യമായി കേരളാ ടൂറിസംവകുപ്പിന്റെ അനുവാദത്തോടെ കനകക്കുന്നിലും വനംവകുപ്പിനു വേണ്ടി തൃശ്ശൂര്‍ മുടിക്കോട്ടും എറണാകുളത്തെ നെടുമ്പാശ്ശേരിയിലും തിരുവനന്തപുറത്ത് നെയ്യാറിലും വനങ്ങള്‍ വെച്ചുപിടിപ്പിച്ചു. മിയാവാക്കിയുടെ അടിസ്ഥാന തത്വങ്ങളുപയോഗിച്ചു തിരുവല്ലയിലൊരു സര്‍പ്പക്കാവും സമാന്തരമായി പൂവനങ്ങളും ഫലവനങ്ങളും നിര്‍മ്മിച്ചെടുത്തു. പ്രൊ. വി. കെ. ദാമോദരന്‍ ചെയര്‍മാനായ നേച്ചേഴ്സ് ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷനാണ് കനകക്കുന്നിലെ സഹകരണ പങ്കാളി. ഇന്‍ വിസ് മള്‍ട്ടി മീഡിയയിലേയും കള്‍ച്ചര്‍ ഷോപ്പിയിലേയും ഐ. ടി. വിദഗ്ദര്‍ എല്ലാ സംരംഭങ്ങളിലും സര്‍വ്വാത്മനാ സഹകരിക്കുന്നു. നട്ട ഇടങ്ങളിലെല്ലാം മരങ്ങള്‍ അത്ഭുതകരമായ വളര്‍ച്ച നേടി നില്‍ക്കുകയാണിപ്പോള്‍.
മിയാവാക്കി മാതൃക
പ്രൊഫ. മിയാവാക്കി വികസിപ്പിച്ചെടുത്ത നവ വനവത്ക്കരണ മാതൃക ഇന്ന് ലോക പ്രസിദ്ധമാണ്. 1970 ലാണ് ഈ മാതൃക ആദ്യം അവതരിപ്പിക്കുന്നത്. 1972 ല്‍ നിപ്പോണ്‍ സ്റ്റീല്‍ കമ്പനിയില്‍ ഇത് പ്രയോഗത്തിലെത്തി. നാലു പതിറ്റാണ്ട് പിന്നിട്ട ഇത്തരം ചെറുവനങ്ങള്‍ ഇപ്പോള്‍ യോക്കോഹാമ യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ്സിനെ ഹരിതാഭമാക്കുന്നു. 1976ലാണ് ക്യാമ്പസ്സില്‍ മരങ്ങള്‍ നട്ടുതുടങ്ങുന്നത്. യോക്കോഹോമ യൂണിവേഴ്സിറ്റിയുടെ മറ്റൊരു പ്രത്യേകത യാതൊരു നിയന്ത്രണവുമില്ലാതെ സ്വതന്ത്രമായി ആര്‍ക്കും സന്ദര്‍ശിക്കാവുന്ന ലോകത്തിലെ അപൂര്‍വ്വം ക്യാമ്പസ്സുകളിലൊന്നാണിത്. 1990കളില്‍, നമ്മുടെ ജെ. എന്‍. യുവും മറ്റും ഇങ്ങനെയായിരുന്നു എന്നോര്‍ക്കണം.

ജപ്പാനില്‍ ചിണ്ടു നോ മോറി എന്നറിയപ്പെട്ട കാവുകള്‍ പണ്ടുമുതല്‍ക്കേ ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമായുണ്ടാായിരുന്നു. എന്നാല്‍ 20ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മനുഷ്യനിര്‍മ്മിത വനങ്ങള്‍ എന്ന ആശയം പരീക്ഷിക്കപ്പെട്ടു തുടങ്ങി. ഇതു പരിഷ്ക്കരിച്ചാണ് പ്രൊഫ. മിയാവാക്കി തന്റെ ദ്രുതവളര്‍ച്ച കൈവരിക്കുന്ന വനങ്ങള്‍ എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കിയത്. ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങള്‍ (Potential Natural Vegetation) മാത്രം തിരഞ്ഞുപിടിച്ച് കണ്ടെത്തിയാണ് ഈ വനങ്ങള്‍ നിര്‍മ്മിക്കുക. 10-15 വര്‍ഷങ്ങള്‍ കൊണ്ട് 100 വര്‍ഷം പ്രായമായ സ്വാഭാവിക വനത്തിന് തുല്യമായ ഒരു വനം സൃഷ്ടിക്കപ്പെടുന്നു. നൂറ് ചതുരശ്ര അടി സ്ഥലത്തു പോലും ഇവ നിര്‍മ്മിച്ചെടുക്കാം. പ്രദേശത്തെ കാര്‍ബണ്‍ വിസര്‍ജ്ജ്യം, പൊടി, ശബ്ദം ഇവയൊക്കെ വനത്തിന്റെ വിസ്തൃതിക്ക് ആനുപാതികമായി കുറയ്ക്കാനാവും. സൂക്ഷ്മനഗര വനങ്ങള്‍ (Urban Micro Fotsre) നിര്‍മ്മിക്കാനാണ് നഗരങ്ങളിലേറെയും മിയാവാക്കി മാതൃകയെ പ്രയോജനപ്പെടുത്തുന്നത്. നിരവധി ഏക്കറുകള്‍ വിസ്തീര്‍ണ്ണമുള്ള വനങ്ങളും പ്രൊഫ. മിയാവാക്കി ഇതേ രീതിയില്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്.
സ്വാഭാവികമായി വളരുന്ന ചെടികളെ തിരഞ്ഞെടുത്ത് ഇടതൂര്‍ന്ന നടീല്‍ (Dense Planting) രീതിയിലൂടെ ഒരു ചതുരശ്ര മീറ്ററില്‍ 4 മരങ്ങള്‍ നടുന്നു. 50-60 സെ. മീ. ഉയരമുള്ള തൈകളാണ് നടുക. സൂര്യപ്രകാശം കിട്ടാനുള്ള മത്സരത്തില്‍ അവ വളരെപ്പെട്ടെന്നു മേലോട്ടു പോവും. എന്നാല്‍ എല്ലാ മരങ്ങളും ഒരു പോലെ വളര്‍ച്ച കൈവരിക്കില്ല. അര്‍ഹതയുള്ളവ അതിജീവിക്കും എന്ന തത്വം ഇവിടെ പ്രയോഗത്തില്‍ ആവുന്നു. ആദ്യത്തെ ഓരോ അഞ്ചു വര്‍ഷങ്ങളിലും നട്ട ചെടികളുടെ അഞ്ചു മുതല്‍ പത്തു ശതമാനം വരെ ഇല്ലാതായിക്കൊണ്ടിരിക്കും.
ജപ്പാന്‍ യാത്രയും മിയാവാക്കിയെ കെണ്ടത്തലും
അറിഞ്ഞിടത്തോളം ഇന്ത്യയില്‍ ഒരിടത്തും പത്തുവര്‍ഷംപിന്നിട്ട മിയാവാക്കി വനങ്ങള്‍ ഇല്ലാത്തതു കൊണ്ടും നാലു പതിറ്റാണ്ട് പിന്നിട്ടവ ജപ്പാനില്‍ മാത്രമാണ് ഉള്ളതെന്നതു കൊണ്ടും അവിടെ ചെന്ന് അവ കാണാന്‍ ഹരി തീരുമാനിച്ചു. ഒപ്പം തൊണ്ണൂറ് പിന്നിട്ട മിയാവാക്കിയെ നേരിട്ടു കാണുകയെന്നൊരു സ്വപ്നവും.

തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും ഇന്റര്‍നെറ്റില്‍ കൂടുതല്‍ തെരച്ചിലുകള്‍ നടത്തുന്നതിനു ജാപ്പനീസ് ഭാഷ തടസ്സമായി. ഒടുവില്‍ ഇന്റര്‍നെറ്റിലൂടെ തന്നെ ജപ്പാനിലെ ആഗോള പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ഐ. ജി. ഇ. എസ്സിലെ ഡോ. റ്റൊമോക്കി യാഗസാക്കിയെപരിചയപ്പെടാനായി. യോക്കോഹാമ ക്യാമ്പസിലെ ആദ്യ മിയാവാക്കി വനങ്ങള്‍ കൊണ്ടു പോയി കാണിക്കാം എന്ന് അദ്ദേഹമേറ്റു. പക്ഷെ മിയാവാക്കിയുടെ വിദ്യാര്‍ത്ഥി കൂടിയായ അദ്ദേഹം പ്രൊഫസറുടെ അടുത്തെത്തിക്കാന്‍ തനിക്കാവില്ലെന്ന് തുറന്നു സമ്മതിച്ചു. എന്തായാലും ടോക്കിയോവിലെ ഹാന്‍സമോണ്‍ പ്രദേശത്തെ ഒരു ഹോട്ടല്‍ രണ്ടും കല്‍പിച്ച് ബുക്ക് ചെയ്തു.
ജപ്പാനില്‍ ചെന്നിറങ്ങുമ്പോള്‍ യാഗസാക്കിയുടെ ഇ- മെയില്‍ ബന്ധം മാത്രമാണ് കൈമുതല്‍. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ തടസ്സങ്ങളും താമസങ്ങളും 12 മണിക്കൂര്‍ യാത്രയെ ഇരുപത്തെട്ടു മണിക്കൂറാക്കി. ഒടുവില്‍ നോറിറ്റ എയര്‍പ്പൊട്ടിലിറങ്ങി. ഹാന്‍സമോണിലേക്കെത്താന്‍ പിന്നെയും രണ്ടു മണിക്കൂര്‍ അതിവേഗ ട്രയിനില്‍ യാത്ര ചെയ്യണം. പത്തു ഗെയിറ്റുകളുള്ള ഹാന്‍സമോണ്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആദ്യം മുന്നില്‍ കണ്ട ഗെയിറ്റിലൂടെപുറത്തിറങ്ങി ഭാഗ്യത്തിന് തൊട്ടു മുമ്പില്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടല്‍.
ജപ്പാനില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുക എളുപ്പമാണ്. ഹരി പോയ മിക്കവാറും സ്ഥലങ്ങളില്‍ ഐ. പി. അഡ്രസ്സിന്റെ പരിശോധന മാത്രം മതിയായിരുന്നു സൗജന്യ വൈ ഫൈ കണക്ഷന്‍ ലഭിക്കാന്‍.
ഇങ്ങേത്തലക്കല്‍ ഇന്‍വിസ് മള്‍ട്ടി മീഡിയയിലെ സഹപ്രവര്‍ത്തകര്‍, അനിതയും രാധികയും രഘുവും മിയാവാക്കിയുടെ വിലാസം കണ്ടെത്താന്‍ പിടയുന്നുണ്ടായിരുന്നു. ഒടുവില്‍ യുജിമിത എന്നൊരാള്‍ ആശയ വിനിമയത്തിന്റെ മറുതലക്കലെത്തി. സിന്റോ ഷ്രൈന്‍ നില്‍ ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായകിയോക്കസു കാസയാമക്കിന്റെ ദ്വിഭാഷയും പൗരോഹിത്യ സഹായിയുമായിരുന്നു യുജിമിത. മസ്തിഷ്‌ക സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് പൊഫ. മിയാവാക്കി ഒരു നഴ്സിംഗ് ഹോമില്‍ വിശ്രമത്തിലാണെന്ന് യൂജിമിതയില്‍ നിന്നറിഞ്ഞു.

ചീവീടുകളുടെ ഇണചേരുന്ന കാലമാവണം, നഗരമധ്യത്തിലും വനങ്ങളിലും ചീവീടുകളുടെ യുഗ്മഗീതം നിറഞ്ഞു നില്ക്കുന്നു. ചെന്നതിന്റെ മൂന്നാം ദിവസം യോക്കോഹാമ നാഷണല്‍ യൂണിവേഴിസിറ്റിയുടെ അടുത്തുള്ള ഐ. ജി. ഇ. എസ്. ഓഫീസില്‍ ഡോ. യാഗസാക്കിയെ കാണാന്‍ കഴിഞ്ഞു. അദ്ദേഹം യൂണിവേഴ്സിറ്റിയിലേക്കു കൂട്ടി കൊണ്ടു പോയി. യുണിവേഴ്സിറ്റി ക്യാമ്പസ് നിറയെ കാടുകള്‍. 1970 കളുടെ തുടക്കത്തില്‍ ആരംഭിച്ച വനവല്‍ക്കരണം പ്രവേശന കവാടം മുതല്‍ പാര്‍ക്കിങ്ങ് സ്ഥലത്തു വരെ വനങ്ങളുടെ തുരുത്തുകള്‍.
എല്ലാ മരങ്ങളിലും പേരും വിവരങ്ങളും നമ്പറും അടങ്ങിയ കാര്‍ഡുകള്‍ ഘടിപ്പിച്ചിരിക്കുന്നു. വളരുമ്പോള്‍ മരങ്ങള്‍ക്ക് മുറിവേല്‍ ക്കാതിരിക്കാന്‍ അവര്‍ വളരെ ലളിതമായ ഒരു വിദ്യ ഉപയോഗിക്കുന്നു. കര്‍ട്ടന്‍ സ്പ്രിങ്ങ് ഉപയോഗിച്ചാണ് നമ്പര്‍ പ്ലേറ്റുകള്‍ മരത്തില്‍ ഘടിപ്പിക്കുന്നത്. മരം വളരുമ്പോള്‍ അവ വലിയുന്നു. പ്രൊഫ. മിയാവാക്കി ജോലി ചെയ്തിരുന്ന സര്‍വ്വകലാശാല വകുപ്പും ഈ ക്യാമ്പസ്സിലാണ്.
അടുത്തയാത്ര, പ്രൊഫ. മിയാവാക്കി അത്ഭുതം തന്നെ സൃഷ്ടിച്ച ഒരു കുന്നിന്‍ ചെരിവിലേക്കായിരുന്നു. യോക്കോ സൂക്കയിലെ കുറിഹാമോ ഹൈസുക്കുളിനടുത്ത് 1984 ല്‍ അദ്ദേഹം ഒരു വനം തീര്‍ത്തു. അക്ഷരാര്‍ത്ഥത്തില്‍ 45 ഡിഗ്രി ചെരിവുള്ള ഒരു മൊട്ടക്കുന്നായിരുന്നു അവിടം. പാറയില്‍ ചെറിയ കമ്പി കഷ്ണങ്ങളും ഇരുമ്പു വലകളും ഉപയോഗിച്ചു തട്ടുണ്ടാക്കി മണ്ണു നിറച്ചു വനമുണ്ടാക്കിയിരിക്കുന്നു. ഇന്ന് ഇതൊരു നിബിഡ വനമാണ്.
പ്രൊഫ. മിയാവാക്കിയുടെ മാതൃക പിന്തുടരുന്ന സ്ഥിതിക്ക് ഒരു ചിണ്ടു നോമോറിയെങ്കിലും കാണണമെന്ന് ഡോ. യാഗസാക്കി നിര്‍ദ്ദേശിച്ചു. അങ്ങിനെ പ്രസിദ്ധമായ മെയ്ജി ജിംഗു ക്ഷേത്രത്തിലേക്ക് ഒരു യാത്ര നടത്തി. ആദ്യത്തെ മനുഷ്യ നിര്‍മ്മിത വനങ്ങളിലൊന്നാണ് 1920 കളില്‍ നിര്‍മ്മിച്ച ഈ ക്ഷേത്ര പരിസരത്തിലേത്. 174 ഏക്കറുള്ള പുറം വനവും 74 ഏക്കറുള്ള ഉള്‍ വനവും. സഞ്ചാരികളുടെ പ്രവാഹമാണ്. ക്ഷേത്രത്തില്‍ ആരാധനക്കായി ഉപയോഗിക്കുന്ന സേക എന്ന ജാപ്പനീസ് മദ്യവും ഫ്രഷ് വൈനും വഴിയുടെ ഇരുവശങ്ങളിലുമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. എന്നാല്‍ മദ്യപിച്ച ഒരാളെപ്പോലും ആ പരിസരത്തു കാണാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ മിയാവാക്കിയുടെ തണലില്‍
ഒടുവില്‍ പ്രൊഫ. മിയാവാക്കിയുമായി സന്ദര്‍ശനത്തിനുള്ള അനുമതി കിട്ടി. ഒഡാനോയിലെ സിന്റോ ഷ്രൈനിലെത്തുക. അവിടെ നിന്ന് സഹപ്രവര്‍ത്തകര്‍ കൂട്ടി കൊണ്ടു പോകും. നഴ്സിംഗ് ഹോമിലാണ് സന്ദര്‍ശനം. മുപ്പത് മിനിറ്റ് അനുവദിച്ചിട്ടുണ്ട്. പ്രൊഫസര്‍ക്ക് ചില്ലറ ശാരിരികബുദ്ധിമുട്ടുകളുണ്ട്. അങ്ങിനെ ഒഡാനോയിലെ സിന്റോ ഷ്രൈന്‍ ക്ഷേത്രത്തിലെത്തി. ചുറ്റിലും മിയാവാക്കി നിര്‍മ്മിച്ച വനം. പല ആകൃതിയിലും വലിപ്പത്തിലുമുള്ളവ. കാര്‍ പാര്‍ക്കിംഗിനും മറ്റും അനുയോജ്യമായി ചില ഡിസൈനര്‍ വനങ്ങളും ഇവിടെ കാണാന്‍ കഴിഞ്ഞു.

ജപ്പാന്‍ കാര്‍ സമയനിഷ്ഠ പാലിക്കുന്നതുകൊണ്ട് കൃത്യസമയത്ത് തന്നെ നഴ്സിംഗ് ഹോമിലെത്തി. വളരെ ശുചിത്വമാര്‍ന്ന അന്തരീക്ഷം. അവിടുത്തെ ചിട്ടകളനുസരിച്ച് സന്ദര്‍ശനത്തിനു മുന്നോടിയായി കൈകള്‍ കഴുകുമ്പോള്‍ പുറകില്‍ നിന്നൊരു വിളി, 'ഹരിസാന്‍, മിയാവാക്കി', അമ്പരുന്നു നിന്ന വീല്‍ ചെയറില്‍ ചിരിച്ചു കൊണ്ട് വരുന്ന പ്രൊഫ. മിയാവാക്കി. അമ്പരന്നു നില്‍ക്കെ ഹരിയുടെ കൈ കവര്‍ന്നെടുത്ത് അദ്ദേഹം കോണ്‍ഫറന്‍സ് റൂമിലേക്കു നീങ്ങി.
അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായ പ്രൊഫ. കസ്യൂ ഫ്യൂജിവാരയും, പ്രൊഫ. നാകാമുറയും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. കേരളത്തില്‍ സൃഷിടിച്ച മിയാവാക്കി വനങ്ങളുടെ വീഡിയോ വളരെ ശ്രദ്ധയോടെ വീക്ഷിച്ചു. ഹരി പിന്തുടര്‍ന്ന മാതൃകയില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ പ്രൊഫസര്‍ മിയാവാക്കിയും സഹപ്രവര്‍ത്തകവും നിര്‍ദ്ദേശിച്ചു. കൂടിക്കാഴ്ച മൂന്ന് മണിക്കൂറിലേക്ക് നീണ്ടു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള സന്ദേശം മിയാവാക്കി നാലു വാക്കുകളിലൊതുക്കി-'പ്ലാന്റ് മോര്‍ മോര്‍ ട്രീസ്'
ഒടുവില്‍ വീല്‍ ചെയറില്‍ അദ്ദേഹം തിരികെ റൂമിലേക്ക്. കൂടെ മുറിയിലെത്തിയ ഹരി അദ്ദേഹത്തിന്റെ എഴുത്തു മേശ കണ്ട് ഞെട്ടി. 92ാം വയസ്സിലും കണ്ണടയില്ലാതെ എഴുതുകയും വായിക്കുകയും ചെയ്യുന്ന പ്രൊഫസറുടെ മേശപ്പുറം തിങ്ങി നിറഞ്ഞ് പുസ്തകങ്ങളൂം കടലാസ് കൂമ്പാരങ്ങളും. ചുവരില്‍ ഒരു നോട്ടീസ് ബോര്‍ഡില്‍ സന്ദേശങ്ങള്‍ ഒട്ടിച്ചു വെച്ചിരിക്കുന്നു. ആ വന്ദ്യ വയോധികനിപ്പോഴും ഉണര്‍ന്നിരുന്ന ഭൂമിയെ പച്ച പുതപ്പിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുകയാണ്.
Content Highlights: akira miyawaki- miyawaki forest