തൂവെള്ള മണല്‍പ്പരപ്പുകള്‍, നീലയും പച്ചയും കലര്‍ന്ന നിറത്തില്‍ തിളങ്ങുന്ന കടല്‍വെള്ളം, ശാന്തമായ സമുദ്രസൗന്ദര്യം, പവിഴ ദ്വീപുകളുടെ മായക്കാഴ്ച... മാലദ്വീപ് എന്നാല്‍ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ പറുദീസയാണ്. എന്നാല്‍ ഈ പ്രൗഢിക്ക് പിന്നില്‍ മാലദ്വീപ് നേരിടുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണ്. 1200 ദ്വീപുകളിലായി ചിതറിക്കിടക്കുന്ന രാജ്യം കാലാവസ്ഥാ പ്രതിസന്ധിയുടെ കടുത്ത ഫലങ്ങള്‍ അനുഭവിക്കുകയാണ് എന്നതാണ് വാസ്തവം. ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമുദ്രനിരപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപസമൂഹത്തിന്റെ തീരങ്ങളെ കാര്‍ന്നുതിന്നുന്നു. കാലാവസ്ഥാ വ്യതിയാനം മറ്റേത് കാലത്തേക്കാളും വേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ടുവാലു, കിരിബാത്തി, മാര്‍ഷല്‍ ദ്വീപുകളെ പോലെ മാലദ്വീപും ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ്. മാലദ്വീപ് പൂര്‍ണമായും മുങ്ങിക്കൊണ്ടിരിക്കുകയാണോ? സ്വര്‍ഗം പോലുള്ള ഈ മണ്ണ് അപ്രത്യക്ഷമായാല്‍ ഈ രാജ്യത്തിനും അതിലെ ജനങ്ങള്‍ക്കും ലോകത്തില്‍ അതിന്റെ സ്ഥാനത്തിനും എന്ത് സംഭവിക്കും? മാലദ്വീപ് എന്ന രാഷ്ട്രം ഓര്‍മ മാത്രമാവുമോ?

To advertise here,

വിനോദസഞ്ചാരത്തിന്റെ പറുദീസ

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപസമൂഹ രാഷ്ട്രമാണ് മാലദ്വീപ്. ഏകദേശം 1,200 പവിഴദ്വീപുകള്‍ 26 അറ്റോളുകളായി തിരിച്ചിരിക്കുന്നു. വെളുത്ത മണല്‍ത്തീരങ്ങളും തെളിഞ്ഞ, നീലനിറത്തിലുള്ള വെള്ളവും കൊണ്ട് പ്രശസ്തമായ ഈ രാജ്യം, ജലത്തിന് മുകളിലുള്ള ബംഗ്ലാവുകളും സമ്പന്നമായ കടല്‍ജീവിവൈവിധ്യവും കൊണ്ട് ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെയാണ് പ്രതിവർഷം ആകര്‍ഷിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും താഴ്ന്ന മേഖലയായതിനാല്‍ ദ്വീപുകള്‍ക്ക് 1.8 മീറ്ററില്‍ കൂടുതല്‍ ഉയരമില്ല. വിനോദസഞ്ചാരമാണ് രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗം. ജിഡിപിയിലേക്ക് 30 ശതമാനമാണ് ടൂറിസം മേഖലയുടെ നേരിട്ടുള്ള സംഭാവന.ബീച്ച്, വിൻഡ് സര്‍ഫിങ്, ഡീപ്-സീ ഫിഷിങ്  തുടങ്ങിയവയാണ് ജനപ്രിയ വിനോദങ്ങള്‍. ഏകദേശം നാല് ലക്ഷത്തോളം ജനസംഖ്യയുള്ള മാലദ്വീപില്‍ ദ്വീപുകളെ പ്രാദേശിക ദ്വീപുകളായും (നാട്ടുകാര്‍ താമസിക്കുന്നവ) റിസോര്‍ട്ട് ദ്വീപുകളായും (വിനോദസഞ്ചാരത്തിന്) തരംതിരിച്ചിരിക്കുന്നു.ഏകീകൃത പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്കായ മാലദ്വീപിന്റെ തലസ്ഥാനം മാലേ ആണ്. രാജ്യത്തിന്റെ പ്രധാന കവാടവും ഇതുതന്നെ. 

മുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യം 

മാലദ്വീപിന്റെ 80 ശതമാനത്തിലേറേയും സമുദ്രനിരപ്പില്‍ നിന്ന് കഷ്ടിച്ച് ഒരു മീറ്റര്‍ മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാലദ്വീപ് മുങ്ങിപ്പോവുകയല്ല, മറിച്ച് ഉയരുന്ന സമുദ്രനിരപ്പ് ഒരു രാജ്യത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. 1900 മുതല്‍ ആഗോള സമുദ്രനിരപ്പ് ഏകദേശം 20 സെന്റിമീറ്ററാണ് ഉയര്‍ന്നത്. സമീപകാല പഠനങ്ങള്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട്. 2025 സെപ്റ്റംബറിലെ ഒരു വിശകലനം പ്രകാരം പ്രതിവര്‍ഷം നാലര മില്ലിമീറ്റര്‍ ഉയരത്തിലാണ് സമുദ്രനിരപ്പുയരുന്നത്. അതായത് മാലദ്വീപിനും സമീപത്തുള്ള ലക്ഷദ്വീപിനും ചുറ്റുമുള്ള വെള്ളം മുന്‍പ് കരുതിയതിനേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് നിന്നുള്ള പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങള്‍ ഈ പ്രവണതയെ സ്ഥിരീകരിക്കുന്നുണ്ടെന്ന് ഭൗമശാസ്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. 1959 മുതലാണ് സമുദ്രനിരപ്പുയരുന്നതിന്റെ വേഗത കൂടിയത്. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) അടക്കമുള്ള പഠനകേന്ദ്രങ്ങള്‍ സമുദ്രനിരപ്പ് ഗണ്യമായി ഉയരുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2050-ഓടെ 30-50 സെ.മീ ഉയര്‍ച്ചയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ 2050-ഓടെ മാലദ്വീപിലെ 77 ശതമാനം മേഖലകളും ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലേക്കെത്തുമെന്ന് ചുരുക്കം. വലിയൊരു വിഭാഗം ജനങ്ങളെ രാജ്യത്ത് നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വരും. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഇത്തരമൊരു മുന്നറിയിപ്പ് ഈ വര്‍ഷം മേയ് മാസത്തില്‍ പുറത്തുവിട്ടിരുന്നു. 

എന്തുകൊണ്ട് സമുദ്രനിരപ്പുയരുന്നു?

കാലാവസ്ഥാ വ്യതിയാനമാണ് ഉത്തരം. ആഗോളതാപനത്തെ തുടര്‍ന്ന് മഞ്ഞുപാളികള്‍ ഉരുകുന്നതും സമുദ്രജലത്തിന്റെ ചൂട് കൂടുന്നതും നിരപ്പുയരുന്നതിന് കാരണമായി. ഇത് പ്രതിവര്‍ഷം നാല് മില്ലീമീറ്റര്‍ എന്ന തോതില്‍ വേഗത്തിലായി. ഏറ്റവും ഉയര്‍ന്ന പ്രദേശം വെറും 2.4 മീറ്റര്‍ മാത്രമുള്ള മാലദ്വീപിനെ സംബന്ധിച്ചിടത്തോളം ചെറിയ വര്‍ധനവ് പോലും വലിയ ദുരന്തമാണ്. സമുദ്രനിരപ്പ് മാത്രമല്ല ദ്വീപ് രാഷ്ട്രങ്ങള്‍ക്കുള്ള ഭീഷണി, കടലിലും കരയിലുമുള്ള കൊടുങ്കാറ്റുകളും ശക്തമാവുകയാണ്. ചുഴലിക്കാറ്റുകളും വേലിയേറ്റങ്ങളും കടല്‍ത്തീരങ്ങളെ നശിപ്പിക്കുകയും ശുദ്ധജല സ്രോതസ്സുകളില്‍ ഉപ്പുവെള്ളം കലര്‍ത്തുകയും അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു. 2024-ല്‍ അപ്രതീക്ഷിത കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചത് മാലദ്വീപ് തലസ്ഥാനമായ മാലെയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ദശലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങളുമുണ്ടായി. ചൂടുള്ള കടല്‍വെള്ളം കാരണം തീരങ്ങളില്‍ സ്വാഭാവികമായ വേലികള്‍ തീര്‍ക്കുന്ന പവിഴപ്പുറ്റുകള്‍ നിറം മങ്ങി നശിക്കുകയും ഇത് തീരങ്ങളുടെ ആവാസവ്യവസ്ഥയും ആരോഗ്യവും നശിപ്പിക്കുകയും ചെയ്യുന്നു. മണ്ണില്‍ ഉപ്പിന്റെ അംശം കൂടുന്നതിനാല്‍ കൃഷി നശിക്കുന്നു. ബീച്ചുകള്‍ നശിപ്പിക്കപ്പെടുന്നതോടെ, രാജ്യത്തിന്റെ ജിഡിപിയുടെ 30 ശതമാനത്തോളം വരുന്ന, സാമ്പത്തിക ജീവനാഡിയായ ടൂറിസം മേഖല തകരുന്നു. 

ഇത് മാലദ്വീപിന് മാത്രം സംഭവിക്കുന്ന ഒന്നല്ല. പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലുടനീളമുള്ള ചെറിയ ദ്വീപുകള്‍ സമാനമായ വിധിയാണ് വരുംകാലങ്ങളില്‍ നേരിടേണ്ടി വരിക. 11,000 ആളുകള്‍ മാത്രം വസിക്കുന്ന ടുവാലു ദ്വീപിലെ  ഒമ്പത് പവിഴദ്വീപുകള്‍ 2050-ഓടെ വാസയോഗ്യമല്ലാതായി മാറിയേക്കാം. കിരിബാത്തിയുടെ പ്രസിഡന്റ് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഫിജിയില്‍ ഇതിനകം ഭൂമി വാങ്ങിക്കഴിഞ്ഞു. യുഎസ് ആണവപരീക്ഷണങ്ങളില്‍ നിന്നുള്ള റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ക്കൊപ്പം ഉയരുന്ന സമുദ്രനിരപ്പുമാണ് മാര്‍ഷല്‍ ദ്വീപുകള്‍ക്ക് ഭീഷണിയാകുന്നത്. മലിനീകരണത്തിന് കാര്യമായ സംഭാവന നല്‍കാത്ത ഈ ചെറുരാജ്യങ്ങള്‍, യുഎസ്, ചൈന തുടങ്ങിയ വ്യാവസായിക ഭീമന്മാര്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ ഭാരം പേറുകയാണ്, സ്വന്തം ഭൂമിയോ രാഷ്ട്രമോ ഇല്ലാതെയാവാന്‍ പോവുകയാണ്. 

നഷ്ടമാവുന്ന രാജ്യം, നഷ്ടപ്പെടുന്ന പ്രതീക്ഷകള്‍

മാലദ്വീപിന് ഭൂപ്രദേശം അപ്രത്യക്ഷമായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വിനാശകരമായിരിക്കും. ഒന്നാമതായി ലക്ഷക്കണക്കിന് വരുന്ന ആളുകളെ കുടിയൊഴിപ്പിക്കലാണ് പ്രതിസന്ധി. മാലദ്വീപിലെ 540,000 നിവാസികള്‍ കാലാവസ്ഥാ അഭയാര്‍ഥികളായി മാറിയേക്കാം, അവര്‍ ഇന്ത്യ, ശ്രീലങ്ക, അല്ലെങ്കില്‍ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രദേശങ്ങളിലേക്കാണ് പലായനം ചെയ്യേണ്ടിവരിക. ഇത്തരത്തില്‍ ചെറുസംഘങ്ങളായി വ്യത്യസ്ത മേഖലകളിലേക്കുള്ള പുനരധിവാസം പരമ്പരാഗത സമൂഹങ്ങളെ തകര്‍ക്കും. പരമ്പരാഗതമായി ചെയ്തുവരുന്ന തൊഴിലുകളും ആവാസവ്യവസ്ഥയും ജീവിതങ്ങളും തകര്‍ക്കപ്പെടും. സാംസ്‌കാരിക ശോഷണമാണ് ഇവിടെ സംഭവിക്കുക. തദ്ദേശീയ ഭാഷകളും ബോഡു ബെരു പോലുള്ള പരമ്പരാഗത കലാരൂപങ്ങളും മാത്രമല്ല, ദ്വീപുകളുമായി ബന്ധപ്പെട്ട ജീവിതമപ്പാടെ വിസ്മൃതിയിലേക്ക് മറയ്ക്കപ്പെടും. 

സാമ്പത്തികാഘാതമാണ് മറ്റൊരു വശം. മാലദ്വീപിലെ 60% പേര്‍ക്കും തൊഴില്‍ നല്‍കുന്നത് ടൂറിസമാണ്. ബീച്ചുകളില്ലാതെ, സന്ദര്‍ശകരില്ലാതെ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. തകര്‍ന്ന ആവാസവ്യവസ്ഥകള്‍ കാരണം പ്രധാന വ്യാപാര-സാമ്പത്തിക മേഖലയായ മത്സ്യബന്ധനം പ്രതിസന്ധിയിലാകുന്നു. ട്യൂണ മത്സ്യങ്ങളാല്‍ സമ്പന്നമായ 900,000 ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖല നിലനില്‍ക്കുമെങ്കിലും പ്രവര്‍ത്തനം അവതാളത്തിലാവും. ആഗോളതലത്തില്‍, അതായത് യുഎന്‍ പോലുള്ള വേദികളില്‍ ഈ രാജ്യങ്ങള്‍ക്കുള്ള അധികാരസ്വരങ്ങളും വിലപേശാനുള്ള ശേഷിയും നഷ്ടപ്പെടും. കാലാവസ്ഥാ നീതിക്ക് വേണ്ടി ഈ വേദികളില്‍ ചെറിയ രാജ്യങ്ങള്‍ നിരന്തരം ശബ്ദമുയര്‍ത്താറുണ്ട്. 

ദ്വീപുനിവാസികളുടെ ആരോഗ്യപ്രശ്‌നങ്ങളാണ് മറ്റൊരു വശം. ഉപ്പുവെള്ളം കയറുന്നത് കുടിവെള്ളത്തെ വിഷമയമാക്കുകയും കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നു. മാതൃരാജ്യം ഉപേക്ഷിക്കപ്പെടേണ്ടവരുടെ, പലായനം ചെയ്യേണ്ടിവരുന്നവരുടെ മാനസികാരോഗ്യം താളം തെറ്റുന്നതും സാധ്യതകളാണ്. വിദ്യാഭ്യാസവും വളര്‍ച്ചയും തൊഴിലും തുടങ്ങി ജനനം മുതല്‍ മരണം വരെ അനിശ്ചിതത്വത്താൽ മൂടപ്പെട്ടവരുടേതാണ് വരാനിരിക്കുന്ന ആ കാലം, അത് വിദൂരമല്ലെന്നതാണ് വാസ്തവം. 

ഭൂമിയില്ലാതെ രാജ്യമെങ്ങനെ നിലനില്‍ക്കും? 

ദ്വീപുകള്‍ മുങ്ങിപ്പോയാല്‍, രാജ്യം ഇല്ലാതാകുമോ? മാലദ്വീപോ മാര്‍ഷല്‍ ദ്വീപുകളോ ടുവാലുവോ കടലെടുത്താല്‍ പിന്നെ രാഷ്ട്രത്തിന്റെ സാധുത എന്താണ്? അന്താരാഷ്ട്ര നിയമം ഒരു രാഷ്ട്രത്തെ നാല് മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് നിര്‍വചിക്കുന്നത്. സ്ഥിരമായ ജനസംഖ്യ, അതിര്‍ത്തികളാല്‍ നിര്‍വചിക്കപ്പെട്ട ഭൂപ്രദേശം, പ്രവര്‍ത്തനക്ഷമമായ സര്‍ക്കാര്‍, അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കുള്ള കഴിവ് എന്നിവയാണത്. അതിനാല്‍ ഭൂപ്രദേശം ഇല്ലാതാവുകയെന്നാല്‍ രാഷ്ട്രത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടുകയെന്നാണര്‍ഥം. ഭൂമി നഷ്ടപ്പെടുന്നത് മറ്റ് മൂന്ന് മാനദണ്ഡങ്ങളുടേയും നിലനില്‍പ്പിനെ ബാധിക്കും. ജനസംഖ്യ പലയിടത്തായി ചിതറിപ്പോകുന്നു, ഭൂപ്രദേശം അപ്രത്യക്ഷമാകുന്നു, സര്‍ക്കാര്‍ ഇല്ലാതാവുന്നു ഒപ്പം അന്താരാഷ്ട്ര ബന്ധങ്ങളും ദുര്‍ബലമാകുന്നു. എന്നാല്‍, ഈ നിയമം അത്ര കര്‍ക്കശമല്ല എന്നതാണ് മറ്റൊരു വസ്തുത. സ്ഥിരമായി ആഭ്യന്തരപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന, ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരില്ലാത്ത സൊമാലിയ പോലുള്ള രാജ്യങ്ങള്‍ കടുത്ത അരാജകത്വങ്ങള്‍ക്കിടയിലും രാഷ്ട്രപദവി നിലനിര്‍ത്തുന്നുണ്ട്. നിയമങ്ങളിലെ ഈ അയവ് 'മുങ്ങിപ്പോയ രാഷ്ട്രങ്ങള്‍ക്കും' (അങ്ങനെ സംഭവിച്ചാല്‍) ബാധകമാക്കാന്‍ കഴിയുമെന്നാണ് ആഗോള ചര്‍ച്ചകള്‍. അധികം ഭൂപ്രദേശമില്ലാത്ത ഒരു രാഷ്ട്രമായ വത്തിക്കാന്‍ അതിന്റെ ചരിത്രപരമായ രാഷ്ട്രപദവിയില്‍ തുടരുന്നുണ്ട്. ഫോസ്‌ഫേറ്റ് ശേഖരം തീര്‍ന്നപ്പോള്‍ ഭൂമി പാട്ടത്തിനെടുത്ത നൗറുവും ഒരു ഉദാഹരണമാണ്. എങ്കിലും സ്വയം നഷ്ടമായേക്കാവുന്ന ഈ രാജ്യങ്ങള്‍ക്ക് യുഎന്‍ സീറ്റുകള്‍, സമുദ്രാതിര്‍ത്തി അവകാശങ്ങള്‍, അന്താരാഷ്ട്ര സഹായത്തിനുള്ള അര്‍ഹത എന്നിവ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതായുള്ള ചര്‍ച്ചകളുമുണ്ട്. ലോകത്ത് എവിടേയും ഇത്തരമൊരു സ്ഥിതി വിശേഷം ഇതുവരെ നേരിടാത്തതിനാല്‍ യഥാര്‍ഥ സാഹചര്യത്തില്‍ എന്താണ് അന്താരാഷ്ട്ര നിലപാട് എന്നത് കണ്ടറിയേണ്ട കാര്യമാണ്.

മാലദ്വീപിന്റെ പോരാട്ടം

വര്‍ഷങ്ങളായി മാലദ്വീപ് അടക്കമുള്ള ദ്വീപ് രാഷ്ട്രങ്ങള്‍ നിലനില്‍പ്പ് ഭീഷണി നേരിടുകയാണ്. രാഷ്ട്രത്തെ നിലനിര്‍ത്താനാവശ്യമായ, പ്രതിരോധം തീര്‍ക്കാനുള്ള എല്ലാ വഴികളും അവര്‍ തേടിക്കൊണ്ടിരിക്കുന്നു. ദ്വീപുകളുടെ ഉയരം കൂട്ടാനായി മണല്‍ പമ്പ് ചെയ്യുക, കൂറ്റന്‍ കടല്‍ഭിത്തികള്‍ നിര്‍മ്മിക്കുക, പൊങ്ങിക്കിടക്കുന്ന നഗരങ്ങള്‍ (floating ctiy) പരീക്ഷിക്കുക തുടങ്ങിയ വഴികള്‍ രാജ്യം ഇതിനോടകം പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാലെയ്ക്ക് സമീപത്ത് സമുദ്രനിരപ്പില്‍ നിന്ന് രണ്ട് മീറ്റര്‍ ഉയരത്തില്‍ മനുഷ്യനിര്‍മിത ദ്വീപായ ഹുല്‍ഹുമലെ നിര്‍മിച്ചിട്ടുണ്ട്. നിരവധി പേരെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. ഒരു ലക്ഷത്തോളം പേരാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ പോലെ 'കാലാവസ്ഥയെ അതിജീവിക്കാന്‍ ശേഷിയുള്ള' ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് മാലദ്വീപ്. 

ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ തങ്ങളുടെ സംസ്‌കാരത്തെ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുകയാണ് ടുവാലു ദ്വീപസമൂഹം ചെയ്യുന്നത്. സംസ്‌കാരം ഓണ്‍ലൈനായി ശേഖരിക്കുകയും സേവനങ്ങള്‍ ക്ലൗഡിലേക്ക് മാറ്റുകയും ചെയ്തുകൊണ്ട് ഭരണനിര്‍വഹണത്തിനായി രാഷ്ട്രത്തിന്റെ ഒരു വെര്‍ച്വല്‍ പതിപ്പ് സൃഷ്ടിച്ചിട്ടുണ്ട് ടുവാലു. 2023-ല്‍, ഓസ്ട്രേലിയയുമായി ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചതിലൂടെ ടുവാലുവിന് ശാശ്വതമായ രാഷ്ട്രപദവി അംഗീകാരവും പൗരന്മാര്‍ക്ക് കുടിയേറാനുള്ള വഴികളും നല്‍കുന്നുണ്ട്. വിദേശത്ത് ഭൂമി വാങ്ങിക്കൊണ്ട് ശക്തമായ ആസൂത്രണമാണ് കിരിബാത്തി ദ്വീപ് നടത്തുന്നത്. മാര്‍ഷല്‍ ദ്വീപുകളാവട്ടെ കനത്ത നഷ്ടപരിഹാരമാണ് അമേരിക്കയില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനായി സമ്മര്‍ദവും ചെലുത്തുന്നുണ്ട്.

ചെറുദ്വീപ് രാഷ്ട്രങ്ങളുടെ സഖ്യമായ AOSIS പോലുള്ള കൂട്ടായ്മകളിലൂടെ ആഗോളതലത്തില്‍ ശബ്ദമുയര്‍ത്തി നടപടി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് ഈ രാജ്യങ്ങള്‍. 2025-ലെ കോപ്പ് 29-ല്‍, ഈ സഖ്യം നഷ്ടപരിഹാര ഫണ്ടിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. മലിനീകരണം നടത്തുന്നവരില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമയുദ്ധങ്ങളും നടക്കുന്നുണ്ട്. മാറ്റങ്ങളുമായി പൊരുത്തപ്പെടാനോ പുനരധിവസിക്കാനോ വേണ്ടിയാണ് ഈ നഷ്ടപരിഹാരമെന്നാണ് അവരുടെ പക്ഷം.

ലോകത്തിലെ എല്ലാ തീരദേശ നഗരങ്ങളും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കടലെടുക്കുമെന്ന മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു. ഇന്ത്യയില്‍ മാത്രം മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങള്‍ കടുത്ത ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയില്‍ മാത്രം മുപ്പത് ശതമാനം മേഖല ഇതിനോടകം തന്നെ വാസയോഗ്യമല്ലാതായെന്ന് ഗവേഷകര്‍ പറയുന്നു. അത്രത്തോളം പ്രദേശങ്ങളെ കടലെടുത്തുകഴിഞ്ഞു. 

 

ടുവാലു മുതല്‍ ഇന്ത്യ വരെ

മാലദ്വീപിന്റെ ദുരവസ്ഥ ഒറ്റപ്പെട്ടതല്ല. മുംബൈയിലെ ചേരികള്‍ മുതല്‍ മയാമിയുടെ തീരങ്ങള്‍ വരെ എല്ലായിടത്തും വരാനിരിക്കുന്ന തീരദേശ പ്രതിസന്ധികളുടെ ഒരു മുന്നറിയിപ്പിന്റെ തുടക്കം മാത്രമാണത്. 2100 ആകുമ്പോഴേക്കും ആഗോളതലത്തില്‍ ഏകദേശം 200 ദശലക്ഷം ആളുകള്‍ക്ക് ജന്മദേശം വിട്ട് പലായനം ചെയ്യേണ്ടി വന്നേക്കാം. ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമുദ്രനിരപ്പ് 7500 കിലോമീറ്റര്‍ തീരപ്രദേശമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം 40 ദശലക്ഷം പേരുടെ ജീവിതത്തിനും നിലനില്‍പ്പിനുമാണ് ഭീഷണിയാവുന്നത്. പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ് പോലുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കൂടുതല്‍ ആശങ്കപ്പെടേണ്ടത്. കേരളത്തിലെ തീരപ്രദേശങ്ങള്‍ക്കുള്ള ഭീഷണിയും ചെറുതല്ല. ഇന്ത്യയ്ക്ക് നേരിട്ടുള്ള ഭീഷണിയില്ലെങ്കില്‍ പോലും മാലദ്വീപില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ അഭയം തേടുന്നത് നമ്മുടെ വിഭവങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം വർധിക്കാൻ കാരണമാകും. അതിനാല്‍ പരിഹാരങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കുന്നതിലേക്കാവണം ആഗോളശ്രദ്ധ പതിയേണ്ടത്. ആഗോളതാപനം 1.5 എന്ന സ്‌കെയിലില്‍ പരിമിതപ്പെടുത്തണം. മലിനീകരണം നിയന്ത്രിക്കുക, രാജ്യങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക, ഒഴുകും നഗരം പോലുള്ള ആശയങ്ങള്‍ നടപ്പാക്കുക തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.