ഇന്ത്യയിലെ പക്ഷിയിനങ്ങളെ കുറിച്ചുള്ള പഠനങ്ങളും പഠന റിപ്പോര്‍ട്ടുകളും മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവെ കുറവാണ്. ഇതിനൊരു മാറ്റം കുറിച്ചിരിക്കുകയാണ് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (സെഡ്എസ്‌ഐ). തങ്ങളുടെ 108-ാം ഫൗണ്ടേഷന്‍ ദിനത്തില്‍ '75 എന്‍ഡെമിക് ബേഡ്‌സ് ഓഫ് ഇന്ത്യ' എന്ന സര്‍വേ റിപ്പോര്‍ട്ട് സംഘടന പുറത്തുവിട്ടു. പൊതുജനങ്ങളില്‍ രാജ്യത്തെ പക്ഷിയിനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു സര്‍വേയുടെ ലക്ഷ്യമെന്ന് പഠനത്തിന്റെ രചയിതാക്കളിലൊരാളായ ഡോ. അമിതാവ മജൂംദര്‍ പറയുന്നു. 

To advertise here,

പൊതുജനാവബോധം സൃഷ്ടിക്കുന്നതായിരുന്നു സര്‍വേയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. രാജ്യത്ത് മാത്രം കാണപ്പെടുന്ന പക്ഷിയിനങ്ങളെ കുറിച്ചുള്ള പഠനമായിരുന്നില്ല ലക്ഷ്യം. എന്നാല്‍ സര്‍വേ പൂര്‍ത്തിയായതോടെ ഇന്ത്യയിലെ പക്ഷിയിനങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചു. ഇതിലൂടെ ഇന്ത്യയ്ക്ക് സ്വന്തമെന്ന അവകാശപ്പെടാവുന്ന പക്ഷികളെ കുറിച്ചുള്ള ആദ്യത്തെ പഠന റിപ്പോര്‍ട്ടാണ് തയ്യാറായത്. 

സുവോളജിക്കല്‍ സര്‍വേ പ്രസിദ്ധീകരിക്കുന്ന ആദ്യ ഫോട്ടോഗ്രാഫിക് ഫീല്‍ഡ് ഗൈഡ് ബുക്ക് കൂടിയാണിത്. പക്ഷിവിഭാഗങ്ങളുടെ ഫോട്ടോ, ആഹാര രീതികള്‍, ശാസ്ത്രീയനാമം, മാപ്പുകള്‍, കാണപ്പെടുന്ന മേഖലകള്‍, ആവാസവ്യവസ്ഥ, ഐയുസിഎന്‍ സ്റ്റാറ്റസ്, നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ കാര്യങ്ങളും ഗൈഡ് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷിയെ കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഗവേഷകനായ ഡോ. ഗോപിനാഥന്‍ മഹേശ്വരന്റെ നേതൃത്വത്തിലായിരുന്നു സര്‍വേ. 

placeholder
സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ പുറത്തിറക്കിയ ഫോട്ടോ​ഗ്രഫിക് ഫീൽഡ് ​ഗെെഡ് ബുക്കിന്റെ കവർ

ലോകത്താകെ 10,906 പക്ഷിയിനങ്ങളാണുള്ളത്. ഇതിൽ ഇന്ത്യയിൽ കാണപ്പെടുന്നത് 1,353 ഇനങ്ങളാണ്. എന്നാല്‍, രാജ്യത്ത് മാത്രം കാണപ്പെടുന്നതും സ്വന്തമെന്ന് പറയാനാവുന്നതും 78 പക്ഷിയിനങ്ങളാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് കാണപ്പെടുന്ന 78 ഇനങ്ങളില്‍ മൂന്നെണ്ണത്തെ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മണിപ്പുര്‍ ബുഷ് ക്വയില്‍, ഹിമാലയന്‍ ക്വയില്‍, ജേര്‍ഡണ്‍സ് കോഴ്‌സര്‍ എന്നിവയാണീ മൂന്നിനങ്ങള്‍. മണിപ്പുര്‍ ബുഷ് ക്വയിലിനെ അവസാനമായി കണ്ടെത്തുന്നത് 1907-ലാണ്. ഹിമാലയന്‍ ക്വയലിനെ 1876-ലും ജേര്‍ഡണ്‍സ് കോഴ്‌സറിനെ 2009-ലുമാണ് അവസാനമായി കണ്ടത്.

'മണിപ്പുര്‍ ബുഷ് ക്വയില്‍, ഹിമാലയന്‍ ക്വയില്‍ തുടങ്ങിയവയുടെ രേഖാചിത്രങ്ങള്‍ മാത്രമാണ് നിലവില്‍ ലഭ്യമായുള്ളത്' 

28 തനത് പക്ഷിവിഭാഗങ്ങളെ കണ്ടെത്തിയത് പശ്ചിമഘട്ടത്തിലാണ്. ഏറ്റവുമധികം തനത് പക്ഷി വിഭാഗങ്ങളെ രേഖപ്പെടുത്തിയതും ഇവിടെയാണ്. മറ്റ് 25 പക്ഷിയിനങ്ങളെ കണ്ടെത്തിയത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. കുറവ് എണ്ണം രേഖപ്പെടുത്തിയത് മദ്ധ്യേന്ത്യയിലാണ്. രാജ്യത്തിന് സ്വന്തമെന്ന് അവകാശപ്പെടാനാവുന്ന 78 പക്ഷിവിഭാഗങ്ങളില്‍ 25 എണ്ണവും ഐ.യു.സി.എന്‍. പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗങ്ങളാണ്. 17 ഇനങ്ങള്‍ വംശനാശത്തിന് സാധ്യതയുള്ള വിഭാഗങ്ങളാണ്. പക്ഷികളുടെ കണക്കെടുപ്പ് മാത്രമല്ല, ഗുരുതര വംശനാശ ഭീഷണി നേരിടുന്ന പക്ഷിയിനങ്ങളുടെ തുടര്‍നിരീക്ഷണവും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്നുണ്ട്. 

"സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച '75 എന്‍ഡെമിക് ബേഡ്‌സ് ഓഫ് ഇന്ത്യ'യെന്ന പഠനറിപ്പോര്‍ട്ട് പക്ഷിനിരീക്ഷകര്‍ക്കും ഗവേഷകര്‍ക്കും മാത്രമല്ല, വന്യജീവി സംരക്ഷകര്‍ക്കും ഉതകുന്ന അതിപ്രധാന ഡോക്യുമെന്റാണ്. ജൈവൈവിധ്യത്തില്‍ പക്ഷികള്‍ക്കുള്ള പങ്ക് ഇതിലൂടെ മനസിലാക്കാം. ഈ പക്ഷികളെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പലതും ചുരുക്കം ചില പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്നവയാണ്. ഇവിടെയുണ്ടാകുന്ന മാറ്റങ്ങള്‍ അവയുടെ വ്യാപനത്തെയും ആവാസവ്യവസ്ഥയെ തന്നെ ബാധിച്ചേക്കാം." പഠനത്തിന്റെ മുഖ്യരചയിതാക്കളിലൊരാളും സെഡ്എസ്‌ഐയുടെ ഡയറക്ടറുമായ ധൃതി ബാനര്‍ജി പറയുന്നു.