ഗുഹാഭിത്തിയിൽ ഉമിനീർ ഒരോരോ പാളിയായി തേച്ചുപിടിപ്പിക്കും. ഉമിനീര് അന്തരീക്ഷ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉറച്ച് കട്ടിയുള്ള ജെലാറ്റിൻ രൂപത്തിലാകും. അത് ശരിക്കും സിമന്റ് പോലെ ഉറയ്ക്കും.

വളരെ സ്‌പെഷ്യലാണ് ഈ പക്ഷി. തലച്ചോറിന്റെ ഒരുപാതിയെ മയക്കികിടത്തി പറക്കാൻ കഴിവുണ്ട്. വളരെ കുഞ്ഞുകാലുകൾ മാത്രമുള്ളതിനാൽ ഭൂരിഭാഗം സമയവും പറക്കൽ തന്നെ. ശരവേഗം പറന്നുവന്ന് ജലപ്പരപ്പിൽ നിന്ന് വെള്ളം കൊക്കിൽ കോരിയെടുക്കും. ഗുഹകളിൽ നഖങ്ങൾ ആഴ്ത്തി തൂങ്ങികിടക്കും. സ്വന്തം ഉമിനീര് മാത്രം ഉപയോഗിച്ച് കൂരിരുൾ നിറഞ്ഞ ഗുഹാഭിത്തികളിൽ കൂടും പണിയും. ഔഷധഗുണമേറിയ ഒരു കൂടിന്റെ വിലയെത്രയെന്നറിയോ? ഒരു കിലോയ്ക്ക് പത്തുലക്ഷം രൂപ! . പക്ഷിയുടെ പേര് ഏരോഡ്രാമസ് ഫ്യൂസിഫാഗസ്' (Aerodramus fuciphagus) എന്ന എഡിബിൾ-നെസ്റ്റ് സ്വിഫ്റ്റ്ലെറ്റുകൾ. ഉമിനീർകൂടൊരുക്കും ശരപക്ഷിയെന്ന് പറയും. നമ്മുടെ ഉള്ളംകൈയേക്കാൾ ചെറുതാണ്. ഏകദേശം 11-12 സെന്റീമീറ്റർ മാത്രം നീളം. 15-18 ഗ്രാം മാത്രം തൂക്കം.
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഇവ ആകാശത്താണ് . അന്തരീക്ഷത്തിൽ വളരെ ഉയരത്തിൽ (ഏകദേശം 10,000 അടി വരെ ) വായുപ്രവാഹത്തിന് ഒപ്പം ഒഴുകിനടന്ന്, തലച്ചോറിന്റെ ഒരുപകുതി മാത്രം സജീവമാക്കി മറ്റേ പകുതിയെ ഉറക്കി വെച്ച് പറക്കും. Unihemispheric slow-wave sleep എന്നാണ് പറയുക. അതായത് ഇവ ആകാശത്ത് തന്നെ പറന്നുകൊണ്ട് പാതി മയങ്ങുന്നു. വളരെ വേഗത്തിൽ ദിശമാറി പറക്കാൻ കഴിയും. സാധാരണയായി പറന്നുകൊണ്ടല്ലാതെ കാണാൻ കഴിയില്ല. അപ്പോഡിഡേ (Apodidae) കുടുംബത്തിലുള്ളവരാണ്. ഗ്രീക്കിൽ 'കാലുകളില്ലാത്ത' എന്നർത്ഥം. കാലുകൾ വളരെ ചെറുതായതിനാലാണ് ഈ പേര്. മരക്കൊമ്പിലോ നിലത്തോ സാധാരണ പക്ഷികളെപ്പോലെ ഇരിക്കാൻ ബുദ്ധിമുട്ടാണ്. ഗുഹകളുടെ ലംബമായ ചുവരുകളിലെ തടസങ്ങളിൽ നഖങ്ങൾ ആഴ്ത്തി തൂങ്ങിക്കിടക്കുകയാണ് പതിവ്.
പറക്കും പ്രാണികളാണ് പ്രധാന ഭക്ഷണം. പറന്നുനടക്കുന്ന ചെറിയ വണ്ടുകൾ, ഈച്ചകൾ, ഉറുമ്പുകൾ എന്നിവയെ പറക്കലിനിടയിൽത്തന്നെ കൊത്തിയെടുക്കും. വെള്ളം കുടിക്കാൻ പോലും നിലത്തിറങ്ങില്ല. ഇറങ്ങി നിൽക്കാനും പറ്റില്ലല്ലോ. വേഗത്തിൽ പറക്കുന്നതിനിടയിൽ ജലപ്പരപ്പുകളിൽ നിന്ന് കൊക്കുകൊണ്ട് വെള്ളം കോരിയെടുക്കും. മുകൾഭാഗം ഇരുണ്ട തവിട്ടുനിറം അല്ലെങ്കിൽ കറുപ്പ് നിറവും അടിഭാഗം ചാരനിറവും. ചിറകുകൾ നീളമുള്ളതും അരിവാൾ ആകൃതിയിലുള്ളതുമാണ്.
ജനുവരി മുതൽ ജൂൺ മാസം വരെ ഇവർ ഇണചേരലും മുട്ടയിടലും നടത്തും. ആണും പെണ്ണും ചേർന്നാണ് കൂട് ഉണ്ടാക്കുക. ഒരു ഇണ മാത്രമേ ഒരു സമയം ഉണ്ടാകുകയുള്ളു. പ്രജനന കാലമാകുമ്പോൾ ഇവയുടെ നാക്കിനടിയിലുള്ള ഉമിനീർ ഗ്രന്ഥികൾ അസാധാരണമായി വീർത്തു വരും. സലൈവറി ഗ്ലാൻഡുലാർ ഹൈപ്പർട്രോഫി എന്നാണ് പറയുക. അപ്പോൾ അമിതമായി ഉമിനീര് ഉണ്ടാകും.
ഇണകൾ ചേർന്ന് രാത്രിയിലാണ് കൂട് പണിയുക. ഗുഹാഭിത്തിയിൽ ഉമിനീർ ഒരോരോ പാളിയായി തേച്ചുപിടിപ്പിക്കും. ഉമിനീര് അന്തരീക്ഷ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉറച്ച് കട്ടിയുള്ള ജെലാറ്റിൻ രൂപത്തിലാകും. അത് ശരിക്കും സിമന്റ് പോലെ ഉറയ്ക്കും. അർദ്ധതാര്യമായ, മങ്ങിയ വെളുപ്പ് നിറമുള്ള, പകുതി ചന്ദ്രന്റെ ആകൃതിയിൽ പാറയിൽ ഒട്ടിയിരിക്കുന്ന കൂടുകൾ, ക്ഷേത്ര ചുമരുകളിൽ കൽവിളക്ക് ഉറപ്പിച്ച പോലെ തോന്നും. ചുമരിൽ ഒട്ടി നിൽക്കുന്ന ആ കൂട്ടിലാണ് ഇവരുടെ ഇണചേരൽ നടക്കുന്നത്. രണ്ട് പക്ഷികൾ അതിൽ കിടന്നാലും കൂട് താങ്ങും. സാധാരണയായി ഒരു തവണ രണ്ട് വെളുത്ത നിറമുള്ള മുട്ടകളാണ് ഇടുക. മുട്ടയിട്ടാലും അച്ഛൻപക്ഷി കൂടെ തന്നെ ഉണ്ടാകും. രണ്ടാളും ചേർന്നാണ് കുഞ്ഞുങ്ങളെ തീറ്റുന്നതും സംരക്ഷിക്കുന്നതും.
30 മുതൽ 45 ദിവസം വരെയുള്ള കഠിനാധ്വാനം കൊണ്ടാണ് ഒരു കൂട് പൂർത്തിയാകുന്നത്. ഇതിൽ പക്ഷിയുടെ ഉമിനീരിലെ 60 % ശുദ്ധമായ പ്രോട്ടീനും ഗ്ലൈക്കോപ്രോട്ടീനുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ മറ്റ് മാലിന്യങ്ങൾ ഇല്ലാത്തതുകൊണ്ട് ഇതിനെ 'വെളുത്ത കൂട്' (White Nest) എന്ന് വിളിക്കുന്നു. എഡിബിൾ-നെസ്റ്റ് സ്വിഫ്റ്റ്ലെറ്റ് (Edible-nest Swiftlet) എന്നാണ് ഇത്തരം പക്ഷികളെ അറിയപ്പെടുന്നത്. നമുക്ക് കഴിക്കാൻ പറ്റുന്ന കൂടുള്ള സ്വിഫ്റ്റ്‌ലെറ്റ് .
വവ്വാലുകളെപ്പോലെ, പൂർണ്ണ ഇരുട്ടിൽ വഴി കണ്ടെത്താൻ ഇവയും പ്രത്യേക ശബ്ദമുണ്ടാക്കും. പ്രതിധ്വനിച്ച് വരുന്ന ശബ്ദ തരംഗങ്ങളെ പിടിച്ചെടുത്ത് മുന്നിലെ തടസ്സങ്ങൾ മനസിലാക്കുന്ന 'എക്കോലൊക്കേഷൻ' (Echolocation) എന്നതുതന്നെയാണ് ഇരുട്ടിൽ ഗുഹക്കുള്ളിൽ പറക്കാനും തടസ്സങ്ങൾ മനസിലാക്കാനും ഉപയോഗിക്കുന്നത്. പറക്കുന്നതിനിടയിൽ ഇവ നമുക്കും കേൾക്കാവുന്ന തരത്തിൽ ഉയർന്ന ആവൃത്തിയിലുള്ള (1.5 kHz മുതൽ 5.5 kHz വരെ) 'ക്ലിക്ക്' ശബ്ദങ്ങൾ പുറപ്പെടുവിക്കും. എന്നാൽ വവ്വാലുകൾ പുറപ്പെടുവിക്കുന്നത് മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത അൾട്രാസോണിക് ശബ്ദങ്ങളാണല്ലോ.
ഗുഹയ്ക്കുള്ളിലെ കട്ടയിരുട്ടിലൂടെ പറക്കുമ്പോൾ സെക്കൻഡിൽ ആറുതവണ വരെ ഈ ക്ലിക്ക് ശബ്ദങ്ങൾ പുറപ്പെടുവിക്കും. ഈ ശബ്ദം തിരിച്ചെത്താൻ എടുക്കുന്ന സമയത്തിന്റെ മൈക്രോസെക്കൻഡ് വ്യത്യാസം കണക്കാക്കി, പൂർണ്ണ ഇരുട്ടിലും ഒരിഞ്ച് പോലും മാറാതെ സ്വന്തം കൂട് കണ്ടെത്താനും പാറകളിൽ ഇടിക്കാതെ പറക്കാനും ഇവയ്ക്ക് സാധിക്കുന്നു. ഗുഹയ്ക്ക് പുറത്ത് പ്രകാശമുള്ളപ്പോൾ ഇവയുടെ എക്കോലൊക്കേഷൻ സിസ്റ്റം തനിയെ ഓഫാകുന്നു. അവിടെ ഇരപിടിക്കാൻ കാഴ്ചശക്തി തന്നെയാണ് ഉപയോഗിക്കുന്നത്.
പ്രധാനമായും കാണുന്നത് ഇന്തോ-മലയൻ മേഖലയിലാണ്- ഇൻഡൊനീഷ്യ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ്, കംബോഡിയ, മ്യാന്മാർ, സിംഗപ്പൂർ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിൽ. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചുണ്ണാമ്പ് പാറഗുഹകളിൽ കൂടൊരുക്കാറുണ്ട്. ബറാത്താങ് കൂടാതെ, നോർത്ത് ആൻഡമാനിലെ ദിഗ്ലിപ്പൂരിനടുത്തുള്ള പത്തിലെവൽ എന്ന കാട്ടിലെ സ്വാഭാവിക ചുണ്ണാമ്പ് കൽ ഗുഹകൾക്കുള്ളിലും പാറക്കൂട്ടങ്ങളൂടെ വിടവുകളിലും കൂട് വെക്കാറുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിലും (പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിലെ ഗുഹകളിൽ) ഇവയുടെ ചെറിയ കോളനികൾ കണ്ടെത്തിയിട്ടുണ്ട്. കടൽക്കരകളിലെ കാൽസ്യം കാർബണേറ്റ് നിറഞ്ഞ സ്വാഭാവിക ചുണ്ണാമ്പുകല്ല് ഗുഹകൾ പ്രധാന താവളങ്ങളാണ്. ഈ ഗുഹകളുടെ ഉള്ളിലെ ഈർപ്പവും ഇരുട്ടും താപനിലയും ഇവയ്ക്ക് ഇണചേരാനും കൂടുകെട്ടാനും കുട്ടികളെ വളർത്താനും വളരെ അനുകൂലമാണ്.
ആകാശത്ത് കൂടെ മിന്നൽ വേഗത്തിൽ പാറിപ്പറന്ന് പലതരം പ്രാണികളെ ഭക്ഷണമാക്കുന്ന മീവൽ പക്ഷികളിൽ പലയിനങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിലും ഇവയിലെ ചില വിഭാഗങ്ങൾ ഉണ്ട്. മണ്ണുകൊണ്ട് ഇത്തരത്തിൽ ഉമിനീർ കുഴച്ച് ചുമരുകളിൽ ഒട്ടിച്ച് കൂടുണ്ടാക്കുന്നവർ . കമ്പുകളും നാരുകളും ഉമിനീർകൊണ്ട് പശപോലെ ഒട്ടിച്ച് പിടിപ്പിച്ച് വീടിന്റെ ചുവരിലും ഗുഹകൾക്കകത്തും പാറക്കൂട്ടങ്ങൾക്കുള്ളിലും ഒക്കെ കൂടൊരുക്കുന്നവർ. എന്നാൽ ശരപക്ഷിയുടെ കൂട് ഉമിനീരല്ലാതെ മറ്റൊരു വസ്തുവും ചേരാതെ, അർദ്ധതാര്യമായ ഇളം വെളുപ്പ് നിറമുള്ള , സിമന്റു പോലെ ഉറപ്പുള്ള അർദ്ധ ചന്ദ്രാകൃതിയിലുള്ള ജെലാറ്റിൻ പോലെയുള്ളതാണ്.
ഈ പക്ഷിയെ ആദ്യമായി ആൻഡമാനിൽ കണ്ടെത്തി തരംതിരിച്ച ശാസ്ത്രജ്ഞനെ പരിചയമുണ്ടാകും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകനായ അലൻ ഓക്‌റ്റോവിയൻ ഹ്യൂം - A O ഹ്യൂം തന്നെ. അദ്ദേഹം അതിവിദഗ്ധനായ ഓർണത്തോളജിസ്റ്റും ആയിരുന്നല്ലോ. ഇവയുടെ കൂടിനെക്കുറിച്ച് വളരെ മുമ്പേ തന്നെ അവിടുത്തെ ആളുകൾക്ക് അറിയാം. ഉമിനീർകൂട് സൂപ്പ് വെച്ച് കഴിച്ചാൽ നിത്യയൗവനവും, രോഗപ്രതിരോധവും ചുളിവില്ലാത്ത ചർമ്മവും ലൈംഗീക ഉത്തേജനവും, ഊർജ്ജസ്വലതയും ഒക്കെ ഉണ്ടാകുമെന്നാണ് ചൈനീസ് പാരമ്പര്യ വൈദ്യവിശ്വാസം. AD 618-907 കാലത്ത് ചൈനയിൽ അധികാരത്തിലുണ്ടായിരുന്ന ടാംഗ് രാജ വംശത്തിലെ രാജാക്കന്മാരും കുടുംബാംഗങ്ങളും ഈ പക്ഷികൂടുകൊണ്ടുള്ള സൂപ്പ് (Bird's Nest Soup) കഴിച്ചിരുന്നു. ഇത്തരം സൂപ്പ് വലിയ ആഡംബര രാജകീയ ഭക്ഷണമായാണ് കണക്കാക്കിയിരുന്നത്. എത്രയോ നൂറ്റാണ്ടുകളായി അവിടങ്ങളിൽ ഇത് വളരെ വിലപിടിപ്പുള്ള ഭക്ഷ്യ വിഭവം ആയി തുടരുന്നുണ്ടായിരുന്നു. ഇപ്പോഴും ഇവയുടെ കൂട് കൊണ്ടുള്ള സൂപ്പിന് വലിയ ഡിമാന്റ് ആണ്. ഒരുകിലോ പക്ഷിക്കൂടിന് അവിടങ്ങളിൽ പത്ത് ലക്ഷത്തിനടുത്ത് രൂപ വിലയും ഉണ്ട്.
കൂടിന് വലിയ വിലയുള്ളതിനാൽ വലിയ വേട്ട നടക്കാറുണ്ടായിരുന്നു. കൂരിരുട്ട് നിറഞ്ഞ കുത്തനെയുള്ള ഗുഹാഭിത്തികളിൽ നിന്ന് കൂട് അടർത്തി എടുക്കും. മുട്ടകളേയും കുഞ്ഞുങ്ങളെയും നശിപ്പിച്ച് പക്ഷികളെ ഓടിച്ച് വിട്ടാണ് കൂടുകൾ കൈക്കലാക്കുക. വ്യാപകമായ ഈ കൂടുവേട്ടമൂലം പലയിടത്തും ഈ പക്ഷികൾ വംശനാശത്തിന്റെ വക്കിലെത്തി.
കൂട് മോഷണങ്ങൾ തടയാൻ മലേഷ്യ, ഇൻഡൊനീഷ്യ, തായ്ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾ ഇവയുടെ ഫാമിങ്ങ് നിയമവിധേയമാക്കി. 30 വർഷമായി രൂപപ്പെട്ട വൻ വ്യവസായമാണ് 'സ്വിഫ്റ്റ്ലെറ്റ് ഫാമിംഗ്'. ഉയരമുള്ള ഗുഹകൾ പോലുള്ള അടഞ്ഞ വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കും. അതിൽ കയറാൻ ചെറിയ വിടവുകൾ വെക്കും. അതിനുള്ളിൽ ഈ പക്ഷികൾക്ക് കൃത്രിമമായി ഗുഹാന്തരീക്ഷവും ഈർപ്പവും സൃഷ്ടിക്കും. പുറത്ത് വലിയ സ്പീക്കറുകളിൽ ഈ പക്ഷികളുടെ ശബ്ദം തുടർച്ചയായി പ്ലേ ചെയ്യും. ഇത് പക്ഷികളെ ആകർഷിച്ച് കെട്ടിടത്തിനുള്ളിൽ കൂട് കൂട്ടാൻ പ്രേരിപ്പിക്കും. കൂട് കെട്ടിക്കൊണ്ടിരിക്കെ മുട്ടയിടും മുമ്പേ അത് അടർത്തിയെടുക്കും. പക്ഷികൾ വീണ്ടും കൂടുകെട്ടും. വീണ്ടും അടർത്തും. മൂന്നാം തവണ മാത്രം മുട്ടയിട്ട് കുഞ്ഞുങ്ങൾ വളരും വരെ കാത്തിരിക്കും. അങ്ങനെ ഒരു സീസണിൽ തന്നെ മൂന്നു കൂട് അവർ ശേഖരിക്കും. പക്ഷികൾക്ക് തീറ്റ നൽകേണ്ടതുമില്ല. ഇൻഡൊനീഷ്യയാണ് ഇന്ന് ലോകത്തിലെ 80 ശതമാനം സ്വിഫ്റ്റ്‌ലെറ്റ് നെസ്റ്റുകളും സൂപ്പിനായി കയറ്റി അയക്കുന്നത്.
Content Highlights: The Edible-nest Swiftlet sleeps with only half its brain active while flying., It builds nests entirely from its own hardened saliva, which are valued at up to one million rupees per kilogram., Swiftlet nests are heavily prized in traditional Chinese medicine and cuisine for making Bird's Nest Soup., Due to high demand, commercial swiftlet farming has been legalized and scaled in countries like Indonesia and Malaysia.
Published: 12 Aug 2026, 12:32 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented