
മറ്റ് പലരുടേയും കാര്യങ്ങളിൽ ഇടപെടുന്നവരോട് നാം തമാശയ്ക്ക് പറയുന്ന ഒരു കാര്യമുണ്ട്, 'നീ എന്താ അമേരിക്ക ചമയുകയാണോ' അതോ, 'വലിയ ലോകപോലീസ് കളിക്കുകയാണോ' എന്ന്. അത്ര നിസ്സാരമല്ല ഈ തമാശ. അമേരിക്കൻ നയങ്ങൾക്കും തീരുമാനങ്ങൾക്ക് പലനാടുകളിലേയും മനുഷ്യരുടെ ജീവന്റെ വിലയുണ്ട്. ഇക്കാരണം ഒന്നുകൊണ്ടുതന്നെയാണ് നമ്മളേക്കാൾ ഒമ്പത് മണിക്കൂറും 30 മിനിറ്റും പിന്നിലോടുന്ന ആ രാജ്യത്തെ രാഷ്ട്രീയ തീരുമാനങ്ങൾക്കുവേണ്ടി നാം കാതോർക്കുന്നത്. അന്നാട്ടിലെ അങ്ങേയറ്റം സങ്കീർണമായ തിരഞ്ഞെടുപ്പ് കോലാഹലത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നത്.
ഇപ്പോഴിതാ, മാസങ്ങൾ നീണ്ടുനിന്ന വാഗ്വാദങ്ങൾക്കും ആക്രമണ പ്രത്യാക്രമണങ്ങൾക്കും ഇന്നേക്ക് അഞ്ചാംനാൾ വിധിയാണ്. അമേരിക്കൻ ഐക്യനാടുകളെ നയിക്കാൻ ട്രംപോ കമലയോ എന്നത് ദിവസങ്ങൾക്കുള്ളിൽ വ്യക്തമാകും. ഒരുപടി മുന്നിൽ ട്രംപ് ആണെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. എന്നാൽ, പതിയെ തുടങ്ങി കൊട്ടിക്കയറി ക്ലൈമാക്സിൽ മാറിമറിയുന്ന ഒരു ത്രില്ലർ സിനിമയോളം അപ്രതീക്ഷിതമായ ജനവിധികളുണ്ടായ ചരിത്രമുണ്ട് യു.എസ്സിന്.
റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും തമ്മിലുള്ള പോരാട്ടമാണ് അമേരിക്കൻ തിരഞ്ഞെടുപ്പുകൾ. പുരോഗമനവാദികളാണ് ഡെമോക്രാറ്റുകൾ. കുടിയേറ്റം, ലൈംഗികന്യൂനപക്ഷങ്ങളോടുള്ള നിലപാടുകൾ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ സ്വതവേ ഇടതുപക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ് അവർ. എന്നാൽ, മറുവശത്ത് ഇതല്ല സ്ഥിതി. അങ്ങേയറ്റം യാഥാസ്ഥിതികമായ ഒരുകൂട്ടമാണത്. സ്ത്രീ വോട്ടർമാരെ അങ്ങേയറ്റം സ്വാധീനിക്കുന്ന ഗർഭച്ഛിദ്ര അവകാശത്തിൽപോലും പരമ്പരാഗത നിലപാടുകൾക്കൊപ്പമാണ് റിപ്പബ്ലിക്കൻ പാർട്ടി. ഇന്ന് കുടിയേറ്റക്കാർ പടിക്കു പുറത്ത് നിൽക്കട്ടെയെന്ന നിലപാട് സ്വീകരിക്കുന്ന ഈ പാർട്ടിയുടെ ഒരുകാലത്തെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് അടിമത്തത്തിനെതിരായ പോരാട്ടമായിരുന്നു.

എബ്രഹാം ലിങ്കന്റെ പാർട്ടി
അടിമത്തത്തിന്റെ പൂർണമായ ഉന്മൂലനം ലക്ഷ്യമിട്ടാണ് ഗ്രാൻഡ് ഓൾഡ് പാർട്ടിയെന്ന് അറിയപ്പെടുന്ന അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി രൂപംകൊള്ളുന്നത്. 1854-ൽ അടിമത്തം ഇല്ലാതാക്കാനുള്ള ഉദ്ദേശത്തോടെ ആരംഭിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് തങ്ങളുടേത് എന്നാണ് റിപ്പബ്ലിക്കുകളുടെ അവകാശവാദം. ഇന്ന് ഈ തത്വങ്ങൾ തീവ്രഇടതുപക്ഷത്താൽ ആക്രമിക്കപ്പെടുമ്പോൾ പാർട്ടിയുടെ അജണ്ട യു.എസ്സിലെ ഓരോ പൗരന്മാരിലേക്കെത്തിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരായാണ് പാർട്ടി വെബ്സൈറ്റ് അവരുടെ നേതാക്കളേയും പ്രവർത്തകരേയും കുറിച്ച് പറയുന്നത്.
1792-ൽ തോമസ് ജെഫേഴ്സന്റെ അനുനായികളാണ് റിപ്പബ്ലിക്കൻ എന്ന പദം സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ തത്വചിന്തകൾ പാർട്ടിയുമായി ഒത്തുപോകുന്നത് ആയിരുന്നെങ്കിലും കാലക്രമേണ പാർട്ടിയിലെ ഒരു വിഭാഗം ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടിയായി മാറി. പിന്നീട് ഇതേ പാർട്ടി റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിരാളിയായി തന്നെ വളർന്നു. അടിമത്ത വിരുദ്ധരായ നേതാക്കൾ നേതൃനിരയിലേക്കെത്തുന്നതോടെയാണ് പാർട്ടി ശക്തിപ്പെടുന്നത്. 1856-ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ആദ്യമായി അവർക്ക് സ്ഥാനാർഥിയുണ്ടായി. വിജയംകുറിക്കാൻ സാധിക്കാതെ പോയെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ ജോൺ സി. ഫ്രെമോണ്ടിന് അന്ന് 11-ഓളം സ്റ്റേറ്റുകളിൽ നിർണായക ശക്തിയാകാൻ സാധിച്ചു.
എന്നാൽ, 1860-ൽ റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടി രംഗത്തിറിങ്ങിയ സ്ഥാനാർഥി ആ പാർട്ടിയുടെ യശ്ശസ്സുയർത്തുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ചെറുത്തുനിൽപ്പിനായി പോരാടിയിരുന്ന ഒരു ജനത അദ്ദേഹത്തെ നേതാവായി കണ്ടു. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ആ മനുഷ്യനെ വാനോളം പുകഴ്ത്തി. എബ്രഹാം ലിങ്കൺ. വടക്കൻസംസ്ഥാനങ്ങളാകെ തൂത്തുവാരി അന്ന് യു.എസ് പ്രസിഡന്റ് പദത്തിലേക്കെത്തിയ ലിങ്കൺ അന്നാട്ടിലെ അടിമത്ത സംസ്കാരത്തിന് തന്നെ അറുതിവരുത്തി. വെളുത്തവർഗക്കാരുടെ ആട്ടും തുപ്പുമേറ്റ് കഴിഞ്ഞിരുന്ന ഒരു ജനതയെ അദ്ദേഹം സ്വതന്ത്രരാക്കി. പിൽക്കാലത്ത്, പാർട്ടി ഓഫ് ലിങ്കൺ എന്ന് അറിയപ്പെടുന്നതിലേക്ക് വരെയെത്തി കാര്യങ്ങൾ.

അസമത്വത്തിനെതിരേ പോരാടി ലിങ്കൺ നേടിയ തിളക്കമാർന്ന വിജയത്തെക്കുറിച്ച് മാത്രമാണ് നമ്മളിൽ പലർക്കുമറിവുള്ളത്. എന്നാൽ, അത്ര എളുപ്പമല്ലായിരുന്നു കാര്യങ്ങൾ. അടിമത്തത്തെ അനുകൂലിക്കുന്ന തെക്കൻ സ്റ്റേറ്റുകളിലെ ജനങ്ങൾ ലിങ്കണെതിരെ നിലകൊണ്ടു. പതുക്കെ അവർ രാഷ്ട്രത്തിൽ നിന്ന് വേർപെട്ട് കോൺഫഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക രൂപീകരിച്ചു. അവർ ഫെഡറൽ സൈനിക താവളങ്ങൾ പിടിച്ചെടുത്തു. ലിങ്കൺ അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ കോൺഫെഡറേറ്റ് സേന സൗത്ത് കരോലിനയിലെ ഒരു യു.എസ്. കോട്ട ആക്രമിക്കുന്നതിലേക്കുപോലും വിഷയം രൂക്ഷമായി.
ആഭ്യന്തരകലഹം രൂക്ഷമാകുന്നത് ലിങ്കണെ രാഷ്ട്രീയമായി ദുർബലപ്പെടുത്തി. സേനയെ അണിനിരത്തി കലാപം അമർച്ച ചെയ്യാനും അതിനിടയിൽ ലിങ്കൺ ശ്രമിച്ചു. വരും തിരഞ്ഞെടുപ്പുകളിൽ വിഷയം കൈകാര്യം ചെയ്യുന്നതിന് ലിങ്കണെ സംബന്ധിച്ച് മറ്റ് വഴികളില്ലാതെവന്നു. ഇതേത്തുടർന്ന് അദ്ദേഹം ഡെമോക്രാറ്റ് അനുകൂലിയായ ആൻഡ്രൂ ജോൺസണെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് ലിങ്കൺ-ജോൺസൺ സഖ്യം പ്രതിപക്ഷത്തെ തകർത്ത് അധികാരത്തിലേറുന്നത്.
1860-ലെ എബ്രഹാം ലിങ്കന്റെ വിജയത്തിനു ശേഷം 19 റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ യു.എസ്സിനെ നയിച്ചു. തിയോഡോർ റൂസ്‌വെൽറ്റ്, ഡ്വൈറ്റ് ഡി. ഐസൻഹോവർ, റൊണാൾഡ് റീഗൻ, ജോർജ്ജ് ഡബ്ല്യു. ബുഷ് എന്നിവരാണ് ശ്രദ്ധേയരായ റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ. ഏറ്റവും കൂടുതൽ തവണ രാജ്യത്തെ നയിച്ചതും റിപ്പബ്ലിക്കൻ പ്രസിഡൻുമാർ തന്നെ. അതേസമയം, ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായി നിലനിന്നതിന്റെ ഖ്യാതി ഡെമോക്രാറ്റിക് പ്രസിഡന്റായ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനാണ്. 1933 മുതൽ 1945 വരെ 12 വർഷക്കാലം റൂസ്‌വെൽറ്റ് യു.എസ്സിന് നേതൃത്വം നൽകി.

ഉപാധികളില്ലാതെ വ്യാപാരം
അടിമത്തത്തിനെതിരെ നിലകൊണ്ടതിന്റെ പാരമ്പര്യം എന്നും അവകാശപ്പെടുന്നവരാണ് റിപ്പബ്ലിക്കുകൾ. എന്നാൽ, പിൽക്കാലത്ത് അവരുടെ അടിത്തറയും സ്വീകാര്യതയും അമേരിക്കൻ യാഥാസ്ഥികതയുമായി അടുത്ത് നിൽക്കുന്നതാണ്. സാമൂഹികമായും സാമ്പത്തികമായും ഈ യാഥാസ്ഥികതയോടൊപ്പമാണ് ഇന്ന് പാർട്ടി. ഉപാധികളില്ലാത്ത സ്വതന്ത്ര വ്യാപാരത്തേയും കുറഞ്ഞ നികുതിയേയും റിപ്പബ്ലിക്കൻസ് പിന്തുണയ്ക്കുന്നു. കൂടാതെ, അതിർത്തിസുരക്ഷ, വിദേശനയം, ഗർഭച്ഛിദ്രം, ദേശസുരക്ഷ, തോക്കുകൾ കൈവശം വയ്ക്കുന്നത് എന്നുതുടങ്ങി ഓരോ വിഷയങ്ങളിലും പാർട്ടിക്ക് കൃത്യമായ നിലപാടുകളുണ്ട്. കുടിയേറ്റത്തെ പാർട്ടി ശക്തിയുക്തം എതിർക്കുന്നു.
അടിസ്ഥാനപരമായി വിവേചനത്തെ എതിർക്കുമ്പോഴും ലൈംഗികന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റിപ്പബ്ലിക്കുകാർ കടുത്ത നിലപാട് സ്വീകരിക്കുന്നവരാണ്. ചരിത്രപരമായി തന്നെ സ്വവർഗ വിവാഹത്തിനെതിരെ രൂക്ഷമായി എതിർക്കുന്നവരാണ് അവർ. കുടിയേറ്റവുമായി ബന്ധപ്പെട്ടും പാർട്ടിക്ക് സമാനനിലപാടാണ്. യു.എസ് തങ്ങളുടേതാണെന്ന് പുറത്തുനിന്നുള്ളവർ ഇവിടേക്ക് വരേണ്ടതില്ലെന്നതുമാണ് നിലപാട്. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് സർക്കാർ ഏറെ പഴികേട്ടിരുന്നതും ഇതേ വിഷയത്തിനാണ്. ഇപ്പോൾ, കുടിയേറ്റം കുറയ്ക്കണമെങ്കിൽ ട്രംപ് അധികാരത്തിലേറണമെന്ന് നിലപാടിലാണ് റിപ്പബ്ലിക്കുകാർ.

മുതലാളിയോട് വിശാലമനസ്സ്
ആഗോള സമ്പദ്ഘടനയെ സംബന്ധിച്ച് ഏറെ നിർണായകമാണ് യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പും മുന്നോട്ടുള്ള നയങ്ങളും. സ്വതന്ത്ര വിപണിയാണ് റിപ്പബ്ലിക്കുകൾ എല്ലായ്‌പ്പോഴും മുന്നോട്ട് വയ്ക്കുന്ന ആശയം. സർക്കാർ അമിതമായി ചെലവഴിക്കുന്നതിനോ സർക്കാർ വൻകടങ്ങൾ എടുക്കുന്നതിനും പാർട്ടി എതിരാണ്. ഇത്തരം തുക തിരിച്ചുപിടിക്കുന്നതിനായി ഉയർന്ന നികുതി ചുമത്തുന്നതിനും റിപ്പബ്ലിക്കുകൾക്ക് കടുത്ത് എതിർപ്പാണ്. ചരക്കുകളുടേയും സേവനങ്ങളുടേയും നികുതി വളരെ കുറവായിരിക്കണം എന്ന് വാദിക്കുന്നവരാണ് ഇവർ. ഇറക്കുമതി-കയറ്റുമതി തീരുവകളുടെ കാര്യത്തിലും ഇതുതന്നെ നിലപാട്. സർക്കാർ ക്ഷേമ പദ്ധതികൾക്കപ്പുറം സ്വകാര്യ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാണെന്നും വിശ്വസിക്കുന്നു.
സ്വകാര്യമേഖലയെ സംബന്ധിച്ചിടത്തോളം അവർ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന നിലപാടാണ് റിപ്പബ്ലിക്കൻ സർക്കാരുകൾക്ക്. തൊഴിലാളികളുടെ വേതനം മുതൽ തൊഴിൽസാഹചര്യങ്ങളുൾപ്പെടെയുള്ളവ ഇതിൽപ്പെടുന്നു. ലേബർ യൂണിയനുകളേയും സംഘടനകളേയും അവർ നഖശിഖാന്തം എതിർക്കുന്നു. രാഷട്രീയതലത്തിലേക്ക് ഇവർ ഉയർന്നുവരുന്നതും റിപ്പബ്ലിക്കുകൾക്ക് താത്പര്യമുള്ള കാര്യമല്ല. മിനിമം വേതനം വർധിപ്പിക്കുന്നതിനോടും ഇവർക്ക് അനുകൂല നിലപാടില്ല. ആത്യന്തികമായി മുതലാളിയോടൊപ്പം നിൽക്കുന്ന സംസ്കാരത്തോട് അങ്ങേയറ്റം വിധേയത്വം കാണിച്ച് തൊഴിലാളിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിൽ റിപ്പബ്ലിക്കുകൾ കുപ്രസിദ്ധരാണ്.
വ്യക്തികൾക്കും ബിസിനസുകൾക്കും നികുതി നിരക്ക് കുറയ്ക്കുമെന്ന് ഇതിനോടകം ട്രംപ് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. നിയന്ത്രണങ്ങളും നികുതിയും കുറയും. ഊർജവിലയും പലിശയും കുറയും. ഇന്ധന, വൈദ്യുതി നിരക്കുകൾ താഴ്ത്തുമെന്നും വിലക്കയറ്റം നിയന്ത്രിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. സാധാരണക്കാരനും വീടും കാറും സ്വന്തമാക്കാനാകുമെന്നാണ് വാഗ്ദാനം.
ലോകമാകെ ചർച്ച ചെയ്യുന്ന പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളോട് തണുപ്പൻ പ്രതികരണമാണ് ട്രംപിന്. അദ്ദേഹം അധികാരത്തിലിരിക്കെ ഈ വിഷയത്തിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പവർ പ്ലാന്റുകളും വാഹനങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും ട്രംപിന് പ്രത്യേകിച്ച് ചിന്തകളൊന്നുമുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ മുൻസർക്കാർ നിരവധി പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ അട്ടിമറിച്ചതായി ആരോപണമുണ്ട്. ആർട്ടിക്ക് ഡ്രില്ലിങ്ങിന് അനുകൂലമായ നിലപാടെടുക്കുന്ന ട്രംപിന് ഇലക്ട്രിക് വാഹനങ്ങളോടും കടുത്ത എതിർപ്പാണ്.

യു.എസ്സുമായി ബന്ധപ്പെട്ട വലിയ വിഷയമാണ് തോക്കുകൾ കൈവശം വയ്ക്കുന്നത്. ആയുധം വഹിക്കുന്നതിൽ യാതൊരു തെറ്റും കാണാത്ത വ്യക്തിയാണ് ട്രംപ്. മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങളാൽ നിറഞ്ഞിരിക്കുന്ന നഗരങ്ങളെ പുനർനിർമിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. ഇവർ മാത്രമല്ല, ഇടതുപക്ഷമെന്ന് കേൾക്കുന്നതേ ട്രംപിനെ സംബന്ധിച്ച കലിയാണ്. നാടിനുള്ളിലെ ശത്രുക്കളായാണ് അദ്ദേഹം തീവ്ര ഇടതുപക്ഷക്കാരെ കാണുന്നത്. ഇക്കൂട്ടരിൽ നിന്ന് തിരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും നീക്കമുണ്ടായാൽ സൈന്യത്തെ ഇറക്കി ചെറുക്കുമെന്ന നിലപാടുകാരനാണ് ട്രംപ്.
ലംഘിക്കപ്പെടുന്ന മൗലികാവകാശം
തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ റിപ്പബ്ലിക്കുകളെ ആശങ്കയിലാഴുത്തുന്ന പ്രധാന പ്രശ്നമാണ് ഗർഭച്ഛിദ്ര വിഷയത്തിലെ ജനവികാരം. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങളും ഗർഭച്ഛിദ്രത്തെ അവകാശമായി കാണുമ്പോൾ പാർട്ടി ഈ നയത്തിനെതിരാണ്. സ്ത്രീകളുടെ തീരുമാനമാണ് ഇക്കാര്യത്തിൽ നിർണായകമാകുക. അവരുടെ വോട്ടുകൾ ഏത് രീതിയിൽ മാറുമെന്നത് പ്രവചനാതീതമാണ്. 45 വയസ്സിൽ താഴെയുള്ള സ്ത്രീകളിൽ ഭൂരിഭാഗം പേരെയും സംബന്ധിച്ച് തിരഞ്ഞെടുപ്പിലെ പ്രധാനവിഷയങ്ങളിലൊന്ന് ഗർഭച്ഛിദ്ര അവകാശമാണെന്നാണ് റിപ്പോർട്ടുകൾ.
സ്ത്രീകൾക്ക് സുരക്ഷിതമായി ഗർഭച്ഛിദ്രം നടത്തുന്നതിന് ഭരണഘടനാപരമായി അവകാശമുണ്ടായിരുന്നത് 2022-ൽ സുപ്രീം കോടതി അസാധുവാക്കിയതോടെയാണ് കാര്യങ്ങൾ മാറിമറയുന്നത്. ഇതോടെ, ഗർഭച്ഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം കൈവന്നു. സ്ത്രീകളുടെ മൗലികാവകാശത്തെ ലംഘിക്കുന്നവിഷയത്തിൽ രാജ്യത്തെങ്ങും വൻ പ്രതിഷേധം അരങ്ങേറി. യു.എസിനെ സംബന്ധിച്ച് മോശം ദിവസങ്ങളിൽ ഒന്നാണ് ഇത് എന്നായിരുന്നു ബൈഡന്റെ അന്നത്തെ പ്രതികരണം. തൊട്ടാൽ പൊള്ളുന്ന വിഷയത്തിൽ റിപ്പബ്ലിക്കുകൾക്ക് അനുകൂല നിലപാടായിരുന്നു എന്നത് അവർ സ്ത്രീകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും എതിരാണ് എന്ന പൊതുബോധത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു.
അതേസമയം, ഗർഭച്ഛിദ്രാവകാശങ്ങൾക്കുവേണ്ടി വർഷങ്ങളായി പോരാടുന്ന വ്യക്തിയാണ് കമല ഹാരിസ്. ഈ അവകാശത്തിനായുള്ള സ്വയംസംരക്ഷകരമായി നിലയുറപ്പിക്കുകയാണ് ഡെമോക്രാറ്റുകൾ. കമല ഹാരിസിന് വേണ്ടി പ്രചാരണത്തിനെത്തിയ മുൻ പ്രഥമ വനിത മിഷേൽ ഒബാമയും കഴിഞ്ഞ ദിവസം ഇതേ വിഷയം ഉയർത്തിക്കാട്ടി ട്രംപിനെതിരെ ആഞ്ഞടിച്ചിരുന്നു. ഭാവി ട്രംപിന് കൈമാറരുതെന്നും അങ്ങനെ സംഭവിച്ചാൽ അദ്ദേഹം രാജ്യത്തുടനീളം ഗർഭച്ഛിദ്രം നിരോധിക്കുമെന്നും സ്ത്രീവോട്ടർമാരോട് മിഷേൽ പറഞ്ഞു. സ്ത്രീവോട്ടർമാരെയാണ് ഇക്കാര്യത്തിൽ ഇവർ അഭിസംബോധന ചെയ്തത് എന്നതും ശ്രദ്ധേയം.

ഇസ്രയേലിനോട് ഒരേ നിലപാട്
ആദർശങ്ങളിലും വാഗദാനങ്ങളിലും തമ്മിൽ പോരാടി മുന്നോട്ടുപോകുന്ന ഡൊണൾഡ് ട്രംപിനും കമല ഹാരിസിനും പക്ഷേ ഒരുവിഷയത്തിൽ ഒരേ നിലപാടാണ്. പശ്ചിമേഷ്യയിൽ പുകയുന്ന രാഷ്ട്രീയ അസ്ഥിരതയിൽ ഇരുവരും നിരുപാധികം ഇസ്രയേലിനൊപ്പമാണ്. റിപ്പബ്ലിക്കൻ നയങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് ട്രംപിന്റെ നയമെങ്കിൽ പ്രഖ്യാപിത ഇടതുപക്ഷ മൂല്യങ്ങൾക്കെതിരാണ് കമല ഹാരിസ് സ്വീകരിക്കുന്ന നിലപാട്. ഇതല്ലാതെ അവർക്ക് മറ്റ് വഴികളില്ല എന്നതും സത്യമാണ്. കമല പ്രസിഡന്റ് ആയാൽ അമേരിക്കയുടെ സഖ്യരാജ്യമായ ഇസ്രയേൽ ഇല്ലാതാകുമെന്ന് അടുത്തിടെ നടന്ന സംവാദത്തിനിടെ ട്രംപ് ആരോപിച്ചിരുന്നു. അവർ ഇസ്രയേലിനെ വെറുക്കുന്നുവെന്നും ട്രംപ് പറഞ്ഞുവെച്ചു. എന്നാൽ, ഇത് തീർത്തും തെറ്റാണെന്നും എക്കാലവും താൻ ഇസ്രയേലിനൊപ്പം തന്നെയായിരുന്നു എന്നു കമലയും മറുപടി നൽകി. അമേരിക്കയെയും അതുവഴി ലോകത്തേയും ആരു നയിക്കുമെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.
Content Highlights: us presidential election 2024, republican party history policies
Published: 30 Oct 2024, 11:00 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented