
അമേരിക്കയുടെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു കൊണ്ട് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ വൈസ് പ്രസിഡന്റായ കമലാ ഹാരിസിനെ വ്യക്തമായ മാര്‍ജിനില്‍ കീഴടക്കിയെത്തുന്ന ഈ 78-കാരന്‍ തുറന്നടിച്ച പരാമര്‍ശങ്ങളുടെയും നിലപാടുകളുടെയും കാര്യത്തില്‍ എതിരില്ലാത്തയാളാണ്. അദ്ദേഹം തിരിച്ചുവരുന്നത് ഇന്ത്യയെ എങ്ങനെയാണെന്നു നമുക്ക് പരിശോധിക്കാം.
വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുംമുമ്പു തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ അനുമോദിച്ചു. എക്സില്‍ പ്രസിദ്ധപ്പെടുത്തിയ പോസ്റ്റില്‍ അദ്ദേഹം 'പ്രിയസുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ചരിത്രവിജയത്തില്‍ ഹൃദയംഗമമായ അഭിനന്ദനം' അര്‍പ്പിക്കുകയും ആദ്യ പ്രസിഡന്‍സിക്കാലത്തെ സംയോജിത പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാനും തങ്ങളുടെ ജനതകളുടെ ജീവിതവും ലോകസമാധാനവും സമൃദ്ധിയും സ്ഥിരതയും മെച്ചപ്പെടുത്താനും ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കി. ഈ വാക്കുകളില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ വ്യക്തമാണ്-കൂടുതല്‍ ആഴത്തിലുള്ള സഹകരണം-ഉഭയകക്ഷി തലത്തില്‍ മാത്രമല്ല, ആഗോളതലത്തിലും. രണ്ടു യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകത്ത് മോദിയുടെ ഈ വാക്കുകള്‍ ഉണ്ടാക്കുന്ന ഓളം വലുതായിരിക്കും. യുദ്ധത്തിലേര്‍പ്പെട്ടിട്ടുള്ള നാലു രാജ്യങ്ങളും ഇന്ത്യയെ സുഹൃത്തായി കണക്കാക്കുന്നതിനാല്‍ പ്രത്യേകിച്ചും.

എന്തായാലും ഇന്ത്യയ്ക്ക് ട്രംപിന്റെ പ്രസിഡന്‍സി വളരെ ഗുണകരമാവാനാണ് കൂടുതല്‍ സാധ്യതയെന്ന് വിലയിരുത്തുന്നു വിദേശകാര്യ വിദഗ്ധര്‍. കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ വിദേശമന്ത്രിയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ, വിദേശമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞതു പോലെ അമേരിക്കയുടെ പ്രസിഡന്റ് ആരായിരുന്നാലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ക്രമാനുഗതമായി വികസിക്കും. കഴിഞ്ഞ അഞ്ച് അമേരിക്കന്‍ പ്രസിഡന്റുമാരുടെ കാലത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളരുകയായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിനുള്ള പ്രധാന കാരണം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ പ്രശംസനീയമായ വളര്‍ച്ച തന്നെ. ലോകത്ത് ഏറ്റവും വേഗത്തില്‍ സാമ്പത്തികമായി വളരുന്ന വലിയ രാജ്യം ഇന്ത്യയാണല്ലോ.
ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളും വ്യാപാരവും

ഇത്തവണ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ട്രംപിനെ സഹായിച്ച ഏറ്റവും വലിയ വിഷയങ്ങളിലൊന്ന് നിയമവിരുദ്ധമായ കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടായിരുന്നു. ദിവസേന അതിര്‍ത്തി കടന്നു വരുന്ന ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡെമോക്രാറ്റുകള്‍ എല്ലാ സൗകര്യവും ചെയ്തു കൊടുത്ത് വോട്ടുബാങ്കു ബലപ്പെടുത്തുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരോപിക്കുന്നു. അതിര്‍ത്തി കെട്ടിയടയ്ക്കുമെന്നും കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും എന്നും ട്രംപ് വാഗാദാനം ചെയ്തിട്ടുണ്ട്. നിയമങ്ങള്‍ കടുപ്പിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാവും. നിയമവിരുദ്ധമായ കുടിയേറ്റത്തിനാണ് ട്രംപ് തടയിടുക എങ്കിലും നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. നിലവില്‍ എച്ച് വണ്‍ ബി തൊഴില്‍ വിസയുടെ 72 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് കിട്ടാറ്. എന്തായാലും വരാനിരിക്കുന്ന ബുദ്ധിമുട്ട് മുന്നില്‍ കണ്ട് ഇന്ത്യന്‍ കമ്പനികള്‍ എച്ച് വണ്‍ ബി വിസകളെ ആശ്രയിക്കുന്നത് കുറച്ചിട്ടുണ്ട്.
ട്രംപിന്റെ പ്രസിഡന്‍സിക്കാലത്ത് വ്യാപാരരംഗത്ത് ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ത്യയുടെ ആഭ്യന്തര വിപണിയെ രക്ഷിക്കാന്‍ കടുത്ത ചുങ്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് അമേരിക്കന്‍ വ്യാപാരികള്‍ക്ക് തടസം സൃഷ്ടിക്കുന്നതായും ട്രംപ് കരുതുന്നു. കഴിഞ്ഞ പ്രസിഡന്‍സിക്കാലത്തും സമാനമായ പ്രശ്നമുണ്ടായിരുന്നുവെങ്കിലും അത് ഉഭയകക്ഷി ബന്ധങ്ങളെ ബാധിച്ചിരുന്നില്ല. ഇരു രാജ്യങ്ങളും വ്യാപാര ചര്‍ച്ചകളില്‍ മുന്‍തൂക്കം കൊടുക്കുന്നത് അതത് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാണ്. 'അമേരിക്കാ ഫസ്റ്റ്' എന്നതാണ് ട്രംപിന്റെ നയം, 'ഇന്ത്യാ ഫസ്റ്റ്' എന്നതു മോദിയുടെയും. സ്വന്തം രാജ്യത്തെ ഉല്‍പ്പാദനവ്യവസായത്തെ താങ്ങി നിര്‍ത്താന്‍ ഇരുവരും പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും അമേരിക്കയ്ക്ക് ആഹ്ലാദം പകരുന്ന കാര്യമല്ല.
അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്കാണ് ഇപ്പോള്‍ മേല്‍ക്കൈ. 2023-ല്‍ ഇന്ത്യയുടെ വ്യാപാരമിച്ചം 32 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഏതാണ്ട് രണ്ടു ലക്ഷത്തി എഴുപതിനായിരം കോടി രൂപ. ഇത് ട്രംപ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും എന്നതില്‍ സംശയം വേണ്ട. ആദ്യപ്രസിഡന്‍സിക്കാലത്ത് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഉരുക്കിനും അലുമിനിയത്തിനുമൊക്കെ താരിഫ് വര്‍ധിപ്പിക്കുകയും വ്യാപാരത്തില്‍ മുന്‍ഗണന നല്‍കുന്ന പൊതുസംവിധാനത്തില്‍ (ജി.എസ്.പി) നിന്നും രാജ്യത്തെ നീക്കുകയും ചെയ്തിരുന്നു. ഏതാണ്ട് 2,000 ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നികുതിയില്ലാതെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കുന്ന സംവിധാനമായിരുന്നു ഇത്.
ഈ അധികനികുതി പ്രശ്നങ്ങളെ കവച്ചുവെക്കുന്ന മെച്ചങ്ങള്‍ ഇന്ത്യയ്ക്കുണ്ടാവുമെന്നു പറയുന്നു ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ നോമുറ. അതിനു പ്രധാന കാരണം ചൈനയുടെ സാമ്പത്തികരംഗം നേരിടുന്ന തളര്‍ച്ചയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ ചുങ്കം കൂട്ടുമ്പോള്‍ അവര്‍ പ്രശ്നത്തിലാവും. അവിടെനിന്നും ആഗോള സപ്ലൈ ചെയിനുകള്‍ സ്ഥലം വിടുന്നതിന് വേഗം കൂടുമ്പോള്‍ (ഇപ്പോള്‍ തന്നെ സാമ്പത്തികമാന്ദ്യം കാരണം ചൈന പ്രശ്നത്തിലാണ്) അവയില്‍ നല്ലൊരു ഭാഗം ഇന്ത്യയിലെത്തും. ശക്തമായ ആഭ്യന്തര വിപണിയും ഡിമാന്‍ഡുമുള്ള ഭാരതത്തിന് ഉത്പ്പന്ന വിലകള്‍ കുറയുന്നതും പെട്രോളിയം ഉപഭോഗം വര്‍ധിക്കുന്നതും കരുത്താവും.

ട്രംപിന്റെ വിദേശനയവും ഇന്ത്യയും
വിദേശരാജ്യങ്ങളിലെ ഇടപെടലുകള്‍ കഴിവതും കുറയ്ക്കണമെന്നും നേറ്റോയെ നിലനിര്‍ത്താന്‍ അമേരിക്ക മാത്രമല്ല, യൂറോപ്പും പണം മുടക്കണമെന്നും പറയുന്ന ആളാണ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി സൗഹൃദമുള്ള അദ്ദേഹം അധികാരത്തിലേറിയാല്‍ യുക്രൈന്‍ യുദ്ധം അധികം നീളില്ലെന്ന് കരുതാം. കാരണം, യുക്രൈനെ പിടിച്ചുനിര്‍ത്തുന്ന പണവും ആയുധങ്ങളും ഭൂരിഭാഗവും വരുന്നത് അമേരിക്കയില്‍ നിന്നാണ്. അത് നിലച്ചാല്‍ പിന്നെ ഒര ുമാസമെങ്കിലും അവര്‍ക്കു പിടിച്ചുനില്‍ക്കാനാവുമോ എന്ന് കണ്ടറിയണം. ഗാസയിലും ലെബനനിലും ഇസ്രയേല്‍ നടത്തുന്ന യുദ്ധങ്ങളും അവസാനത്തോടടുക്കുകയാണ്. ഇസ്രയേലില്‍ മിസൈലാക്രമണം നടത്തിയപ്പോള്‍ ഇറാന്റെ അണുവായുധകേന്ദ്രങ്ങളില്‍ ബോംബിടുമെന്ന നിലപാടെടുത്തയാളാണ് ട്രംപ്. അതിനാല്‍ ഇറാന്റെ ഉല്‍ക്കണ്ഠകള്‍ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് ട്രംപിന്റെ ജയം. അത് സംഘര്‍ഷം മൂര്‍ച്ഛിക്കാനാണോ അതോ ലഘൂകരിക്കാനാണോ സഹായിക്കുക എന്നത് കാത്തിരുന്നു കാണണം.
ബൈഡന്‍ ഭരണകൂടം ഇന്ത്യയോട് ഇരട്ടമുഖമുള്ള നയമാണ് സ്വീകരിച്ചിട്ടുള്ളത്. സൈനിക, പ്രതിരോധ രംഗങ്ങളിലെ സഹകരണം ശക്തിയായി തുടരുമ്പോള്‍ തന്നെ ചില പൊട്ടലും ചീറ്റലും കുറ്റപ്പെടുത്തലും. യുക്രെയിന്‍-റഷ്യ യുദ്ധത്തില്‍ ഭാരതം അമേരിക്കന്‍ പക്ഷത്ത് നിലയുറപ്പിക്കാത്തതും പുടിനുമായി സൗഹൃദം നിലനിര്‍ത്തുന്നതും അങ്കിള്‍ സാമിന് ദഹിക്കുന്നില്ല. ആ നീരസം ഈയിടെ കൂടുതലായി പ്രകടമാവുന്നുണ്ട്. ഖലിസ്താന്‍ ഭീകരവാദി ഗുര്‍പട്വന്ത് സിങ് പന്നൂനെതിരായ വധശ്രമക്കേസിലും കനഡ ഇന്ത്യയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിലും അമേരിക്ക സ്വീകരിച്ച നിലപാടുകള്‍ തെളിവാണ്. പക്ഷേ, ജസ്റ്റിന്‍ ട്രൂഡോ നയിക്കുന്ന കനഡയെ ചുമക്കുന്നതു കൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് ഗുണമില്ല, നഷ്ടസാധ്യത കൂടുതലുമാണെന്ന് അദ്ദേഹത്തിന് നന്നായറിയാം. അതിനാല്‍ നിലപാട് മയപ്പെട്ടേയ്ക്കും. മാത്രമല്ല, ഇന്ത്യയെ ശത്രുപക്ഷത്താക്കുന്നതും ബുദ്ധിയല്ല. ആയുധം വാങ്ങുന്ന കാര്യത്തില്‍ ലോകത്തേക്കും പണം മുടക്കുന്ന രാജ്യമായ ഇന്ത്യ കഴിഞ്ഞ മാസം അമേരിക്കയില്‍ നിന്നും പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മില്‍ സമീപകാലത്തുണ്ടാക്കിയ വമ്പന്‍ ആയുധ വിപണനക്കരാറുകളില്‍ ഒന്നു മാത്രമാണ്.
വിദേശ നയത്തില്‍ പൊതുവേ ഇന്ത്യയ്ക്ക് ട്രംപ് വരുന്നത് ഗുണകരമാണ്. മനുഷ്യാവകാശം, ജനാധിപത്യമൂല്യം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ഇന്ത്യയെ ഇടയ്ക്കിടെ അരിശം കൊള്ളിക്കുന്ന അമേരിക്കന്‍ വിനോദത്തിന് തെല്ലു ശമനമുണ്ടാവും. ഭീകരവാദ വിരുദ്ധതയില്‍ ഇന്ത്യയോടു ചേര്‍ന്നുപോവുന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ദക്ഷിണേഷ്യയില്‍ ചൈനയെ നിയന്ത്രിച്ചുനിര്‍ത്താനുള്ള ശക്തിയായി അമേരിക്ക ഇന്ത്യയെ കാണുന്നു. അതുപോലെ തന്നെയാണ് പാകിസ്താന്‍ കാര്യത്തിലെ നിലപാടും. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ താന്‍ അനുവദിക്കില്ലെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന്റെ പേരില്‍ മുമ്പ് അദ്ദേഹം പാകിസ്താനുള്ള സഹായവും വെട്ടിക്കുറച്ചിരുന്നു.
ബംഗ്ലാദേശിലെ ഷേക്ക് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ അമേരിക്കന്‍ ചാരസംഘടന സി.ഐ.എയുടെ വിരല്‍പ്പാടുകള്‍ വളരെ വ്യക്തമായിരുന്നു. ഡീപ് സ്റ്റേറ്റിന്റെ പാവയാണ് നിലവില്‍ ഭരിക്കുന്ന മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. സി.ഐ.എയുടെ ലക്ഷ്യങ്ങളില്‍ മണിപ്പുരും മ്യാന്‍മാറിന്റെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമുണ്ടാക്കുന്നതും പെടുന്നതായി ഹസീന ആരോപിച്ചിരുന്നു. ഈയിടെ ഇന്ത്യയും ചൈനയും ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ മുതിര്‍ന്നതിനു പ്രധാന കാരണം ഈ ഭീഷണിയാണെന്നും കരുതുന്നവരുണ്ട്. എന്തായാലും ബംഗ്ലാദേശിന്റെ കാര്യത്തില്‍ ട്രംപ് എന്തു നിലപാടാണ് എടുക്കുക എന്ന് ദക്ഷിണേഷ്യ ഉറ്റുനോക്കുകയാണ്. ദീപാവലി സന്ദേശത്തില്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരെയുണ്ടായ അക്രമങ്ങളെ കിരാതമെന്നു വിശേഷിപ്പിച്ച ട്രംപ് ലോകമെമ്പാടും ഹിന്ദുക്കള്‍ക്കെതിരായ നടക്കുന്ന അക്രമങ്ങളെ ബൈഡന്‍ സര്‍ക്കാര്‍ അവഗണിച്ചതായി ആരോപിച്ചിരുന്നു. ഒരുപക്ഷേ, ഇത് വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചിക ആയിക്കൂടെന്നില്ല.

മോദി-ട്രംപ് സൗഹൃദം
ട്രംപ് അധികാരത്തില്‍ വന്ന കാലം മുതല്‍ മോദിയുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ നേരിടുന്ന അക്രമത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് ഒരു പരിധി വരെ ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തെയാണ് കാണിക്കുന്നത്. 2019-ല്‍ ടെക്സസില്‍ നടന്ന 'ഹൌഡി മോഡി' പരിപാടിയില്‍ 50,000 ആള്‍ക്കാര്‍ക്ക് മുന്നിലാണ് ട്രംപും മോദിയും ഒരുമിച്ചു പങ്കെടുത്തത്. ഒരു വിദേശ നേതാവിന് അമേരിക്കയില്‍ കിട്ടുന്ന ഏറ്റവും വലിയ സ്വീകരണങ്ങളില്‍ ഒന്നായിരുന്നു. പിറ്റേ വര്‍ഷം മോദി ട്രംപിന് ഗുജറാത്തില്‍ വലിയ സ്വീകരണം ഒരുക്കി. അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം പേരാണ് ട്രംപിനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നത്. പരസ്പരമുള്ള ആദരവും ആരാധനയും ഇരുവരും മറച്ചുവെച്ചിട്ടുമില്ല. ഇവര്‍ തമ്മിലുള്ള വ്യക്തിബന്ധത്തിലെ ഊഷ്മളത ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാവുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നത്.
പിന്‍തൊഴി: ട്രംപിന്റെ ജയത്തെ ഏറ്റവും സഹായിച്ചത് രണ്ടു കാര്യങ്ങളാണ് 1. ബൈഡന്റെ പിടിപ്പുകേടും ശാരീരികവും മാനസികവുമായ അനാരോഗ്യവും 2. ട്രംപിനെ കൊള്ളരുതാത്തവനും അധമനുമായി ചിത്രീകരിക്കുന്നതില്‍ ലിബറല്‍ മാധ്യമങ്ങള്‍ കാട്ടിയ അമിത ശുഷ്‌കാന്തി. തന്റെ നേര്‍ക്ക് വധശ്രമം ഉണ്ടായപ്പോള്‍ പോലും ട്രംപിനെയാണ് അവര്‍ കുറ്റപ്പെടുത്തിയത്! എന്തു വന്നാലും ട്രംപ് ജയിക്കില്ലെന്നും അവര്‍ വിശ്വസിച്ചു. 2016-ല്‍ ഇതേ മാധ്യമങ്ങള്‍ക്ക് ഇതേ അബദ്ധം പറ്റി. പക്ഷേ...
Content Highlights: Donald Trump`s return to the White House has sparked discussions about its impact on India
Published: 06 Nov 2024, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented