കോട്ടയം: നാടിനോട് പ്രതിബദ്ധത ഉണ്ടായാല്‍ മാത്രമേ വികസനം ഉണ്ടാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുതുപ്പള്ളിയില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസനത്തിലൂന്നിയായിരുന്നു മുഖ്യമന്ത്രി പ്രസംഗം മുഴുവന്‍. യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും മണ്ഡലത്തിലെ വികസനമില്ലായ്മ ചൂണ്ടിക്കാണിക്കുകയും ചെയ്തെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ പേര് ഒരിക്കല്‍ പോലും മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ 'ഉമ്മന്‍ചാണ്ടി' എന്ന വാക്ക് പരമാവധി ഒഴിവാക്കണമെന്ന് നേരത്തെ എല്‍ഡിഎഫ് നിര്‍ദേശമുണ്ടായിരുന്നു.
മാസപ്പടി വിവാദത്തിലടക്കം തനിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും ഒരു തരത്തിലുള്ള പരാമര്‍ശവും മുഖ്യന്ത്രിയില്‍ നിന്നുണ്ടായില്ല. വിമര്‍ശനങ്ങള്‍ അതിന്റെ വഴിക്ക് നീങ്ങും. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. നാടിന് വിവാദ വ്യവസായമല്ല ആവശ്യം, നാടിനെ മുന്നോട്ട് നയിക്കാനുള്ള വികസനമാണ് ആവശ്യം. എന്നാല്‍ ഇവിടെ വിമര്‍ശനത്തിന്റെ പേരില്‍ നശീകരണ ബുദ്ധിയാണെന്നും പ്രസംഗത്തിനിടെ അദ്ദേഹം പറയുകയുമുണ്ടായി.
പ്രസംഗത്തിനിടെ പലതവണ മൈക്ക് തകരാറിലായെങ്കിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നതും ശ്രദ്ധേയമായി.
'2016-ലും 2021ലും എല്‍ഡിഎഫ് സര്‍ക്കാരല്ല അധികാരത്തില്‍ വന്നത് അല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി. നാടിനോട് പ്രതിബദ്ധത ഉണ്ടായാല്‍ മാത്രമേ വികസനം ഉണ്ടാകുകയുള്ളൂ. ഏതെങ്കിലുമൊരു പ്രദേശത്തല്ല വികസനത്തിന്റെ സ്വാദറിയുന്നത്. കേരളമാകെയാണ് വികസനത്തിന്റെ സ്വാദറിയുന്നത്. മറ്റു മണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വികസനം വേണ്ടരീതിയില്‍ എത്തിയില്ലെന്ന് പരക്കെ ആക്ഷേപമുള്ള പുതുപ്പള്ളി മണ്ഡലം എടുത്താലും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നന്നായ സ്കൂളുകളെ കാണാന്‍ സാധിക്കും. കിഫ്ബി മുഖേനയാണ് അത്തരം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്' മുഖ്യമന്ത്രി പറഞ്ഞു.
ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ ഇടത് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി.
സംഘപരിവാറിനെയും കേന്ദ്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളം വലിയ തോതില്‍ അവഗണിക്കപ്പെടുകയാണ്. ലഭിക്കേണ്ട നികുതി വിഹിതം വെട്ടികുറയ്ക്കുകയാണ്. നേരത്തെ ലഭിച്ചിരുന്ന 3.8 ശതമാനമായിരുന്നെങ്കില്‍ 1.9 ശതമാനത്തിലേക്കെത്തിയിരിക്കുന്നത്. പകുതിയോളം കുറഞ്ഞത് എങ്ങനെ നികത്താന്‍ കഴിയും. പണം ചെലവഴിച്ചാലെ വികസനം നടക്കൂ. അത് സംസ്ഥാനവും കേന്ദ്രവും ചെലവഴിക്കണം. കേന്ദ്രം അതില്‍ വെട്ടിചുരുക്കലുകള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'സംസ്ഥാനം നേരിടുന്ന നീതികേട് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ കേരളത്തിലെ എംപിമാര്‍ ആദ്യം യോജിച്ചു. എന്നാല്‍ യുഡിഎഫ് എംപിമാര്‍ ആ നിവേദനത്തില്‍ ഒപ്പുവെക്കാന്‍ പോലും തയ്യാറായില്ല. എന്തുകൊണ്ടാണ് അവര്‍ പിറകോട്ട് പോയത്. കേന്ദ്രസര്‍ക്കാരിനെതിരെ നേരിയ ഒരു വിമര്‍ശനമെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ. വിമര്‍ശിക്കേണ്ട വിഷയങ്ങളില്‍ പോലും അവര്‍ക്ക് ശബ്ദിക്കാനാകുന്നില്ല. അവിടെയാണ് ഒത്തുക്കളിയുടെ ഭാഗം വരുന്നത്. കിടങ്ങൂരൊക്കെ അതിന്റെ ഭാഗമാണ്' - മുഖ്യമന്ത്രിപറഞ്ഞു.
Content Highlights: cm pinarayi vijayan-puthuppally campaign
Published: 24 Aug 2023, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented