
നിലമ്പൂരിലെ പരീക്ഷണത്തില്‍ തങ്ങളുടെ അടിസ്ഥാനവോട്ടുകള്‍ നിലനിര്‍ത്തി ബിജെപി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും ഒടുവിലെ ഔദ്യോഗികകണക്കുകള്‍ പ്രകാരം 8648 വോട്ടുകളാണ് എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് നേടിയത്. കഴിഞ്ഞതവണ ബിജെപി നേടിയതിനേക്കാള്‍ 148 വോട്ടുകള്‍ കൂടുതലാണിത്.
മണ്ഡലത്തില്‍ 12,284 വോട്ടുകളാണ് ഒരു എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ച പരമാവധി വോട്ട്. പി.വി. അന്‍വര്‍ ആദ്യമായി വിജയിച്ച 2016-ലാണ് ഒരു എന്‍ഡിഎ സ്ഥാനാര്‍ഥി ഇത്രയും വോട്ടുകള്‍ നേടിയത്. അന്ന് എന്‍ഡിഎയില്‍ ബിഡിജെഎസ് ആയിരുന്നു മണ്ഡലത്തില്‍ മത്സരിച്ചത്.
മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ 4,425 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി മണ്ഡലത്തില്‍ നേടിയത്. തൊട്ടടുത്ത തവണയാണ് ബിഡിജെഎസ് സ്ഥാനാര്‍ഥി അത് 12,000-മായി ഉയര്‍ത്തിയത്. വീണ്ടും ബിജെപി സ്ഥാനാര്‍ഥി മത്സരിച്ച 2021-ല്‍ 8,500 ആയി കുറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ ബിജെപിയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിലപാട്. അനാവശ്യതിരഞ്ഞടുപ്പെന്നു പറഞ്ഞ് ഒന്നുകില്‍ മത്സരിക്കാതിരിക്കുക, മത്സരിക്കണമെന്നു ദേശീയഘടകം നിര്‍ബന്ധിച്ചാല്‍ ബിഡിജെഎസിന് സീറ്റ് ഇതായിരുന്നു സംസ്ഥാന ബിജെപിയുടെ ലൈന്‍. എന്‍ഡിഎക്ക് സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ വോട്ടുമറിക്കല്‍ ആരോപണം ബിജെപിക്കു നേരിടേണ്ടിവരും എന്ന് ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പിന്നീട് നടന്ന കോര്‍ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍, പാര്‍ട്ടിയുടെയോ മുന്നണിയുടെയോ സ്ഥാനാര്‍ഥി മത്സരിക്കണമെന്ന ആവശ്യമുയര്‍ത്തി. മലപ്പുറത്തെയും നിലമ്പൂരിലെയും നേതാക്കളും സ്ഥാനാര്‍ഥി വേണമെന്ന് വാശിപിടിച്ചു. ഇതേത്തുടര്‍ന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചത്.
മത്സരത്തിനിറങ്ങാം എന്ന ധാരണ രൂപപ്പെട്ടതോടെ 2016-ല്‍ കളത്തിലുണ്ടായിരുന്ന ബിഡിജെഎസിന് സീറ്റ് നല്‍കാം എന്നായി ധാരണ. എന്നാല്‍, ബിഡിജെഎസിന്റെ സമ്മതംവൈകിയതോടെ വീണ്ടും അനിശ്ചിതത്വമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖര്‍ മൂന്നുപേരുടെ പട്ടിക തയ്യാറാക്കി കേന്ദ്രഘടകത്തിന്റെ അനുമതിതേടി. മോഹന്‍ജോര്‍ജിനുപുറമേ, ന്യൂനപക്ഷമോര്‍ച്ച നേതാവ് അജിതോമസ്, 2016-ല്‍ മത്സരിച്ച ബിഡിജെഎസിലെ ഗിരീഷ് എന്നിവരായിരുന്നു പട്ടികയില്‍.
ഇതിനിടെ, കേന്ദ്രഘടകത്തിന്റെ നിര്‍ദേശം വന്നു. ബിജെപി മത്സരിച്ചാല്‍ സ്ഥാനാര്‍ഥി ക്രൈസ്തവവിഭാഗത്തില്‍നിന്നാകണം, ഈഴവസ്ഥാനാര്‍ഥിയാണെങ്കില്‍ ബിഡിജെഎസ് മത്സരിക്കണം. ബിജെപി മത്സരിച്ചാല്‍ പുറത്തുനിന്നുള്ള ആളാണെങ്കില്‍പ്പോലും താമരചിഹ്നത്തില്‍ മത്സരിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ നിലപാടെടുത്തു.
ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുവരെ യുഡിഎഫിന്റെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ നേതാവായിരുന്നു മോഹന്‍ ജോര്‍ജ്. പ്രഖ്യാപനത്തിന് ശേഷമാണ് മോഹന്‍ ജോര്‍ജ് ബിജെപി അംഗത്വംപോലും എടുക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയാവുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസം പോലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കണ്‍വെന്‍ഷനില്‍ മോഹന്‍ ജോര്‍ജ് സജീവമായിരുന്നു.
സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും കാര്യമായ പണമൊഴുക്കേണ്ടെന്നായിരുന്നു ബിജെപി തീരുമാനം. ഡോ. എം. അബ്ദുല്‍സലാം, ഷോണ്‍ ജോര്‍ജ്, ജിജി ജോസഫ്, നോബിള്‍ മാത്യു, സുമുത്ത് ജോര്‍ജ് എന്നിവരായിരുന്നു ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. മണ്ഡലം പിടിക്കാന്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെന്ന, കോണ്‍ഗ്രസിന് മുമ്പില്‍ അന്‍വര്‍ വെച്ച നിര്‍ദേശം പ്രാവര്‍ത്തികമാക്കിയത് ബിജെപിയായിരുന്നു. അടിസ്ഥാന വോട്ട് നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ ക്രൈസ്തവ വോട്ട് നേടുകയായിരുന്നു ബിജെപി ലക്ഷ്യം.
Content Highlights: What happened to BJP votes in Nilambur Byelection
Published: 23 Jun 2025, 02:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented