മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ മഹാവികാസ് അഘാഡി വിടാന്‍ ഉദ്ധവ് താക്കറെയ്ക്കുമേല്‍ ശിവസേന (യു.ബി.ടി.) നേതാക്കളുടെ സമ്മര്‍ദം. തിങ്കളാഴ്ച നടന്ന യോഗത്തില്‍ ഭൂരിഭാഗം എം.എല്‍.എമാരും ഉദ്ധവിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുന്നണിയില്‍ തുടരുന്നതുകൊണ്ട് എന്തു ഗുണമെന്ന് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ചോദിച്ചുതുടങ്ങിയെന്നാണ് എം.എല്‍.എമാര്‍ യോഗത്തില്‍ പറഞ്ഞത്‌.

To advertise here,

അതേസമയം, മുന്നണി വിടേണ്ടെന്ന നിലപാടാണ് ഉദ്ധവും ആദിത്യയും സഞ്ജയ് റാവുത്തുമടക്കമുള്ള നേതാക്കള്‍ക്കെന്നാണ് സൂചന. ബി.ജെ.പിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ആവശ്യകതയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് പക്ഷം 20 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. പാര്‍ട്ടി പിളര്‍ത്തി ഔദ്യോഗിക പേരും ചിഹ്നവും സ്വന്തമാക്കി, ബി.ജെപിക്കൊപ്പം മഹായുതി മുന്നണിയില്‍ മത്സരിച്ച ഏക്‌നാഥ് ഷിന്ദേയുടെ പാര്‍ട്ടിക്ക് 57 സീറ്റ് ലഭിച്ചിരുന്നു.

ശിവസേന ഒറ്റയ്ക്ക് നില്‍ക്കേണ്ട സമയമായെന്നാണ് ഭൂരിഭാഗം എം.എല്‍.എമാരും അഭിപ്രായപ്പെട്ടത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ഒറ്റയ്ക്കു നേരിടണം. ഒരു മുന്നണിയേയും ആശ്രയിക്കേണ്ടതില്ല. ശിവസേന അധികാരത്തിന് പിന്നാലെ പോയിരുന്നില്ല. പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്നാല്‍ അധികാരംതാനെ വരുമെന്നും നിയമനിര്‍മാണ കൗണ്‍സിലെ പ്രതിപക്ഷ നേതാവ് അബാദാസ് ദാന്‍വെ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

'മറാത്ത പ്രാദേശികവാദത്തിനും ഹിന്ദുത്വയ്ക്കും വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് ശിവസേന. മതനിരപേക്ഷ- സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസും എന്‍.സി.പിയും നിലനിന്നത്. ഹിന്ദു വോട്ട് ഏകീകരിച്ച് ബി.ജെ.പി. വന്‍വിജയം നേടിയതിന് പിന്നാലെ, എന്‍.സി.പിയേയും കോണ്‍ഗ്രസിനേയും ഉള്‍ക്കൊള്ളാന്‍ ശിവസേന (യു.ബി.ടി) ഹിന്ദുത്വ ആശയത്തില്‍ വെള്ളംചേര്‍ത്തുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്', നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു നേതാവ് പറഞ്ഞു.