മുംബൈ: മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻ.സി.പി.യെ കൂട്ടി സർക്കാർ രൂപവത്കരിക്കാൻ കഴിയുമെങ്കിലും ഏക്‌നാഥ് ഷിന്ദേയെ ഒഴിവാക്കാനാവാതെ ബി.ജെ.പി. മന്ത്രിസഭയിൽ അധികാരസംതുലനത്തിന് ഷിന്ദേതന്നെ വേണമെന്ന് പാർട്ടി കരുതുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ഷിന്ദേ സമ്മർദം തുടരുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

To advertise here,

തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന് ഷിന്ദേ ബി.ജെ.പി.യോട് വ്യക്തമാക്കിയതായാണ് അറിയുന്നത്. രണ്ടരവർഷം മുഖ്യമന്ത്രിസ്ഥാനം എന്ന ആവശ്യം ബി.ജെ.പി. കേന്ദ്രനേതൃത്വം തള്ളിയതോടെ ഷിന്ദേ നിരാശനാണെന്നാണ് റിപ്പോർട്ടുകൾ. അഭിപ്രായസർവേകളിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതൽപേർ പിന്തുണച്ചത് ഷിന്ദേയെയായിരുന്നുവെന്ന് ശിവസേനാനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

പുതിയ സർക്കാർ രൂപവത്കരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹിയിൽ വിളിച്ച യോഗത്തിൽ ഷിന്ദേക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകാമെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ചെറുത്തുനിൽപ്പ് ബി.ജെ.പി.ക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഷിന്ദേയുടെ പ്രാധാന്യം മനസ്സിലാക്കിയ ബി.ജെ.പി. അദ്ദേഹത്തെ മാറ്റിനിർത്താൻ തയ്യാറല്ല.

പ്രധാനവകുപ്പുകൾക്കായിട്ടാണ് ഇപ്പോൾ ഷിന്ദേയുടെ വിലപേശൽ. ഷിന്ദേയെ അനുനയിപ്പിക്കുക ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം പ്രധാന കടമ്പയാണ്. കഴിഞ്ഞ രണ്ടരവർഷംകൊണ്ട് ഷിന്ദേ ശക്തനായ മറാഠാനേതാവായി ഉയർന്നുവരുകയായിരുന്നു. മറാഠാ സംവരണനേതാവ് ജരാങ്കെപാട്ടീലുമായി ഷിന്ദേയുടെ ബന്ധം ശക്തമാണ്. ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയാകുന്നതോടെ ജരാങ്കെപാട്ടീൽ വീണ്ടും സംവരണ പ്രശ്നവുമായി മുന്നോട്ടുവന്നേക്കാമെന്നും ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നു.

അത്തരമൊരു സാഹചര്യത്തിൽ ഷിന്ദേ മന്ത്രിസഭയിലുണ്ടായിരിക്കണമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ ആഗ്രഹം. ഷിന്ദേ ഇല്ലങ്കിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയെന്നനിലയിൽ കൂടുതൽ കരുത്താർജിക്കുന്ന സാഹചര്യവും ബി.ജെ.പി. മുന്നിൽക്കാണുന്നു. ഷിന്ദേക്ക് പകരം മകൻ ശ്രീകാന്ത് ഷിന്ദേ ഉപമുഖ്യമന്ത്രിയാകുന്നതിനോട് പാർട്ടിക്ക് താത്പര്യമില്ലെന്നും ബി.ജെ.പി. നേതാക്കൾ വ്യക്തമാക്കുന്നു.

288 അംഗ സഭയിൽ 145 സീറ്റാണ് സർക്കാർ രൂപവത്‌കരിക്കാൻ വേണ്ടത്. മഹായുതിയിൽ 132 സീറ്റ് ബി.ജെ.പി.യും 57 സീറ്റ് ശിവസേനയും 41 സീറ്റ് എൻ.സി.പി.യും നേടിയിട്ടുണ്ട്.