മുംബൈ: ആര്‍ട്ടിക്കിള്‍ 370, മുസ്ലീം സംവരണം, രാമക്ഷേത്രം എന്നിവയില്‍ കോണ്‍ഗ്രസ് നിലപാടിനെ കടന്നാക്രമിച്ച് അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെ കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് ശക്തമായി ആവര്‍ത്തിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, 'ഇന്ദിരാഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങി വന്നാലും' ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനാകില്ലെന്ന് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നാല് തലമുറകള്‍ ആവശ്യപ്പെട്ടാലും ന്യൂനപക്ഷ സമുദായത്തിന് സംവരണം നല്‍കില്ലെന്നും അമിത് ഷാ പറഞ്ഞു.
'കുറച്ച് ദിവസം മുമ്പ് ഉമേല ഗ്രൂപ്പിലെ ആളുകള്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റിനെ കണ്ട് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കണമെങ്കില്‍ എസ്.സി.-എസ്.ടി.-ഒ.ബി.സി. സംവരണം വെട്ടിക്കുറയ്‌ക്കേണ്ടി വരും. രാഹുല്‍ ബാബ, നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ നാല് തലമുറകള്‍ക്കും എസ്.സി.-എസ്.ടി.-ഒ.ബി.സി. സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല.' - മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ഷാ പറഞ്ഞു.
ഇതിനകം 20 തവണ തകര്‍ന്ന 'രാഹുല്‍ ബാബ' എന്ന വിമാനം നവംബര്‍ 20-ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും തകര്‍ന്നുവീഴുമെന്നും അമിത് ഷാ പരിഹസിച്ചു. 'സോണിയ ജി, രാഹുല്‍ ബാബ എന്ന് പേരിട്ടിരിക്കുന്ന വിമാനം 20 തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. 20 തവണയും വിമാനം തകര്‍ന്നു. ഇപ്പോഴിതാ വീണ്ടും മഹാരാഷ്ട്രയില്‍ 21-ാം തവണ വിമാനം ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സോണിയാ ജീ, നിങ്ങളുടെ 'രാഹുല്‍ വിമാനം' 21-ാം തവണയാണ് തകരാന്‍ പോകുന്നത്,'- അമിത് ഷാ പരിഹാസരൂപേണ പറഞ്ഞു.
ഹിന്ദുക്കളെ ഭീകരരെന്ന് വിളിക്കുന്നവരുമായാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'ഉദ്ധവ് ബാബു, ഔറംഗബാദിന്റെ പേര് സംഭാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനെ എതിര്‍ത്ത, രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത, മുത്തലാഖ് നിര്‍ത്തലാക്കുന്നതിനെ എതിര്‍ത്ത, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്ത, സര്‍ജിക്കല്‍ സ്ട്രൈക്കിനെ എതിര്‍ത്തവരുടെ കൂടെയാണ് നിങ്ങള്‍ ഇരിക്കുന്നത്. ഹിന്ദുക്കളെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നവര്‍ക്കൊപ്പം,'- അദ്ദേഹം പറഞ്ഞു.
400 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളും കര്‍ഷകരുടെ ഭൂമിയും ജനങ്ങളുടെ വീടുകളും വഖഫ് സ്വത്തായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ ഞങ്ങള്‍ ബില്‍ കൊണ്ടുവന്നു. എന്നാല്‍ രാഹുല്‍ ബാബയും പവാര്‍ സാഹബും എതിര്‍ക്കുകയാണെന്ന് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദി തീര്‍ച്ചയായും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Rahul aircraft will crash once again, says Amit Shah
Published: 13 Nov 2024, 07:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented