മുംബൈ: മറാത്ത് വാഡ, വടക്കൻ മഹാരാഷ്ട്ര, വിദർഭ പ്രദേശങ്ങളിൽ നിന്നുള്ള 12 ലക്ഷത്തോളം പേർക്ക് 20-ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. ഈ സീസണിലെ കരിമ്പ് വെട്ടൽ നവംബർ 15-ന് ആരംഭിക്കുന്നതിനാൽ ഇതിനായി എല്ലാവർഷവും പോകുന്നവർ തൊഴിൽകേന്ദ്രങ്ങളിലേക്ക് പോയിക്കഴിഞ്ഞു.

To advertise here,

സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കുമാണ് ഇവരുടെ യാത്ര. മാസങ്ങൾ കഴിഞ്ഞാണ് ഇവർ തിരികെ സ്വന്തംവീടുകളിലേക്ക് തിരിച്ചെത്താറ്. ഇത്തരത്തിൽ കരിമ്പ് വെട്ടാൻ പോയവർക്ക് 20-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രയാസമാകും. അതിനാൽ അവർക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് അവരുടെ അസോസിയേഷൻ ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.

അതേസമയം കരിമ്പ് വെട്ടുന്നവർക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കുമെന്നും വോട്ടെടുപ്പ് ദിവസം അവരെ അവരുടെ ഗ്രാമങ്ങളിൽ എത്തിക്കുമെന്നും പഞ്ചസാര മില്ലുടമകളുടെ സംഘടനയായ വെസ്റ്റ് ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ പറഞ്ഞു. മറാത്ത്‌വാഡ, വിദർഭ, വടക്കൻ മഹാരാഷ്ട്ര എന്നീ പ്രദേശങ്ങളിൽനിന്നും 12 മുതൽ 15 ലക്ഷം വരെ ആളുകളാണ് കരിമ്പ് വെട്ടാനായി പശ്ചിമ മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലേക്കും പോകുന്നത്.

'കരിമ്പ് വെട്ടൽ നവംബർ മധ്യത്തോടെ ആരംഭിക്കും. ഏപ്രിൽ, േമയ് മാസങ്ങൾ വരെ ഇത് നീണ്ടു നിൽക്കും. പലപ്പോഴും അത്രയും മാസങ്ങളിൽ ഇവർ കരിമ്പ് തോട്ടങ്ങളിൽ കരിമ്പ് വെട്ടിയും അവ പഞ്ചസാര മില്ലുകളിൽ എത്തിക്കുന്ന ജോലിയുമായി കഴിയുകയാണ് പതിവ്. ഇതെല്ലാം കഴിഞ്ഞാണ് സ്വന്തം വീട്ടിലേക്ക് മടങ്ങാറ്.

ഏറെ ദൂരത്തേക്ക് പോയവർ തിരികെ വീണ്ടും വീട്ടിൽ വന്ന് പോകുന്നത് പ്രയാസമാകും. അതിനാൽ അവർക്ക് വന്ന് പോകാൻ പ്രത്യേകസൗകര്യങ്ങൾ ചെയ്താൽ തന്നെ എത്ര പേർ അതിന് തയ്യാറാകുമെന്നറിയില്ല.'- കരിമ്പ് വെട്ടലിന് പോകാറുള്ള ബീഡ് സ്വദേശി കേശവ് കാർവെ പറയുന്നു.

തിരഞ്ഞെടുപ്പ് ദിവസം കരിമ്പ് വെട്ടുകാർക്കും അവധി ദിനമായി പ്രഖ്യാപിച്ച് ഇവരുടെ യാത്രയ്ക്ക് സൗകര്യമൊരുക്കാൻ സംസ്ഥാന ഷുഗർ കമ്മിഷണർ മേൽനോട്ടം വഹിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. 200-ലധികം സ്വകാര്യ മില്ലുകളുള്ള മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്നത്.