റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം വീണ്ടും ഭരണംപിടിച്ച് അധികാരമുറപ്പിച്ചതോടെ ജെ.എം.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ നേതാക്കള്‍ തിരിച്ചെത്തുമെന്ന് സൂചന. നേരത്തെ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് മത്സരിച്ച, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ സഹോദര ഭാര്യ സീത സോറന്‍ കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് അവലോകന യോഗം ബഹിഷ്‌കരിച്ചതോടെയാണ് മുന്‍ നേതാക്കള്‍ വീണ്ടും ജെ.എം.എമ്മിലേക്ക് എത്തിയേക്കാമെന്ന ചർച്ച സജീവമായത്.

To advertise here,

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദുംക മണ്‌ലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു സീത സോറന്‍. പക്ഷെ, ഇവിടെ ജെ.എം.എം സ്ഥാനാര്‍ഥിയായ നളിന്‍ സോറനോട് 11,84,132 വോട്ടിന്റെ ഭൂരിക്ഷത്തിന് തോല്‍ക്കുകയായിരുന്നു. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാന്‍ ജെ.എം.എം നേതൃത്വം ശ്രമം നടത്തുന്നതിനിടെയായിരുന്നു സീത സോറന്റെ യോഗ ബഹിഷ്‌കരണം. 

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയ പ്രതീക്ഷിയില്‍ മത്സരിച്ച എന്‍.ഡി.എ സഖ്യത്തിന് 24 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ജെ.എം.എം-കോണ്‍ഗ്രസ് ഇന്ത്യാസഖ്യം 56 സീറ്റിലും വിജയിച്ചു. തോല്‍വി വിലയിരുത്തുന്നതിനായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാന്‍ഡി അവലോകന യോഗം വിളിച്ചത്. ഇതില്‍നിന്നാണ് സീത സോറന്‍ വിട്ടുനിന്നത്. 2024 മാര്‍ച്ച് 19-ന് ആയിരുന്നു ഇവര്‍ ജെ.എം.എം വിട്ട് ബി.ജെ.പിയില്‍ ചേർന്നത്.

പാര്‍ട്ടി ആര്‍ക്കുമുന്നിലും വാതിലടയ്ക്കില്ലെന്ന് ജെ.എം.എം വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രിയായ ചമ്പായ് സോറനുപോലും വേണമെങ്കില്‍ പാര്‍ട്ടിയിലേക്ക് തിരികെ വരാമെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും നേതൃത്വം അറിയിച്ചു.