റാഞ്ചി: ഝാര്‍ഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് ഇന്ത്യ സഖ്യത്തിന് ലഭിച്ചിരിക്കുന്നത്. ഈ വിജയത്തിളക്കത്തിന്റെ ഏറിയ പങ്കും ഹേമന്ത് സോറന്‍ നേതൃത്വം നല്‍കുന്ന ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് (ജെ.എം.എം.) അര്‍ഹതപ്പെട്ടതാണ്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തിരിച്ചടി പ്രവചിച്ചിരുന്ന സ്ഥാനത്ത് നിന്നും മുന്‍ വര്‍ഷത്തെക്കാള്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചാണ് ഇന്ത്യ സഖ്യം അധികാരത്തിലെത്തുന്നത്. ഝാര്‍ഖണ്ഡിലെ മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടുമെത്തുന്ന ഹേമന്ത് സോറനെ സംബന്ധിച്ച് ഏറെ പരീക്ഷണങ്ങളുടെ വര്‍ഷമായിരുന്നു ഇത്.
2024 ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു അഴിമതി കേസില്‍ ഹേമന്ത് സോറന്റെ അറസ്റ്റ്. ഇതോടെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടതായും വന്നു. എന്നാല്‍, ഈ വര്‍ഷം അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ ഏറെ തിളക്കമാര്‍ന്ന വിജയത്തോടെയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ രണ്ടാം അങ്കത്തിനെത്തുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിപദത്തിലെത്തുന്ന ആദ്യത്തെ നേതാവായി മാറുകയാണ് ഹേമന്ത് സോറന്‍.
ഹേമന്ത് സോറനെ സംബന്ധിച്ച് ഒന്നിന് പുറകെ മറ്റൊന്നായി പ്രതിസന്ധികള്‍ വേട്ടയാടിയ വര്‍ഷമായിരുന്നു 2024. ജനുവരി 31-നാണ് അദ്ദേഹത്തെ ഇ.ഡി. അറസ്റ്റുചെയ്യുന്നത്. ജയിലില്‍ കഴിയവേയാണ് അദ്ദേഹത്തെയും പാര്‍ട്ടിയേയും ഒരുപോലെ ഞെട്ടിച്ച് സഹോദര പത്‌നിയായ ദുര്‍ഗ സോറന്‍ ബി.ജെ.പി. പാളയത്തില്‍ ചേക്കേറുന്നത്. ഹേമന്ത് സോറന്റെ അഭാവത്തില്‍ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളിലെ അതൃപ്തിയാണ് ദുര്‍ഗ സോറനെ ബി.ജെ.പിയിലേക്ക് എത്തിച്ചത്. മാര്‍ച്ചിലായിരുന്നു ഈ കൂടുമാറ്റം.
അഞ്ചുമാസത്തെ ജയില്‍ വാസത്തിന് ശേഷം ഹേമന്ത് സോറനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും സമാനമായ കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നതും പരിഗണിച്ച് ഝാര്‍ഖണ്ഡ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. ജൂണ്‍ മാസത്തിലാണ് ഹേമന്ത് സോറന്‍ ജയില്‍ മോചിതനാകുന്നത്.
ഹേമന്ത് ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നത് ജെ.എം.എം. പാര്‍ട്ടി മേധാവിയായ ഷിബു സോറന്റെ ഏറ്റവും അടുത്ത അനുയായിയും പാര്‍ട്ടിയിലെ മൂന്നാമനുമായിരുന്ന ചംപായി സോറനായിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ഹേമന്ത് സോറന് അടുത്ത ആഘാതം നല്‍കിയതും അദ്ദേഹം തന്നെയായിരുന്നു. ജയില്‍ മോചിതനായ ഹേമന്ത് വീണ്ടും മുഖ്യമന്ത്രി പദം ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
ഹേമന്തിന്റെ അഭാവത്തില്‍ എന്നെയാണ് സഖ്യം ഭരണ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. മുന്നണിയുടെ തീരുമാനപ്രകാരം ഞാന്‍ അധികാരം അദ്ദേഹത്തിന് തിരിച്ചുനല്‍കുന്നു. ഇങ്ങനെയായിരുന്നു ചംപായി സോറന്‍ തന്റെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍, ഈ രാജിക്ക് പിന്നാലെ ഞാന്‍ അപമാനിക്കപ്പെട്ടന്നും നീതി നടപ്പാക്കുന്നതിനായി ഞാന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്നും പ്രഖ്യാപിച്ച് അദ്ദേഹം എതിര്‍ ചേരിയിലേക്ക് കൂടുമാറ്റം നടത്തുകയായിരുന്നു.
ഇത്രത്തോളം പ്രതിസന്ധികളെ മറികടന്നാണ് ഹേമന്ത് സോറനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.എം.എം. ഉള്‍പ്പെടുന്ന ഇന്ത്യ മുന്നണിയും ഈ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടതും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയതും. ഹേമന്തിന്റെ ജയില്‍വാസ കാലത്ത് സംസ്ഥാനത്ത് പലതരം അട്ടിമറി ശ്രമങ്ങളും ബി.ജെ.പി. നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും ജെ.എം.എം. നേതാവുമായ കല്‍പ്പന സോറനായിരുന്നു പാര്‍ട്ടിയേയും സര്‍ക്കാരിനെയും താങ്ങി നിര്‍ത്തിയ ശക്തികേന്ദ്രം.
Content Highlights: Hemant Sorens Jharkhand Victory- A Remarkable Comeback
Published: 24 Nov 2024, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented