
ന്യൂഡൽഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലായിരുന്നു അമേഠിയിലും റായ് ബറേലിയിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. റായ് ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരിലാൽ ശർമയും. അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധിയും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം.
മത്സരരംഗത്തേക്ക് ഇല്ലെന്ന തീരുമാനമായിരുന്നു പ്രിയങ്കാ ഗാന്ധി തുടക്കം മുതൽക്ക് തന്നെ എടുത്തിരുന്നത്. വയനാട്ടിൽനിന്ന് മത്സരിച്ച രാഹുലാകട്ടെ മറ്റൊരു മണ്ഡലത്തിൽ കൂടി ജനവിധി തേടാനില്ലെന്നും ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നു. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു ഗാന്ധി കുടുംബത്തിന്റെ സ്ഥിരംസീറ്റായ റായ്ബറേലിയിൽനിന്ന് മത്സരിക്കാൻ രാഹുൽ തയ്യാറായത്. അമേഠിയിൽ രാഹുലിന് വേണ്ടിയുള്ള മുറവിളി പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉയർന്നിരുന്നു. എന്നാൽ അമേഠിയിൽ മത്സരിക്കാന്‍ രാഹുൽ തയ്യാറായില്ല.
പ്രിയങ്കാ ഗാന്ധി മത്സരരംഗത്തില്ലാത്തത് ചിലയിടങ്ങളിൽ ചർച്ചയാകുന്നുണ്ട്. എന്തുകൊണ്ട് ഇത്രയും നിർണായകമായ, ബി.ജെ.പിയെ പുറത്തിരുത്താൻ വേണ്ടി ഇന്ത്യ മുന്നണി അക്ഷീണം പ്രയത്നിക്കുന്ന ഘട്ടത്തിൽ പ്രിയങ്ക മത്സരത്തിനിറങ്ങുന്നില്ല എന്ന ചോദ്യം വിവിധ കോണിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ 'പ്രിയങ്കയെ ഒരു മണ്ഡലത്തിലേക്ക് മാത്രമായി ഒതുക്കാൻ സാധ്യമല്ല' എന്നായിരുന്നു കോൺഗ്രസിന്റെ മറുപടി.
പ്രധാനമന്ത്രി പ്രചരിപ്പിക്കുന്ന കള്ളങ്ങളെ നിശബ്ദമാക്കാൻ പ്രിയങ്കയ്ക്ക് സാധിക്കുന്നു. വർധിച്ച വീര്യത്തോടെയാണ് പ്രിയങ്ക പ്രചാരണം നയിക്കുന്നത്. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ സാന്നിധ്യത്തിന് അത്രയും പ്രാധാന്യമുണ്ട്, അവരെ ഒരു മണ്ഡലത്തിലേക്ക് മാത്രമായി ചുരുക്കാൻ സാധിക്കില്ല. അവർ രാജ്യം മുഴുവൻ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്.
എന്തുകൊണ്ട് രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കാതെ റായ് ബറേലി തിരഞ്ഞെടുത്തു, പ്രിയങ്കാ ഗാന്ധി എന്തുകൊണ്ട് മത്സരിക്കുന്നില്ല, രണ്ടു മണ്ഡലങ്ങൾ തിരഞ്ഞെടുത്ത രാഹുൽ ഏത് മണ്ഡലത്തെ ആയിരിക്കും ഉപേക്ഷിക്കുക? തുടങ്ങിയ ചോദ്യങ്ങൾ ഇതിനകം തന്നെ ബി.ജെ.പിയുടെ ഭാഗത്ത് നിന്നും സ്വന്തം അണികളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഇതിനൊക്കെ മറുപടിയെന്നോണമാണ് ഇപ്പോൾ ജയ് റാം രമേശ് എക്സ് പ്ലാറ്റ്‌ഫോമില്‍ നൽകിയിരിക്കുന്ന വിശദീകരണം.
രാഷ്ടട്രീയത്തിലും ചെസിലും മികച്ച ഒരു കളിക്കാരനാണ് രാഹുൽ ഗാന്ധി. നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ പാർട്ടി നേതൃത്വം എടുത്ത തന്ത്രപരമായ നീക്കമാണ് രാഹുലിനെ റായ്ബറേലിയിൽ മത്സരിപ്പിക്കുക എന്നത്. ഈ ഒരൊറ്റ തീരുമാനം കൊണ്ട് ബി.ജെ.പി.യും അവരുടെ പ്രവർത്തകരും പാദസേവകരും പരിഭ്രാന്തരായിരിക്കുകയാണ്. പരമ്പരാഗത സീറ്റ് എന്നൊക്കെ പറഞ്ഞിരുന്ന ബി.ജെ.പിയുടെ സ്വയം പ്രഖ്യാപിത 'ചാണക്യന്' ഇപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് നിശ്ചയമില്ല. റായ് ബറേലിയിലെ സീറ്റ് സോണിയാ ഗാന്ധിയുടേത് മാത്രമല്ല അത് ഇന്ദിരയുടേത് കൂടിയാണ്. അത് അനന്തരവകാശമല്ല, ഉത്തരവാദിത്വവും കടമയുമാണ്- ജയ് റാം രമേശ് കുറിച്ചു.
ഗാന്ധികുടുംബത്തെ സംബന്ധിച്ചിടത്തോളം കേവലം അമേഠിയും റായ്ബറേലിയും മാത്രമല്ല, രാജ്യത്തിന്റെ വടക്കു മുതല്‍ തെക്കുവരെ
ഗാന്ധികുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളാണ്. ഉത്തർപ്രദേശിൽ നിന്ന് മൂന്ന് തവണയും കേരളത്തിൽ നിന്ന് ഒരു തവണയും രാഹുൽ പാർലമെന്റിൽ എത്തിയിട്ടുണ്ട്. എന്തുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് വിന്ധ്യമേഖലയ്ക്കു തെക്കുള്ള ഒരു മണ്ഡലത്തിൽ മത്സരിക്കാനുള്ള ധൈര്യം ഇല്ലാത്തതെന്നും ജയ്‌റാം രമേശ് ആരാഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരേ അമേഠിയില്‍ മത്സരിക്കുന്നു എന്നത് മാത്രമായിരുന്നു സ്മൃതി ഇറാനിയുടെ ഏക സവിശേഷത. ഇപ്പോള്‍ അവരുടെ രാഷ്ട്രീയ പ്രസക്തി നഷ്ടടമായിരിക്കുന്നെന്നും അദ്ദേഹം പരിഹസിച്ചു. ഇതൊരു നീണ്ട തിരഞ്ഞെടുപ്പാണ്. കളി ഇനിയും ബാക്കിയാണ്. അല്‍പം കൂടി കാത്തിരിക്കാം-ജയ് റാം രമേശ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Why Is Priyanka Gandhi Not Fighting Lok Sabha Elections
Published: 03 May 2024, 09:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented