ഹൈദരാബാദ്: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ ആന്ധ്രപ്രദേശില്‍ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി), ജനസേന പാര്‍ട്ടി (ജെ.എസ്.പി) എന്നിവയുമായി സഖ്യത്തിലേര്‍പ്പെട്ട് ബി.ജെ.പി. സംസ്ഥാനത്ത് ബി.ജെപിയുമായി സഖ്യമുണ്ടാക്കിയെന്ന് ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തങ്ങൾ തൂത്തുവാരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആന്ധ്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

To advertise here,

ആന്ധ്രപ്രദേശ് വന്‍തോതില്‍ നശിപ്പിക്കപ്പെട്ടു. ബി.ജെ.പി യും ടി.ഡി.പിയും ഒരുമിച്ച് വരുമ്പോള്‍ രാജ്യത്തും സംസ്ഥാനത്തും ജയിക്കാനുള്ള സാഹചര്യമുണ്ട്, അദ്ദേഹം പറഞ്ഞു.

ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണത്തിന് പിന്നാലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ രണ്ടു പാര്‍ട്ടികളേയും എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. ചലനാത്മകവും ദീര്‍ഘവീക്ഷണവുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ ബി.ജെ.പി, ടി.ഡി.പി, ജെ.എസ്.പി പാര്‍ട്ടികള്‍ രാജ്യത്തിന്റെ പുരോഗതിക്കും ആന്ധ്രപ്രദേശിലെ ജനങ്ങളുടെ ഉന്നമനത്തിനും പ്രതിഞ്ജാബദ്ധമായിരിക്കുമെന്ന് അദ്ദേഹം കുറിച്ചു.

എന്‍.ഡി.എ. സഖ്യത്തിലായിരുന്ന ടി.ഡി.പി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2018-ലാണ് മുന്നണിവിട്ടത്. അന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു നായിഡു. സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തികസഹായത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു സഖ്യം പിരിയുന്നതിലേക്ക് നയിച്ചത്. 

25 ലോക്‌സഭ സീറ്റും 175 നിയമസഭാ സീറ്റുകളുമാണ് ആന്ധ്രയിലുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടി.ഡി.പി 17 ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കും. ബി.ജെ.പി ആറ് സീറ്റിലും ജെ.എസ്.പി രണ്ട് സീറ്റിലും മത്സരിച്ചേക്കും. ഏതൊക്കെ മണ്ഡലങ്ങളിലാണ് ഓരോ പാര്‍ട്ടികളും മത്സരിക്കുകയെന്നത് ബി.ജെ.പി സംഘം സംസ്ഥാനം സന്ദര്‍ശിച്ചതിന് ശേഷമേ തീരുമാനിക്കൂ.