
ആന്ധ്രയില്‍ സി.പി.എം. പ്രതീക്ഷവെക്കുന്ന നിയമസഭാമണ്ഡലമാണ് വിജയവാഡ സെന്‍ട്രല്‍. എട്ടുനിയമസഭാ സീറ്റില്‍ മത്സരിക്കുന്നുണ്ടെങ്കിലും വിജയസാധ്യത കല്‍പിക്കുന്ന ഏക മണ്ഡലമാണിത്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയിലാണ് ഇടതുപാര്‍ട്ടികള്‍. മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് വലിയ കോലാഹലങ്ങളൊന്നും സി.പി.എം. പ്രചാരണത്തിനില്ല. വിജയവാഡ സെന്‍ട്രല്‍ മണ്ഡലത്തിലെ റെസിഡന്‍ഷ്യല്‍ കോളനിയായ ലോട്ടസ് ലാന്‍ഡ് മാര്‍ക്കില്‍ അപ്പാര്‍ട്ടുമെന്റുകളിലും ഫ്‌ളാറ്റുകളിലും കയറിയിറങ്ങി പ്രചാരണം നടത്തുകയാണ് സി.പി.എം. സ്ഥാനാര്‍ഥി ചിഗുരുപതി ബാബു റാവു. 'കൊടവലി സുറ്റി നക്ഷത്ര വോട്ട് വയ്യാലി' എന്ന അനൗണ്‍സ്മെന്റുമായി നീങ്ങുന്ന വാഹനത്തിന് പിന്നാലെ പത്തുപേരടങ്ങുന്ന സംഘവുമായാണ് ബാബു റാവു പ്രചാരണത്തിനിറങ്ങിയത്.
കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണെങ്കിലും മുതിര്‍ന്ന കേണ്‍ഗ്രസ് നേതാക്കളെയൊന്നും പ്രചാരണത്തിന് കണ്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വോട്ടര്‍മാരെ കാണുന്നതിന് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യമില്ലെന്നും ഇവിടത്തുകാര്‍ക്കു തന്നെ നന്നായി അറിയാമെന്നുമായിരുന്നു ബാബു റാവുവിന്റെ മറുപടി. കേരളത്തില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ മുഖത്ത് സന്തോഷം. കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ വിിജയിക്കില്ലേയെന്നായി ചോദ്യം. കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെയായിരുന്നു ബാബു റാവുവിന്റെ സംസാരം. ആന്ധ്രയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ബാബു റാവു.
'പവന്‍ കല്യാണ്‍, ചന്ദ്രബാബു നായിഡു, ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരെയൊന്നും വിശ്വസിക്കാനാവില്ല. നരേന്ദ്രമോദിയോട് അനുകൂല സമീപനമുള്ളവരാണിവര്‍. തെലുഗുദേശം പാര്‍ട്ടി ബി.ജെ.പി. വിട്ടാല്‍ ആ സ്ഥാനത്ത് ജഗന്‍മോഹന്‍ റെഡ്ഡി വരും' -ബാബു റാവു പറഞ്ഞു.
ഒരുകാലത്ത് കമ്യൂണിസ്റ്റ് കോട്ടയായാണ് വിജയവാഡ അറിയിപ്പെട്ടിരുന്നത്. വിജയവാഡ ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ ഇന്നും സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികളെ കാണാം. ഒരുകാലത്തെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഓര്‍മ്മപ്പെടുത്തലിന്റെ അടയാളമാണിതെന്ന് ചുമട്ടുതൊഴിലാളികള്‍തന്നെ പറയുന്നു. വിജയവാഡ മുനിസിപ്പാലിറ്റി ഭരിച്ച ചരിത്രവും ഇടതുപാര്‍ട്ടികള്‍ക്കുണ്ട്. നിയമസഭാ അംഗമായ ടി. നാഗി റെഡ്ഡി, ഡി.വി. റാവു, ചന്ദ്രപുള്ള റെഡ്ഡി, കൊല്ല വെങ്കയ്യ എന്നിവര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നേതാക്കളായിരുന്നു.
പ്രാദേശികപാര്‍ട്ടികളുടെ ആധിപത്യം വന്നതോടെയാണ് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ക്ഷയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ച കോണ്‍ഗ്രസ്, ബി.ജെ.പി, തെലുഗുദേശം പാര്‍ട്ടി എന്നിവയോട് ഏറ്റമുട്ടി രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥിയാണ് ബാബുറാവു.
കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്. തെലുഗുദേശം പാര്‍ട്ടിക്കാണ് സ്വാധീനമെങ്കിലും വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് ഇത്തവണ പ്രതീക്ഷയേറെയാണ്. വിജയവാഡ എം.പി.യായിരുന്ന തെലുഗുദേശം പാര്‍ട്ടിയിലെ ശ്രീനിവാസ് പാര്‍ട്ടിവിട്ട് അടുത്തിടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ശ്രീനിവാസാണ് ഇവിടെ മല്‍സരിക്കുന്നത്.
ബാബു റാവു സംസാരിക്കുന്നു
കഴിഞ്ഞതവണ ജനസേനാപാർട്ടി ഇത്തവണ കോൺഗ്രസ്
തിരഞ്ഞെടുപ്പിന് വലിയ ദേശീയപ്രധാന്യമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് മതേതരപാർട്ടികൾ കോൺഗ്രസ് ഉൾപ്പെടുന്ന ഇന്ത്യമുന്നണിയുടെ ഭാഗമായത്. ഭരണഘടനയ്ക്കും മതേതരത്വത്തിനും ഭീഷണിയായ ബി.ജെ.പി.യെ അധികാരത്തിൽനിന്ന് മാറ്റി നിർത്താനുള്ള പോരാട്ടമാണിത്
ആന്ധ്രയിൽ പ്രാദേശിക പാർട്ടികൾക്കാണല്ലോ ആധിപത്യം
വൈ.എസ്.ആർ. കോൺഗ്രസിനെയും തെലുഗുദേശം പാർട്ടിയെയും വിശ്വസിക്കാനാകില്ല. ടി.ഡി.പി. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി. ജഗൻമോഹൻ റെഡ്ഡിക്ക് മോദി അനുകൂലനിലപാടാണുള്ളത്. രണ്ടുകക്ഷികളിൽ ആരുജയിച്ചാലും മോദിക്കായിരിക്കും പിന്തുണ. ഇതേക്കുറിച്ചാണ് ജനങ്ങളെ ബോധവത്കരിക്കുന്നത്.
കോൺഗ്രസ് വേണ്ടത്ര പിന്തുണ നൽകുന്നില്ലേ
ദേശീയപ്രധാന്യം മനസ്സിലാക്കിയാണ് കോൺഗ്രസിനോട് സഹകരിക്കുന്നത്. ആന്ധ്രയിലെ 99 ശതമാനം ജനങ്ങളും ബി.ജെ.പി.യെ തള്ളിയതാണ്. കോൺഗ്രസ് മതേതരപാർട്ടികളുടെ വിശ്യാസ്യത നേടിയെടുക്കണം. ശക്തമായതും ഉറച്ച നിലപാടുമാണ് ആവശ്യം
കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലാണ് മത്സരം
കേരളത്തിലെ സാഹചര്യം അതാണ്. ഇരുപാർട്ടികളും ഇന്ത്യമുന്നണിയുടെ ഭാഗമാണ്. ബി.ജെ.പി.യെ മാറ്റിനിർത്തുന്നതിൽ കേരളം കാണിക്കുന്ന മാതൃകയിൽ സന്തോഷമുണ്ട്. കേരളത്തിലെ മത്സരം ഇന്ത്യമുന്നണിയിലെ കെട്ടുറപ്പിനെ ബാധിക്കില്ല. ജനാധിപത്യം നിലനിർത്താൻ ഇന്ത്യമുന്നണിയുടെ വിജയം അനിവാര്യമാണ്.
Content Highlights: will cpm emerge victorious in vijayawada central
Published: 11 May 2024, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented