തീർത്തും എഴുതിത്തള്ളപ്പെട്ട അവസ്ഥയിൽ നിന്നുള്ള അത്ഭുതകരമായ തിരിച്ചുവരവാണ് ആന്ധ്രയിൽ ചന്ദ്രബാബു നായിഡു നടത്തിയത്. അവിശ്വസനീയമായ ഉയർത്തെഴുന്നേൽപ്പ്. നായിഡു തിരിച്ചുവന്നപ്പോൾ തീർത്തും വേരറ്റുപോയ അവസ്ഥയിലായി ജഗൻ മോഹൻ റെഡ്ഡിയുടെ അവസ്ഥ. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒറ്റയ്ക്കായിരുന്നു ജഗൻമോഹൻ റെഡ്ഡിയുടെ പോരാട്ടം. മുഖ്യ എതിരാളി ചന്ദ്രബാബു നായിഡു സംസ്ഥാനം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ സൂപ്പര്‍താരം പവന്‍ കല്യാണിന്റെ ജനസേനയേയും കേന്ദ്രത്തില്‍ ഭരണമുണ്ടായിരുന്ന ബി.ജെ.പിയേയും ഒപ്പംകൂട്ടി. നിർണായക ഘട്ടങ്ങളിൽ മോദി സർക്കാരിന് പുറത്ത് നിന്ന് പിന്തുണ കൊടുക്കുന്നത്  ജഗനായിരന്നു. ഈ സമയത്താണ് ബി.ജെ.പി, ടി.ഡി.പിയുമായി കൈകോര്‍ത്തത്. ഇതിനിടെ കൂനിന്മേല്‍ കുരുവായാണ് സ്വന്തം സഹോദരി വൈ.എസ്. ശർമിള കോൺഗ്രസ് കൊടിയിൽ ജഗനെതിരെ പടനയിച്ച് യുദ്ധപ്രഖ്യാപനം നടത്തി രംഗത്ത് വന്നത്. എന്നാൽ, ഫലം വന്നപ്പോൾ ജഗൻ വേരോടെ വീണു. ശർമിളയ്ക്ക് നിലംതൊടാനുമായില്ല. സഖ്യബലത്തിൽ സകലരെയും ഞെട്ടിച്ച് ചന്ദ്രബാബു നായിഡു ഒന്നുമില്ലായ്മയിൽ നിന്ന് ഒന്നാമനായി അധികാരം പിടിക്കുകയും ചെയ്തു.

To advertise here,

2014-ലാണ് ആന്ധ്രപ്രദേശ് വിഭജിച്ച്  ആന്ധ്രയും തെലങ്കാനയും രൂപത്കരിച്ചത്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടന്ന്. 175 നിയമസഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 2014-ല്‍ 102 സീറ്റുകള്‍ നേടി ചന്ദ്രബാബു നായിഡു സംസ്ഥാന മുഖ്യമന്ത്രിയായി. അന്ന് ജഗന്റെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേടിയത് 67 സീറ്റുകള്‍. 25 ലോക്‌സഭാ സീറ്റുകളില്‍ പതിനഞ്ചും നേടിയത് ടി.ഡി.പി. ജഗന് എട്ട്. അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം ചന്ദ്രബാബു നായിഡുവിനെ നിഷ്പ്രഭമാക്കിയാണ് ജഗന്‍ മുഖ്യമന്ത്രിയായത്. ടി.ഡി.പിക്ക് അന്ന് ലഭിച്ചത് 23 സീറ്റുകള്‍ മാത്രം. 151 സീറ്റുകളോടെ ജഗന്‍ മുഖ്യമന്ത്രി. അത്തവണ ലോക്‌സഭയിലെ 25-ല്‍ 23 സീറ്റും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേടി. മുന്നു സീറ്റില്‍ ടി.ഡി.പി. ഒതുങ്ങി.

അത്തവണ വിഭജനംകൊണ്ട് ശോഷിച്ച ആന്ധ്രയില്‍ ജനങ്ങള്‍ ചന്ദ്രബാബു നായിഡുവില്‍ രക്ഷകനെ കണ്ടു. വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതും അഴിമതി ആരോപണങ്ങളും കാപ്പു സമുദായത്തിന് നല്‍കിയ സംവരണത്തിലെ പാളിച്ചകളും നായിഡുവിന് തിരിച്ചടിയായി. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍, തങ്ങളുടെ എക്കാലത്തേയും മികച്ച മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകന്‍, ജഗന്‍ മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയായി വിഭജിത ആന്ധ്രയിലെ ജനങ്ങള്‍ തിരഞ്ഞെടുത്തു.

അഞ്ചുവര്‍ഷത്തിനിപ്പുറം വലിയ ഭരണവിരുദ്ധ വികാരമാണ് ജഗനെതിരെ ഫലത്തില്‍ പ്രതിഫലിക്കുന്നത്. തികച്ചും പ്രാദേശിക പ്രശ്‌നങ്ങളായിരുന്നു തിരഞ്ഞെടുപ്പിലെ ചര്‍ച്ച. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ പത്തോളം നേതാക്കള്‍ തിരഞ്ഞെടുപ്പിന് മുമ്പേ ജഗനെ ഉപേക്ഷിച്ചു. ഇത്തവണ അധികാരം കിട്ടിയില്ലെങ്കില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമാവുമെന്ന തിരിച്ചറിവ് ജഗനെതിരെ പല്ലും നഖവും മൂര്‍ച്ഛപ്പെടുത്തി രംഗത്തിറങ്ങാന്‍ ചന്ദ്രബാബു നായിഡുവിനേയും പ്രേരിപ്പിച്ചു.

'ഒറ്റയ്ക്കാടാ ജഗന്‍...'

തിരഞ്ഞെടുപ്പിനെ ജഗന്‍ ഒറ്റയ്ക്ക് നേരിട്ടപ്പോള്‍ ചന്ദ്രബാബു നായിഡു വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. പവന്‍ കല്യാണിന്റെ പാര്‍ട്ടിക്ക് 21 സീറ്റുകള്‍ നല്‍കി. ബി.ജെ.പിക്ക് പത്തും. 25 ലോക്‌സഭാ സീറ്റില്‍ 17 ഇടത്ത് ടി.ഡി.പി. മത്സരിച്ചു. ആറിടത്ത് ബി.ജെ.പിയും രണ്ടിടത്ത് ജനസേനയും. ഒറ്റയ്ക്കുനിന്നാല്‍ ഒന്നും നേടാന്‍ കഴിയാത്ത ബി.ജെ.പിക്ക് ആന്ധ്രയിലെ ഏത് നേട്ടവും ലോട്ടറിയാണ്. തെക്കേ ഇന്ത്യയിലേക്കുള്ള കടന്നുകയറ്റത്തിനുള്ള ഗ്രാന്‍ഡ് പ്ലാനിന്റെ തുടക്കവും.

താനും തന്റെ കുടുംബവും ചേര്‍ന്ന് നിലംപരിശാക്കിയ കോണ്‍ഗ്രസിനെ കൈ പിടിച്ചുയര്‍ത്താനാണ് വൈ.എസ്. ശര്‍മിള നേരിട്ടിറങ്ങിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഡി.കെ. ശിവകുമാറിന്റെ കാര്‍മികത്വത്തില്‍ ശര്‍മിളയെ കോണ്‍ഗ്രസില്‍ എത്തിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. അവരുടേയും പദ്ധതി ഹൃസ്വകാലത്തേക്കുള്ളതാവില്ല. ഇന്ത്യ സഖ്യമായി സി.പി.ഐക്കും സി.പി.എമ്മിനുമൊപ്പമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. 159 നിയമസഭാ സീറ്റിലേക്ക് മത്സരിച്ചപ്പോള്‍ ഇടതുപാര്‍ട്ടികള്‍ക്ക് എട്ടുസീറ്റ് വീതം നല്‍കി. ലോക്‌സഭയില്‍ ഇരുപാര്‍ട്ടികള്‍ക്കും ഓരോ സീറ്റും. പത്തുവര്‍ഷം അച്ഛന്‍ രാജശേഖര റെഡ്ഡിയുടെ തട്ടകമായിരുന്ന കടപ്പയില്‍ ലോക്‌സഭയിലേക്ക് ശര്‍മിള തന്നെ പരീക്ഷണത്തിനിറങ്ങി. എവിടേയും വിജയത്തോട് അടുക്കാന്‍ പോലുമായില്ല.

പിഴച്ചതെവിടെ?

നവരത്‌നലു എന്ന പേരിലെ ക്ഷേമപദ്ധതികള്‍ സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു. എന്നാല്‍, അതുമാത്രം പോരായിരുന്നു ജഗന് വീണ്ടും ജനങ്ങളുടെ വിശ്വാസം ജയിക്കാന്‍. രക്ഷനായി കണ്ട നായിഡുവിന് സാധിക്കാത്തത് ജഗന്‍ നടപ്പാക്കുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍, അടിസ്ഥാന സൗകര്യ വികസനമില്ലായ്മയടക്കം ജഗനെതിരായും പ്രതിഫലിച്ചു. വൈദ്യുതി- കുടിവെള്ള പ്രതിസന്ധി, കൂടിയ വൈദ്യുതി നിരക്കുകള്‍, വിലക്കയറ്റം എന്നിവയും ജഗന് എതിരായി. ജോലി വാഗ്ദാനം നടപ്പാക്കാതിരുന്നതും അതുവഴി കൂടിയ തൊഴിലില്ലായ്മയും വലിയ തോതില്‍ ജനവികാരം ഇളക്കി. പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേയുടെ 2022- 23 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയില്‍ മൂന്നാമതായിരുന്നു ആന്ധ്ര.

2014-ല്‍ നായിഡുവിനേയും 2019-ല്‍ ജഗനേയും അനുകൂലിച്ച കാപ്പു സമുദായം ഇത്തവണയും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി. കാപ്പു സമുദായാംഗമാണ് പവന്‍ കല്യാണ്‍. കാപ്പു സമുദായത്തിലെ ഒരു വിഭാഗത്തിന് നായിഡു നല്‍കി സംവരണം ജഗന്‍ എടുത്തുകളഞ്ഞത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് കരുതുന്നത്. സംവരണം എടുത്തുകളഞ്ഞതിലെ അതൃപ്തി മറികടക്കാന്‍ ജഗന്‍ കൊണ്ടുവന്ന ക്ഷേമ പൊടിക്കൈ ഫലവത്തായില്ലെന്ന് വേണം കരുതാന്‍.

ഇതിനൊക്കെ പുറമേയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രതിസന്ധികള്‍ ജഗന് തിരിച്ചടിയായത്. വിരുദ്ധവികാരം പരിഗണിച്ച് 14 സിറ്റിങ് എം.പിമാര്‍ക്ക് സീറ്റ് നിഷേധിച്ചു. 37 എം.എല്‍.എമാര്‍ക്കും മറ്റൊരു അവസരം നല്‍കിയില്ല. ഇതുകൂടാതെ നിരവധി എം.എല്‍.എമാരെ മാറ്റി പരീക്ഷിക്കുകയുംചെയ്തു. ഇത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ അതൃപ്തികള്‍ക്കിടയാക്കി.

സഹതാപതരംഗം

മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പായി എന്‍. ചന്ദ്രബാബു നായിഡുവിനെ ജഗന്‍ അറസ്റ്റുചെയ്തത് അദ്ദേഹത്തിന് അനുകൂലമായ സഹതാപതരംഗമുണ്ടാക്കിയെന്നു വേണം കരുതാന്‍. നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ അകത്തായ നായിഡു രണ്ടുമാസത്തോളം ജയിലില്‍ കിടന്നു. 371 കോടി രൂപയുടെ അഴിമതി ആരോപണമായിരുന്നു നായിഡുവിനെതിരെ ഉയര്‍ന്നത്.

നായിഡുവിന്റെ അറസ്റ്റിന് പിന്നാലെ പുറത്തുവന്ന ആദ്യ രാഷ്ട്രീയ പ്രതികരണം ബി.ജെ.പിയുടേതായിരുന്നു. ഭാവിയില്‍ മുന്നണി രൂപവത്കരണം എളുപ്പമാക്കാന്‍ കൂടെ ലക്ഷ്യമിട്ടായിരുന്നു അന്നത്തെ ബി.ജെ.പിയുടെ രോഷപ്രകടനം. പിന്നാലെ പവനും ജഗനെതിരെ രംഗത്തെത്തി. അന്ന് കരയ്ക്കിരുന്ന് കാണാം എന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്. രണ്ടുമാസത്തിന് ശേഷം ജയില്‍മോചിതനായ നായിഡുവിന് സ്വന്തം സംസ്ഥാനത്ത് മാത്രമല്ല, ടി.ഡി.പി. മത്സരിക്കാതിരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ പോലും വീരപരിവേഷം ലഭിച്ചു.

തലസ്ഥാനവിവാദം

വിഭജനത്തിലുണ്ടാക്കിയ ധാരണപ്രകാരം പത്തുവര്‍ഷത്തേക്ക് ഹൈദരാബാദാണ് തെലങ്കാനയുടേയും ആന്ധ്രയുടേയും തലസ്ഥാനം. ഈ കാലാവധി ജൂണില്‍ അവസാനിക്കും. ആദ്യ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു 50,000 ഏക്കറിലെ അമരാവതി തലസ്ഥാന നഗരി. എന്നാല്‍, പിന്നീട് അധികാരത്തിലെത്തിയ ജഗന്‍ പദ്ധതി ഉപേക്ഷിച്ചു. വിശാഖപട്ടണം എക്‌സിക്യൂട്ടീവ് തലസ്ഥാനവും അമരാവതി ലെജിസ്ലേറ്റീവ് തലസ്ഥാനവും കര്‍ന്നൂല്‍ ജുഡീഷ്യല്‍ തലസ്ഥാനമായും പ്രഖ്യാപിച്ചു. ഇതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരാം നേടിയെടുക്കാനാണ് ജഗന്‍ മോദി അനുകൂല നിലപാടുകള്‍ സ്വീകരിച്ചതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

തലസ്ഥാന നഗരി അമരാവതിയില്‍നിന്ന് മാറ്റുന്നതിനെതിരായ സമരം 1,600 ദിവസവും പിന്നിട്ട് മുന്നോട്ടുപോവുകയാണ്. 34,000 ഏക്കര്‍ സ്ഥലമാണ് കര്‍ഷകര്‍ പദ്ധതിക്കുവേണ്ടി വിട്ടുനല്‍കിയത്.  ഏറ്റെടുക്കല്‍ നടപടികള്‍ പാതിവഴിയിലാണ്. നഷ്ടപരിഹാരം മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ല. ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ പലതും ജഗന്‍ സര്‍ക്കാര്‍ റദ്ദാക്കി. കൃഷി നടത്താതെ പാടങ്ങള്‍ നശിച്ചു. ഏറ്റെടുത്ത സ്ഥലം കര്‍ഷകര്‍ക്ക് വിട്ടുനല്‍കാമെന്നായിരുന്നു ജഗന്റെ വാഗ്ദാനം. എന്നാല്‍, അമരാവതി തലസ്ഥാനമായി നിലനിര്‍ത്തും എന്ന് വാഗ്ദാനംചെയ്താണ് ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പിനെ നേരിട്ടത്.

യാത്രകള്‍

പദയാത്രകള്‍ക്ക് പേരുകേട്ടതാണ് ആന്ധ്രാപ്രദേശ് രാഷ്ട്രീയം. 2003-ല്‍ ആന്ധ്രയിലെ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്ര വൈ.എസ്. രാജശേഖര റെഡ്ഡിയെ മുഖ്യമന്ത്രി പദത്തില്‍ എത്തിച്ചു. അച്ഛന്റെ വഴിയേ 341 ദിവസംകൊണ്ട് 3648 കിലോമീറ്റര്‍ നടന്ന ജഗനും 2019-ല്‍ മുഖ്യമന്ത്രിയായി. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടന്ന ചന്ദ്രബാബു നായിഡുവും അതേവര്‍ഷം മുഖ്യമന്ത്രിയായി.

ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു യാത്രകളാണ് ആന്ധ്രാ രാഷ്ട്രീയം കണ്ടത്. സിദ്ധം എന്ന പേരില്‍ ജഗന്റെ ബസ് യാത്രയായിരുന്നു അതിലൊന്ന്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യാത്ര. 74-ാം വയസ്സില്‍ തന്റെ ഭര്‍ത്താവിനെ ജയിലിലിട്ട ജഗനെതിരെ ഭുവനേശ്വരി കഴിഞ്ഞവര്‍ഷം പ്രചാരണയാത്രയുമായി രംഗത്തെത്തി. നിജം ഗെലവാലി (സത്യം വിജയിക്കണം) എന്ന പേരിലായിരുന്നു യാത്ര. അരനൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ആദ്യമായാണ്, മുന്‍മുഖ്യമന്ത്രിയും തെലുങ്കുസിനിമയിലെ നിത്യഹരിത നായകനുമായിരുന്ന എന്‍.ടി. രാമാ റാവുവിന്റെ മകളുമായ, നായിഡുവിന്റെ ഭാര്യ ഭുവനേശ്വരി നായിഡു ചന്ദ്രബാബു നായിഡുവിനുവേണ്ടി പരസ്യമായി രംഗത്തിറങ്ങുന്നത്.