
ഭരണകക്ഷിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസും തെലുങ്കുദേശം- ജനസേന- ബി.ജെ.പി. പ്രതിപക്ഷസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ആന്ധ്രപ്രദേശില്‍ പോളിങ് തിങ്കളാഴ്ച അവസാനിച്ചു. ഇരുഭാഗത്തിനും പുറമേ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇവിടെ ജനവിധി തേടി. 25 ലോക്‌സഭാ സീറ്റിന് പുറമേ 175 നിയമസഭാ സീറ്റിലും തിങ്കളാഴ്ച പോളിങ് നടന്നു. 68.2 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
2019-ലെ തിരഞ്ഞെടുപ്പില്‍ 151 നിയമസഭാ സീറ്റും 22 ലോക്‌സഭാ സീറ്റും നേടി വലിയ വിജയം വൈ.എസ്.ആര്‍. കോണ്‍ഗ്രസ് കൈവരിച്ചിരുന്നു. എന്നാല്‍, അന്നത്തെ സാഹചര്യമല്ല ഇന്നെന്നാണ് വിലയിരുത്തല്‍. സാമൂഹികക്ഷേമത്തില്‍ ഊന്നിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും വലിയ ഭരണവിരുദ്ധവികാരം ജഗന് എതിരായുണ്ട്. തൊഴിലില്ലായ്മയും തലസ്ഥാനമാറ്റ നീക്കവും ജഗന്റെ ജനപ്രീതിയില്‍ ഇടിവുവരുത്തിയെന്നാണ് വിലയിരുത്തല്‍.
തുടക്കത്തില്‍ ജെ.എസ്.പി- ടി.ഡി.പി. സഖ്യത്തില്‍ ചേരാന്‍ ബി.ജെ.പി. വിമുഖത കാണിച്ചിരുന്നു. എന്‍.ഡി.എയില്‍ ചേര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ചന്ദ്രബാബു നായിഡു. എന്നാല്‍, ദക്ഷിണേന്ത്യയിലേക്കുള്ള കടന്നുകയറ്റം ടി.ഡി.പിക്കൊപ്പം ചേര്‍ന്ന് സുഗമമാക്കാം എന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക്.
നോട്ടയേക്കാള്‍ കുറവ് വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബി.ജെ.പിക്കും സംസ്ഥാനത്ത് ലഭിച്ചത്. ശക്തികേന്ദ്രമായിരുന്ന സംസ്ഥാനം വൈ.എസ്.ആറിന്റെ മരണത്തേയും പിന്നാലെയുണ്ടായ വിഭജനത്തേയും തുടര്‍ന്ന് കോണ്‍ഗ്രസിന്റെ കൈയില്‍നിന്ന് വഴുതിപ്പോവുകയായിരുന്നു. വൈ.എസ്.ആറിന്റെ പാരമ്പര്യം തിരികെ അവകാശപ്പെടാനൊരുങ്ങിയാണ് വൈ.എസ്. ശര്‍മിളയെ കോണ്‍ഗ്രസ് തിരിച്ചെത്തിച്ചത്. കടപ്പയില്‍ ജനവിധി തേടുന്ന ഇവര്‍, വൈ.എസ്.ആറിന്റെ സഹോദരന്‍ വിവേകാനന്ദ റെഡ്ഡിയുടെ കൊലക്കേസില്‍ കുറ്റാരോപിതനായ അവിനാഷ് റെഡ്ഡിയേയാണ് നേരിടുന്നത്.
2019-ലെ തിരഞ്ഞെടുപ്പിന് മുമ്പാണ് കടപ്പയിലെ സിറ്റിങ് എം.പിയായ വിവേകാനന്ദ റെഡ്ഡി കൊല്ലപ്പെടുന്നത്. മഴുകൊണ്ട് വെട്ടേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അത്തവണ അവിനാഷ് അവിടെ ജയിച്ചെങ്കിലും, കൊലപാതകം ഇത്തവണയും കടപ്പയില്‍ വൈകാരികമായ തിരഞ്ഞെടുപ്പ് വിഷയമാണ്. കടപ്പ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴ് മണ്ഡലങ്ങളിലൊന്നായ പുലിവെണ്ടുലയില്‍ ജഗന്‍ നിയമസഭയിലേക്ക് ജനവിധി തേടുന്നുണ്ട്. സഹോദരപ്പോരില്‍ വൈ.എസ്.ആറിന്റെ ഭാര്യ വൈ.എസ്. വിജയമ്മയുടെ പിന്തുണ മകള്‍ ശര്‍മിളയ്ക്കാണ്. പിന്തുണച്ച് അവര്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് വലിയ മുന്നേറ്റം നേടുമെന്നൊന്നും പ്രവചിക്കപ്പെടുന്നില്ലെങ്കിലും, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ കൂടുതലായി പിടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ടി.ഡി.പി- ജെ.എസ്.പി- ബി.ജെ.പി. സഖ്യത്തിന്റെ വോട്ടുകളില്‍ വിള്ളല്‍വീഴ്ത്തിയേക്കും.
കോണ്‍ഗ്രസിനോട് സംസ്ഥാനം കാണിക്കുന്ന അതേ വിപ്രതിപത്തി മറ്റൊരു ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയോടും ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്. ടി.ഡി.പിയുമായി ചേര്‍ന്നപ്പോള്‍ മാത്രമാണ് ബി.ജെ.പിക്ക് ഇവിടെ വിജയം നേടാനായത്. 1999-ല്‍ ടി.ഡി.പിക്കൊപ്പം ചേര്‍ന്ന് ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ജയിച്ചു. 2004-ലും 2009-ലും സഖ്യമുണ്ടായിരുന്നില്ല. 2014-ല്‍ വീണ്ടും ടി.ഡി.പിക്കൊപ്പം ചേര്‍ന്ന് രണ്ട് സീറ്റുകള്‍. 2018-ല്‍ നായിഡു സഖ്യം വിട്ടതിന് പിന്നാലെ 2019-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നോട്ടയേക്കാള്‍ കുറവ് വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.
ഇത്തവണ ആറ് ലോക്‌സഭാ സീറ്റിലും പത്ത് നിയമസഭാ സീറ്റിലുമാണ് ബി.ജെ.പി. സഖ്യത്തില്‍ മത്സരിച്ചത്. വൈ.എസ്.ആര്‍. കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളുടെ ഏകീകരണം ഉണ്ടാവുകയും അത് സഖ്യത്തിന് ലഭിക്കുകയും വഴി തങ്ങള്‍ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്നു. എന്നാല്‍, പരമ്പരാഗത ടി.ഡി.പി. വോട്ടുകള്‍ ബി.ജെ.പിയിലേക്ക് എത്തുമോയെന്ന് കാത്തിരുന്ന് കാണണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധത തലവേദനയാകുമെന്ന ഭയം ടി.ഡി.പിക്കുണ്ട്. പത്ത് ശതമാനത്തോളം മുസ്ലിം ജനസംഖ്യയും രണ്ടുശതമാനത്തോളം ക്രിസ്ത്യന്‍ വോട്ടര്‍മാരുമുള്ള സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമാണ്. ഇതില്‍ ഒരുവിഭാഗം നിലവില്‍തന്നെ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനൊപ്പമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്ലിം ന്യൂനപക്ഷവിരുദ്ധ പ്രസംഗങ്ങള്‍ തിരിച്ചടിയാകുമെന്ന് ഭയക്കുമ്പോഴും സംവരണം അടക്കമുള്ള വാഗ്ദാനങ്ങളുമായാണ് നായിഡു വോട്ടുചോദിക്കുന്നത്.
ജനസംഖ്യയുടെ പത്തുശതമാനത്തോളം മാത്രംവരുന്ന റെഡ്ഡി- ഖമ്മ വിഭാഗങ്ങളാണ് യഥാക്രമം വൈ.എസ്.ആര്‍. കോണ്‍ഗ്രസ്- ടി.ഡി.പി. പര്‍ട്ടികളെ നിയന്ത്രിക്കുന്നത്. വടക്കന്‍ ആന്ധ്ര മേഖലയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളില്‍ കൂടുതലായി താമസിച്ചുവരുന്ന കാപ്പ് സമുദായവോട്ടുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. 15 ശതമാനത്തോളം വരുമിത്. 2014-ല്‍ സമുദായത്തിന്റെ സ്വാധീനമേഖലകളില്‍ ടി.ഡി.പിക്കായിരുന്നു നേട്ടം. എന്നാല്‍, 2019-ല്‍ ഇത് ജഗന് അനുകൂലമായി. ഇത്തവണയും കാപ്പ് സമുദായത്തിന്റെ വോട്ട് ഫലത്തെ സ്വാധീനിക്കും.
ടി.ഡി.പിയുടെ ഖമ്മവോട്ടുകള്‍ക്ക് പുറമേ, സമുദായാംഗമായ ജെ.എസ്.പിയുടെ പവന്‍ കല്യാണിലൂടെ കാപ്പ് വോട്ടുകള്‍ ഉറപ്പിക്കാമെന്നാണ് സഖ്യം കരുതുന്നത്. റെഡ്ഡി- ഖമ്മ സമുദായങ്ങളിലായി വിഭജിക്കപ്പെട്ട് കിടക്കുന്ന സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളില്‍ ഒരാള്‍ മുഖ്യമന്ത്രിയാവണമെന്നത് കാപ്പ് സമുദായത്തിന്റെ കാലങ്ങളായുള്ള അഭിലാഷമാണ്. ഭൂരിപക്ഷസമുദായമെങ്കിലും ചില ഉപവിഭാഗങ്ങള്‍ ഒ.ബി.സിയില്‍പ്പെടുന്നവരാണ്. ഇതിന്റെ തുടര്‍ച്ചയായി കാപ്പ് വിഭാഗത്തില്‍തന്നെ ഭൂരിപക്ഷ ഉപവിഭാഗം പിന്നാക്ക സംവരണത്തിനായി ആവശ്യമുന്നയിക്കുന്നുണ്ട്. 2014-ല്‍ സംവരണം വാഗ്ദാനംചെയ്ത് ഭരണത്തിലെത്തിയ നായിഡു വാക്കുപാലിച്ചെങ്കിലും അധികാരത്തിലെത്തിയതിന് പിന്നാലെ ജഗന്‍ അത് റദ്ദാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ക്വോട്ടയില്‍ അഞ്ചുശതമാനം സംവരണമായിരുന്നു നായിഡു നടപ്പാക്കിയത്. എന്നാല്‍, ഇത് ജാതി അടിസ്ഥാനത്തില്‍ നല്‍കുന്ന സംവരണം അല്ലെന്നും സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കിയായിരുന്നു ജഗന്‍ റദ്ദാക്കിയത്. എന്നാല്‍, കാപ്പ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ മറ്റ് വലിയ സാമൂഹികക്ഷേമ പദ്ധതികള്‍ ജഗന്‍ നടപ്പാക്കിയിരുന്നു.
പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ 2022- 23 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയില്‍ മൂന്നാമതായിരുന്നു ആന്ധ്ര. ഇത് ജഗന്‍ സര്‍ക്കാരിന് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. നഗര- യുവ വോട്ടര്‍മാര്‍ക്കിടയില്‍ ഇത് വലിയ ഭരണവിരുദ്ധവികാരത്തിന് കാരണമാവുന്നെന്നാണ് വിലയിരുത്തല്‍.
ജഗന്‍ സര്‍ക്കാരിന് തിരിച്ചടിയാവുന്ന മറ്റൊരു വിവാദം തലസ്ഥാനമാറ്റത്തെ ചൊല്ലിയുള്ളതാണ്. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി നിശ്ചയിച്ചിരുന്നു. ലോകോത്തര തലസ്ഥാന നഗരമായി അമരാവതിയെ മാറ്റാന്‍ വലിയ പദ്ധതികള്‍ നായിഡു പ്രഖ്യാപിച്ചു. നഗരത്തോട് ചേര്‍ന്ന് പല ഗ്രാമങ്ങളില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ അടക്കം ആരംഭിച്ചിരുന്നു. എന്നാല്‍, ജഗന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അമരാവതിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. മൂന്ന് നഗരങ്ങളിലെ സംസ്ഥാനത്തിന്റെ തലസ്ഥാനമാക്കാനുള്ള നിര്‍ദേശവും ജഗന്‍ മുന്നോട്ടുവെച്ചു. അമരാവതിയെ നിയമനിര്‍മാണതലസ്ഥാനവും വിശാഖപട്ടണത്തെ ഭരണനിര്‍വഹണതലസ്ഥാനവും കര്‍ണൂലിനെ നീതിന്യായതലസ്ഥാനവുമാക്കുമെന്നാണ് ജഗന്റെ പ്രഖ്യാപനം.
എന്നാല്‍, അമരാവതിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കേണ്ടിവന്ന കര്‍ഷകര്‍ക്കിടയില്‍ ഇത് വലിയ എതിര്‍പ്പിന് കാരണമായി. അമരാവതിയിലും പരിസരത്തും വലിയ വികസനം പ്രതീക്ഷിച്ചവരുടേയും നീരസത്തിന് ഇത് കാരണമായി. വീണ്ടും മുഖ്യമന്ത്രിയാവുന്ന താന്‍ വിശാഖപട്ടണത്തുനിന്ന് സത്യപ്രതിജ്ഞചെയ്യുമെന്ന പ്രഖ്യാപനവും സ്ഥിതി കൂടുതല്‍ വഷളാക്കി.
Content Highlights: From Capital Row to Caste Dynamics: The Deciding Factors in Andhra Pradesh
Published: 13 May 2024, 09:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented