ലഖ്‌നൗ: ലോക്​സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി. രാജ്യം മുഴുവൻ ഉറ്റുനോക്കിയ പോരാട്ടത്തിൽ അരലക്ഷത്തിലധികം വോട്ടിന് പിന്നിലാണ് കേന്ദ്രമന്ത്രി കൂടിയായ സ്മൃതി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോര്‍ ലാല്‍ ആണ് ലീഡ് ചെയ്യുന്നത്. ബി.എസ്.പിയുടെ നാനെ സിങ് ചൗഹാനാണ് മൂന്നാം സ്ഥാനത്തുള്ളത്. 

To advertise here,

അമേഠിയിലെ സിറ്റിങ് എംപി കൂടിയാണ് സ്മൃതി ഇറാനി. 2019 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചായിരുന്നു സ്മൃതി സീറ്റ് പിടിച്ചത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 4.13 ലക്ഷം വോട്ടായിരുന്നു ആ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേടിയത്.

1981മുതല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ച മണ്ഡലമായിരുന്നു അമേഠി. സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും മാറി മാറി മത്സരിച്ച അമേത്തിയിൽ 1998ലാണ് ആദ്യമായി ഒരു ബിജെപി സ്ഥാനാര്‍ഥി വിജയിച്ചത്. പിന്നീട് 1999ല്‍ നടന്ന തിരഞ്ഞെടുപ്പ് മുതല്‍ അമേഠിയില്‍ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തുകയായിരുന്നു. 2014ലെ ബിജെപി തരംഗത്തില്‍ പോലും അമേഠി കോണ്‍ഗ്രസിനെ കൈവിട്ടില്ല. 2014ല്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാല്‍ 2019ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി വീണ്ടും അമേഠിയുടെ എംപിയായി. മണ്ഡലം വീണ്ടും കോണ്‍ഗ്രസിന്‍റെ കൈപിടിക്കുമെന്ന  തരത്തിലാണ് നിലവിലെ ഫലസൂചനകള്‍.