തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ യോഗേന്ദ്ര യാദവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ഇത്തവണ നടത്തിയ പ്രവചനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലുടനീളം ചര്‍ച്ചയായിരുന്നു.

To advertise here,

ബി.ജെ.പി. കേവല ഭൂരിപക്ഷം നേടില്ലെന്ന് യോഗേന്ദ്ര യാദവ് തറപ്പിച്ചുപറയുമ്പോള്‍ ബി.ജെ.പി. 2019-ലെ 303 സീറ്റ് എന്ന തത്സ്ഥിതി തുടരുമെന്ന് ഉറപ്പിച്ചുപറയുകയാണ് പ്രശാന്ത് കിഷോര്‍. ഒരുപക്ഷേ, ബി.ജെ.പി.യുടെ സീറ്റുനില 320 വരെ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം വാദിക്കുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്തെ നിര്‍ണായകമണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരും പ്രമുഖ വ്യക്തികളുമായി സംസാരിച്ചാണ് യോഗേന്ദ്ര യാദവ് തന്റെ കണക്കിലെത്തിയത്.

തിരഞ്ഞെടുപ്പ് രംഗത്ത് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച തന്റെ അനുഭവസമ്പത്താണ് പ്രശാന്ത് കിഷോറിന്റെ മുതല്‍ക്കൂട്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് മോദിയെ തോല്‍പ്പിക്കാന്‍ പ്രയാസമില്ല എന്നു വാദിച്ചിരുന്ന പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ദിശ മാറ്റിയത് പലര്‍ക്കും സംശയത്തിനിടയാക്കി. ഇതിനിടെയാണ് യോഗേന്ദ്ര യാദവ് തന്റെ മണ്ഡലസന്ദര്‍ശനത്തിലൂടെ മറ്റൊരു പ്രവചനവുമായി രംഗത്തുവരുന്നത്.

യോഗേന്ദ്ര യാദവ്

•ബി.ജെ.പി.യുടെ സീറ്റുനില കഴിഞ്ഞതവണ കിട്ടിയ 303-ന് അടുത്തെത്തില്ല. ഭൂരിപക്ഷത്തിനു വേണ്ട 272 കിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ 250 സീറ്റില്‍ കൂടുതല്‍ കിട്ടാന്‍ സാധ്യതയില്ല. ഒരുപക്ഷേ, 230 സീറ്റിലും താഴേക്കു പോയേക്കാം.

•പണമൊഴുക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തിട്ടും 300 സീറ്റിനു താഴെ പോയാല്‍ അത് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ധാര്‍മികപരാജയമാണ്. 272-ല്‍ കുറഞ്ഞാല്‍ രാഷ്ട്രീയ പരാജയം. 250-ല്‍ കുറഞ്ഞാല്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പരാജയമാവും.

•മോദിതരംഗം എങ്ങും ദൃശ്യമല്ല. ആറിലൊന്ന് ബി.ജെ.പി. വോട്ടര്‍മാര്‍ ഇക്കുറി ബി.ജെ.പി.ക്ക് വോട്ടുചെയ്യില്ല. ന്യൂനപക്ഷ വിദ്വേഷം അന്തരീക്ഷത്തിലുണ്ടെങ്കിലും വര്‍ഗീയസംഘര്‍ഷങ്ങള്‍ കാരണം നിത്യജീവിതം അപകടത്തിലാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല.

•മഹാരാഷ്ട്രയില്‍ 16-20 സീറ്റ് എന്‍.ഡി.എ.യ്ക്ക് കുറയും. കര്‍ണാടകത്തില്‍ 12 സീറ്റ് കുറയും. ഒഡിഷയില്‍ നാലു സീറ്റേ അധികം കിട്ടൂ. രാജസ്ഥാനില്‍ 8-10 സീറ്റിന്റെ കുറവുവരും.

•പ്രതിപക്ഷത്തിന് പൊതു കാര്യപരിപാടിയോ സര്‍വസമ്മത നേതാവോ ഇല്ല.

•രാഷ്ട്രീയകക്ഷികളല്ല, ജനങ്ങളാണ് തിരഞ്ഞെടുപ്പില്‍ പോരടിക്കുന്നത്.

•വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പിലെ വിഷയം. നരേന്ദ്രമോദി ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയെന്ന് വോട്ടര്‍മാര്‍ കരുതുന്നുണ്ടെങ്കിലും അതുകൊണ്ടു യഥാര്‍ഥ പ്രശ്‌നങ്ങള്‍ മൂടിവെക്കാനാവില്ല.

•സ്വേച്ഛാധിപത്യം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാണ്.

പ്രശാന്ത് കിഷോര്‍

•ബി.ജെ.പി. ഇത്തവണയും 300 സീറ്റ് കടക്കും. സീറ്റിന്റെ എണ്ണം 320 വരെ ഉയര്‍ന്നേക്കാം. ബി.ജെ.പി. 370-ഉം എന്‍.ഡി.എ. 400-ഉം സീറ്റ് കടക്കുമെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം ഒരിക്കലും സാധ്യമല്ല.

•ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളായ വടക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ കുറയുമെങ്കിലും അതത്ര ഹാനികരമാവില്ല. ഈ സംസ്ഥാനങ്ങളില്‍ നേരിടുന്ന കുറവ് തെക്ക്-കിഴക്ക് സംസ്ഥാനങ്ങളില്‍നിന്നു നേടുന്ന അധികസീറ്റുകളിലൂടെ പരിഹരിക്കപ്പെടും. ആ നിലയ്ക്ക് ചെറിയ നേട്ടത്തോടെ ബി.ജെ.പി. തത്സ്ഥിതി തുടരാനാണ് സാധ്യത.

•ബി.ജെ.പി. 2019-ല്‍ നേടിയ 303 സീറ്റുകളില്‍ 250-ഉം വന്നത് വടക്ക്-പടിഞ്ഞാറ് സംസ്ഥാനങ്ങളില്‍നിന്നാണ്. അതില്‍ ഇത്തവണ നേരിയ കുറവ് വന്നേക്കാം. കിഴക്ക്-തെക്ക് സംസ്ഥാനങ്ങളില്‍നിന്ന് നിലവില്‍ ബി.ജെ.പി.ക്ക് 50 സീറ്റുകള്‍ മാത്രമാണുള്ളത്. ഇത്തവണ ഈ സംസ്ഥാനങ്ങളില്‍ 15-20 സീറ്റുകള്‍ വരെ കൂടുതലായി നേടാനിടയുണ്ട്.

•ഏറ്റവും പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും വടക്ക്-പടിഞ്ഞാറ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് നഷ്ടപ്പെടുക അമ്പതില്‍ താഴെ സീറ്റുകളായിരിക്കും.

•പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് നിരാശയുണ്ടെങ്കിലും മോദിയെ മാറ്റിയേ തീരൂ എന്നൊരു വികാരം രാജ്യത്തു കാണാനില്ല.

•ഒന്നാം ഘട്ടത്തിനുശേഷം നരേന്ദ്ര മോദി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയത് തോല്‍വി ഭയന്നല്ല. പ്രചാരണത്തില്‍ സജീവമാവാത്ത ആര്‍.എസ്.എസ്.- ഹിന്ദുത്വ പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ ഉദ്ദേശിച്ചായിരുന്നു ആ പ്രസംഗങ്ങള്‍.