പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി മൂന്നാംതവണയും മത്സരിക്കുന്ന ഉത്തർപ്രദേശിലെ വാരാണസിയിൽ, മോദിയെ അനുകരിച്ച് പ്രസിദ്ധനായ ശ്യാം രംഗീല ശ്രദ്ധാകേന്ദ്രമാണിപ്പോൾ. രംഗീല ഉൾപ്പെടെ 36 പേർ ഇക്കുറി വാരാണസിയിൽ നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾ അംഗീകരിച്ചത് 15 പേരുടേതുമാത്രം. മോദി, കോൺഗ്രസ് എതിരാളിയും യു.പി. പ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ അജയ് റായി, ബി.എസ്.പി. സ്ഥാനാർഥി അഥർ അലി ലാരി എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. പത്രികാസമർപ്പണത്തിന് സമയമനുവദിക്കുന്നതിൽപോലും വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റ് കാലതാമസം വരുത്തിയെന്ന് രാജസ്ഥാനിലെ ഹനുമൻഗഢ് സ്വദേശിയായ ശ്യം രംഗീല ആരോപിക്കുന്നു.

To advertise here,

മോദിയെയും രാഹുൽഗാന്ധിയെയും മിമിക്രിയിലൂടെ അനുകരിച്ചാണ് ജനശ്രദ്ധനേടിയത്. 2017-ൽ ഒരു ടി.വി. ചാനലിലെ ‘ഗ്രേറ്റ് ഇന്ത്യൻ ലാഫ്റ്റർ ചലഞ്ചി’ലൂടെയാണ് ആദ്യ അനുകരണം. ഇതിലെ വീഡിയോ ആരോ ചോർത്തി പുറത്തെത്തിച്ചപ്പോൾ വൈറലായി. എന്നാൽ, മോദിയെ അനുകരിച്ചതിൽ പരിഹാസംതോന്നിയതിനാലാകണം, ചാനലധികൃതർ ഷോ സംപ്രേഷണംചെയ്തില്ല.

പത്തുവർഷംമുമ്പ് തികഞ്ഞ മോദിഭക്തനായിരുന്നു രംഗീല. പിന്നീടിങ്ങോട്ട് മോദിയുടെയും ബി.ജെ.പി.യുടെയും പല സമീപനങ്ങളിലും ജനാധിപത്യവിരുദ്ധത സംശയിക്കുന്നെന്നാണ് രംഗീല പറയുന്നത്.

സൂറത്തിൽ എതിരാളിയില്ലാതെ ബി.ജെ.പി. വിജയിച്ച നാടകം കണ്ടപ്പോഴാണ് ജനാധിപത്യസംരക്ഷണത്തിനായി പ്രതീകാത്മകമായി മത്സരിക്കാൻ തീരുമാനിച്ചതെന്ന് രംഗീല ‘മാതൃഭൂമി’യോട് പറഞ്ഞു.

 മോദിയെ താങ്കൾ ഇഷ്ടപ്പെടുന്നുണ്ടോ

തീർച്ചയായും ഇഷ്ടമുണ്ട്. സാമൂഹികമാധ്യമങ്ങളിലടക്കം ഇത്രയധികം ഫോളോവർമാരുള്ള നേതാക്കൾ വേറെയില്ലല്ലോ. രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ ഒരുപുത്രൻ തന്നെയാണ് ഞാനും. അദ്ദേഹത്തിന്റെ പ്രസംഗശൈലി ഇഷ്ടമുള്ളതിനാലാണല്ലോ ആളുകൾ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്.

എങ്കിൽ എന്തിന് അദ്ദേഹത്തെ എതിരിടണം

10 വർഷംമുമ്പ് അദ്ദേഹം ശരിനിലപാടിലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. പറയുന്നത് പ്രവൃത്തിയിലുമെത്തിക്കുമ്പോഴാണ് ജനപ്രിയത നിലനിർത്താനാവുക.

മോദിയാണോ രാഹുൽഗാന്ധിയാണോ കൂടുതൽ സത്യസന്ധതയുള്ള നേതാവ്

2014-ൽ മോദി നല്ലനേതാവായി തോന്നിയിരുന്നു. 10 വർഷം അദ്ദേഹം ഭരിച്ചുകഴിയുമ്പോൾ വേറെ നേതാക്കൾ നല്ലവരാണെന്ന് നമുക്കുതോന്നും. പ്രതിപക്ഷത്തിരിക്കുന്ന നേതാക്കൾ കൂടുതൽ ആത്മാർഥതയുള്ളവരാണെന്ന് തോന്നും. പക്ഷേ, അധികാരത്തിലെത്തിയാൽ എങ്ങനെയാവുമെന്ന് പറയാനാവില്ല. അതുകൊണ്ട് ഇപ്പോൾ താരതമ്യം സാധിക്കില്ല. ഞാൻ രണ്ടുപേരെയും ഇഷ്ടപ്പെടുന്നു. നേരത്തേ രാഹുലിനോട് അത്ര ഇഷ്ടംതോന്നിയിരുന്നില്ല. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല.