ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി കോണ്‍ഗ്രസ്-സമാജ്വാദി സഖ്യം. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 35 സീറ്റുകളില്‍ ബിജെപിയും 42 സീറ്റുകളില്‍ കോണ്‍ഗ്രസ്-സമാജ്വാദി സഖ്യവും മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യഘട്ട വോട്ടെണ്ണലില്‍ ബിജെപി ക്യാമ്പുകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് പ്രതികൂല ഫലസൂചനയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. അമേഠിയിലും ഉള്‍പ്പെടെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണ് കോണ്‍ഗ്രസ്-എസ്.പി സഖ്യം നല്‍കുന്നത്.
ഒരുവേള വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലായിരുന്നു. കോണ്‍ഗ്രസിന്റെ അജയ് റായ് ആയിരുന്നു മുന്നിട്ടുനിന്നിരുന്നത്. പിന്നീട് ലീഡ് നില മാറിമറിഞ്ഞു. അമേഠി മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയിൽ അട്ടിമറിച്ച സ്മൃതി ഇറാനിയും 10400 വോട്ടിന് പിന്നിലാണ്. മനേക ഗാന്ധി, ധര്‍മേന്ദ്ര കശ്യപ്, അസംഗഢില്‍ ദിനേഷ് ലാല്‍ യാദവ്, രാജേഷ് വര്‍മ, കമലേഷ് പസ്വാന്, ഹരിഷ് ദിവേദി, അജയ് കുമാര്‍ മിശ്ര തുടങ്ങിയ ബിജെപിയുടെ സിറ്റിങ് എംപിമാര്‍ പിന്നിലാണ്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി അരലക്ഷത്തില്‍പരം വോട്ടുകള്‍ക്കും കാനൗജില്‍ അഖിലേഷ് യാദവ് 35000 വോട്ടുകള്‍ക്കുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 64 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ബി.എസ്.പി 6, എസ്.പി 2, കോണ്‍ഗ്രസ് 2 എന്നിങ്ങനെയായിരുന്നു സീറ്റ്നില. 2014ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റുകളില്‍ 71 സീറ്റുകള്‍ പിടിച്ചെടുത്താണ് ബിജെപി സംസ്ഥാനത്ത് ശക്തിപ്രകടനം നടത്തിയത്. 2022ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി തരംഗമായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. 2024 ജനുവരിയില്‍ അയോധ്യക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തിക്കൊണ്ടായിരുന്നു ബിജെപി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അനൗദ്യോഗികമായി പ്രവേശിച്ചത്. തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിക്കൊണ്ട് ഇന്ത്യാ സഖ്യവും ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
Content Highlights: uttar pradesh loksabha election live update
Published: 04 Jun 2024, 10:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented