
ലഖ്‌നൗ: ഇന്ത്യയുടെ രാഷ്ട്രീയ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശ് അതിന്റെ നിര്‍ണായകമായ അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക് തിങ്കളാഴ്ച കടക്കുന്നു. രാജ്യമാകെ ഉറ്റുനോക്കുന്ന അമേഠി, റായ്ബറേലി, അയോധ്യ ക്ഷേത്രനഗരി ഉള്‍പ്പെടുന്ന ഫൈസബാദ് മണ്ഡലങ്ങളിലടക്കം ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.
രാജ്‌നാഥ് സിങും സ്മൃതി ഇറാനിയുമടക്കം അഞ്ച് കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പോരാട്ടത്തിനിറങ്ങുന്ന ഘട്ടം കൂടിയാണിത്.
മധ്യ- കിഴക്കന്‍ യു.പിയിലെയും ബുന്ദേല്‍ഖണ്ട് മേഖലയിലെയും പ്രമുഖ മണ്ഡലങ്ങളാണ് തിങ്കളാഴ്ച വിധിയെഴുതാനൊരുങ്ങുന്നത്. ഇതില്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയ ഗാന്ധിയെ വിജയിപ്പിച്ച റായ്ബറേലി ഒഴിച്ചുള്ളവയെല്ലാം 2019-ല്‍ പിടിച്ചെടുത്തത് ബി.ജെ.പിയാണ്. അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ അട്ടിമറി പരാജയമായിരുന്നു ഇതില്‍ പ്രധാനം. ഇത്തവണ അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരിലാല്‍ ശര്‍മയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. സ്മൃതി ഇറാനിയെ പോലൊരു വന്‍നേതാവിനെ എതിരിടാന്‍ കെ.എല്‍. ശര്‍മയെ ഇറക്കിയതില്‍ തുടക്കത്തില്‍ പലരും നെറ്റി ചുളിച്ചെങ്കിലും പ്രചരണം ഒരു ഘട്ടം പിന്നിട്ടപ്പോഴേക്കും അമേഠിയില്‍ മത്സരം കടുത്തു. കോണ്‍ഗ്രസ് നേതാവും രാഹുല്‍ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി അമേഠിയിലും റായ്ബറേലിയിലും മാറി മാറി ക്യാമ്പ് ചെയ്ത് ചെറുയോഗങ്ങളില്‍ വോട്ടര്‍മാരെ സംബോധന ചെയ്തത് കോണ്‍ഗ്രസിന്റെ ആത്മവീര്യം കൂട്ടി. അമേഠിയില്‍ മത്സരം പ്രവചനാതീതമായിട്ടുണ്ടെന്നാണ് പൊതുവിലയിരുത്തല്‍.
നെഹ്‌റു കുടുംബത്തിന്റെ സേവകനെന്ന് സ്വയം വിശേഷിപ്പിച്ചാണ് ശര്‍മ കളത്തിലിറങ്ങുന്നത്. ഇത് സാധാരണപ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തുമ്പോള്‍ വര്‍ഷങ്ങളായി നെഹ്‌റു കുടുംബത്തോട് വൈകാരികബന്ധം കാത്തുസൂക്ഷിച്ച ഗ്രാമീണര്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനും വഴിയൊരുക്കിയിട്ടുണ്ട്. എങ്കിലും, 2019ല്‍ ജയിച്ച ശേഷം അമേഠിയില്‍ സ്ഥിരസാന്നിധ്യമായി നില്‍ക്കുന്ന സ്മൃതി ഇറാനിക്ക് തന്നെയാണിപ്പോഴും നേരിയ മേല്‍ക്കൈ. കിഷോരിലാല്‍ ശര്‍മ 1983 മുതല്‍ രാജീവ്ഗാന്ധിക്കൊപ്പം ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും 2019-ല്‍ സോണിയ ഗാന്ധി വിജയിച്ച റായ്ബറേലിയിലാണ് അദ്ദേഹം ക്യാമ്പ് ചെയ്ത് മണ്ഡലത്തിന്റെ ചുമതല നോക്കിവന്നത്. അതുകൊണ്ട് അമേഠിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നാണ് ബി.ജെ.പി. പ്രചരണം. കഴിഞ്ഞദിവസം അമേഠിയില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പ്രചരണറാലിയിലെ ആള്‍ക്കൂട്ടവും അവസാനനിമിഷം ബി.ജെ.പി ക്യാമ്പില്‍ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്.
തൃണമൂല്‍ മുന്‍ എം.പി മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണമന്വേഷിച്ച സമിതി അധ്യക്ഷന്‍ വിനോദ് സോങ്കര്‍ ഹാട്രിക് വിജയം പ്രതീക്ഷിച്ചിറങ്ങിയ കൗശമ്പിയില്‍ പക്ഷേ ഇത്തവണ ബി.ജെ.പി സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് കടുത്ത മത്സരം നേരിടുന്നു. സംവരണ മണ്ഡലമായ കൗശമ്പിയില്‍ സിറ്റിങ് എം.പി. എന്ന നിലയില്‍ സോങ്കറിനെതിരെ ഭരണവിരുദ്ധവികാരം പ്രകടമാണ്. ആളുകളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുള്ള അമര്‍ഷം മുതലെടുത്താണ് എസ്.പി. നീക്കം. എന്നാല്‍ ഒവൈസിയുടെ പാര്‍ട്ടി ഇവിടെ മത്സരിക്കുന്നതും ബി.എസ്.പിയും എസ്.പിയുടെ വോട്ടുകള്‍ ചോര്‍ത്തുമോയെന്ന ആശങ്ക പ്രതിപക്ഷ ക്യാമ്പിലുണ്ട്.
ബുന്ദേല്‍ഖണ്ഡ് മേഖലയില്‍പ്പെട്ട ജലൗന്‍, ഝാന്‍സി, ഹാമിര്‍പൂര്‍, ബന്ദ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. ജലദൗര്‍ലഭ്യം നേരിടുന്ന ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ ജല്‍ധാര പദ്ധതിയിലൂടെ യു.പിയിലെ ബി.ജെ.പി. സര്‍ക്കാര്‍ ജലക്ഷാമം പരിഹരിക്കാനെടുത്ത നടപടിയാണ് കാര്‍ഷികമേഖലയായ ഇവിടെ അവര്‍ക്ക് ഗുണമാകുക.
കിഴക്കന്‍ യു.പിയുടെ ഭാഗമായ ഫൈസാബാദ്, കൈസെര്‍ഗഞ്ച്, ഗോണ്ട മണ്ഡലങ്ങളില്‍ അയോധ്യ രാമക്ഷേത്രവും തുണയാകുമെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിക്കുണ്ട്. വിവാദനായകനും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിന്റെ സ്വാധീനമേഖലയാണിവിടം. കൈസര്‍ഗഞ്ചില്‍ ബ്രിജ്ഭൂഷണ് പകരം മകന്‍ കരണ്‍ഭൂഷണ്‍ ശരണ്‍ സിങാണ് സ്ഥാനാര്‍ഥിയെങ്കിലും പ്രചരണം നയിക്കുന്നത് പൂര്‍ണമായും ബ്രിജ്ഭൂഷണ്‍ തന്നെ. ഈ മണ്ഡലങ്ങളില്‍ മേല്‍ക്കൈ നഷ്ടപ്പെടില്ലെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിക്കുണ്ട്.
യു.പി. തലസ്ഥാനം കൂടിയായ മധ്യ യു.പിയിലെ ഏറ്റവും സുപ്രധാനമായ ലഖ്‌നൗവില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങും എസ്.പിയിലെ രവിദാസ് മെഹ്റോത്രയുമാണ് പ്രധാന എതിരാളികള്‍. 1991 മുതല്‍ ബി.ജെ.പിയുടെ കുത്തകയായ ലഖ്‌നൗവില്‍ രാജ്‌നാഥ് സിങ് തുടര്‍വിജയമുറപ്പാക്കിയാണ് നീങ്ങുന്നത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയെ വിജയിപ്പിച്ച മണ്ഡലം കൂടിയാണ് ലഖ്‌നൗ. മോഹന്‍ലാല്‍ഗഞ്ച്, ഫത്തേപ്പൂര്‍, ബാരാബങ്കി മണ്ഡലങ്ങളിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
Content Highlights: Major candidates in Uttar Pradesh in Fifth Phase of Lok Sabha Polling
Published: 20 May 2024, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented