
ന്യൂഡല്‍ഹി :'ഗോരഖ്പൂരിലെ ജനങ്ങള്‍ നല്‍കുന്നത് ബാബാ ഗോരഖ്നാഥ് മഠത്തിനുള്ള വോട്ടാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിക്കല്ല. ഒരു മാറ്റം വേണോയെന്ന് ചോദിച്ചാല്‍, മാറ്റം നല്ലതുതന്നെ. പക്ഷേ, അതിനുള്ള സാഹചര്യം ഇവിടെയില്ല'- ഗോരഖ്പൂര്‍ പട്ടണത്തിലെ ഗണേശ് ചൗക്കിലെ പ്രധാന റോഡരികില്‍ ചൂടുകാലത്ത് കരിമ്പിന്‍ ജ്യൂസ് വിറ്റുകൊണ്ടിരുന്നയാള്‍ പറഞ്ഞു. യോഗി ആദിത്യനാഥ് പ്രധാന മഹന്ത് (സന്യാസി) ആയിട്ടുള്ള ഗോരഖ്നാഥ് മഠത്തിന്റെ സ്വാധീനം ബോധ്യപ്പെടുത്തുന്നുണ്ട് ഇദ്ദേഹത്തിന്റെ സംസാരം. വാരാണസി അടക്കം കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പല മണ്ഡലങ്ങളിലും മഠത്തിന്റെയും അതോടൊപ്പം യോഗി ആദിത്യനാഥിന്റെയും പ്രഭാവമാണ് തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണായകമാവുകയെന്ന് ചുരുക്കം. ഇവിടെ മാത്രമല്ല, ഉത്തര്‍പ്രദേശിലാകെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചെറുതും വലുതുമായ സ്വാധീനമാണ് ഇക്കുറി ബി.ജെ.പി പ്രയോജനപ്പെടുത്തുന്നത്.
ബുള്‍ഡോസര്‍ ബാബ എന്ന പേരിനാല്‍ യോഗി പരിഹസിക്കപ്പെടുന്നുണ്ട്. പക്ഷേ, യോഗിയും ബി.ജെ.പിയും അത് ഈ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് വോട്ടാകര്‍ഷിക്കാനുള്ള അലങ്കാരപ്രയോഗമായി മാറുന്നതില്‍ അകമേ ചിരിക്കുകയാണ്. അതിഖ് അഹമ്മദ് അടക്കമുള്ള ഗ്യാങ്സ്റ്റര്‍ രാഷ്ട്രീയക്കാരെ പച്ചയ്ക്ക് വെടിവച്ച് കൊന്നും ക്രിമിനലുകളെന്ന് മുദ്ര കുത്തപ്പെട്ടവരുടെ വീടുകള്‍ (അല്ലാത്തവരുടെയും) ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയും ക്രമസമാധാന വാഴ്ച കൈയിലെടുക്കുന്നതിലെ ന്യായാന്യായങ്ങള്‍ക്കപ്പുറത്ത് സുരക്ഷ എന്ന വലയത്തിനകത്തേക്ക് സ്ത്രീവോട്ടര്‍മാരെ വലിച്ചിടാന്‍ യോഗിഭരണകൂടത്തിന് സാധിക്കുന്നുവെന്നതാണ് ഉത്തര്‍പ്രദേശ് ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പിലും ആശ്വാസത്തിന് വക നല്‍കുന്നത്. തങ്ങളെ പിന്തുണയ്ക്കുന്നതോ ഒപ്പം നില്‍ക്കുന്നതോ ആയ ഗ്യാങ്സ്റ്റര്‍ രാഷ്ട്രീയക്കാരെ യോഗി ഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്നുവെന്നതിന് പക്ഷേ മറുപടിയില്ല. പൊതുവിലയിരുത്തലില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ക്രമസമാധന സുരക്ഷ ഉറപ്പുവരുത്തിയെന്ന പ്രചരണം നല്ലതുപോലെ തിരഞ്ഞെടുപ്പുറാലികളില്‍ ബി.ജെ.പി വിറ്റഴിക്കുന്നു. ഇക്കഴിഞ്ഞ ആറ് ഘട്ട വോട്ടെടുപ്പുകളിലും പോളിങ് ശതമാനം ഇടിഞ്ഞെങ്കിലും സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം അവിടെ കൂടിയിട്ടുണ്ട്. ഇത് തങ്ങള്‍ക്കനുകൂലമാകുമെന്ന് ബി.ജെ.പി കാണുന്നത് മേല്പറഞ്ഞ കാരണത്താലാണ്.
ഗുസ്തി താരങ്ങളുയര്‍ത്തിയ പീഡന ആരോപണങ്ങളാല്‍ വിവാദനായകനായ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങിന്റെ കൈസര്‍ഗഞ്ചില്‍ ബി.ജെ.പി സ്ഥാനാര്‍ഥിത്വപ്രഖ്യാപനം അവസാനം വരെ നീട്ടിയത് അദ്ദേഹത്തോട് യോഗിക്കുള്ള നീരസത്തിന്റെ കൂടി പ്രതിഫലനമാണെന്ന അടക്കം പറച്ചിലുകളുണ്ട്. പക്ഷേ, ഗോണ്ട മേഖലയിലെ ആളുകളുടെ 'പ്രിയങ്കരനായ ഡോണ്‍' എന്നതുകൊണ്ടുതന്നെ ബ്രിജ്ഭൂഷണെ ബി.ജെ.പിക്ക് കൈയൊഴിയുക പ്രയാസം. ഗോണ്ട, ഫൈസബാദ്, കൈസര്‍ഗഞ്ച്, ബസ്തി, ശ്രാവസ്തി തുടങ്ങി അര ഡസനിലേറെ മണ്ഡലങ്ങളില്‍ ബ്രിജ്ഭൂഷണ്‍ സ്വാധീനം ബി.ജെ.പിക്കാവശ്യം. ആള്‍ മാഫിയാത്തലവനൊക്കെയായിരിക്കാം, പക്ഷേ...
ബ്രിജ്ഭൂഷണിന്റെ മകന്‍ കരണ്‍ഭൂഷണ്‍, ബ്രിജ്ഭൂഷണ് മേഖലയിലുള്ള സ്വാധീനത്താല്‍ ജയിച്ചുകയറാനായേക്കും. എന്നാല്‍, യോഗിയുടെ സ്വാധീനത്താല്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ ബ്ര്ിജ്ഭൂഷണ് അത് അടിയാവുകയും ചെയ്യും. യോഗിയുടെ ബുള്‍ഡോസര്‍ പ്രയോഗത്തെ ബ്രിജ്ഭൂഷണ്‍ ഈ തിരഞ്ഞെടുപ്പുകാലത്ത് വിമര്‍ശിച്ചതും ചര്‍ച്ചയായിരുന്നു. മുസ്ലിംവോട്ടര്‍മാരുടെയും പ്രിയങ്കരനായ ബ്രിജ്ഭൂഷണ് അങ്ങനെ വിമര്‍ശിക്കാതിരിക്കാന്‍ പറ്റില്ല. മാത്രമല്ല, യോഗിയോടുള്ള അതൃപ്തി വളഞ്ഞ വഴിയില്‍ മറ്റൊരിക്കലും ഈ തിരഞ്ഞെടുപ്പുകാലത്ത് തന്നെ ബ്രിജ്ഭൂഷണ്‍ പ്രകടമാക്കി. എ.കെ. ശര്‍മ എന്ന യോഗി മന്ത്രിസഭയിലെ അംഗത്തെ വേദിയിലിരുത്തി യശസ്വി മുഖ്യമന്ത്രി എന്ന് പ്രകീര്‍ത്തിച്ചപ്പോള്‍ യോഗി അനുകൂലികള്‍ നെറ്റി ചുളിച്ചിരിക്കണം. (യോഗി ഏതായാലും കൈസര്‍ഗഞ്ചില്‍ പ്രചരണത്തിന് പോയില്ല.)
എസ്.പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രതിരോധം
വോട്ടെടുപ്പിന്റെ തുടക്കം തൊട്ട് പൊരുതിക്കളിക്കുന്ന സമീപനമാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യാസഖ്യം ഉത്തര്‍പ്രദേശ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചിരിക്കുന്നത്. പോളിങ് ശതമാനത്തില്‍ കണ്ട നിര്‍ജീവത സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഉണ്ടായത് പോലൊരു തരംഗത്തിനുള്ള സാധ്യതയില്ലാതാക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ പ്രതീക്ഷിച്ച നേട്ടം ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. ഇത് മനസ്സിലാക്കിയാണ് ആദ്യഘട്ടം പിന്നിട്ടപ്പോള്‍ തന്നെ തീവ്ര വര്‍ഗീയനിലപാടിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കടന്നത്.
'രാമക്ഷേത്രം വരുന്നതോടെ എല്ലാം നന്നാവുമെന്ന് പറഞ്ഞു. പക്ഷേ കാര്യങ്ങളൊന്നും മാറിയിട്ടില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയുമെല്ലാം അതുപോലെ തന്നെ നില്‍ക്കുന്നു. രാമന്‍ വന്നിട്ടും ഇതൊന്നും നന്നായില്ല'- പടിഞ്ഞാറന്‍ ബ്രിജ് മേഖലയിലുള്‍പ്പെട്ട മഥുര മണ്ഡലത്തില്‍ വച്ചുകണ്ട ടാക്സി ഡ്രൈവര്‍ അശോക് ചൗധരി പറഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ വോട്ട് ആര്‍ക്കെന്ന് ചോദിച്ചപ്പോള്‍ അത് യോഗിക്കും മോദിക്കുമെന്നാണ് ഉത്തരം. അതായത്, എല്ലാത്തിനുമുപരിയായി യോഗി- മോദി വലയം ഒരുതരം ആകര്‍ഷണയന്ത്രമായി ഇപ്പോഴും യു.പിയില്‍ നില്‍ക്കുന്നുവെന്ന് അര്‍ഥം.
വിലക്കയറ്റവും തൊഴിലില്ലായ്മയും കര്‍ഷകരുടെ താങ്ങുവിലപ്രശ്നവും ജനം നന്നായി ചര്‍ച്ച ചെയ്യുന്നുവെന്ന് മനസ്സിലാക്കി അതിലൂന്നിയാണ് എസ്.പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സഞ്ചാരം. സമാജ് വാദിക്ക് ശക്തിയുള്ള ബെല്‍റ്റുകളില്‍ (കനൗജ്, മെയിന്‍പുരി, ഫൂല്‍പൂര്‍, അസംഗഢ് പോലുള്ളവ) അഖിലേഷിന്റെയും രാഹുല്‍ഗാന്ധിയുടെയും തിരഞ്ഞെടുപ്പുറാലികളില്‍ കണ്ട പ്രവര്‍ത്തകരുടെ സ്വാഭാവികമായ ആവേശപ്രകടനം ഒരു സൂചനയായി ഇന്ത്യാസഖ്യം കാണുന്നുണ്ട്.
എന്നാല്‍, എല്ലായിടത്തും അനുകൂലവികാരമെത്തിക്കാനാവശ്യമായ സോഷ്യല്‍ എന്‍ജിനിയറിങ് വേണ്ടുവോളം പ്രയോഗിക്കാനുള്ള സംഘടനാകൗശലം അവര്‍ക്ക് അത്ര കണ്ട് പ്രകടിപ്പിക്കാനായില്ല. അതേസമയം, ഭരണത്തിന്റെ സ്വാധീനവും സംഘടനാശേഷിയും കൈമുതലാക്കിയുള്ള മികച്ച സോഷ്യല്‍ എന്‍ജിനിയറിങ് ഏറെ സങ്കീര്‍ണമായ ജാതിഘടനയുള്ള ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നല്ലതുപോലെ പ്രയോഗിക്കുന്നുമുണ്ട്. അതാണ് ആ ആകര്‍ഷണയന്ത്രത്തിന് നിദാനം. ഉദാഹരണത്തിന് ആറും ഏഴും ഘട്ട വോട്ടെടുപ്പുകള്‍ നടക്കുന്ന പൂര്‍വാഞ്ചല്‍ മേഖലയിലെ ചില യാദവ, യാദവേതര പിന്നാക്കക്കാര്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി വലിയ കരുതല്‍ ഇടപെടലുകള്‍ നടത്തിപ്പോന്നു. മിര്‍സാപൂര്‍, സോന്‍ഭദ്ര, അംബേദ്കര്‍ നഗര്‍, സന്ത് കബീര്‍നഗര്‍ തുടങ്ങി പല മണ്ഡലങ്ങളിലും സ്വാധീനമുള്ള സമുദായവിഭാഗക്കാരെ ചേര്‍ത്തുപിടിക്കാന്‍ ബി.ജെ.പി ആവോളം ശ്രമിച്ചു.
പിന്നാക്കവിഭാഗക്കാരിലെ മറ്റൊരു പ്രബലരായ കുര്‍മി, നിഷാദ് വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ മിര്‍സാപൂര്‍ പോലെ കൂട്ടത്തിലുണ്ട്. അപ്നാദള്‍ സോനേലാല്‍ വിഭാഗത്തില്‍ പെട്ട കേന്ദ്രമന്ത്രി കൂടിയായ അനുപ്രിയ പട്ടേല്‍ മിര്‍സാപൂരില്‍ മത്സരിക്കുമ്പോള്‍ അവരുടെ സമുദായമായ കുര്‍മിവിഭാഗത്തിന്റെ പിന്തുണ മറ്റിടങ്ങളിലും കിട്ടിയേക്കാം. നിഷാദ് സമുദായത്തിന് ഗോരഖ്പൂരിലും സമീപ മണ്ഡലങ്ങളിലും (മിര്‍സാപൂരിലടക്കം) സ്വാധീനമുണ്ട്. ഗോരഖ്പൂരില്‍ എസ്.പി നിര്‍ത്തിയിരിക്കുന്നത് ഭോജ്പുരി നടിയായ കാജല്‍ നിഷാദിനെയാണ്. നിഷാദ് വിഭാഗക്കാരനായ ഭര്‍ത്താവിന്റെ സ്വാധീനത്താല്‍ 'ബഹു' ആയി അവതരിച്ച കാജലിന് പക്ഷേ നിഷാദ് ഭൂരിപക്ഷ മണ്ഡലമായ ഗോരഖ്പൂരില്‍ ജയം എളുപ്പമേയല്ല. നിഷാദ് പാര്‍ട്ടി ബി.ജെ.പി പാളയത്തിലാണ്. അതിന്റെ തലവന്‍ സഞ്ജയ് നിഷാദിനുമുണ്ട് വലിയ സ്വാധീനം മേഖലയില്‍. ആദ്യ മൂന്ന് ഘട്ടം പിന്നിട്ടപ്പോള്‍ തന്നെ പിന്നാക്ക, ദളിത് സംവരണാനുകൂല്യം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാന്‍ ഇന്ത്യാസഖ്യം നീക്കം നടത്തുന്നുവെന്ന പ്രചരണം മോദി തൊട്ടിങ്ങോട്ടുള്ള ബി.ജെ.പിയുടെ നേതാക്കളെല്ലാം അതിതീവ്രമായി ആവര്‍ത്തിക്കുന്നത് ജാതിസമവാക്യങ്ങള്‍ മുന്നില്‍ കണ്ടുതന്നെ.
വാരാണസിയില്‍ കണ്ട കാഴ്ച
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമതും മത്സരിക്കുന്ന വാരാണസിയില്‍ 2014ലും 19ലും കണ്ടതുപോലൊരു ഓളം അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണവേളയില്‍ പോലും ഇത്തവണ കാണാനായില്ലെന്നത് ചര്‍ച്ചാവിഷയമാണ്. 2019ല്‍ ഗ്രാമങ്ങളില്‍ നിന്നടക്കം ആളുകള്‍ ഇങ്ങോട്ടേക്ക് സ്വാഭാവികമായി ഒഴുകിയെത്തിയെങ്കില്‍ ഇക്കുറി അതുണ്ടായില്ലെന്ന് ഒരു പ്രദേശവാസി വാരാണസി കച്ചേരി ജംഗ്ഷനില്‍ കണ്ടപ്പോള്‍ പറഞ്ഞു. മോദിയുടെ ഭൂരിപക്ഷം ആറ് ലക്ഷത്തിനപ്പുറത്തേക്ക് ഉയര്‍ത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട് ഇത്.
പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിക്കുണ്ടായ ഇടിവാണ് കാരണമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ അതിനപ്പുറത്തേക്ക് ഗോരഖ്നാഥ് മഠത്തിലെ മഹന്ത് ആയ യോഗി ആദിത്യനാഥിന് പൂര്‍വാഞ്ചല്‍മേഖലയിലുടനീളമുള്ള സ്വാധീനം തുണയായേക്കാം. കഴിഞ്ഞ തവണ മോദിയുടെ ഭൂരിപക്ഷം നാലര ലക്ഷത്തോളമായിരുന്നു.
മായാവതിയും ബി.എസ്.പിയും
മായാവതിയുടെ ബി.എസ്.പി ദളിത് സ്വാധീനമേഖലയില്‍ സ്വാധീനം ഇപ്പോഴും നിലനിര്‍ത്തുന്ന പാര്‍ട്ടിയാണ്. ജാടവ് സമുദായക്കാര്‍ അവരുടെ കോര്‍വോട്ടര്‍മാര്‍. അവര്‍ക്ക് ഹാഥി (ആന) ചിഹ്നം മാത്രമേ അറിയൂ. എന്നാല്‍ അത് പോലും വിഴുങ്ങാനുള്ള കൗശലമാണ് ബി.ജെ.പിയുടേത്. ബി.എസ്.പി അവരുടെ അസ്തിത്വം നിലനിര്‍ത്താന്‍ പെടാപ്പാട് പെടുന്നതിനപ്പുറം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണനേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങി പല മണ്ഡലങ്ങളിലും ഇന്ത്യാസഖ്യത്തിന്റെ വോട്ട് പിളര്‍ത്താന്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. മായാവതിയുടെ പല ഇടപെടലുകളും ഈ ആക്ഷേപത്തെ ബലപ്പെടുത്തുന്നതുമാണ്. ബി.ജെ.പിയെ കടന്നാക്രമിച്ച് മുന്നേറിയ മരുമകന്‍ ആകാശ് ആനന്ദിനെ തിരഞ്ഞെടുപ്പ് പ്രചരണച്ചുമതലയില്‍ നിന്ന് നീക്കിയതും ചില സ്ഥാനാര്‍ഥികളെ അമ്പരപ്പിച്ചുകൊണ്ട് മാറ്റിയതുമെല്ലാം ഉദാഹരണം. ജോന്‍പുര്‍ മണ്ഡലത്തില്‍ മായാവതി ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റിയതും സ്വാധീനമുള്ള മറ്റ് പല മണ്ഡലങ്ങളിലും ജനപ്രിയ മുഖങ്ങളെ തഴഞ്ഞതുമെല്ലാം ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടതിനാലാണെന്ന സംസാരം വ്യാപകമാണ്. ബാഹ്യസമ്മര്‍ദ്ദം ഇ.ഡിയുടെയോ സി.ബി.ഐയുടെയോ രൂപത്തിലും വരാമല്ലോ. ഇത്തരത്തിലുള്ള കൗശലങ്ങള്‍ പ്രയോഗിക്കുന്ന ബി.ജെ.പി, കര്‍ഷകവിരോധം മറികടക്കാന്‍ ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ നടപ്പാക്കിയ ഹര്‍ ഘര്‍ ജല്‍ പദ്ധതിയും വ്യാപകമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ്.
എം.പിമാര്‍ക്കെതിരായ വികാരം വെല്ലുവിളി
മോദിവികാരത്തില്‍ ജയിച്ചുകയറുമെന്ന വിശ്വാസത്താല്‍ അലസരോ അഹങ്കാരികളോ ആയ പല എം.പിമാരും സിറ്റിങ് മണ്ഡലങ്ങളില്‍ ജനവിരോധം ഏറ്റുവാങ്ങിയിട്ടുണ്ട്. ഒരു തരംഗം ദൃശ്യമാകാത്ത സാഹചര്യത്തില്‍, അത്തരക്കാര്‍ വീണ്ടും മത്സരിക്കുന്നത് അതിനാല്‍ ബി.ജെ.പിക്ക് വിനയായിട്ടുമുണ്ട്. ബാന്‍സ്ഗാവ്, കൗശമ്പി തുടങ്ങിയ മണ്ഡലങ്ങള്‍ ഉദാഹരണം. ഒരു പരിധി വരെ അമേഠിയിലും ഇത് പ്രകടമാണ്. റായ്ബറേലിയില്‍ കോണ്‍ഗ്രസിലെ രാഹുല്‍ഗാന്ധിയുടെ വിജയമുറപ്പാണ്. അമേഠിയില്‍ കിഷോരിലാല്‍ ശര്‍മ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് മത്സരം കടുപ്പിച്ചത് സിറ്റിങ് എം.പിയായ സ്മൃതി ഇറാനിക്ക് വെല്ലുവിളിയുയര്‍ത്തി. നേരിയ മേല്‍ക്കൈ സ്മൃതിക്ക് പറയാമെന്ന് മാത്രം.
2019ല്‍ എസ്.പിയും ബി.എസ്.പിയും സഖ്യമായി മത്സരിച്ചപ്പോള്‍ 15 സീറ്റുകളാണ് അവര്‍ നേടിയത്. പ്രത്യേകം മത്സരിച്ച കോണ്‍ഗ്രസ് ഒന്നും. ഇത്തവണ എസ്.പിയും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം ചില വ്യക്തിഗത പ്രഭാവങ്ങളാലും ചില മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കെതിരായ വികാരത്താലും എസ്.പിയുടെ പരമ്പരാഗത പിന്നാക്ക, ദളിത്, മുസ്ലിം മേഖലകളിലെ സ്വാധീനത്താലും ഉണ്ടാക്കുന്ന നേട്ടങ്ങളെത്രയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ജാതിസമവാക്യങ്ങളെ പാട്ടിലാക്കാനുള്ളീിഹശ ബി.ജെ.പിയുടെ സോഷ്യല്‍ എന്‍ജിനിയറിങിനെയും ഭരണസ്വാധീനത്തെയും മറികടന്ന് പരമാവധി 10നും 20നുമിടയിലുള്ള സീറ്റുകള്‍ നേടാനുള്ള സാധ്യതയാണ് മുന്നില്‍. ഇതൊരുപക്ഷേ 15 ഓ 12ഓ ആയിക്കൂടെന്നുമില്ല. ഏതായാലും 80ല്‍ 80ഉം നേടുമെന്ന ആത്മവിശ്വാസമിപ്പോള്‍ ബി.ജെ.പി പ്രകടിപ്പിക്കുന്നില്ലെന്നത് മാത്രം ഇന്ത്യാസഖ്യത്തിന് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്.
Content Highlights: lok sabha election result- uttar pradesh-ground report-who will win
Published: 28 May 2024, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented