ജോന്‍പുരിന്റെ 'ഡോണ്‍' ആണ് ധനഞ്ജയ് സിങ് ഠാക്കൂര്‍. 41 കേസുകള്‍. കൊള്ള, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ. ചിലതെല്ലാം ഒത്തുതീര്‍പ്പായി. പത്തെണ്ണമെങ്കിലും ഇപ്പോഴും സജീവം. ഏഴു വര്‍ഷത്തെ കഠിനതടവിന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ശിക്ഷിക്കപ്പെട്ട ശേഷം ആളിപ്പോള്‍ ജാമ്യത്തിലാണ്. 98-ല്‍ പെട്രോള്‍പമ്പ് കൊള്ളയ്ക്കിടെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പ്രചരണമുയര്‍ന്നെങ്കിലും അല്‍പനാളുകള്‍ക്ക് ശേഷം ജീവനോടെ പ്രത്യക്ഷപ്പെട്ടു ധനഞ്ജയ്. നാട്ടുകാര്‍ക്ക് പക്ഷേ പ്രിയങ്കരനായ രാഷ്ട്രീയനേതാവ്. 2009-14 ല്‍ ബി.എസ്.പി ടിക്കറ്റില്‍ എം.പിയായിരുന്നു. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ധനഞ്ജയിന്റെ സഹായം വേണ്ടുവോളം.
ഉത്തര്‍പ്രദേശിന്റെ പൂര്‍വാഞ്ചല്‍ മേഖലയിലെ ജോന്‍പുരില്‍ ധനഞ്ജയ് സിങ് ഇഫക്ട് ആണ് ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്നത്. ത്രികോണപ്പോരിന്റെ ആവേശം പ്രകടമാകുമായിരുന്ന അന്തരീക്ഷത്തില്‍ ബി.എസ്.പി അധ്യക്ഷ മായാവതി നടത്തിയ ദുരൂഹമെന്ന് പലരും കരുതുന്ന ഇടപെടല്‍ ജോന്‍പുരിലെ തിരഞ്ഞെടുപ്പ് കാലാവസ്ഥയെ മാറ്റിമറിച്ചിരിക്കുന്നു. വാരാണസിയില്‍നിന്ന് 60 കിലോമീറ്റര്‍ കിഴക്കോട്ട് നീങ്ങിയാല്‍ ജോന്‍പുര്‍ ആയി. കൗതുകമെന്ന് പറയട്ടെ, ഇത്തവണ ബി.എസ്.പിക്ക് യു.പിയില്‍ എവിടെയെങ്കിലും ജയസാധ്യത പറയാനുണ്ടായിരുന്നെങ്കില്‍ അത് പാര്‍ട്ടിസ്ഥാനാര്‍ഥിയെ മായാവതി മാറ്റുന്നത് വരെയും ജോന്‍പുര്‍ ആയിരുന്നു നിലവില്‍ ബി.എസ്.പി ജയിച്ച സീറ്റ്.
ബി.ജെ.പി സ്ഥാനാര്‍ഥിയായി വിജയിച്ച് ജില്ലാ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ആയിട്ടുള്ള ശ്രീകല റെഡ്ഢിയായിരുന്നു തുടക്കത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥി. ധനഞ്ജയ് സിങിന്റെ പത്‌നി. നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്റെ അന്നുവരെയും ശ്രീകല റെഡ്ഢി സ്ഥാനാര്‍ഥിത്വമുറപ്പിച്ച് സജീവപ്രചരണത്തിലായിരുന്നു. എന്നാല്‍, ആ ദിവസം മായാവതി പെട്ടെന്ന് ആളെ മാറ്റി. ശ്രീകലയ്ക്ക് പകരം സിറ്റിങ് എം.പിയായ ശ്യാം സിങ് യാദവിനെ പ്രഖ്യാപിച്ചു. പച്ചത്തുരുത്ത് തേടി കോണ്‍ഗ്രസിലും ബി.ജെ.പിയിലുമെല്ലാം അലഞ്ഞ് നടക്കുകയായിരുന്ന യാദവ് പോലും അത്ഭുതപ്പെട്ടു!
(ബി.ജെ.പിക്കെതിരെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ അതിനിശിതമായ ആക്രമണമഴിച്ചുവിട്ട മരുമകന്‍ ആകാശ് ആനന്ദിനെ മായാവതി ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയ അതേ സമയത്താണ് ജോന്‍പുരിലെ മലക്കംമറിച്ചിലും. അമിത്ഷാ ലഖ്‌നൗവിലെത്തിയതിന് തൊട്ടുപിന്നാലെയാണിത് സംഭവിച്ചതെന്ന് പിന്നാമ്പുറപ്പറച്ചില്‍.
സമാജ് വാദിക്കായി ബാബുസിങ് കുശ്വാഹയും ബി.ജെ.പിക്കായി കൃപാശങ്കര്‍ സിങും ബി.എസ്.പിക്കായി ശ്യാംസിങ് യാദവും മത്സരിക്കുന്ന ജോന്‍പുരിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കറങ്ങുന്നത് അങ്ങനെ ധനഞ്ജയ് സിങിന് ചുറ്റിലുമായി.
ജോന്‍പുരില്‍ ശ്യാംസിങിന് പകരം ശ്രീകല റെഡ്ഢിയായിരുന്നെങ്കില്‍ ത്രികോണപ്പോരിനൊടുവില്‍ അവര്‍ ജയിക്കുകയോ അല്ലെങ്കില്‍ അവര്‍ വലുതായി പിടിക്കുന്ന വോട്ടുകളുടെ സ്വാധീനത്തില്‍ ബി.ജെ.പി താഴേക്ക് പോയി എസ്.പിയുടെ കുശ്വാഹ ജയിച്ചുകയറുകയോ ചെയ്തേനെയെന്ന് രാഷ്ട്രീയനിരീക്ഷകര്‍. മായാവതിയുടെ ദുരൂഹനീക്കം ചര്‍ച്ചയാവുന്നത് ഈ പശ്ചാത്തലത്തില്‍. യു.പിയിലെ പല മണ്ഡലങ്ങളിലും മായാവതിയുടെ ഇത്തരം ഇടപെടലുകളാണ് ഇന്ത്യാസഖ്യം നേരിടുന്ന വെല്ലുവിളിയെന്നാണ് സംസാരം.
ജോന്‍പുരില്‍ രണ്ടരലക്ഷത്തോളം ബ്രാഹ്‌മണരും രണ്ടേകാല്‍ ലക്ഷത്തോളം ഠാക്കൂരടക്കമുള്ള ക്ഷത്രിയരും അത്ര തന്നെ യാദവരും ദളിതരുമുണ്ട്. യാദവേതര പിന്നാക്കക്കാര്‍ 2.15 ലക്ഷം, മുസ്ലിങ്ങള്‍ രണ്ട് ലക്ഷം. 1962 ല്‍ ബി.ജെ.പിയുടെ പഴയ പതിപ്പായ ജനസംഘം വിജയിച്ചിട്ടുണ്ടിവിടെ. പലകുറി പിന്നീട് ബി.ജെ.പിയും. ആദ്യകാല കോണ്‍ഗ്രസ് തട്ടകമെങ്കിലും എസ്.പിയും ബി.എസ്.പിയുമെല്ലാം ജയിക്കുകയും തോല്‍ക്കുകയും ചെയ്ത മണ്ഡലം.
കഴിഞ്ഞതവണ ശ്യാംസിങ് യാദവിന്റെ ഭൂരിപക്ഷം 80,936 വോട്ട്. 2014ല്‍ ബി.ജെ.പി ജയിച്ചത് 1.46ലക്ഷം വോട്ടിന്. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ, ഭാരത് ജോഡോ ന്യായ് യാത്രകളില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ചായ്വ് കാട്ടിയ യാദവ്, പിന്നീട് ബി.ജെ.പിയില്‍ സ്ഥാനം പ്രതീക്ഷിച്ച് പ്രധാനമന്ത്രിയടക്കമുള്ളവരെ കണ്ടിരുന്നുവത്രെ. അതായത്, ബി.എസ്.പിയില്‍ നിന്ന് ഇക്കുറി അദ്ദേഹം സീറ്റൊട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് ചുരുക്കം.
'ജോന്‍പുരിലെ ജനതയ്ക്കായി ഇത്രയധികം പാര്‍ലമെന്റില്‍ വാദിച്ച എം.പി മുമ്പുണ്ടായിട്ടില്ല. ഇവിടത്തെ എല്ലാ വികസനപദ്ധതികള്‍ക്കും വേണ്ടി വാദിച്ചു, പലതും നേടിയെടുത്തു', കച്ചേരി റോഡിലെ വസതിയില്‍ കണ്ടപ്പോള്‍ കുറേ പദ്ധതിപ്പട്ടിക നിരത്തിക്കൊണ്ട് ശ്യാംസിങ് യാദവ് മാതൃഭൂമിയോട് പറഞ്ഞു. ശ്രീകല റെഡ്ഢിയെ അവസാനനിമിഷം തഴഞ്ഞത് ഒരു പ്രശ്‌നവുമാകില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അഖിലേന്ത്യാ യാദവമഹാസഭയുടെ പ്രതിനിധിയെന്ന നിലയില്‍ യാദവസമൂഹത്തിനായി വളരെയധികം ചെയ്തിട്ടുണ്ടെന്നും അവകാശവാദം. എസ്.പിയുടെ ബാബുസിങ് കുശ്വാഹയ്ക്കെതിരെ അഴിമതിയാരോപണം നിരത്തി.
ധനഞ്ജയ് സിങ്ങിന്റെ രോഷം വെല്ലുവിളിയാകുമോയെന്ന് ചോദിച്ചു. പ്രസക്തമല്ലാത്ത ചോദ്യത്തിന് മറുപടിയില്ലെന്ന് ഉത്തരം. 'ബി.ജെ.പിയെ ഒരു സഹായത്തിനായും താന്‍ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രിയെ ഒരിക്കല്‍ കണ്ടത് റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹിനിയമനവുമായി ബന്ധപ്പെട്ട് കായികമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ പരാതി പറയാനാണ്. ആ ഫോട്ടോയെടുത്താണ് ബി.ജെ.പിക്കാര്‍ പ്രചരിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടിക്കാരുമുണ്ടായി. രാഹുല്‍ഗാന്ധി വ്യക്തിപരമായി ക്ഷണിച്ചതിനാലാണ് പങ്കെടുത്തത്. അതെങ്ങനെ കോണ്‍ഗ്രസില്‍ ചേരലാകും?', യാദവ് പറഞ്ഞു.
'ജോന്‍പുരിലെ ജനം മോദിക്കാണ് വോട്ടു ചെയ്യുക. അദ്ദേഹത്തിന്റെ വികസനനേട്ടങ്ങള്‍ക്ക്. 400-ന് മുകളിലെന്ന മുദ്രാവാക്യത്തിന് ജോന്‍പുരുകാര്‍ അവരുടെ സംഭാവന നല്‍കും. ജോന്‍പുരിലെ ജനങ്ങള്‍ നല്ല വികസനം ആഗ്രഹിക്കുന്നു ', ബി.ജെ.പി സ്ഥാനാര്‍ഥി കൃപാശങ്കര്‍സിങിന് തികഞ്ഞ ആത്മവിശ്വാസം.
പോളിടെക്‌നികിന് സമീപം കട നടത്തുന്ന പ്രദീപ് ഉപാധ്യായയും രാജീവ്കുമാര്‍ ശ്രീവാസ്തവയും പറയുന്നത് ഇക്കുറി ബി.ജെ.പി ജയിക്കുമെന്ന്. ധനഞ്ജയ് സിങ് ആയിരുന്നെങ്കില്‍ അദ്ദേഹവും ബി.എസ്.പിയും പാട്ടുംപാടി ജയിച്ചേനെയെന്നും പറയുന്നു.
സമാജ് വാദിയെ പിന്തുണയ്ക്കുന്ന സിവില്‍ലൈന്‍ റോഡിലെ കച്ചവടക്കാര്‍ പറയുന്നത്, എസ്.പിയും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന്. ധനഞ്ജയ് സിങിന്റെ ഭാര്യയെ ബി.എസ്.പി തഴഞ്ഞതും സിങ് ബി.ജെ.പിയെ തുണയ്ക്കുന്നതും മത്സരത്തെ കടുപ്പിച്ചിട്ടുണ്ടെന്നും.
പോളിടെക്‌നിക് റോഡിലെ മഹിര്‍മാതാ അമ്പലത്തിന് സമീപമുള്ള വസതിയില്‍ ധനഞ്ജയ് സിങിനെ കണ്ടു. അദ്ദേഹത്തോട് സംസാരിച്ചു:
താങ്കളുടെ അഭിപ്രായത്തില്‍ ഇവിടെയാര് വിജയിക്കും?
ഇത്തവണ ബി.ജെ.പിക്കാണ് സാധ്യത.
താങ്കളുടെ പിന്തുണ അവര്‍ക്കാണോ?
അതെ.
ബി.എസ്.പി താങ്കളുടെ പത്‌നിക്ക് സീറ്റ് നിഷേധിച്ചതെന്തുകൊണ്ട്?
അത് അവര്‍ക്കല്ലേ അറിയൂ. എന്തെങ്കിലും ബാഹ്യസമ്മര്‍ദമുണ്ടായിരിക്കാം.
ഇ.ഡി പോലുള്ളവയെ ഉപയോഗിച്ചുള്ള ബി.ജെ.പി സമ്മര്‍ദ്ദമാകുമോ?
ആയിരിക്കാം. ബംഗാളിലെ മമത ബാനര്‍ജി ഇന്ത്യാസഖ്യത്തോട് കാര്യമായി ചേര്‍ന്ന് നില്‍ക്കുന്നില്ലല്ലോ, നിങ്ങള്‍ കാണുന്നില്ലേ.
താങ്കളുടെ ഭാര്യക്ക് സീറ്റ് നിഷേധിച്ചത് ആരുടെ ജയസാധ്യതയാണ് കൂട്ടുക?
അത് ബി.ജെ.പിയുടെ.
ബി.ജെ.പി സമ്മര്‍ദ്ദത്താല്‍ സീറ്റ് നിഷേധിക്കപ്പെട്ടെങ്കില്‍ താങ്കളെന്തിന് ബി.ജെ.പിയെ പിന്തുണയ്ക്കണം?
ഞാനിവിടെ 20 വര്‍ഷത്തിലധികമായി എസ്.പിയോട് പൊരുതി നില്‍ക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകനല്ലേ. അവരെയെങ്ങനെ പിന്തുണയ്ക്കും.
Content Highlights: lok sabha election 2024 jaunpur constituency
Published: 22 May 2024, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented