
'നഹി സോച്,നഹി ഉമ്മീദ്, സാരി പാര്‍ട്ടി ദേഖ്‌ലി, അബ്കിബാര്‍ കേത്‌ലി... കേത്‌ലി കോ കാമ്യാബ് കീജിയേ, ഔര്‍ ചന്ദ്രശേഖര്‍ ആസാദ് കോ ആപ് കീ ക്ഷേത്ര് കീ ലഡായി ലഡ്നേ സേവാ കര്‍നേ കോ മൗകാ ദേനാ'-ഭീം ആര്‍മി നേതാവും ആസാദ് സമാജ് പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദ് ഉയര്‍ത്തുന്ന മുദ്രാവാക്യമാണ്. കേത്‌ലി അഥവാ കെറ്റില്‍ അദ്ദേഹത്തിന്റെ ചിഹ്നം.
'ഒട്ടും തല പുകയ്ക്കേണ്ടതില്ല. എല്ലാ പാര്‍ട്ടികളെയും പരീക്ഷിച്ചുകഴിഞ്ഞു. ഇനി കെറ്റില്‍ ചിഹ്നം പരീക്ഷിക്കാം. കെറ്റിലിന് വോട്ട് ചെയ്ത് ചന്ദ്രശേഖര്‍ ആസാദിന് മണ്ഡലത്തെ സേവിക്കാന്‍ അവസരം തരൂ' എന്ന്. രണ്ട് ദിവസത്തിനപ്പുറം വോട്ടെടുപ്പാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ നഗീനയില്‍. തീ പാറുന്ന ചതുഷ്‌കോണ മത്സരമെന്ന് പറയാം. കാരണം മുസ്‌ലിം, ദലിത് പരമ്പരാഗത വോട്ടുബാങ്കുകളില്‍ കടന്നുകയറാന്‍ ശക്തിയായി പോരാടുകയാണ് വെറും നാല് വര്‍ഷം മാത്രം പ്രായമായ ആസാദ് സമാജ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്.
അംബേദ്കറൈറ്റും ദളിത് അവകാശപ്പോരാളിയുമായ ആസാദിന് ദലിത്, മുസ്‌ലിം, പിന്നാക്ക മേഖലകളില്‍, പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍, വലിയ സ്വാധീനം. 2017ലെ സഹാരന്‍പൂര്‍ കലാപത്തിന് ശേഷമുണ്ടായ ദളിത് പോരാട്ടങ്ങളെ നയിച്ച ആസാദ് പല തവണ ആക്രമണഭീഷണികളെയും അതിജീവിച്ചു. ഒന്നിലേറെ തവണ വെടിയേറ്റു. അതിനാല്‍ സി.ആര്‍.പി.എഫിന്റെ കനത്ത സുരക്ഷാവലയത്തിലാണ് സഞ്ചാരം. പക്ഷേ സുരക്ഷാവലയം ഭേദിച്ചും ബിജ്നോറിനും നഗീനയ്ക്കും മധ്യേയുള്ള ധാംപൂരിലെ അദ്ദേഹത്തിന്റെ ക്യാമ്പോഫീസിലേക്ക് ആരാധകരുടെ ഒഴുക്കാണ്.
ഒപ്പം നിന്ന് സെല്‍ഫിയെടുത്ത് തൃപ്തിയടയാന്‍ ധൃതി കൂട്ടുന്നവരില്‍ ചെറുപ്പക്കാരും പ്രായമായവരുമുണ്ട്. അവസാനദിവസങ്ങളിലായതിനാല്‍ മുസ്‌ലിം പള്ളികളിലും ഗുരുദ്വാരകളിലുമെല്ലാമായി ഓട്ടപ്രദക്ഷിണം നടത്തിയും എല്ലാവര്‍ക്കുമൊപ്പം ചേര്‍ന്നും ഓളം തീര്‍ക്കുകയാണ് ആസാദ്. പോകുന്നിടത്തെല്ലാം ഗംഭീരസ്വീകരണം, ആള്‍ക്കൂട്ടം.
സി.ആര്‍.പി.എഫ് സുരക്ഷാസംഘത്തിലെ കൊല്ലം സ്വദേശിയായ മലയാളി ഉദ്യോഗസ്ഥന്‍ പറഞ്ഞു: 'പോക്ക് കണ്ടിട്ട് ജയിക്കുമെന്ന് തോന്നുന്നുണ്ട്'. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിലായി ശോഷിച്ചുവരുന്ന മായാവതിയുടെ ബി.എസ്.പിക്കുണ്ടായിരുന്ന സ്വാധീനവലയത്തിലേക്ക് ആസാദ് പതുക്കെ ഉത്തര്‍പ്രദേശില്‍ കടന്നുകയറുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. 2019ലെ തിരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യത്തിലേര്‍പ്പെട്ട് മത്സരിച്ച ബി.എസ്.പിയിലെ ഗിരീഷ് ചന്ദ്ര വിജയിച്ചു. ഇക്കുറി ബി.എസ്.പിക്കായി പോരാടുന്നത് സുരേന്ദ്രപാല്‍ സിങ് ആണ്. ചന്ദ്രശേഖര്‍ ആസാദ് തരംഗമുണ്ടാക്കുന്നത് തിരിച്ചറിഞ്ഞ മായാവതി പ്രതിരോധത്തിന് വൈകിയെങ്കിലും ശക്തമായി ഇറങ്ങിയിട്ടുണ്ട്. മരുമകന്‍ ആകാശ് ആനന്ദിന്റെ ആദ്യറാലി നഗിനയില്‍ ബി.എസ്.പി നടത്തിയത് ഇതിന്റെ ഭാഗം.
ബി.ജെ.പിയില്‍ നിന്ന് ഓംകുമാറും ഇന്ത്യാ സഖ്യത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയുടെ മനോജ് കുമാറുമാണ് കളത്തില്‍. 6.75 ലക്ഷം വരുന്ന മുസലിം വോട്ടര്‍മാരും 3.5 ലക്ഷം വരുന്ന ദലിത് വോട്ടര്‍മാരും മണ്ഡലത്തില്‍ നിര്‍ണായകം. ദലിത് ജാടവ് സമുദായം പരമ്പരാഗതമായി മായാവതിയെ തുണച്ചുപോന്നവരെങ്കിലും ഇക്കുറി അവരിലേറെയും ആസാദിന് പിന്നാലെ. 1.20ലക്ഷം വരുന്ന സൈനി സമുദായത്തില്‍ വലിയ വിഭാഗത്തിന്റെ പിന്തുണ ബി.ജെ.പി ലക്ഷ്യമിടുന്നു. ഠാക്കൂര്‍ പിന്തുണയും ബി.ജെ.പി കണക്കുകൂട്ടുന്നെങ്കിലും അടുത്തിടെ പടിഞ്ഞാറന്‍ യു.പിയിലെ പലേടങ്ങളിലും ബി.ജെ.പി അവഗണനയാരോപിച്ച് ഠാക്കൂര്‍മാര്‍ കലാപമുയര്‍ത്തിയതില്‍ അവര്‍ക്ക് ആശങ്കയില്ലാതില്ല. പക്ഷേ മുഖ്യമന്ത്രി യോഗി തന്നെ ആ വിഭാഗക്കാരനായതിനാല്‍ കുഴപ്പമില്ലെന്നവര്‍ ആശ്വസിക്കുന്നുമുണ്ട്. 2019ല്‍ ബി.എസ്.പി വിജയിച്ചത് 1.67ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍. അത് മണ്ഡലത്തിലെ സാമുദായികസമവാക്യത്തിന്റെ ചായ്വ് പ്രകടമാക്കുന്നുണ്ട്. ആസാദിന്റെ സാന്നിധ്യം ബി.എസ്.പിയുടെയും എസ്.പിയുടെയും പരമ്പരാഗതസ്വാധീനമേഖലയിലാണ് വിള്ളല്‍ വീഴ്ത്തുന്നതെന്നതാണ് അതിനാല്‍ കൗതുകകരം.
ആസാദ് 'മാതൃഭൂമി'യോട്
നഗീനയില്‍ ചതുഷ്‌കോണ മത്സരമാണല്ലോ. താങ്കളുടെ പ്രതീക്ഷ എത്രത്തോളം?
ഒരു ചതുഷ്‌കോണ മത്സരവുമില്ല. നേരിട്ടുള്ള മത്സരമാണ്. 70 ശതമാനം പിന്തുണയും ആസാദ് സമാജ് പാര്‍ട്ടിക്കാണ്. ബാക്കി 30 ശതമാനമേ മറ്റ് മൂന്ന് പാര്‍ട്ടികള്‍ക്കും ചേര്‍ത്തുള്ളൂ.
താങ്കളും ബി.ജെ.പിയെ തോല്പിക്കാനാണ് മത്സരിക്കുന്നത്. പക്ഷേ പ്രതിപക്ഷ പാര്‍ട്ടികള്‍ വേറിട്ട് മത്സരിക്കുമ്പോള്‍ വോട്ട് വിഭജിക്കുക വഴി ആത്യന്തികമായി ബി.ജെ.പിക്കല്ലേ ഗുണമാകുക?
തങ്ങളെ പൂര്‍ണമായും വഞ്ചിച്ച ബി.ജെ.പിക്ക് തടയിടാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇത്രയും സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുവെന്നത് ശരി തന്നെ. പക്ഷേ, പരമാവധി വോട്ടുകള്‍ നേടുന്നത് ആസാദ് സമാജ് പാര്‍ട്ടി മാത്രമായിരിക്കും.
ഇന്ത്യാസഖ്യവുമായി ചേരാന്‍ താങ്കള്‍ ശ്രമിച്ചിരുന്നോ?
ഞാന്‍ എല്ലായ്പ്പോഴും അതാഗ്രഹിച്ചിരുന്നു. പക്ഷേ, ഞാനാഗ്രഹിച്ചത് പോലെ അവര്‍ ആഗ്രഹിച്ചില്ല.
എന്താണതിന് കാരണം?
എനിക്കറിയില്ല.
ഇന്ത്യയാകെ നോക്കുമ്പോള്‍ ഇക്കുറി ബി.ജെ.പിക്ക് തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ടോ?
അതേക്കുറിച്ച് ഇപ്പോഴൊന്നും പറയാനാവില്ല. ഞാനിപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഏപ്രില്‍ 19ന് ശേഷം അതേക്കുറിച്ച് വിലയിരുത്താം.
ബി.ജെ.പിയുമായി ബി.എസ്.പിക്ക് പിന്‍വാതില്‍ ധാരണയുണ്ടെന്ന പ്രചരണമുണ്ടല്ലോ. അങ്ങനെ കരുതുന്നുണ്ടോ?
ആരെക്കുറിച്ചും മോശം കാര്യം പറയാനാഗ്രഹിക്കുന്നില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടല്ലോ.
പക്ഷേ, മായാവതി ഈ ദിവസങ്ങളില്‍ ബി.ജെ.പിക്കെതിരെ ശക്തമായ ആക്രമണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്?
ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. നേതാക്കള്‍ എന്താണ് പറയുന്നത്, അവരെന്താണ് പ്രവര്‍ത്തിക്കുന്നത് എന്നെല്ലാം അവര്‍ കണ്ടുകൊണ്ടിരിക്കുന്നു. ആര് ആരെയാണ് സഹായിക്കുന്നത് എന്നെല്ലാം അവര്‍ക്ക് തിരിച്ചറിയാം.
Content Highlights: Chandrashekhar Azad Bhim Army-lok sabha election-bsp-sp-congresss
Published: 19 Apr 2024, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented