
നേപ്പാളിനോട് അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ യു.പിയിലെ ഉള്‍പ്രദേശമായിട്ടും എണ്ണമറ്റ വികസനം ഗോരഖ്പൂരില്‍ കാണാം. വീതിയേറിയ നിരത്തുകള്‍, എയിംസ്, മെഡിക്കല്‍ കോളേജ്, നിലവാരമുള്ള വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവ ഗോരഖ്പൂര്‍ പട്ടണത്തെ മികച്ച വികസിതനഗരമാക്കി മാറ്റിയിരിക്കുന്നു. ഹിന്ദിയെ പോലെ ഭോജ്പുരിയും നല്ലപോലെ ഉപയോഗിക്കപ്പെടുന്ന ഗോരഖ്പൂര്‍ ഭോജ്പുരി സിനിമാ ചിത്രീകരണത്തിനുള്ള പ്രധാന കേന്ദ്രങ്ങളിലൊന്ന് കൂടിയാണ്.
ഭോജ്പുരി സിനിമയുടെ നാടായ ഗോരഖ്പൂരിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ആകര്‍ഷണം രണ്ട് ഭോജ്പുരി സിനിമാതാരങ്ങള്‍ ഏറ്റുമുട്ടുന്നുവെന്നതാണ്. ബി.ജെ.പിക്കായി സിറ്റിങ് എം.പി കൂടിയായ ഭോജ്പുരി, ഹിന്ദി നടന്‍ രവി കിഷനും സമാജ് വാദി പാര്‍ട്ടിക്കായി ഭോജ്പുരി, ഹിന്ദി നടി കാജല്‍ നിഷാദുമാണ് പോരാളികള്‍. ഇരുവരും മുന്‍കാലത്ത് കോണ്‍ഗ്രസുകാരായിരുന്നു. ഇരുവരുടെയും ജന്മനാട് മുംബയും. ഭോജ്പുരി ചലച്ചത്രങ്ങളിലൂടെയാണ് ഇരുവരും ഗോരഖ്പൂരുകാരുടെ ഹൃദയം കവര്‍ന്നത്. ഭോജ്പുരി ചലച്ചിത്രനിര്‍മാതാവ് കൂടിയായ സഞ്ജയ് നിഷാദിന്റെ ഭാര്യയാണ് കാജല്‍. പിന്നാക്കവിഭാഗമായ നിഷാദ് സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ഗോരഖ്പൂരില്‍ അതിനാല്‍, താന്‍ ഈ നാടിന്റെ 'ബഹു'(മരുമകള്‍) എന്നാണ് കാജല്‍ സ്വയം പരിചയപ്പെടുത്തുന്നത്.
മണ്ഡലത്തിലെ വോട്ടര്‍മാരില്‍ നാലിലൊന്ന് പേരും നിഷാദ് വിഭാഗക്കാരാണ്. യു.പി മുഖ്യമന്ത്രിയായിപ്പോയ ശേഷം യോഗി എം.പി സ്ഥാനമൊഴിഞ്ഞപ്പോള്‍ 2018ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുണ്ടായ ആദ്യ തോല്‍വി. നിഷാദ് വിഭാഗക്കാരനായ പ്രവീണ്‍ കുമാര്‍ നിഷാദ് ആണ് 21000ല്‍പ്പരം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും അന്നിവിടെ വിജയിച്ചത്. പ്രവീണ്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു. പ്രിയപ്പെട്ട ചലച്ചിത്രതാരമെന്ന നിലയിലും നിഷാദ് സമുദായത്തിന്റെ മരുമകളെന്ന നിലയിലും കാജല്‍ നിഷാദിന്റെ സാന്നിധ്യം ഇക്കുറി മത്സരത്തിന് വാശി കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ ജയിച്ചുപോയ ശേഷമുള്ള രവി കിഷന്റെ അസാന്നിധ്യവും ചര്‍ച്ചയാണെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ യോഗിയെന്ന തുറുപ്പുചീട്ടാണ് ബി.ജെ.പിക്ക് ആയുധം.
നിഷാദ് സ്വാധീനം വെല്ലുവിളിയാകില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. കാരണം നിഷാദ് പാര്‍ട്ടി ബി.ജെ.പിക്കൊപ്പമാണ്. നിഷാദ് വോട്ടര്‍മാരെ കേന്ദ്രീകരിച്ച് എസ്.പി നടത്തുന്ന പ്രചരണത്തെ മറികടക്കാന്‍ സബ്കാ സാഥ്, സബ്കാ വികാസ് എന്ന മുദ്രാവാക്യമാണ് ബി.ജെ.പിയിവിടെ വ്യാപകമായി പ്രചരണത്തിലുപയോഗിക്കുന്നതും. 21 ശതമാനം ദളിത് വോട്ടര്‍മാരും 9 ശതമാനം മുസ്ലിം വോട്ടര്‍മാരും നിര്‍ണായകമാണ് ഗോരഖ്പൂരില്‍.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഇടവേളയില്‍ ഇരു സ്ഥാനാര്‍ഥികളും പ്രതീക്ഷകള്‍ മാതൃഭൂമിയോട് പങ്കുവച്ചു.
രവി കിഷന്‍ സംസാരിക്കുന്നു-
കഴിഞ്ഞതവണ മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടിനാണ് താങ്കള്‍ വിജയിച്ചത്. ഇത്തവണത്തെ പ്രതീക്ഷ?
ഇത്തവണ മോദിജിയും യോഗിജിയും ഇവിടെ നിരവധി പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്. ഫിലിം സിറ്റി, എയിംസ്, നിരവധി സൗജന്യവീടുകള്‍ എന്നിങ്ങനെയൊക്കെയുണ്ടായി. ടൂറിസം, ഫിലിം വ്യവസായം വളര്‍ന്നു. അതിന്റെ ഫലമായി തൊഴിലവസരങ്ങളുണ്ടായി. ഗോരഖ്പൂരിലെ ജനം ഭോജ്പുരി സൂപ്പര്‍ സ്റ്റാര്‍, നടന്‍, അവരുടെ ജനപ്രതിനിധി എന്നീ നിലകളില്‍ എന്നെ ഇഷ്ടപ്പെടുന്നു. പാര്‍ലമെന്റില്‍ ഗോരഖ്പൂരിന് വേണ്ടി നിരവധി പ്രശ്‌നങ്ങളുയര്‍ത്തി. 10 സ്വകാര്യബില്ലുകളവതരിപ്പിച്ചു. വന്ദേഭാരത് ട്രെയിന്‍ ഇവിടേക്കെത്തിച്ചു.
നിഷാദ് സമുദായം ഇവിടെ നിര്‍ണായകമാണ്. എതിര്‍സ്ഥാനാര്‍ഥി ആ സമുദായത്തിന്റെ പ്രതിനിധിയാണ്?
നിഷാദ് സമുദായത്തിന് ബി.ജെ.പിയോട് എതിര്‍പ്പില്ല. അവര്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇവിടെയെല്ലാവരും ഗോരഖ്‌നാഥ് മഠത്തെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ട് ജനങ്ങള്‍ ഞങ്ങളെ കൈവിടില്ല. മാത്രമല്ല, എല്ലാ നിയമസഭാമണ്ഡലങ്ങളിലും ബി.ജെ.പി പ്രതിനിധികളാണ് വിജയിച്ചിരിക്കുന്നതും.
വിലക്കയറ്റവും തൊഴിലില്ലായ്മയും സമാജ് വാദി പാര്‍ട്ടി പ്രചരണായുധമാക്കുന്നുണ്ട്?
ഇല്ല, ഇവിടത്തെ ജനങ്ങള്‍ അത്തരം പ്രചരണമൊന്നും കാര്യമാക്കില്ല. അവര്‍ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.
കാജല്‍ നിഷാദ് സംസാരിക്കുന്നു-
താങ്കളുടെ പ്രതീക്ഷ എത്രത്തോളമാണ്?
ഇതെന്റെ വീടാണ്. ഇവിടത്തെ ജനങ്ങള്‍ എന്റെ കുടുംബമാണ്. ഈ മണ്ഡലം എന്റെ സസുരാല്‍ (ഭര്‍ത്തൃവീട്) ആണ്. ഞാന്‍ അവര്‍ക്കായി സേവനം ചെയ്യാനാണ് നില്‍ക്കുന്നത്. ഞാനവരുടെ മരുമകള്‍ ആണ്. അതാണെന്റെ പ്രതീക്ഷ. അവരെന്നെ കൈവിടില്ല.
ജയമുറപ്പെന്നാണോ?
തീര്‍ച്ചയായും. ഞാന്‍ 14 വര്‍ഷമായി പോരാട്ടം നടത്തുന്നു. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ വനവാസം പോലും 14 വര്‍ഷമായിരുന്നല്ലോ. അപ്പോള്‍ എന്റെ വനവാസം എത്ര കണ്ട് വേണമെന്ന് ജനങ്ങള്‍ നിശ്ചയിക്കും. എന്റെ ജനങ്ങള്‍ ഇവിടെ വിജയിക്കും. അവരെനിക്ക് സമ്മാനമായി ജയം നല്‍കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഗോരഖ്‌നാഥ് മഠത്തിനുമുള്ള സ്വാധീനം ബി.ജെ.പിക്ക് ഗുണമാകില്ലേ?
ഇത്തവണ ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം രൂക്ഷമാണ്. ഇത്തവണ ജനങ്ങളാണ് ബി.ജെ.പിയെ എതിരിടുന്നത്. അതിലവര്‍ വിജയിക്കും.
2018ല്‍ എസ്.പി ടിക്കറ്റില്‍ വിജയിച്ച പ്രവീണ്‍ നിഷാദ് പോലും പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു?
അദ്ദേഹമിവിടെ വിജയിച്ചല്ലോ. പക്ഷേ തനിക്ക് വിജയം സമ്മാനിച്ച ജനതയെ അദ്ദേഹം വഞ്ചിച്ചു. പക്ഷേ നമ്മള്‍ സമാജ് വാദിയാണ്. സമാജ് വാദിയായി തന്നെ എക്കാലവും തുടരും. ജനങ്ങള്‍ ജൂണ്‍ 1ന് വിജയിക്കാന്‍ പോകുകയാണ്.
സിനിമയും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസമെങ്ങനെ?
രാഷ്ട്രീയം യഥാര്‍ഥ ജീവിതമാണ്. സിനിമ റീല്‍ ജീവിതമാണ്. യഥാര്‍ഥ ജീവിതമാണ് മെച്ചപ്പെട്ടത്. യഥാര്‍ഥ ജീവിതത്തില്‍ എന്താണോ സംഭവിക്കുന്നത് അത് യഥാര്‍ഥമായി അറിയും. എന്റേത് ഇവിടെ യഥാര്‍ഥ ജീവിതമാണ്. എന്നാല്‍ ഇവിടത്തെ നിലവിലെ എം.പി റീല്‍ ജീവിതമാണ് നയിക്കുന്നത്. ഞാനിവിടത്തെ ബഹു ആണ്. അങ്ങനെ തന്നെ തുടരും.
Content Highlights: celebrity candidates contesting in gorakhpur constituency
Published: 30 May 2024, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented