'ജമുനാ കിനാരേ, പ്യാരേ കദമ് തര മോഹന, ബാംസുരി ബജാവേ...' എന്ന മധുര മനോഹരമായ സ്വാതിതിരുനാള്‍ കൃതിയെ ഓര്‍മ വരും മഥുരയിലെത്തുമ്പോള്‍. യമുനാനദീ തീരത്തെ കദംബ മരച്ചോട്ടിലിരുന്ന് ബാംസുരി വായിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം സ്വാതിതിരുനാള്‍ വരച്ചിട്ട്, ഡോ. ബാലമുരളീകൃഷ്ണയടക്കമുള്ളവര്‍ ഭാവതീവ്രമായി ആലപിച്ച് മനസ്സില്‍ പതിപ്പിച്ച വരികള്‍. ഇതില്‍  യമുനാനദി ഒരു സുഖകരമായ അനുഭൂതിയാണെങ്കില്‍ ഇന്നത് മാലിന്യവാഹിനിയായി ദുര്‍ഗന്ധം വമിപ്പിച്ചൊഴുകുന്ന പുഴ.

To advertise here,

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബ്രിജ് മേഖലയില്‍ പെട്ട ക്ഷേത്രനഗരികളായ മഥുരയും വൃന്ദാവനും ഈ തിരഞ്ഞെടുപ്പുകാലത്ത് ചര്‍ച്ച ചെയ്യുന്നത് പ്രധാനമായും യമുനയുടെ മാലിന്യം തന്നെ. ഇവിടെനിന്ന് മാറിമാറി ജയിച്ചവരാരും യമുനയുടെ ശുദ്ധീകരണത്തിന് ഒന്നും ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ക്കും നഗരവാസികള്‍ക്കും പരിഭവമുണ്ട്. യമുനയെ ദൈവതുല്യമായി കണ്ട് പ്രാര്‍ഥിക്കുന്നവരാണ് ഡല്‍ഹിയിലും മഥുരയിലും യമുന ഒഴുകുന്ന ഇടങ്ങളിലെല്ലാമുള്ള ഏറെ പേരും.

അതുകൊണ്ടാണ് ഇത്തവണ മഥുരയില്‍ എസ്.പി- കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുകേഷ് ധന്‍ഗര്‍ ആ തുറുപ്പുചീട്ട് ആദ്യമേ ഇറക്കിയത്. അദ്ദേഹം പറഞ്ഞു: 'യമുനയുടെ ശുദ്ധീകരണമാണ് ജയിച്ചാല്‍ തന്റെ മുഖ്യ പരിഗണന. യമുന ശുദ്ധീകരിക്കപ്പെടുന്നത് വരെ ഞാന്‍ അതിന്റെ തീരത്ത് കുത്തിയിരിക്കും. എത്ര വര്‍ഷം അങ്ങനെ ഇരിക്കേണ്ടി വന്നാലും എനിക്ക് പ്രശ്‌നമല്ല.'

ഇത് ചൂടേറിയ തിരഞ്ഞെടുപ്പ് വിഷയമായി പടരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ബി.ജെ.പിയുടെ സിറ്റിങ് എം.പിയും ബോളിവുഡ് താരറാണിയുമായ ഹേമമാലിനി വിഷയമേറ്റെടുത്തു. വൃന്ദാവനിലെ വസതിയില്‍ ശനിയാഴ്ച രാവിലെ കണ്ടപ്പോള്‍ 'മാതൃഭൂമി'യോട് അവര്‍ പറഞ്ഞു: 'യമുനാനദിയുടെ ശുദ്ധീകരണമാണ് ഇത്തവണ എന്റെ പ്രധാന പരിഗണന. മണ്ഡലത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല വിജയമുണ്ടാകുമെന്നതില്‍ തനിക്ക് അശേഷം സംശയമില്ല.'

ജാട്ട് കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് മഥുര. വോട്ടര്‍മാരില്‍ 30 ശതമാനം വരും ജാട്ട് ജനത. ദളിത് വിഭാഗമാണ് പിന്നെയേറെ. 20 ശതമാനത്തോളം. ഈ വോട്ടുകള്‍ നിര്‍ണായകമാകുമ്പോഴും ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ ക്ഷേത്രനഗരമെന്ന ഐതിഹ്യത്തില്‍ കോര്‍ത്ത് ഹിന്ദുത്വ ധ്രുവീകരണ അജന്‍ഡ നല്ല തോതില്‍ ബി.ജെ.പി വിറ്റഴിക്കുന്ന  മണ്ഡലം കൂടിയാകുന്നു മഥുര. 

ഷാഹി ഈദ് ഗാഹ് പള്ളി ശ്രീകൃഷ്ണന്റെ ജന്മഗൃഹം നിലനിന്നിടത്തെ ക്ഷേത്രം പൊളിച്ച് മുഗള്‍ രാജാവ് ഔറംഗസേബ് പണിതതാണെന്ന ആക്ഷേപം കോടതി വരെ കയറ്റിയിരിക്കുന്നു ഹിന്ദുത്വവാദികള്‍. അയോധ്യക്ക് ശേഷമുള്ള ഹിന്ദുത്വ വികാരമുണര്‍ത്തല്‍ ഇതിലൂടെയും കൂടിയാണവര്‍ സാധിക്കുന്നത്. 
ജാട്ട് കാര്‍ഷികമേഖലയില്‍ നിന്നടക്കം ഉയരാനിടയുള്ള വെല്ലുവിളികളെ തരണം ചെയ്യാനുള്ള മറുമരുന്ന്. 

ശ്രീകൃഷ്ണന് വേണ്ടി ജീവിതമുഴിഞ്ഞുവച്ച മീരയെന്ന രാജകുമാരിയായി ബോളിവുഡ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുള്ള ഹേമമാലിനി അതുകൊണ്ട് ബി.ജെ.പിയുടെ  ശക്തയായ സ്ഥാനാര്‍ഥിയാകുന്നു. 

എങ്കിലും നിര്‍ണായകമായ ജാട്ട് സ്വാധീനമേഖലയില്‍ അവര്‍ സ്വയം പരിചയപ്പെടുത്തുന്നത് ഭര്‍ത്താവും ബോളിവുഡ് ഹീറോയുമായ ധര്‍മേന്ദ്രയുടെ ജാട്ട് സ്വത്വം. പഞ്ചാബില്‍ നിന്നുള്ള ജാട്ട് വിഭാഗക്കാരനാണ് ധര്‍മേന്ദ്ര. താന്‍ ജാട്ടാണെന്ന് ആ സമുദായവോട്ടര്‍മാര്‍ക്കിടയില്‍ പരിചയപ്പെടുത്തുമ്പോള്‍ തങ്ങളുടെ 'ബഹു' (മരുമകള്‍) എന്ന് അവര്‍ സ്നേഹത്തോടെ തിരിച്ചുപറഞ്ഞിരുന്നു ഹേമമാലിനി ആദ്യമായി കളത്തിലിറങ്ങിയപ്പോള്‍. ഇപ്പോഴും ജാട്ട് സ്വത്വം എടുത്തണിയാന്‍ ഹേമമാലിനി മടി കാട്ടുന്നില്ല. 2014ന് ശേഷം മണ്ഡലത്തില്‍ അവര്‍ സജീവമല്ലെന്ന ആക്ഷേപവും എതിരാളികള്‍ ആയുധമാക്കാതില്ല. 

'കര്‍ഷകരുടെ വിഷയങ്ങളൊന്നും ഹേമമാലിനിക്കറിയില്ല. അവര്‍ ഒരു വരേണ്യവര്‍ഗത്തിന്റെ പ്രതിനിധിയാണ് '- ഹേമമാലിനിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ജാട്ട് വിഭാഗക്കാരന്‍ കൂടിയായ ടാക്‌സി ഡ്രൈവര്‍ ചൗധരി ബുലേന്‍സിങ് മറയില്ലാതെ പങ്കുവച്ചു. പക്ഷേ ജയസാധ്യത ബി.ജെ.പിക്കാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇവിടെ ഹേമമാലിനിക്കല്ല, യോഗിക്കും മോദിക്കുമാണെന്ന വാദഗതിക്കാരാണ് ചൗധരിയെ പോലെ പലരും. 26ന് രണ്ടാംഘട്ടത്തിലാണ് മഥുരയിലെ വോട്ടെടുപ്പ്.

placeholder
മഥുരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഹേമമാലിനി തിരഞ്ഞെടുപ്പ് പര്യടനപരിപാടിക്കിറങ്ങും മുമ്പ് പ്രവര്‍ത്തകര്‍ക്കൊപ്പം

ചൗധരി ചരണ്‍സിങിന്റെ സ്വാധീനമേഖല

ജാട്ട് കാര്‍ഷികമേഖലയുടെ വികാരമായ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിനോടുള്ള വൈകാരികബന്ധം മഥുരയ്ക്കുമുണ്ട്. ചരണ്‍സിങിന്റെ പേരമകന്‍ ജയന്ത് ചൗധരിയാണ് 2009-ല്‍ ഇവിടെ ബി.ജെ.പിയെ തോല്‍പിച്ചത്. പക്ഷേ, 2014-ല്‍ ഹേമമാലിനി വന്നതോടെ ജയന്തിന് അക്കുറി തോല്‍വി പിണഞ്ഞു. മോദിതരംഗം ആഞ്ഞടിച്ച ആ തിരഞ്ഞെടുപ്പില്‍, ഹേമമാലിനിയുടെ താരപരിവേഷവും കൃഷ്ണഭക്തയുടെ വേഷവുമെല്ലാം തുണച്ചപ്പോള്‍ വിജയം 3.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍. 2019-ല്‍ 2.93 ലക്ഷമായി ഭൂരിപക്ഷം കുറഞ്ഞു. രാഷ്ട്രീയ ലോക്ദള്‍ 2014-ല്‍ 22.7 ശതമാനവും 2019-ല്‍ 34.5 ശതമാനവും വോട്ട് പിടിച്ച മണ്ഡലമാണ് മഥുര. അന്നെല്ലാം സമാജ് വാദി പാര്‍ട്ടിക്കൊപ്പമായിരുന്ന ആര്‍.എല്‍.ഡി. ഇക്കുറി ബി.ജെ.പിക്കൊപ്പം എന്‍.ഡി.എ. പാളയത്തിലാണെന്നത് ബി.ജെ.പിയുടെ പ്രതീക്ഷ കൂട്ടുന്ന ഘടകം. ബി.എസ്.പിയില്‍ നിന്ന് ജാട്ട് വിഭാഗക്കാരനായ ചൗധരി സുരേഷ് സിങും മത്സരിക്കുന്നു.

ഹേമമാലിനി മാതൃഭൂമിയോട്:

ഇക്കുറി പ്രതീക്ഷ എത്രത്തോളം?

  • നല്ല നിലയില്‍ വിജയിക്കും. ഇവിടെ എതിര്‍സ്ഥാനാര്‍ഥി ഉണ്ടോയെന്ന് തന്നെ സംശയമാണ്. മോദി ഈ മണ്ഡലത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഞാനും എന്റേതായ നിലയില്‍ ഒരുപാട് വികസനകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിന്റെ വലിയ ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ ബ്രിജ് വാസികള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകും.

ഭൂരിപക്ഷം വര്‍ധിക്കുമെന്നാണോ?

  • ഭൂരിപക്ഷം തീര്‍ച്ചയായും കൂടും.

കര്‍ഷകരുടെ പ്രശ്‌നങ്ങളില്ലേ. താങ്ങുവില അടക്കമുള്ള വിഷയങ്ങളില്‍ അവരുടെ സമരം?

  • കര്‍ഷകര്‍ക്ക് ഇവിടെ യാതൊരു പ്രശ്‌നവുമില്ല. ബ്രിജ് മേഖലയില്‍ കര്‍ഷകര്‍ വളരെ സംതൃപ്തരാണ്, സന്തോഷത്തിലാണ്.

പ്രചരണത്തില്‍ താങ്കള്‍ പ്രധാനമായും ഉയര്‍ത്തുന്ന മുദ്രാവാക്യം?

  • യമുനയുടെ ശുദ്ധീകരണം തന്നെ മുഖ്യം. അതുപോലെ മഥുരയ്ക്കായി ഇനിയും വലിയ വലിയ പദ്ധതികള്‍ കൊണ്ടുവരാനുണ്ട്. അതെന്റെ ലക്ഷ്യമാണ്.