അറിയപ്പെടുന്ന ലോകസഞ്ചാരിയും ഹിന്ദി സഞ്ചാരസാഹിത്യത്തിന്റെ പിതാവും പ്രമുഖനായ ബുദ്ധമത പണ്ഡിതനും സര്‍വോപരി സോഷ്യലിസ്റ്റുമായിരുന്ന രാഹുല്‍ സാംകൃത്യായന്റെ ജന്മദേശമാണ് കിഴക്കന്‍ യു.പിയിലെ അസംഗഢ്. ബനാറസില്‍ നിന്ന് ഏതാണ്ട് നൂറ് കിലോമീറ്റര്‍ കിഴക്കോട്ട് താണ്ടണം. സോഷ്യലിസ്റ്റ് ധാരകള്‍ക്ക് ഇവിടെ വളക്കൂറുണ്ടായിട്ടുണ്ട്. പക്ഷേ 1978- ല്‍ കോണ്‍ഗ്രസ് വിരുദ്ധതരംഗത്തിനിടയിലും ഒരു ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മൊഹ്‌സിന കിദ്വായിയെ വിജയിപ്പിച്ചിട്ടുണ്ട് അസംഗഢ്.

To advertise here,

യാദവരും മുസ്ലിങ്ങളും ദളിതരും നല്ല അളവിലുള്ള മണ്ഡലം സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ കോട്ടകളിലൊന്നായാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. മുലായം സിങ് യാദവും മകന്‍ അഖിലേഷ് യാദവും ഇവിടെ വിജയിച്ചിട്ടുണ്ട്. 2019-ല്‍ അഖിലേഷ് 2.6 ലക്ഷം വോട്ടിന് ഭോജ്പുരി നടന്‍ കൂടിയായ ബി.ജെ.പിയിലെ ദിനേശ് ലാല്‍ യാദവ് നിരാഹുവയെ തോല്പിച്ചതാണ്. എന്നാല്‍, 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് ലോക്‌സഭ വിട്ട് നിയമസഭയിലേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെ പ്രതിപക്ഷനേതാവായപ്പോള്‍ അസംഗഢിലെ എം.പി. സ്ഥാനമുപേക്ഷിച്ചു. ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ അഖിലേഷിന്റെ മച്ചുനന്‍ ധര്‍മേന്ദ്ര യാദവിനായി പകരം ഊഴം. ബി.ജെ.പിയില്‍ ദിനേശ് ലാല്‍ യാദവ് തന്നെ. അഖിലേഷ് മണ്ഡലത്തെ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന പ്രചരണം ബി.ജെ.പിക്കാര്‍ ഏറ്റെടുത്തപ്പോള്‍ ജനമുള്‍ക്കൊണ്ടു. ധര്‍മേന്ദ്ര സുന്ദരമായി തോറ്റു. വലിയ ഭൂരിപക്ഷമൊന്നുമില്ല. വെറും 8679 വോട്ടിനാണ് നിരാഹുവയുടെ ജയം. ബി.എസ്.പിയിലെ ഷാ ആലം രണ്ടര ലക്ഷത്തിലധികം വോട്ട് പിടിച്ചതും ധര്‍മേന്ദ്രയ്ക്ക് വിനയായി. (ഷാ ആലം മേഖലയില്‍ മോശമല്ലാത്ത സ്വാധീനമുള്ള നേതാവാണ്. ഇക്കുറി അദ്ദേഹം സമാജ്‌വാദിക്കൊപ്പം ചേര്‍ന്നത് എസ്.പിക്ക് ഗുണം).

ഇക്കുറി 2022-ന്റെ തനിയാവര്‍ത്തനമാണ് അസംഗഢില്‍. ദിനേശ് ലാല്‍ യാദവും ധര്‍മേന്ദ്ര യാദവും മാറ്റുരയ്ക്കുന്നു. പ്രഭാവം മങ്ങിയ ബി.എസ്.പി.  ഭീംരാജ് ധറിനെ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. കോട്ട തിരിച്ചുപിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് സമാജ്‌വാദി. സാഹചര്യങ്ങള്‍ അനുകൂലം. മണ്ഡലത്തില്‍പ്പെട്ട അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എസ്.പി. എം.എല്‍.എമാര്‍.

അഖിലേഷായാലും ധര്‍മേന്ദ്രയായാലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാത്രമെത്തുന്നവരെന്ന ആരോപണത്തിലൂന്നിയാണ് ബി.ജെ.പി പ്രചരണം. താനിവിടെത്തന്നെ സദാസമയവുമുണ്ടെന്ന് ദിനേശ് ലാല്‍ നിരാഹുവ. സിനിമാ ഷൂട്ടിങുമായി ഇവിടെ കറങ്ങി നടന്നതുകൊണ്ട് കാര്യമുണ്ടോയെന്ന് സമാജ്‌വാദി നേതാക്കള്‍.

'അഖിലേഷ് യാദവ് ദേശത്തിന്റെയാകെ നേതാവാണ്. അദ്ദേഹത്തിനിവിടെ മാത്രം തങ്ങാനാകുമോ? തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം അദ്ദേഹം പോയിട്ടുണ്ടായിരിക്കാം. പക്ഷേ മെഡിക്കല്‍ കോളേജ്, പഞ്ചസാര മില്‍ എന്നിങ്ങനെ ഒരുപാട് കാര്യങ്ങളദ്ദേഹം ഇവിടെയെത്തിച്ചു. കളക്ടറേറ്റിന് സുന്ദരമായ മന്ദിരമൊരുക്കി'- സമാജ്‌വാദി വക്താവ് അശോക് യാദവ് പട്ടിക നിരത്തി.

'കടുത്ത മത്സരമാണിവിടെ. എസ്.പിയും ബി.ജെ.പിയും തമ്മിലാണ് മത്സരം. ബി.എസ്.പി. ചിത്രത്തിലില്ലെങ്കിലും അവര്‍ പിടിക്കുന്നത് ആരുടെ വോട്ടാണോ, അവര്‍ തോല്‍ക്കും'- അസംഗഢ് പട്ടണത്തിലെ മേല്‍പ്പാലത്തിന് കീഴെയായുള്ള പുരാനാപുരില്‍ ചായക്കട നടത്തുന്ന റിയാസ് ആലം പറഞ്ഞു.

പിന്നാക്ക ഗ്രാമീണമേഖലയാണ് അസംഗഢിന്റെ ഭൂരിഭാഗം ഇടങ്ങളും.

ബാബാ ഭവര്‍നാഥ് ക്ഷേത്രത്തിന് സമീപത്തെ വസതിയില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങും മുമ്പ് നിരാഹുവ മാതൃഭൂമിയോട് പ്രതീക്ഷകള്‍ പറഞ്ഞു:

ഉപതിരഞ്ഞെടുപ്പിലാണ് താങ്കള്‍ വിജയിച്ചത്. ഇത്തവണ എന്താണ് പ്രതീക്ഷ?

ഉപതിരഞ്ഞെടുപ്പില്‍ ഞാനെന്തുകൊണ്ടാണ് വിജയിച്ചതെന്ന് മനസ്സിലാക്കണം. 2019-ല്‍ വിജയിച്ചശേഷം അഖിലേഷ് ഇവിടെ നിന്ന് കടന്നുകളഞ്ഞു. പക്ഷേ, നമ്മള്‍ അതിനുശേഷവും ഇവിടെ തന്നെ നിന്നുകൊണ്ട് അസംഗഢിലെ ജനതയ്ക്കായി പ്രവര്‍ത്തിച്ചു. ഉപതിരഞ്ഞെടുപ്പില്‍ എനിക്കെതിരെ മത്സരിച്ചയാളാണ് ഇപ്പോഴത്തെ എസ്.പിയുടെ സ്ഥാനാര്‍ഥി ധര്‍മേന്ദ്ര യാദവ്. ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുതോറ്റശേഷം അദ്ദേഹവും ഇവിടെ നിന്നുപോയി. അതിനുശേഷം ഇപ്പോഴാണ് വീണ്ടും മത്സരിക്കാന്‍ വരുന്നത്. ജനങ്ങള്‍ക്ക്വേണ്ടി ഒന്നും ചെയ്തിട്ടില്ല.

ഉപതിരഞ്ഞെടുപ്പില്‍നേരിയ ഭൂരിപക്ഷമായിരുന്നു. ഇത്തവണ കൂടുമോ?

കഴിഞ്ഞ തവണ 8000-ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണ 80,000-ന് മുകളിലേക്കുയരും.

ഈ പ്രതീക്ഷയ്ക്ക് കാരണം?

ഞാന്‍ തോറ്റാലും ജയിച്ചാലും ഇവിടെ തന്നെയുണ്ട് എന്നതാണ്. ബി.ജെ.പിയുടെ പ്രവര്‍ത്തകന്‍ വെറും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരുന്നതല്ല. പ്രവര്‍ത്തിക്കാന്‍ വരുന്നതാണ്. എന്നാല്‍ അവര്‍ (എസ്.പി) തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാത്രമാണ് വരുന്നത്. എന്തെങ്കിലും ചെയ്യാനല്ല.

ഭോജ്പുരി നടനും ഗായകനുമായ താങ്കളൊരു സെലിബ്രിറ്റിയാണ്. അത് തുണയാകുമോ?

സെലിബ്രിറ്റിയാണ്. ഇവിടെകേന്ദ്രീകരിച്ചാണ് ഞങ്ങളുടെ സിനിമകള്‍ പലതും ചിത്രീകരിക്കുന്നത്. അവിടെ സാധാരണക്കാരെത്തി ഷൂട്ടിംഗ് കാണുന്നു, എനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്നു, അങ്ങനെ പലതും ചെയ്യുന്നു. നമുക്കുവേണ്ടി ഈ പ്രവര്‍ത്തി ചെയ്യൂ, അത് ചെയ്യൂ എന്നൊക്കെ അവര്‍ ആവശ്യപ്പെടുന്നു. എന്റെ സാന്നിധ്യം അവര്‍ക്കെപ്പോഴുമുണ്ട്.

ഇവിടെ താങ്കള്‍ എന്തൊക്കെ ചെയ്തു?

യൂണിവേഴ്‌സിറ്റി കൊണ്ടുവന്നു. പുതിയ റെയില്‍വേലൈന്‍ നിര്‍മിച്ചു. റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ചു. റിങ്റോഡുണ്ടാക്കി. ഇതൊന്നും കഴിഞ്ഞ 40- 50 വര്‍ഷമായി ഇവിടെ നടക്കാത്ത കാര്യങ്ങളാണ്. മറ്റവര്‍ വിചാരിക്കുന്നത് ഒന്നും ചെയ്യേണ്ട, ഇവിടെ അവരുടെ വോട്ടുബാങ്കാണ്, അതുകൊണ്ട് വിജയിപ്പിച്ചോളും എന്നാണ്. എന്നാല്‍ ഞാനങ്ങനെയല്ല. ജനങ്ങള്‍ക്കായി ചെയ്ത പ്രവര്‍ത്തികള്‍ അവര്‍ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് ജയിക്കുമെന്ന പൂര്‍ണവിശ്വാസമുണ്ട്.