ഉത്തര്‍പ്രദേശിലെ ഗ്യാങ്സ്റ്റര്‍ രാഷ്ട്രീയക്കാരില്‍ എടുത്തുപറയേണ്ട പേരുകളിലൊന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലപ്പെട്ട മുക്താര്‍ അന്‍സാരിയുടേതാണ്. 2005 മുതല്‍ ജയിലില്‍. അറുപതിലേറെ കേസുകളുണ്ട്. ഗാസിപൂരിലെ ബി.ജെ.പി. എം.എല്‍.എയായിരുന്ന കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസില്‍ അകത്തായതാണ്. ഇതേ കേസില്‍ മറ്റൊരു പ്രതിയാണ് മുക്താറിന്റെ ജ്യേഷ്ഠന്‍ അഫ്‌സല്‍ അന്‍സാരി. ഗാസിപൂരില്‍ നിന്നുള്ള ബി.എസ്.പിയുടെ സിറ്റിങ് എം.പി. ഇദ്ദേഹത്തിനെതിരായ കേസില്‍ പക്ഷേ അന്തിമവിധിയായിട്ടില്ല. യു.പിയിലെ എം.പി.-എം.എല്‍.എ. കോടതി നാല് വര്‍ഷം തടവിന് അഫ്‌സലിനെ കഴിഞ്ഞ വര്‍ഷം ശിക്ഷിച്ചു.

To advertise here,

പാര്‍ലമെന്റ് അംഗത്വം റദ്ദായി. സുപ്രീംകോടതി ഇടപെട്ട് വിധി മരവിപ്പിച്ചു. കേസില്‍ അന്തിമതീര്‍പ്പാക്കാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ കേസ് ഡമോക്ലസിന്റെ വാള്‍ പോലെ തലയ്ക്കു മുകളില്‍ തൂങ്ങിനില്‍ക്കെയാണ് അഫ്‌സല്‍ അന്‍സാരി ഗാസിപൂരില്‍ നിന്ന് സമാജ് വാദി ടിക്കറ്റില്‍ ഇത്തവണ വീണ്ടും ജനവിധി തേടുന്നത്. കേസില്‍ തട്ടുകിട്ടിയാല്‍ വീണുപോകാമെന്നതിനാല്‍ ഡമ്മി സ്ഥാനാര്‍ഥിയായി മകള്‍ നുസ്രത് അന്‍സാരിയെ ഇക്കുറി അഫ്‌സല്‍ കളത്തിലിറക്കിയിരുന്നു. പക്ഷേ, നുസ്രതിന്റെ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളപ്പെട്ടു. അതിനാല്‍ അഫ്‌സല്‍ തന്നെ സ്ഥാനാര്‍ഥി. ജൂണ്‍ 30-ന് കേസില്‍ വിധി വരും. എതിരാവുകയും തിരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്താല്‍ എം.പി. സ്ഥാനം തുലാസില്‍.

കിഴക്കന്‍ യു.പിയിലെ ബല്യയോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലമാണ് ഗാസിപൂര്‍. ബല്യയുടെ ഭാഗമായ മുഹമ്മദബാദിലെ യൂസഫ് പൂരിലാണ് അന്‍സാരി കുടുംബമെന്ന പേരില്‍ പ്രശസ്തമായ അന്‍സാരിമാരുടെ കുടുംബവീട്. യൂസഫ്പൂര്‍ മാര്‍ക്കറ്റിനകത്തുകൂടി ഇടുങ്ങിയ ഗലിയിലൂടെ അരക്കിലോമീറ്റര്‍ നീങ്ങിയാല്‍ 'പാഠക് 'എന്ന അഫ്‌സല്‍ അന്‍സാരിയുടെ വീട്ടിലെത്തും. ഗാസിപൂര്‍ മണ്ഡലാതിര്‍ത്തിയായ കഠ്വ മോഡില്‍ നിന്ന് 10 കിലോമീറ്റര്‍ കടന്നുവേണം ഇവിടെയെത്താന്‍.

അഫ്‌സലിന്റെ മുത്തച്ഛന്‍ മുക്താര്‍ അഹമ്മദ് അന്‍സാരി സ്വാതന്ത്ര്യസമര സേനാനി. 1926-27 കാലത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെയും പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും അധ്യക്ഷനായിരുന്നു. മുന്‍ ഉപരാഷ്ട്രപതിയും പ്രമുഖ പണ്ഡിതനുമായ ഹമീദ് അന്‍സാരി ഈ കുടുംബത്തിലെ കണ്ണിയാണ്. ഇവരുടെ അകന്ന ബന്ധുവാണ് വിഭജനാനന്തരമുണ്ടായ 1947ലെ ഇന്ത്യാ- പാക് യുദ്ധത്തില്‍ വീരമൃത്യു മരിച്ച ബ്രിഗേഡിയര്‍ ഉസ്മാന്‍. ജിന്ന പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചിട്ടും ഇന്ത്യക്കൊപ്പം നിന്ന് പൊരുതിയ ധീരദേശാഭിമാനിയെ രാജ്യം മഹാവീര്‍ ചക്ര നല്‍കി ആദരിച്ചു. പാരമ്പര്യമുള്ള അന്‍സാരി കുടുംബത്തിന് അന്നുതൊട്ടേ മുഹമ്മദബാദ് മേഖലയില്‍ വലിയ സ്വാധീനം.

അഫ്‌സല്‍ അന്‍സാരിയുടെ പിതാവ് സുഭാനുള്ള അന്‍സാരി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. അഫ്‌സലിന്റെയും തുടക്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ. '67-ലും '71-ലും '91-ലും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജയിപ്പിച്ച ചരിത്രവുമുണ്ട് ഗാസിപൂരിന്. യു.പി. പോലീസ് പുറത്തിറക്കിയ 66 ഗ്യാങ്സ്റ്ററുകളുടെ പട്ടികയിലുള്ളയാളാണ് കൊല്ലപ്പെട്ട മുക്താര്‍ അന്‍സാരി. ബന്ദ ജയിലില്‍ ഹൃദയാഘാതത്താലാണ് മുക്താറിന്റെ മരണം. നീതി ലഭിച്ചെന്നാണ് അന്ന് കാശി വിശ്വനാഥക്ഷേത്ര നടയില്‍ വച്ച് കൃഷ്ണാനന്ദറായിയുടെ ഭാര്യയും മകനും പ്രതികരിച്ചത്.

എന്നാല്‍ മുക്താറിനെ ജയിലില്‍ ഭക്ഷണത്തില്‍ അല്പാല്പമായി വിഷം കലര്‍ത്തി കൊന്നതെന്നാണ് അഫ്‌സലും മുക്താറിന്റെ മകന്‍ ഉമറും ആരോപിക്കുന്നത്. മുക്താറിന്റെ മരണാനന്തരച്ചടങ്ങിനെത്തിയ ആള്‍ക്കൂട്ടം അന്‍സാരി കുടുംബത്തിന്റെ മേഖലയിലെ സ്വാധീനത്തിന് തെളിവായി. 2019-ല്‍ 1.19 ലക്ഷം വോട്ടിന് വിജയിച്ച അഫ്‌സല്‍ ഇത്തവണയും അതിനാല്‍ ജയമുറപ്പിച്ചാണ് സഞ്ചാരം. അനുജന്‍ മുക്താറിനെ കൊന്നവര്‍ക്കെതിരെ ഒരു വോട്ട് എന്നാണ് അഫ്‌സല്‍ ഗാസിപൂരുകാരോട് ചോദിക്കുന്നത്.

തലേന്ന് വൈകിട്ട് ഫോണില്‍ വിളിച്ചുറപ്പിച്ചതനുസരിച്ച് പാഠക് വീട്ടില്‍ രാവിലെ എട്ടരയോടെയെത്തി. പൂമുഖത്തും ഹാളിനകത്തും വലിയ ആളുകളുടെ ചിത്രങ്ങള്‍. കൂട്ടത്തില്‍ മുലായവും അഖിലേഷുമുണ്ട്. ഏതാനും ചില 'സേവക'ന്മാര്‍ സംശയത്തോടെ വീക്ഷിച്ച് ചോദ്യം ചെയ്തു. അഫ്‌സല്‍ അന്‍സാരിയെ വിളിച്ചപ്പോള്‍ ഫോണെടുത്തു. അല്‍പനേരം കാത്തിരിക്കണം. അല്‍പം കഴിഞ്ഞപ്പോള്‍ മുകളില്‍ നിന്നൊരാള്‍ ഇറങ്ങിവന്ന് വീണ്ടും ചോദ്യം ചെയ്യല്‍. എന്നിട്ടയാള്‍ അല്‍പം മുന്നോട്ട് നടന്ന്, തിരിഞ്ഞുനോക്കി വിളിച്ചു, കൂടെ ചെല്ലാന്‍. മുകളിലെ നിലയിലെത്തിയപ്പോള്‍ മുന്നില്‍ ആജാനുബാഹുവായി അഫ്‌സല്‍ അന്‍സാരി. സ്നേഹത്തോടെ അദ്ദേഹം സ്വാഗതം ചെയ്തു.

20 ശതമാനത്തോളം ദളിത് വോട്ടര്‍മാരും 10 ശതമാനം മുസ്ലിങ്ങളുമുള്ള ഗാസിപൂരില്‍ യാദവ, യാദവേതര പിന്നാക്കവിഭാഗങ്ങള്‍ക്കുമുണ്ട് സ്വാധീനം. മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും എസ്.പി. എം.എല്‍.എമാര്‍. കഴിഞ്ഞതവണ എസ്.പി.-ബി.എസ്.പി. സഖ്യമായതും അഫ്‌സലിന്റെ ഭൂരിപക്ഷമുയരാന്‍ സഹായിച്ചിട്ടുണ്ട്. എസ്.പിയിലും ബി.എസ്.പിയിലും മാറിമാറി കളിച്ച അഫ്‌സല്‍ അന്‍സാരി ഇടയ്ക്ക് ഖ്വാമി ഏക്ത ദള്‍ എന്ന സ്വന്തം പാര്‍ട്ടിയും രൂപീകരിച്ചിട്ടുണ്ട്. അത് പിന്നീട് ബി.എസ്.പിയില്‍ ലയിച്ചു.

വെറും 10 ശതമാനം മാത്രം മുസ്ലിങ്ങളുള്ള മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് സ്വീകാര്യനായതിനാലാണ് തന്നെ ജയിപ്പിച്ചതെന്ന ആത്മവിശ്വാസം പ്രകടമാക്കി അഫ്‌സല്‍ അന്‍സാരി. ഒപ്പം തന്റെ കുടുംബത്തിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യവും പ്രശസ്തിയുമെല്ലാം വിവരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പട പൊരുതിയ കുടുംബത്തെയിപ്പോള്‍ മാഫിയ എന്ന് വിളിച്ച് വേട്ടയാടുന്നുവെന്ന് പരിഭവിച്ചു. ബി.എസ്.പിയുടെ ദളിത് വോട്ടുബാങ്ക് തന്നില്‍ നിന്ന് ചോരാതിരിക്കാനുള്ള കരുതല്‍ അഫ്‌സലിനുണ്ട്. മായാവതിയുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് മത്സരത്തില്‍ സംശയം പ്രകടിപ്പിക്കുമ്പോഴും അവരെ കുറ്റപ്പെടുത്താതിരിക്കാന്‍ അദ്ദേഹം ജാഗ്രത കാട്ടി.

അഫ്‌സല്‍ അന്‍സാരി മാതൃഭൂമിയോട്-

ബി.എസ്.പിയില്‍ നിന്ന് കൂറുമാറി എസ്.പിയിലെത്തുമ്പോള്‍ ജനം അംഗീകരിക്കുമോ?

അത് പൊതുജനങ്ങളോട് ചോദിക്കൂ. കാര്യങ്ങള്‍ പൊതുജനങ്ങളാണ് നിശ്ചയിക്കുന്നത്. ജനങ്ങളും അവരുടെ സാഹചര്യങ്ങളുമാണ് മുഖ്യം. ഇത് എന്റെ നാലാമത്തെ മത്സരമാണ്. 2004-ല്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് വിജയിച്ചത്. ജാതിസംബന്ധമായി നോക്കിയാല്‍ ഇവിടെ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ വെറും 10 ശതമാനമേയുള്ളൂ. ഇങ്ങനെയൊരു നാട്ടില്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമായി എന്നെ ഏഴ് തവണയാണ് ജനം തിരഞ്ഞെടുത്തയച്ചത്.  

മായാവതി ഇക്കുറി മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണമുണ്ട്?

എന്റെ അനുഭവത്തില്‍ അങ്ങനെ സംഭവിക്കാനിടയില്ലാത്തതാണ്. പക്ഷേ അവര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. വേട്ടയാടപ്പെടാമെന്ന ഭയമുണ്ടാകാം. നരേന്ദ്രമോദി ഗുജറാത്തിന് പുറത്തേക്ക് വന്ന് ഉത്തര്‍പ്രദേശില്‍ മത്സരിക്കുകയും ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തപ്പോള്‍ അവര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ബി.എസ്.പിയായിരുന്നു. ഇന്നത് മാറി. ബാബാസാഹബ് അംബേദ്കറും മാന്യവര്‍ കന്‍ഷിറാമും ഏത് ലക്ഷ്യത്തിനായാണോ പൊരുതിയത്, ആ താക്കോല്‍ അവര്‍ കൈമാറിയ വ്യക്തി അതെങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് പ്രധാനമാണ്.

2019-ല്‍ ബി.എസ്.പിയും എസ്.പിയും സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ ബി.എസ്.പി 10 സീറ്റാണ് നേടിയത്. അന്ന് ആര്‍.എസ്.എസും ബി.ജെ.പിയും ബഹന്‍ജിയെ നോട്ടമിട്ടതാണ്. 2022-ല്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിച്ചു. ഒരു സീറ്റാണ് നേടിയത്. ബി.ജെ.പിയും ആര്‍.എസ്.എസും നടത്തിയ ബ്രെയിന്‍വാഷിങ് ആണോ കാരണമെന്നറിയില്ല. ഇത്തവണയും ഒറ്റയ്ക്ക് മത്സരിക്കുന്നു. ബി.എസ്.പിയുടെ ഉമേഷ് കുമാര്‍ സിങിനെ ബി.ജെ.പി. പരോക്ഷമായി പിന്തുണയ്ക്കുന്നുമുണ്ട്.

ബി.എസ്.പി ഇന്ത്യാ മുന്നണിക്ക് ഭീഷണിയാകുമോ?

അത് അവര്‍ എത്ര സീറ്റ് നേടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. ബി.ജെ.പി.-ആര്‍.എസ്.എസ്. ആശയത്തിനെതിരാണ് യു.പിയിലെ 50 ശതമാനം ജനങ്ങളും. എന്നാല്‍ മതിയായ വിദ്യാഭ്യാസമില്ലാത്ത ദുര്‍ബല ജനവിഭാഗത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമുപയോഗിച്ച് ബി.ജെ.പിയും ആര്‍.എസ്.എസും പ്രീണിപ്പിച്ച് കീഴ്്പ്പെടുത്താന്‍ ശ്രമിക്കുകയാണ്.

ഇത്തവണ ഇന്ത്യാ സഖ്യത്തിന് എത്ര സീറ്റ് കിട്ടും യു.പിയില്‍?

പകുതിപ്പകുതിയാവും. മോദിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് പലതും പ്രസംഗിക്കുന്നത്.

താങ്കള്‍ക്കെതിരെ കേസുണ്ട്. വിധി എതിരായാല്‍?

ആകാശം ഇടിഞ്ഞുവീണാല്‍ എന്താകും എന്ന് ചോദിക്കുമ്പോലെയാണിത്. രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയില്‍ പൂര്‍ണ വിശ്വാസമുണ്ട്.

താങ്കളുടെ അനുജന്‍ മുക്താര്‍ അന്‍സാരിയെ ജയിലില്‍ വിഷം നല്‍കി കൊന്നതാണെന്ന ആരോപണമുയര്‍ത്തിയല്ലോ താങ്കളടക്കമുള്ള കുടുംബാംഗങ്ങള്‍?

മുക്താര്‍ അന്‍സാരി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം തന്നെ ഇക്കാര്യം നേരിട്ട് പരാതിപ്പെട്ടതാണ്. ജയില്‍ അധികാരികള്‍ ഗൂഢാലോചന നടത്തി കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി രാജ്യത്തെ മറ്റേതെങ്കിലും ജയിലില്‍ മാറ്റിപ്പാര്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചതാണ്. കോടതി നോട്ടീസയച്ചപ്പോള്‍ ഭരണകൂടം എതിര്‍ഹര്‍ജി നല്‍കി. ഒരു ഗൂഢാലോചനയുമില്ലെന്ന് അവര്‍ വാദിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജയിലില്‍ മുക്താര്‍ അന്‍സാരിയുടെ സുരക്ഷയ്ക്ക് കോട്ടമുണ്ടാകരുതെന്ന് സുപ്രീംകോടതി വിധിച്ചു.

മുക്താര്‍ അന്‍സാരിക്ക് വിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയെന്ന് 100 ശതമാനം എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം എന്നോട് നേരിട്ട് സംസാരിച്ചതാണ് ഇക്കാര്യം. സ്ലോ പോയിസനിങിലൂടെ തന്റെ ശരീരം ക്ഷയിക്കുകയാണെന്നും പുറത്തിറക്കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നും അദ്ദേഹം വാദിച്ചു. സ്ലോ പോയിസനിങ് കാരണമാണ് ഹൃദയാഘാതമുണ്ടായത്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എയിംസിലെ ഡോക്ടറെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തിക്കണമെന്ന ആവശ്യവും കേട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം കോടതി കേസ് പരിഗണിക്കും.