ന്യൂഡല്‍ഹി: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ വൈകാതെ പ്രഖ്യാപിക്കും. ‘ഇന്ത്യ’ പ്രതിപക്ഷസഖ്യമില്ലാതെ തനിച്ചുമത്സരിക്കുന്ന സംസ്ഥാനത്തെ സ്ഥാനാര്‍ഥിചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് വിവരം. ഈയാഴ്ചയോടെത്തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടിനേതാക്കള്‍ പറഞ്ഞു.

To advertise here,

13 ലോക്‌സഭാ സീറ്റുള്ള പഞ്ചാബില്‍ കോണ്‍ഗ്രസാണ് എ.എ.പി.യുടെ മുഖ്യ എതിരാളി. സംസ്ഥാനത്തെ ഭരണകക്ഷിയായ ആം ആദ്മി കൂടുതല്‍ സീറ്റുനേടാമെന്ന പ്രതീക്ഷയിലാണ്. 2019-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ടുസീറ്റിലും എന്‍.ഡി.എ. സഖ്യം നാലുസീറ്റിലും എ.എ.പി. ഒരുസീറ്റിലുമായിരുന്നു ജയിച്ചത്. പിന്നീടുനടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഒരുസീറ്റുകൂടി എ.എ.പി.ക്ക് ലഭിച്ചു. പരസ്പരം പോരാടുന്ന പഞ്ചാബില്‍ പ്രാദേശികഘടകങ്ങളുടെ എതിര്‍പ്പ് ശക്തമായിരുന്നതിനാലാണ് ഇരുപാര്‍ട്ടികളും സഖ്യം വേണ്ടെന്നുവെച്ചത്.

‘ഇന്ത്യ’ സഖ്യത്തില്‍ മത്സരിക്കുന്ന ഡല്‍ഹിയിലെയും ഹരിയാണയിലെയും സ്ഥാനാര്‍ഥികളെ നേരത്തേതന്നെ എ.എ.പി. പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ ഏഴില്‍ നാലുസീറ്റിലും ഹരിയാണയിലെ പത്തില്‍ ഒരുസീറ്റിലുമാണ് പാര്‍ട്ടി മത്സരിക്കുന്നത്. രണ്ടുസംസ്ഥാനങ്ങളിലും മുഴുവന്‍ സീറ്റിലും നിലവില്‍ ബി.ജെ.പി.ക്കാണ് ജയം. സ്ഥാനാര്‍ഥികളെ മുമ്പേ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി നേട്ടമുണ്ടാക്കാനാണ് എ.എ.പി. നോക്കുന്നത്.

മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. ആം ആദ്മിയില്‍

അതിനിടെ, കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എ. ഗുര്‍പ്രീത് സിങ് ജി.പി. ശനിയാഴ്ച ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഫത്തേഗഢ് ജില്ലയിലെ ബസി പഥാന മണ്ഡലത്തില്‍നിന്ന് 2017-ല്‍ ജയിച്ച ഗുര്‍പ്രീത് സിങ് 2022-ല്‍ എ.എ.പി. സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടിരുന്നു. പഞ്ചാബ് സര്‍ക്കാരിന്റെ ജനകീയതയില്‍ ആകൃഷ്ടനായാണ് കോണ്‍ഗ്രസ് വിട്ടതെന്ന് ഗുര്‍പ്രീത് സിങ് പറഞ്ഞു.