
തലസ്ഥാനരാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിക്ക് കഷ്ടകാലമാണിപ്പോൾ. ബി.ജെ.പി. സർക്കാരിന്റെ കേന്ദ്ര അന്വേഷണ ഏജൻസികൾ വലവിരിച്ചതിൽ കുടുങ്ങിയ പാർട്ടി കുരുക്കഴിക്കാൻ പെടാപ്പാടുപെടുകയാണ്. പാർട്ടിയുടെ മുഖമായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയക്കേസിൽ ഇ.ഡി. തിഹാർ ജയിലിലാക്കിയതോടെ നേതൃനിരയിൽ നികത്താനാവാത്ത വിടവാണുണ്ടായത്. പത്തുവർഷംകൊണ്ട് ദേശീയപ്പാർട്ടി പദവി നേടിയെടുത്ത രാഷ്ട്രീയതന്ത്രജ്ഞതയുള്ള കെജ്‌രിവാളായിരുന്നു പാർട്ടിയുടെ ജീവാത്മാവും പരമാത്മാവും. കെജ്‌രിവാൾ അറസ്റ്റിലായതോടെ ജീവശ്വാസംമുട്ടിയ പാർട്ടിക്ക് ഡൽഹിക്കുപുറമേ പഞ്ചാബിലെയും സർക്കാരുകളെ താങ്ങിക്കൊണ്ടുപോകുന്നത് വെല്ലുവിളിയാണ്. കെജ്‌രിവാളിനെ അകത്താക്കി തങ്ങളുടെ സർക്കാരുകളെ അട്ടിമറിക്കാനാണ് ബി.ജെ.പി. നീക്കമെന്ന് ആം ആദ്മി പാർട്ടി തുറന്നടിക്കുന്നുമുണ്ട്.
കെജ്‌രിവാൾ അറസ്റ്റിലായി വെറും മൂന്നാഴ്ചയാകുമ്പോൾ ഡൽഹിയിലെ ആം ആദ്മി സർക്കാർ ഭരണപരമായ പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രി ജയിലിലായിട്ടും ഭരണം തുടരാൻ ആത്മവിശ്വാസം കാട്ടിയ പാർട്ടിക്ക്, ഏഴ് വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രി രാജ്കുമാർ ആനന്ദ് പൊടുന്നനെ രാജിവെച്ചത് വൻകുടുക്കായി. ഏതുനിമിഷവും രാഷ്ട്രപതിഭരണം വന്നേക്കാമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ ഡൽഹിയിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ ബലംവെച്ചുതുടങ്ങിയിട്ടുണ്ട്. 2023 നവംബറിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. വ്യവസായികൂടിയായ അദ്ദേഹം ഇറക്കുമതിയിൽ നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലായിരുന്നു റെയ്ഡ്. ഇ.ഡി.യെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയുള്ള ബി.ജെ.പി.യുടെ ചതിയെന്ന് ആം ആദ്മി പാർട്ടി പഴിക്കുന്നുണ്ടെങ്കിലും ഭരണപ്രതിസന്ധി മറികടക്കാൻ ഇനിയെന്തുചെയ്യുമെന്നതാണ് മുന്നിലുള്ള വെല്ലുവിളി.
സാമൂഹികക്ഷേമം, തൊഴിൽ, പട്ടികജാതി-പട്ടികവർഗം, സഹകരണം തുടങ്ങി ഏഴു വകുപ്പുകളുടെ ചുമതലയാണ് രാജിവെച്ച മന്ത്രിക്കുണ്ടായിരുന്നത്. മന്ത്രിമാർ രാജിവെക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും ഈ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രിയിലേക്കാണ് വന്നുചേരുക. എന്നാൽ, ജയിലിൽക്കഴിയുന്ന കെജ്‌രിവാളിന് ഈ വകുപ്പുകൾ ഏറ്റെടുക്കാൻ കഴിയില്ലെന്നു മാത്രമല്ല, വകുപ്പുകൾ മറ്റൊരു മന്ത്രിക്കു കൈമാറാൻപോലും സാധിക്കാത്ത സ്ഥിതിയാണ്. ഈ വകുപ്പുകൾ മറ്റാരെയെങ്കിലും ഏല്പിക്കാൻ ശുപാർശചെയ്യണമെങ്കിലും മുഖ്യമന്ത്രിയുടെ കൈയൊപ്പ് ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അസാധ്യവുമാണ്.
ഈ പ്രശ്നങ്ങൾ രാഷ്ട്രപതിഭരണത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുമോയെന്നാണ് ദേശീയരാഷ്ട്രീയത്തിൽ ഉറ്റുനോക്കപ്പെടുന്നത്. ജയിലിൽനിന്നുള്ള ഭരണം അനുവദിക്കില്ലെന്ന് ലെഫ്. ഗവർണർ വി.കെ. സക്‌സേന നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനമന്ത്രിമാർ തന്നോട് സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കേന്ദ്രത്തിന് അദ്ദേഹം കത്തുമയച്ചു. അതിനാൽ ലെഫ്. ഗവർണറുടെ നീക്കം നിർണായകമായേക്കും. പൂർണ സംസ്ഥാന പദവിയില്ലാത്ത ഡൽഹിയിൽ സർക്കാരിന് ഭൂരിപക്ഷമുണ്ടെങ്കിലും രാഷ്ട്രപതിക്ക് നേരിട്ട് ഇടപെടാൻ നിയമം അനുവദിക്കുന്നുണ്ട്. ഏപ്രിൽ 26-ന് നടക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ തിരഞ്ഞെടുപ്പും പുതിയ സാഹചര്യത്തിൽ സംഘർഷഭരിതമാകും. നിലവിൽ ആം ആദ്മി പാർട്ടിയുടെ കൈവശമാണ് മേയർപദവി. കൗൺസിലർമാരുടെ കൂറുമാറ്റമുണ്ടാകുമോയെന്ന് പ്രവചിക്കാനാവില്ല.
നേതാക്കളുടെ കൊഴിഞ്ഞുപോക്ക്
മദ്യനയക്കേസിൽ സുപ്രീംകോടതി ജാമ്യംകിട്ടി പുറത്തിറങ്ങിയ പാർട്ടിയുടെ ‘സിംഹം’ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ പഠിച്ചപണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും വരുതിയിൽനിൽക്കുന്നില്ലെന്നതാണ് മന്ത്രിയുടെ രാജി സൂചിപ്പിക്കുന്നത്. കെജ്‌രിവാളിനു പുറമേ മുതിർന്നനേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും ജയിലിലാണ്. പാർട്ടിയിലെയും സർക്കാരിലെയും ഏകോപനത്തിന് പുറത്തുള്ള നേതാക്കൾക്ക് പൂർണതോതിൽ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. വെറും ആറു മന്ത്രിമാർ മാത്രമുള്ള ഡൽഹിയിലെ ഒരു മന്ത്രി രാജിവെച്ചത് പാർട്ടിക്ക് വലിയതിരിച്ചടിതന്നെയാണ്. ഡൽഹിയിൽ മാത്രമല്ല, കെജ്‌രിവാളിന്റെ അറസ്റ്റിനുശേഷം പഞ്ചാബിലും നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ട്. ജലന്ധറിലെ സിറ്റിങ് എം.പി.യും എം.എൽ.എ. യും ബി.ജെ.പി.യിലേക്കുപോയി. പലനേതാക്കളും വരുംദിവസങ്ങളിൽ പാർട്ടിവിട്ടേക്കുമെന്നും ബി.ജെ.പി.യുമായി ചർച്ചകൾ നടക്കുകയാണെന്നും ശ്രുതിയുണ്ട്.
ഡൽഹിക്കുമുന്നിലെ 3 സാധ്യതകൾ
- അറസ്റ്റിലായ മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാൻ തടസ്സമില്ലെന്ന് ഡൽഹി ഹൈക്കോടതി കെജ്‌രിവാളിന്റെ കാര്യത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ജയിലിലിരുന്നുള്ള ഭരണനിർഹണത്തിന് കോടതിയുടെ അനുമതിതേടാം. കോടതിയനുവദിച്ചില്ലെങ്കിൽ പദവി മറ്റാരെയെങ്കിലും ഏല്പിക്കേണ്ടിവരും.
- കെജ്‌രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുക. അതോടെ പാർട്ടി നിയമസഭാ കക്ഷിയോഗം ചേർന്ന് പുതിയ നേതാവിനെ തീരുമാനിച്ച് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിക്കാം. അങ്ങനെയുള്ളപ്പോൾ എ.എ.പി.ക്ക് ഭരണം നഷ്ടപ്പെടില്ല.
- നിലവിലെ പ്രശ്നങ്ങളിൽ രാഷ്ട്രപതിയുടെ ഇടപെടലുണ്ടാകാം. ലെഫ്. ഗവർണർ റിപ്പോർട്ട് നൽകിയതിന്റെ പേരിലോ അല്ലെങ്കിൽ സ്വമേധയായോ രാഷ്ട്രപതിക്ക് ഇടപെടാനാകും. രാജ്യതലസ്ഥാനമായതിനാൽ രാഷ്ട്രപതിക്ക് ഡൽഹിയുടെ കാര്യത്തിൽ പ്രത്യേക അധികാരമുണ്ട്.
Content Highlights: Arvind Kejriwal In Tihar, Raaj Kumar Anand resignation; What Next For Delhi Government?
Published: 11 Apr 2024, 07:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented