ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യ സഖ്യത്തില്‍ മമതയെ ഉള്‍പ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ്, കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ മമതയുടെ പിന്തുണ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ഖാര്‍ഗെ ഈ രീതിയില്‍ പ്രതികരിച്ചത്.
ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലല്ല മത്സരിക്കുന്നത്. സംസ്ഥാനത്ത് ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നുവരുന്നതിനിടെയാണ് ഖാര്‍ഗെയുടെ പ്രതികരണം.
മുംബൈയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ഖാര്‍ഗെ.'മമത മുന്നണിയുടെ ഭാഗമാണ്. അധീര്‍ രഞജന്‍ ചൗധരി സഖ്യം സംബന്ധിച്ച് തീരുമാനിക്കാന്‍ ആളല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതൃത്വവുമാണ് സഖ്യം തീരുമാനിക്കുന്നത്. ഹൈക്കമാന്‍ഡ് തീരുമാനത്തിന് വിരുദ്ധമായി ആരെങ്കിലും നിന്നാല്‍ അവര്‍ പുറത്തുപോകും'ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ തൃണമൂല്‍ സര്‍ക്കാരിലുണ്ടാകുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പുറത്ത് നിന്ന് പിന്തുണച്ചിരുന്നതായും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
നേരത്തെ അധീര്‍ മമതയ്ക്കും തൃണമൂലിനുമെതിരെ നടത്തിയ പ്രസംഗം വിവാദമായിരുന്നു. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇതിന്റെ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു.
ഇതിനിടെ മമതയ്‌ക്കെതിരായ തന്റെ വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ലെന്ന് അധീര്‍ ചൗധരി പ്രതികരിച്ചു. 'എന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളുമായി ചേരാന്‍ എനിക്ക് കഴിയില്ല. മമതയ്ക്കെതിരായ എന്റെ പോരാട്ടം ധാര്‍മികമാണ്, വ്യക്തിപരമല്ല. ബംഗാളിലെ എന്റെ പാര്‍ട്ടിയെ സംരക്ഷിക്കാനാണ് എന്റെ വിമര്‍ശനം. ഞാന്‍ കോണ്‍ഗ്രസിന്റെ പാദസേവകനാണ്, എന്റെ പോരാട്ടം തടയാന്‍ കഴിയില്ല' അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
Content Highlights: Mallikarjun Kharge says Adhir Chowdhury no one to decide-Mamata Banerjee in INDIA
Published: 18 May 2024, 02:56 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented