മെട്ടൂര്‍ (സേലം): തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രബല പാര്‍ട്ടികള്‍ ആയുധമാക്കുന്നത് വികസന പ്രവര്‍ത്തനങ്ങളുടെ നീണ്ട കണക്കാണെങ്കില്‍ തമിഴ്‌നാട്‌ സേലം സ്വദേശി കെ. പത്മരാജന്റെ കൈമുതല്‍ ലോക്‌സഭ, നിയമസഭാ,പഞ്ചായത്ത് തിരഞ്ഞടുപ്പുകളിലായി 238 തവണ തോറ്റതിന്റെ ചരിത്രമാണ്. 1988 മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുതുടങ്ങിയ പത്മരാജന്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ടയര്‍ ചിഹ്നത്തില്‍ അങ്കത്തിനിറങ്ങുന്നുണ്ട്. ജയിക്കുന്നോ തോല്‍ക്കുന്നോ എന്നതിലല്ല, മറിച്ച് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഏതൊരു സാധാരണക്കാരനും അവസരമുണ്ട് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറയുന്നു പത്മരാജന്‍.

To advertise here,

1988-ല്‍ ജന്മനാടായ സേലം ജില്ലയിലെ മെട്ടൂരില്‍ നിന്ന് തുടങ്ങിയതാണ് ടയര്‍ റിപ്പയറിംഗ് കട മുതലാളിയായ പത്മരാജന്റെ തിരഞ്ഞെടുപ്പ് ജീവിതം .മറ്റ് പകിട്ടുകളൊന്നുമില്ലാതെ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ഈ സ്ഥാനാര്‍ഥിക്ക് തുടക്കം മുതല്‍ ആകെയുള്ള മതുല്‍ക്കൂട്ട് ചുറ്റുമുള്ളവരുടെ കളിയാക്കലുകള്‍ മാത്രമായിരുന്നു. എന്നാല്‍ അതൊന്നും പത്മരാജനെ പിന്നോട്ടുവലിച്ചില്ല, പകരം കൂടുതല്‍ ഊര്‍ജം പകര്‍ന്നു. പിന്നീടിങ്ങോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക എന്നത് പത്മരാജന് ഒരു ഹരമായി മാറി.  

പത്മരാജനെ സംബന്ധിച്ചിടത്തോളം എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നുള്ളത് ഒരു വിഷയമേ അല്ല. നരേന്ദ്രമോദി, അടല്‍ ബിഹാരി വാജ്‌പേയി, മന്‍മോഹന്‍സിങ് തുടങ്ങി 2019-ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയോട് വരെ തോറ്റിട്ടുണ്ട് പത്മരാജന്‍. തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെയും മത്സരിച്ചിട്ടുണ്ട്. വിജയത്തേക്കാള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതാണ് ഈ 65-കാരന്റെ സന്തോഷം. പക്ഷേ ഈ സന്തോഷത്തിന് വലിയ വിലയും നല്‍കുന്നുണ്ട് പത്മരാജന്‍.

മൂന്നുപതിറ്റാണ്ടായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച വകയില്‍  ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവാക്കിയിട്ടുണ്ട് പത്മരാജന്‍. തിരഞ്ഞെടുപ്പില്‍ 16 ശതമാനമെങ്കിലും വോട്ട് ലഭിച്ചാലേ സ്ഥാനാര്‍ഥിക്ക് കെട്ടിവെക്കുന്ന തുക തിരികെ ലഭിക്കു. എന്നാല്‍ മേല്‍പറഞ്ഞപോലെ, പത്മരാജന് ഇതൊന്നും ഒരു വിഷയമല്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഏറ്റവും കൂടുതല്‍ തവണ പരാജിതനായ സ്ഥാനാര്‍ത്ഥി എന്ന ലിംക ബുക്ക് ഓഫ്  റെക്കോഡാണ് പത്മരാജിന്റെ ഇക്കാലയളവിലെ ഏറ്റവും വലിയ നേട്ടം.

placeholder
K. Padmarajan, a tyre repair shop owner popularly known as 'Election King', sits beside his Limca Book of Records certificate for being the most unsuccessful election candidate during an interview with AFP at his office in Mettur, near Salem district in India's Tamil Nadu state
ലിംക ബുക്ക് ഓഫ് റെക്കോർഡിനൊപ്പം കെ.പദ്മരാജൻ | Photo credits: AFP / Idrees Mohammed

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഒരുവോട്ടുപോലും പ്രതീക്ഷിക്കാറില്ലെന്ന് പറയുന്നു പത്മരാജൻ. എന്നാല്‍ 2011-ലെ തമിഴ്‌നാട്  നിയമസഭാ തിരഞ്ഞെടുപ്പില്‍ 6273 വോട്ടുവരെ തനിക്ക് ലഭിച്ചിട്ടുള്ളതായി പത്മരാജൻ പറയുന്നു. ഒരു വോട്ട് പോലും കിട്ടാത്ത തിരഞ്ഞെടുപ്പുകളും ഉണ്ടായിട്ടുണ്ട്. സ്വന്തമായി ടയര്‍ കടയും, അല്ലചില്ലറ ഹോമിയോ ചികിത്സയും മാത്രമല്ല നാട്ടിലെ ഒരു പ്രാദേശിക മാധ്യമ സ്ഥാപനത്തിലെ എഡിറ്ററുമാണ് പത്മരാജന്‍. ഇതെല്ലാമുണ്ടെങ്കിലും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തന്നെയാണെന്ന് പത്മരാജൻ പറയുന്നു.

ഇതുവരെ മത്സരിച്ചു തോറ്റ ഒരോ തിരഞ്ഞെടുപ്പിലെയും നാമനിര്‍ദ്ദേശ പത്രികയും തിരിച്ചറിയല്‍ രേഖയും ലാമിനേറ്റു ചെയ്ത് കൃത്യമായി സൂക്ഷിച്ചിട്ടുമുണ്ട് തളരാത്ത ഈ സ്ഥാനാര്‍ഥി. മീന്‍, മോതിരം, തൊപ്പി, ടെലഫോണ്‍ എന്നിവയായിരുന്നു പ്രചാരണ ചിഹ്നങ്ങള്‍. തോല്‍വികളില്‍ തളര്‍ന്ന് പിന്മാറരുതെന്നും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് പരാജയപ്പെടുന്നതില്‍ തെറ്റില്ല എന്നും തെളിയിക്കുന്നതാണ് പത്മരാജന്റെ ജീവിതം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പോരാട്ട വീര്യം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കണം എന്ന ആവശ്യവും നാട്ടുകാരില്‍ നിന്നും ഉയരുന്നുണ്ട്.