ന്യൂഡല്‍ഹി: 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ പ്രാദേശിക പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പെന്നായിരുന്നു പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാര്‍ക് ടുളി വിശേഷിപ്പിച്ചത്. ''ഒരു വലിയ ദേശീയ തിരഞ്ഞെടുപ്പെന്നതിനെക്കാള്‍, സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഒരു കൂടിച്ചേരലാണ് രാജ്യത്ത് നടക്കുന്നത്'' എന്നായിരുന്നു മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ടുളി പറഞ്ഞത്. 2019-ല്‍ ബി.ജെ.പി. മേധാവിത്വം പുലര്‍ത്തിയെങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ പ്രഭാവവും രേഖപ്പെടുത്തപ്പെട്ടു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് നൊബേല്‍ സമ്മാനജേതാവായ അമര്‍ത്യാസെന്നും സമാന നിരീക്ഷണമാണ് അടുത്തിടെ പങ്കിട്ടത്- ''ബി.ജെ.പി.ക്ക് അനുകൂലമായ ഒറ്റക്കുതിരയോട്ടമായിരിക്കും തിരഞ്ഞെടുപ്പെന്ന് കരുതേണ്ടതില്ല. പ്രാദേശിക പാര്‍ട്ടികളുടെ സാന്നിധ്യവും നിര്‍ണായകമാണ്.''
തലോടും പിന്നെ തകര്‍ക്കും
ബി.ജെ.പി.യോട് അടുപ്പം പുലര്‍ത്തുന്നവര്‍ക്കും എതിരാളികള്‍ക്കും 2024-ലെ ജനവിധി നിലനില്‍പ്പിനുള്ള സമരമാണ്. ചെറുമീനുകളെ സ്രാവുകളെന്നതു പോലെ, ചെറുപാര്‍ട്ടികളെ വിഴുങ്ങുന്ന രാഷ്ട്രീയം തുടര്‍ച്ചയായി ബി.ജെ.പി. പ്രയോഗിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്. സഖ്യങ്ങളുടെ തലങ്ങള്‍ക്കപ്പുറം ബി.ജെ.പി.യെ പ്രാദേശിക പാര്‍ട്ടികള്‍ നേരിടുന്ന തിരഞ്ഞെടുപ്പായി ഇത്തവണത്തെ പോരാട്ടം രൂപംകൊള്ളും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമുള്ള 44 പ്രാദേശിക പാര്‍ട്ടികളാണ് രാജ്യത്തുള്ളത്. പ്രാദേശിക പാര്‍ട്ടികളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന ചില പാര്‍ട്ടികള്‍ സാങ്കേതിക കാരണങ്ങളാല്‍ ദേശീയപ്പാര്‍ട്ടി പട്ടികയിലേക്ക് മാറിയിട്ടുണ്ട്. ടി.എം.സി., എ.എ.പി., ജെ.ഡി.യു., ബി.എസ്.പി., ആര്‍.ജെ.ഡി., ബി.ജെ.ഡി. തുടങ്ങിയവ ഉദാഹരണം.
പ്രാദേശിക പാര്‍ട്ടികളുടെ വരവ്
സ്വതന്ത്ര ഇന്ത്യയില്‍ 1964 വരെ കോണ്‍ഗ്രസിന്റെ ഒറ്റപ്പാര്‍ട്ടി മേധാവിത്വമായിരുന്നു. ഒട്ടേറെ ചെറുപാര്‍ട്ടികള്‍ അക്കാലത്തുണ്ടായിരുന്നെങ്കിലും അവ കേവലം സമ്മര്‍ദ ഗ്രൂപ്പുകളായാണ് നിലയുറപ്പിച്ചത്. 1964-ല്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തോടെ ഈ നില മാറിത്തുടങ്ങി.
1964 മുതല്‍ 1977 വരെ ഒറ്റപ്പാര്‍ട്ടി സംവിധാനത്തെ വെല്ലുവിളിച്ച് പുതിയ പാര്‍ട്ടികള്‍ രൂപമെടുത്തു. 1967-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേധാവിത്വത്തിന് ക്ഷീണംപറ്റി. ഇതോടെ പ്രാദേശിക പാര്‍ട്ടികള്‍ വളരാന്‍ തുടങ്ങി.
1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നതോടെ അടുത്തഘട്ടം ആരംഭിച്ചു. ഭരണത്തിലെത്തിയ ഇന്ദിരാ ഗാന്ധിക്കെതിരേ 1971 മുതല്‍ പ്രതിഷേധരാഷ്ട്രീയം രൂപമെടുത്തു. 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ എതിര്‍പ്പ് രൂക്ഷമായി. ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ആദ്യമായി ചെറുപാര്‍ട്ടികളുടെ ബഹുപാര്‍ട്ടി സംവിധാനം രൂപപ്പെട്ടു.
ഇവര്‍ കോണ്‍ഗ്രസിന്റെ മേധാവിത്വത്തിനെതിരേ പോരാടാന്‍ തുടങ്ങി. 1977-ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ആദ്യമായി സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. എന്നാല്‍, ജനതാ സര്‍ക്കാരിന്റെ വീഴ്ചയോടെ 1980-ല്‍ കോണ്‍ഗ്രസ് പ്രഭാവം വീണ്ടെടുത്തു.
ഇതോടെ, 1980-'89 കാലഘട്ടത്തില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പ്രാദേശിക പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം പതിവായി. രാഷ്ട്രപതി ഭരണമെന്ന ആയുധം ഉപയോഗിക്കാന്‍ തുടങ്ങി. ഇതോടെ, പ്രാദേശിക പാര്‍ട്ടികള്‍ ശക്തരാകാന്‍ തുടങ്ങി. ഈ രാഷ്ട്രീയഭൂമിയിലാണ് പ്രാദേശിക പാര്‍ട്ടികളുടെ വേരോട്ടം ആരംഭിച്ചത്.
1989-നുശേഷം പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്രാപിച്ചു. ഒന്പതുമുതല്‍ 15 വരെയുള്ള ലോക്സഭാ കാലയളവില്‍ നടന്ന പൊതുതിരഞ്ഞെടുപ്പുകളില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ പ്രാദേശിക പാര്‍ട്ടികളുടെ സഹായം തേടേണ്ടിവന്നു. ഇത് പ്രാദേശിക രാഷ്ട്രീയത്തിന് വളമായി.
1999-ല്‍ ബി.ജെ.പി. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ 24 പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കി. അധികാരം നേടി. 1996-നുശേഷം 23 പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ അധികാരം പങ്കിട്ടു. 2004 മുതല്‍ 2009 വരെയുള്ള യു.പി.എ. ഭരണകാലം പ്രാദേശിക പാര്‍ട്ടികളുടെ ദേശീയസാന്നിധ്യം വീണ്ടും ശക്തമാക്കി.
2014-ല്‍ വീണ്ടും ഒറ്റപ്പാര്‍ട്ടി ഭരണം രാജ്യത്ത് തിരിച്ചെത്തിയെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദേശീയ-സംസ്ഥാന തലങ്ങളില്‍ മങ്ങലുണ്ടായില്ല. എന്നാല്‍, ഈ പ്രാദേശിക പാര്‍ട്ടികളെ മെരുക്കിയും കീഴ്പ്പെടുത്തിയും തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം വിപുലീകരിക്കാനുള്ള ബി.ജെ.പി.യുടെ തന്ത്രങ്ങള്‍ക്ക് ഇതോടെ തുടക്കമായി.
''ബി.ജെ.പി.ക്ക് അനുകൂലമായ ഒറ്റക്കുതിരയോട്ടമായിരിക്കും തിരഞ്ഞെടുപ്പെന്ന് കരുതേണ്ടതില്ല. പ്രാദേശിക പാര്‍ട്ടികളുടെ ണ്ടസാന്നിധ്യവും നിര്‍ണായകമാണ്'' -അമര്‍ത്യാ സെന്‍ പറഞ്ഞത്
Content Highlights: loksabha election 2024 amartya Sen analysis
Published: 12 Apr 2024, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented