ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ കുടുംബവും രാഷ്ട്രീയവും തമ്മില്‍ അഭേദ്യ ബന്ധമുണ്ടെന്ന് കാണാന്‍ കഴിയും. പതിറ്റാണ്ടുകളായി കുടുംബം കൈയാളുന്ന രാഷ്ട്രീയ ഗോധയില്‍ നിന്ന് ഇക്കാലമത്രയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും മന്ത്രിമാരുമായവരേറെ. പക്ഷെ ഇന്ന് രാഷ്ട്രീയ കാലാവസ്ഥയാകെ മാറി. കുടുംബരാഷ്ട്രീയങ്ങള്‍ പലതും അവസാന ശ്വാസത്തിലായി. ഇവിടെയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍ണായമാകുന്നത്. ജൂണ്‍ നാലിനുള്ള തിരഞ്ഞെടുപ്പ് ഫലം പലരുടേയും രാഷ്ട്രീയ നിലനില്‍പ്പിന്റെ വിധിയെഴുത്ത് കൂടിയായിട്ടാണ് കണക്കാക്കുന്നത്. ഇക്കാലമത്രയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായമായി മാറിയിരുന്ന കുടുംബങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയും താഴ്ചയും നോക്കാം.

To advertise here,
placeholder
പ്രകാശ് സിങ് ബാദലും സുഖ്ബീർ സിങ് ബാദലും. ഫയൽ ഫോട്ടോ | PTI
  • ബദലിൽ മുങ്ങുന്ന ബാദൽ കുടുംബം

കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും  പഴയ പാര്‍ട്ടിയെന്നാണ് പഞ്ചാബിലെ ശിരോമണി അകാലി ദളിനെ അറിയപ്പെടുന്നത്. 1920 ല്‍ രൂപവത്കരിക്കപ്പെട്ട പാര്‍ട്ടിയുടെ പ്രതാപകാലം പക്ഷേ, പ്രകാശ് സിങ് ബാദല്‍ നേതൃത്വമേറ്റെടുക്കുന്നതോടെയായിരുന്നു. അഞ്ച് തവണയാണ് ബാദല്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയായത്. ഏറ്റവും കൂടുതല്‍ കാലം പഞ്ചാബിന്റെ മുഖ്യമന്ത്രിയായതും പ്രകാശ് സിങ് ബാദലായിരുന്നു. പതിനൊന്ന് തവണ നിയമസഭാംഗമായി, മൂന്ന് തവണ പ്രതിപക്ഷ നേതാവായി. ഒരു തവണ കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്സഭാംഗം എന്നീ നിലകളിളെല്ലാം പ്രവര്‍ത്തിച്ചു. തനിക്കൊപ്പം ബാദല്‍ കുടുംബത്തിലെ വലിയൊരു വിഭാഗത്തെ തന്റെ പിന്‍മുറക്കായി പ്രകാശ് സിങ് ബാദല്‍ പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നുവെങ്കിലും ഏറെക്കാലം എന്‍.ഡി.എയുടെ ഭാഗമായി നിന്ന ശിരോമണി അകാലി ദളിനും ബാദല്‍ കുടുംബത്തിനും അത്ര സുഖരമല്ല കഴിഞ്ഞ കുറച്ചുകാലമായുള്ള പഞ്ചാബിലെ രാഷ്ട്രീയ കാലാവസ്ഥ.

പ്രകാശ് സിങ് ബാദലിന്റെ മകനും മൂന്ന് തവണ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന്റെ കൈയിലാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം. പക്ഷെ എ.എ.പിയുടെ മുന്നേറ്റം സംസ്ഥാനത്തുണ്ടായതോടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് പോലും പ്രതിസന്ധിയിലാണ്. ഒരുകാലത്ത് പഞ്ചാബിന്റെ  രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ശിരോമണി അകാലി ദളിന് 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടാനായത് വെറും രണ്ട് സീറ്റ് മാത്രം. 2019-ല്‍ പത്ത് സീറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ കിട്ടിയത് വെറും രണ്ട് സീറ്റും. അതുകൊണ്ടു തന്നെ ഇത്തവണ നിലമെച്ചപ്പെടുത്തേണ്ടത് ബാദല്‍ കുടുംബത്തേയും ശിരോമണി അകാലി ദളിനേയും സംബന്ധിച്ച് നിര്‍ണായകവുമാണ്.

വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് പ്രകാശ് സിങ് ബാദല്‍ 2023-ല്‍ അന്തരിച്ചുവെങ്കിലും മകന്‍ സുഖ്ബീര്‍  സിങ് ബാദല്‍, മരുമകള്‍ ഹര്‍സിംരത്ത് കൗര്‍ ബാദല്‍, കൊച്ചുമകന്‍ അനന്ദ് വീര്‍ ബാദല്‍, സഹോദരന്‍ ഗുര്‍ദാസ് സിങ് ബാദല്‍ ഇദ്ദേഹത്തിന്റെ മകന്‍ മന്‍പ്രീത് സിങ് ബാദല്‍ എന്നിവരടങ്ങുവന്ന കുടുംബത്തിലെ വലിയൊരു സംഘത്തെ മുതിര്‍ന്ന ബാദല്‍ രാഷ്ട്രീയത്തിലിറക്കിയിരുന്നു. എന്നാല്‍ 2022-ല്‍ ആംആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തി അധികാരം പിടിച്ചതോടെ മൂന്ന് പതിറ്റാണ്ടിന് ശേഷം ബാദല്‍ കുടുംബാംഗങ്ങളില്ലാത്ത നിയമസഭയായി പഞ്ചാബ് മാറുകയും ചെയ്തു.

ആകെയുള്ള 117 സീറ്റില്‍ മൂന്ന് സീറ്റില്‍ ശിരോമണി അകാലി ദള്‍ വിജയിച്ചിരുന്നുവെങ്കിലും ഇതില്‍ ബാദല്‍ കുടുംബത്തില്‍ പെട്ട ആരുമുണ്ടായിരുന്നില്ല. ഏറ്റവും കൂടുതല്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയായ പ്രകാശ് സിങ് ബാദലും മകന്‍  സുഖ്ബീര്‍ ബാദലും തോറ്റു. ഇതിന് മുമ്പ് 1992-ല്‍ ശിരോമണി അകാലി ദള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചപ്പോള്‍ മാത്രമാണ് ബാദല്‍ കുടുംബത്തിന്റെ പ്രതിനിധികള്‍ നിയമസഭയില്‍ ഇല്ലാതിരുന്നത്. പക്ഷെ 2022 ലെ തിരഞ്ഞെടുപ്പ് അവര്‍ക്ക് നല്‍കിയത് വലിയ തിരിച്ചടിയുമായി.

പഞ്ചാബില്‍ 13 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ജൂണ്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ്. ദേശീയതലതത്തില്‍ എന്‍.ഡി.എയിലെ സഖ്യകക്ഷിയായിരുന്നു ശിരോമണി അകാലിദളെങ്കിലും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ചിട്ടും വിചാരിച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല. കര്‍ഷക നിയമങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ 2020 സെപ്റ്റംബറില്‍ ശിരോമണി അകാലിദള്‍ എന്‍.ഡി.എ. മുന്നണി വിടുകയും ചെയ്തിരുന്നു. സുഖ്ബീർ സിങ്ങിന്റെ ഭാര്യ കൂടിയായ ഹംസിംരത്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

ഇത്തവണ ശിരോമണി അകാലിദളുമായി സഖ്യത്തിലില്ലാതെ 13 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി.ജെ.പി തീരുമാനം. അതുകൊണ്ടുതന്നെ നിലനില്‍പ്പിനായി ശിരോമണി അകാലി ദളുകാര്‍ക്ക് വിജയിച്ചേ മതിയാകു. എന്‍.ഡി.എ സഖ്യം വിട്ടതോടെ തങ്ങള്‍ മാത്രമാണ് ഇവിടെയുള്ള പ്രാദേശിക പാര്‍ട്ടിയെന്നും ബി.ജെ.പിക്കും കോണ്‍ഗ്രസിനും വോട്ടുചെയ്യുരുതെന്നും പഞ്ചാബിന്റെ പ്രശ്നങ്ങള്‍ ലോക്സഭയിലെത്തിക്കാന്‍ ശിരോമണി അകാലിദള്‍ എം.പിമാര്‍ക്ക് മാത്രമേ കഴിയൂവെന്ന പ്രചാരണമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

കഴിഞ്ഞ തവണ 10 സീറ്റില്‍ എന്‍.ഡി.എ സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ രണ്ട് സീറ്റില്‍ മാത്രമായിരുന്നു ശിരോമണി അകാലി ദളിന് വിജയം. ബാക്കിയുള്ള മൂന്ന്  സീറ്റില്‍ മത്സരിച്ച ബിജെപി രണ്ട് സീറ്റില്‍ വിജയിക്കുകയും ചെയ്തു.

placeholder
കുമാരസ്വാമിയും ദേവഗൗഡയും. ഫയൽ ചിത്രം | PTI
  • കളംമാറി കളം മാറി ചുരുങ്ങി ജെ.ഡി.എസ്

എന്റെ രാഷ്ട്രീയജീവിതത്തിലുടനീളം ഞാനൊരു പോരാളിയായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വികള്‍ എനിക്ക് മുന്നോട്ടുപോവാനുള്ള വാതിലുകളടച്ചില്ല. പോരാടാനുള്ള ശക്തി കൂടുതല്‍ കരുത്തോടെ നല്‍കി. ഉയര്‍ച്ച താഴ്ചകള്‍ പലതുമുണ്ടായി. പലതരം വിമര്‍ശകരേയും എതിരാളികളേയും നേരിട്ടു. പക്ഷെ 90-ാം വയസ്സിലും ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നു. നിങ്ങള്‍ക്കിടയിലേക്കിറങ്ങുന്നു-2023 ല്‍ കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എച്ച്.ഡി ദേവഗൗഡയെന്ന രാഷ്ട്രീയ അതികായന്റെ വാക്കുകളായിരുന്നു ഇത്. രാഷ്ട്രീയത്തേയും കുടുംബത്തേയും ചേര്‍ത്തുപിടിച്ച് പതിറ്റാണ്ടുകള്‍ ജെ.ഡി.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ദേവഗൗഡ മുന്നോട്ടു നയിച്ചു. പക്ഷേ, ഇന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. പിടിച്ചുനില്‍ക്കാന്‍ ആരുമായും കൂട്ടുചേരാമെന്ന അവസ്ഥയിലായി. അപ്പോഴും നേരിട്ടത് തിരിച്ചടികള്‍. 

കോണ്‍ഗ്രസിന്റെ പരമ്പരാഗത തട്ടകമായിരുന്ന കര്‍ണാടകയില്‍ സോഷ്യലിസ്റ്റുകള്‍ കാലുറപ്പിച്ചതോടെ രാമകൃഷ്ണ ഹെഡ്ഡെ, എസ്.ആര്‍ ബൊമ്മെ എന്നിവര്‍ക്ക് ശേഷം കര്‍ണാടകയിലെ കിങ് മേക്കറായി മാറുകയായിരുന്നു ദേവഗൗഡയും ജെ.ഡി.എസും. ജനതാദളിന്റെ അനിഷേധ്യ നേതാവായ എച്ച്.ഡി ദേവഗൗഡയെ തേടി രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വരെയെത്തി. കുറഞ്ഞകാലത്തേക്ക് മാത്രമായിരുന്നു പ്രധാനമന്ത്രി പദമെങ്കിലും അധികാര രാഷ്ട്രീയത്തിന്റെ ചതുരംഗക്കളിയില്‍ കര്‍ണാടകയങ്ങനെ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകവുമായി.

1952 ല്‍ കര്‍ണാടകയില്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ തുടര്‍ച്ചയായി ആറ് തവണയാണ് കോണ്‍ഗ്രസ് കര്‍ണാടക ഭരിച്ചത്. എന്നാല്‍ ജനതാദളിന്റെ വരവോടെ രാഷ്ട്രീയ ചിത്രം തന്നെ മാറി. 1988-ല്‍ ജനതാദള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കിയത് ദേവഗൗഡയായിരുന്നു. 1994-ല്‍ കര്‍ണാടകത്തിലെ 14-ാമത്തെ മുഖ്യമന്ത്രിയായി. അത്തവണ 115 സീറ്റായിരുന്നു ജനതാളിന് ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് 34 സീറ്റിലേക്ക് ഒതുക്കപ്പെടുകയും ചെയ്തു. 1996-ല്‍ അപ്രതീക്ഷിതമായി ദേവഗൗഡ പ്രധാനമന്ത്രി പദത്തിലുമെത്തി. കോണ്‍ഗസ് പിന്തുണയോടെ ഐക്യമുന്നണിയുടെ പ്രധാനമന്ത്രിയായിരുന്നു ദേവഗൗഡ.

ജനതാദളിലെ ഒരു വിഭാഗത്തിന്റെ ബി.ജെ.പി ബന്ധത്തെ എതിര്‍ത്താണ് 1999 ല്‍ ജനതാദള്‍(എസ്) രൂപപ്പെടുന്നത്. ഇതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ജെ.ഡി.എസ് സംസ്ഥാന ഭരണം നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായി. പ്രധാനമന്ത്രി പദത്തിന് പുറമെ ആറ് തവണ ലോക്സഭാംഗവും ഏഴ് തവണ നിയമസഭാംഗവും കര്‍ണാടക മുഖ്യമന്ത്രിയും രാജ്യസഭാംഗവുമൊക്കെയായ ദേവഗൗഡ സംസ്ഥാന രാഷ്ട്രീയം നിയന്ത്രിക്കുന്നതില്‍ അങ്ങനെ ഒന്നാമനായി. കൃത്യമായി മക്കളേയും ചെറുമക്കളേയും രാഷ്ട്രീയത്തില്‍ പിന്‍ഗാമിയായി കൊണ്ടുവരാനും ദേവഗൗഡ മടിച്ചില്ല. ഇതോടെ കുടുംബ രാഷ്ട്രീയത്തിലെ പ്രമുഖരായി ഗൗഡ കുടുംബം മാറുകയും ചെയ്തു. ഇന്ന് 91-ാം വയസ്സിലും ജെ.ഡി.(എസ്)-ന്റെ ദേശീയ പ്രസിഡന്റും ദേവഗൗഡ തന്നെയാണ്. 

ബി.ജെ.പിയുടെ വരവോടെ പ്രതാപം നഷ്ടപ്പെട്ട ഗൗഡ കുടുംബത്തിന്റെ രാഷ്ട്രീയ ഭാവിയുടെ വിധിയെഴുത്തുകൂടിയാവും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്. എന്‍.ഡി.എക്കൊപ്പം മൂന്ന് സീറ്റിലാണ് ജെ.ഡി.എസ് മത്സരിക്കുന്നത്. ദേവഗൗഡയുടെ ആറ് മക്കളില്‍ എച്ച്.ഡി കുമാരസ്വാമിയേയും, എച്ച്.ഡി രേവണ്ണയും തന്റെ പിന്തുടര്‍ച്ചക്കാരായി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എച്ച്.ഡി കുമാരസ്വാമി രണ്ട് തവണ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി, എച്ച്.ഡി രേവണ്ണ പല തവണ കാബിനറ്റ് മന്ത്രിയുമായി. ഇവരുടെ പിന്തുടര്‍ച്ചയായിട്ടാണ് എച്ച്.ഡി രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയും രാഷ്ട്രീയത്തിലേക്കിറങ്ങിയത്. മറ്റൊരു മകന്‍ സൂരജ് രേവണ്ണയും രാഷ്ട്രീയത്തില്‍ സജീവമാണ്. എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയിരുന്നുവെങ്കിലും 2019 ലും 2023 ലും തോല്‍വിയറിയുകയും ചെയ്തു.

2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ പോലും തിരിച്ചടിയായിരുന്നു ജെ.ഡി.എസിന് നേരിടേണ്ടി വന്നത്. പഴയ മൈസൂരുവടക്കം കൈവിട്ടതോടെ 19 സീറ്റിലേക്ക് ജെ.ഡി.എസ്സിന് ഒതുങ്ങേണ്ടി വന്നതു. 2018-ല്‍ 37 സീറ്റ് നേടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി കിങ് മേക്കറായ പോലെ 2023 ഉം തുണക്കുമെന്നാണ് ജെ.ഡി.എസ് കരുതിയിരുന്നിരുന്നതെങ്കില്‍ അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായി. പ്രായത്തെ അവഗണിച്ച് സാക്ഷാല്‍ എച്ച്.ഡി ദേവഗൗഡ തന്നെ പലയിടത്തും പ്രചാരണത്തിനറങ്ങിയിട്ടും ജനമവരെ കൈവിടുന്ന കാഴ്ച കണ്ടു.

2023-ലെ തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് 2013-ല്‍ ഒഴികെ മുമ്പ് നടന്ന തിരഞ്ഞെടുപ്പകളിലൊന്നും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോള്‍ കിങ് മേക്കറുടെ റോളിലായിരുന്നു ജെ.ഡി.എസെങ്കില്‍ 2023 ല്‍ അടിപതറി. മാണ്ഡ്യ, ഹാസന്‍, കോലാര്‍ മണ്ഡലങ്ങളാണ് എന്‍.ഡി.എ സഖ്യത്തില്‍ ഇത്തവണ ജെ.ഡി.എസ് മത്സരിക്കുന്നത്. മാണ്ഡ്യയില്‍ എച്ച്.ഡി കുമാരസ്വാമിയും ഹാസനില്‍ പ്രജ്വല്‍ രേവണ്ണയും കോലാറില്‍ എം.മല്ലേഷ് ബാബുവും ജനവിധി തേടിയപ്പോള്‍ മണ്ഡലങ്ങള്‍ ആര്‍ക്കൊപ്പമെന്നാണ് കണ്ടറിയേണ്ടത്.

placeholder
ദേവി ലാലും കുടുംബവും | ഫയൽ ഫോട്ടോ| PTI
  • രാഷ്ട്രീയത്തില്‍ അടിതെറ്റുന്ന ചൗട്ടാല കുടുംബം

ഹരിയാണയിലെ ഏറ്റവും വലിയ രാഷ്ട്രീയകുടുംബമായിരുന്നു ചൗട്ടാലയുടേത്. കര്‍ഷകനേതാവ് ചൗധരി ദേവീലാല്‍ ആയിരുന്നു കുടുംബനാഥന്‍. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ക്കിടന്നിട്ടുള്ള ദേവിലാലിന്റെ രാഷ്ട്രീയം സ്വന്തം ജാട്ട് സമുദായത്തിന്റെ ബലത്തിലായിരുന്നു. കോണ്‍ഗ്രസിലൂടെ തുടങ്ങിയ നേതാവ് ഭാരതീയ ലോക്​ദളിലൂടെ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായി. പാര്‍ട്ടിയുടെ പേര് പിന്നീട് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നായിമാറി. അടിയന്തരാവസ്ഥയ്ക്കുശേഷം ഹരിയാണയുടെ മുഖ്യമന്ത്രിയായി. 1989-ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിതര സര്‍ക്കാരിന് അരങ്ങൊരുങ്ങിയപ്പോള്‍ ദേവീലാലിന് പ്രധാനമന്ത്രിപദം വാഗ്ദാനം ലഭിച്ചതാണ്. എന്നാല്‍ വി.പി. സിങ്ങിനുകീഴില്‍ ഉപപ്രധാനമന്ത്രിയായി കഴിഞ്ഞാല്‍ മതിയെന്ന് അദ്ദേഹം തീരുമാനിച്ചു. ദേവീലാലിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ നാഷണല്‍ ലോക്​ദളിന്റെ നേതൃത്വം ഏറ്റെടുത്ത മകന്‍ ഓം പ്രകാശ് ചൗട്ടാല അഞ്ചുതവണ ഹരിയാണ മുഖ്യമന്ത്രിയുമായി.

മക്കളായ അജയ് ചൗട്ടാലയും അഭയ് ചൗട്ടാലയും പിന്‍ഗാമികളായി എത്തിയതോടെ ചൗട്ടാലയുടെ പാര്‍ട്ടിയുടെ കഷ്ടകാലം തുടങ്ങി. അഴിമതിക്കേസില്‍ കുടുങ്ങി ചൗട്ടാലയും അജയും ജയിലിലായപ്പോള്‍ ഇളയമകന്‍ അഭയ് നേതൃത്വം ഏറ്റെടുത്തു. അഭയിന്റെ മകന്‍ അരുണ്‍ ചൗട്ടാലയും അജയിന്റെ മക്കളായ ദുഷ്യന്ത് ചൗട്ടാലയും ദിഗ്വിജയ് സിങ്ങും രംഗത്തുവന്നതോടെ കുടുംബത്തിലും പാര്‍ട്ടിയിലും ഭിന്നതവളര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ ലോക്​ദൾ പിളര്‍ത്തി ദുഷ്യന്ത് ചൗട്ടാല ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി.) സ്ഥാപിച്ചു.

തൊട്ടുപിന്നാലെ നടന്ന 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 40-ഉം ജെ.ജെ.പി.ക്ക് പത്തും സീറ്റാണുകിട്ടിയത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 30 സീറ്റുണ്ട്.  90 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് ആറു സീറ്റിന്റെ കുറവുണ്ടായിരുന്ന ബി.ജെ.പി.ക്ക് ദുഷ്യന്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കേണ്ടിവന്നു. 26-ാം വയസ്സില്‍ എം.പി.യായ ദുഷ്യന്ത് 35-ാം വയസ്സില്‍ ഖട്ടര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി കുടുംബപാരമ്പര്യം കാത്തു. കര്‍ഷകസമരത്തിന്റെയും ഗുസ്തിക്കാരുടെ സമരത്തിന്റെയും പശ്ചാത്തലത്തിലാണ് ജെ.ജെ.പി.യും ബി.ജെ.പി.യും അകലുന്നത്. ജാട്ട് സമുദായത്തിന്റെ വിശ്വാസം നിലനിര്‍ത്തുന്നതിന് ദുഷ്യന്തിന് ബി.ജെ.പി.യെ തള്ളിപ്പറയേണ്ടതുണ്ടായിരുന്നു. തങ്ങളെ ഒതുക്കി ഭരണംപിടിക്കാനാണ് ദുഷ്യന്ത് ശ്രമിക്കുന്നതെന്ന ആശങ്ക ബി.ജെ.പി.ക്കുമുണ്ടായിരുന്നു.

സീറ്റുതര്‍ക്കത്തിന്റെ പേരില്‍ ഇരുകക്ഷികളും തെറ്റിപ്പിരിയുന്നതും സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന വരുന്നതും ഈ പശ്ചാത്തലത്തിലാണ്. ദുഷ്യന്ത് പുറത്തായതോടെ പ്രബല കുടുംബത്തില്‍ നിന്നുള്ളവര്‍ ആരുമില്ലാത്ത മന്ത്രിസഭ നിലവില്‍വന്നു. ഹരിയാണയെ സംബന്ധിച്ചിടത്തോളം വളരെ അപൂര്‍വമായേ അങ്ങനെ സംഭവിക്കാറുള്ളൂ. ജെ.ജെ.പി.യെ ഒഴിവാക്കി ഏഴു സ്വതന്ത്രരുടെയും ഒരു എല്‍.എച്ച്.പി. അംഗത്തിന്റെയും പിന്തുണയോടെയാണ് ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിച്ചത്. ജെ.ജെ.പി.യിലെ നാലംഗങ്ങള്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉറപ്പായി.

ഇത്തവണ ബി.ജെ.പിയുമായി സഹകരിക്കാതെ ഒറ്റയ്ക്ക് മത്സരിക്കുന്ന ദേവിലാല്‍ കുടുംബത്തിലെ അവസാന കണ്ണി ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടി ജെ.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ കൂടെ തിരഞ്ഞെടുപ്പമായി മാറും.

placeholder
ലാലു പ്രസാദ് യാദവും കുടുംബവും | ഫയൽ ഫോട്ടോ | PTI
  • ഇന്ത്യാസഖ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലാലു കുടുംബം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കിയ മറ്റൊരു കുടുംബമായിരുന്നു ബിഹാറിലെ ലാലുപ്രസാദ് യാദവിന്റെ കുടുംബം. ജയപ്രകാശ് നാരായണന്റെ ബിഹാര്‍ മൂവ്‌മെന്റിന്റെ ഭാഗമായി ജനതാ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ലാലുപ്രാസാദ് യാദവ് 1997-ല്‍ രാഷ്ട്രീയ ജനതാദള്‍ രൂപവത്കരിക്കുകയായിരുന്നു. ബിഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തും കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായും ലാലു പ്രസാദ് യാദവ് പ്രവര്‍ത്തിച്ചെങ്കിലും അഴിമതിയാരോപണങ്ങളും വിവാദങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു പില്‍ക്കാല രാഷ്ട്രീയം.

ഭാര്യ റാബ്​റി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസ ഭാരതി എന്നിവരേയും തന്റെ പിന്‍ഗാമികളായി ലാലു പാർട്ടിയിലേക്ക് കൊണ്ടുവന്നിരുന്നു. റാബ്​റി ദേവി ബിഹാറിന്റെ മുഖ്യപദത്തിലും തേജസ്വി ഉപമുഖ്യമന്ത്രി സ്ഥാനത്തുമെത്തി. മറ്റൊരു മകന്‍ തേജ്പ്രതാപ് യാദവ് ബിഹാറിന്റെ ആരോഗ്യമന്ത്രിയും മകള്‍ മിസ ഭാരതി രാജ്യസഭാംഗവുമായിരുന്നു. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റില്‍ 75 സീറ്റില്‍ ആര്‍.ജെ.ഡിക്ക് വിജയിക്കാനായെങ്കിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റ ഭാഗമായിട്ട് മത്സരിച്ചിട്ട് പോലും ഒറ്റ സീറ്റലും ജയിക്കാനായിരുന്നില്ല. ഇത്തവണ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി 23 സീറ്റിലേക്കാണ് ആര്‍.ജെ.ഡിയുടെ മത്സരം. മഹാസഖ്യം പിളര്‍ത്തി എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്ന് നിതീഷ് കുമാര്‍ നടത്തിയ രാഷ്ട്രീയ നീക്കത്തിന് ശേഷം വരുന്ന തിരഞ്ഞെടുപ്പ് ഫലം ആര്‍.ജെ.ഡിയെ സംബന്ധിച്ചും നിര്‍ണായകമാണ്. പ്രത്യേകിച്ചും അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി വരാനിരിക്കുന്ന സാഹചര്യത്തില്‍. 

placeholder
മുലായം സിങ് യാദവും അഖിലേഷ് യാദവും | ഫയൽ ചിത്രം | PTI
  • യു.പി പറയും, അകത്തോ പുറത്തോ

2004 ല്‍ ഉത്തര്‍പ്രദേശിലെ ആകെയുള്ള 80 സീറ്റില്‍ 35 സീറ്റിലും 2009-ല്‍ 23 സീറ്റിലും വിജയിച്ച പ്രധാന യാദവ കുടുംബമായ മുലായം സിങ്ങിന്റെ സമാജ് വാദി പാര്‍ട്ടിക്കും നിര്‍ണായകമാണ് കാര്യങ്ങള്‍. ബി.ജെ.പിയുടെ വരവോടെ 2014 ലും 2019-ലും എസ്.പിക്ക് യു.പിയില്‍ നേടാനായത് വെറും അഞ്ചു വീതം സീറ്റ് മാത്രമാണ്. മൂന്ന് തവണ യു.പിയുടെ മുഖ്യമന്ത്രിയും ഏഴ് തവണ പാര്‍ലമെന്റ് അംഗവും പത്ത് തവണ എം.എല്‍.എയുമൊക്കെയായ മുലായം സിങ് സമാജ് വാദി പാര്‍ട്ടിയുടെ പിന്‍മുറക്കാരായി കുടുംബത്തെ മുന്‍പന്തിയില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും ബി.ജെ.പിയുടെ വരവോടെ കാര്യങ്ങള്‍ ദുഷ്‌കരമാവുകയായിരുന്നു. 2022 ല്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ആകെയുള്ള ആകെയുള്ള 403 സീറ്റില്‍ 111 ഇടത്ത് മാത്രമാണ് എസ്.പിക്ക് വിജയിക്കാനായത്. ബി.ജെ.പി 255 സീറ്റിലും വിജയിച്ചു.

2012-ല്‍ 224 സീറ്റ് നേടി മുലായം സിങ്ങിന്റെ മകന്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രി പദത്തില്‍ വരെയെത്തിയെങ്കിലും പിന്നീടിങ്ങോട്ടായിരുന്നു ബി.ജെ.പിയുടെ തേരോട്ടം. 2017 ല്‍ ബിജെപി 312 സീറ്റ് നേടി. എസ്.പി 47 സീറ്റില്‍ ഒതുങ്ങി. 2022 ല്‍ ബി.ജെ.പി 255 സീറ്റ് നേടിയപ്പോള്‍ എസ്.പി 111 സീറ്റ് നേടിയിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം യു.പിയില്‍ ബി.ജെ.പിയുടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഒരു മുഖ്യമന്ത്രി അഞ്ചുവര്‍ഷ കാലാവധി തികച്ച് വീണ്ടും അധികാരമുറപ്പിച്ചു.

മുലായം സിങ്ങിന്റെ പിന്‍ഗാമികളായി മകന്‍ അഖിലേഷ് യാദവ്, മരുമകള്‍ ഡിംപിള്‍ യാദവ്, സഹോദരന്‍ ഭയ് റാം യാദവ്, മരുമകന്‍ ധര്‍മേന്ദ്ര യാദവ്, സഹോദരന്‍ ശിവ്പാല്‍ യാദവ്, അര്‍ധ സഹോദരന്‍ രാംഗോപാല്‍ യാദവ്, റാം ഗോപാല്‍ യാദവിന്റെ മകന്‍ അക്ഷയ് യാദവ് എന്നിവരെല്ലാമായിരുന്നു ഈ കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയത്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസുമായി ചേര്‍ന്ന് ആകെയുള്ള 80 സീറ്റില്‍ 62 സീറ്റിലാണ് എസ്.പി മത്സരിക്കുന്നത്. ഇത്തവണ ഫലം നിര്‍ണായകമായില്ലെങ്കില്‍  എസ്.പിയുടെ രാഷ്ട്രീയ ഭാവി കൂടി ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

placeholder
രാഹുൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നു. Photo: PTI
  • കോണ്‍ഗ്രസെന്നാല്‍ ഗാന്ധി കുടുംബം

കുടുംബരാഷ്ട്രീയം എന്നതിനപ്പുറം രാജ്യത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ കോണ്‍ഗ്രസിനും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നെഹ്​റുവിൽ തുടങ്ങി ഇന്ദിരയിലൂടെയും രാജീവിലൂടെയും രാഹുലിൽ എത്തിനിൽക്കുന്ന കുടുംബത്തിനും ഈ തിരഞ്ഞെ​ടുപ്പ് നിർണായകമാണ്.

ഒരു കാലത്ത് ഭൂരിഭാഗം സംസ്ഥാനത്തും ഭരണമുണ്ടായിരുന്ന പാര്‍ട്ടി ഇന്ന് ഹിമാല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലേക്ക് മാത്രം ഒതുക്കപ്പെട്ടു.  2004-ല്‍ 145 സീറ്റും 2009-ല്‍ 206 സീറ്റും നേടിയിരുന്ന കോണ്‍ഗ്രസിന് 2014 ല്‍ 44 സീറ്റും  2019 ല്‍ 52 സീറ്റും മാത്രം ലഭിച്ചു. 1920 ല്‍ മോത്തിലാല്‍ നെഹ്‌റുവിന്റെ കാലം മുതലാണ് കോണ്‍ഗ്രസില്‍ നെഹ്‌റു-ഗാന്ധി കുടുംബം നിര്‍ണായകമായത്. മോത്തിലാലിന്റെ മകന്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രഥമ പ്രധാനമന്ത്രിയായതോട കോണ്‍ഗ്രസിനെ സംബന്ധിച്ച് നെഹ്‌റു-ഗാന്ധി കുടുംബം പാര്‍ട്ടി കുടുംബമായി മാറി.

നെഹ്‌റുവിന്റെ മരണത്തോടെ മകള്‍ ഇന്ദിരാഗാന്ധിയായി പാര്‍ട്ടിയുടെ അവസാന വാക്ക് . രാജ്യത്തിന്റെ ഏക വനിതാ പ്രധാനമന്ത്രിയുമായി. ഇന്ദിരയുടെയും-ഫിറോസ് ഗാന്ധിയുടെയും മകന്‍ രാജീവ് ഗാന്ധിയുടേതായിരുന്നു കോണ്‍ഗ്രസിലെ പിന്നീടുള്ള കാലം. രണ്ടു പേരും പ്രധാനമന്ത്രിയായിരിക്കേ രക്തസാക്ഷിയായതോടെ ഗാന്ധി  കുടുംബത്തിന് കോണ്‍ഗ്രസും കോണ്‍ഗ്രസിന് ഗാന്ധി കുടുബവും വൈകാരിക പേരുകളായി. രാജീവിന്റെ മരണത്തിന് ശേഷം ഭാര്യ സോണിയയായിരുന്നു പാര്‍ട്ടിയുടെ തലപ്പത്ത്. സോണിയയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിനെ രണ്ട് തവണ വലിയ വിജയത്തിലേക്കെത്തിക്കാനും അവര്‍ക്കായി. പിന്നീട് മകന്‍ രാഹുല്‍ ഗാന്ധിയായി പാര്‍ട്ടിയുടെ തലപ്പത്ത്. പക്ഷെ അപ്പോഴേക്കും കോണ്‍ഗ്രസിന് പല സംസ്ഥാനങ്ങളിലും കാലിടറുന്ന കാഴ്ച കണ്ടു.

രാഹുലിനൊപ്പം 2019-ല്‍ പ്രിയങ്ക ഗാന്ധിയും പാര്‍ട്ടിയുടെ മുന്‍പന്തിയിലെത്തിയെങ്കിലും വിജയം ബി.ജെ.പിക്കും മോദിക്കുമൊപ്പം നിന്നു. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും സോണിയാ ഗാന്ധിയുമടക്കമുള്ളവര്‍ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠി പോലും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. രാഹുല്‍ഗാന്ധി തോല്‍വിയറിഞ്ഞു.

ഇതോടെയാണ് ഏറ്റവും കാലം രാജ്യം ഭരിച്ച പാര്‍ട്ടി ഇന്ന് നിലനില്‍പിനായുള്ള പോരാട്ടത്തിലാണ്‌. അധികാരം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൊഴിഞ്ഞുപോക്കും പടലപ്പിണക്കവും പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് നിലവില്‍ രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും ഒഴിഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് 2024 ലേത്. 

ഭരണത്തിലില്ലെങ്കിലും പല സംസ്ഥാനങ്ങളിലും ഇന്നും കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ട്‌. ഇത് ഇത്തവണ വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതുകൊണ്ടു തന്നെ ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. രാഹുലിനും പ്രിയങ്കയ്ക്കും പുറമെ ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയും  സഞ്ജയ് ഗാന്ധിയുടെ ഭാര്യ മനേകാഗാന്ധിയും, മനേകയുടെ മകന്‍ വരുണ്‍ ഗാന്ധിയും രാഷ്ട്രീയത്തില്‍ സജീവമായിരുന്നുവെങ്കിലും ബി.ജെ.പി ടിക്കറ്റിലായിരുന്നു മനേകയുടേയും വരുണിന്റേയും ലോക്‌സഭാ പ്രവേശനം. ഇതില്‍ ബിജെപി നേതൃത്വത്തിന് അനഭിമതനായ വരുണിന് ബിജെപി സീറ്റ് നിഷേധിച്ചപ്പോള്‍ മാതാവ് മനേകയ്ക്ക് വീണ്ടും സ്ഥാനാര്‍ഥിത്വം നല്‍കി.

  • റാവു, ഫാറൂഖ്, സോറൻ

തെലങ്കാനയില്‍ ചന്ദ്രശേഖര റാവു കുടുംബം അപ്രതീക്ഷിത പതനത്തില്‍ നിന്ന് രക്ഷപെടലിന് വഴിനോക്കുകയാണ്. റാവു പിൻമുറക്കാരായി വാഴിക്കുന്നത് മക്കളായ രാമറാവുവിനെയും കെ.കവിതയെയുമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കാലിടറുകയും തുടർന്ന് മദ്യ കോഴക്കേസ് തല പൊക്കുകയും ചെയ്തതോടെ പാർട്ടിയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. 

ജമ്മു കശ്മീരില്‍ ഷെയ്ഖ് അബ്ദുള്ളയിൽ തുടങ്ങിയ കുടുംബ രാഷ്ട്രീയം ഫറൂഖ് അബ്ദുള്ളയിലൂടെ ഒമര്‍ അബ്ദുള്ളയിൽ എത്തിനിൽക്കുന്നു. മറുവശത്ത് മുഫ്തി മുഹമ്മദ് സയീദിന്റെ പിന്‍ഗാമിയായി മെഹബൂബ മുഫ്തി സജീവമാണ്. മഹാരാഷ്ട്രയില്‍ താക്കറെ കുടുംബവും പവാര്‍ കുടുംബവും അടുത്ത തലമുറയിലേക്ക് പാര്‍ട്ടിയെ എത്തിച്ചുകഴിഞ്ഞു. പിളര്‍പ്പിനെ അതിജീവിച്ചും തിരിച്ചുവരവിനുള്ള നീക്കത്തിലാണ് ഇരുകുടുംബവും. ജാര്‍ഖണ്ഡില്‍ ഷിബു സോറനില്‍ നിന്ന് പാര്‍ട്ടി ഹേമന്ദ്‌ സോറനിലെത്തി മുഖ്യമന്ത്രി പദം പോയി ഇപ്പോള്‍ ജയില്‍വാസത്തിലാണ്. ഒഡീഷയില്‍ ബിജു പട്‌നായക്കിനെക്കാള്‍ ജനപ്രിയനായി നവീന്‍ പട്‌നായിക്കിലൂടെ പാര്‍ട്ടി ഭരണത്തിന്റെ തുടര്‍ക്കഥ..അങ്ങനെ കുടുംബവും രാഷ്ട്രീയവും തലമുറ തലമുറ കൈമാറി മുന്നേറ്റത്തിലാണ്. ചിലര്‍ക്ക് അടിതെറ്റി ചിലര്‍ അധികാരസ്ഥാനത്ത്‌ തുടരുന്നു. അതില്‍ കാര്യമായ ക്ഷീണമില്ലാതെ പ്രബലരായി തുടരുന്നത് തമിഴ്നാട്ടിലെ കരുണാനിധിയുടെ കുടുംബമാണ്. അച്ഛനിൽ നിന്ന് സംസ്ഥാന ഭരണവും പാർട്ടി നേതൃത്വവും ഏറ്റെടുത്ത മകൻ എം.കെ.സ്റ്റാലിന്റെ കീഴിൽ പാർട്ടി ഇപ്പോഴും ശക്തമാണ്. മകൻ ഉദയനിധിയായിരിക്കും അനന്തരാവകാശിയെന്ന് ഇതിനോടകം തന്നെ സ്റ്റാലിൻ വ്യക്തമാക്കുകയും ചെയ്തു.