
വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് ബി.ജെ.പി. നേതാവ് സ്മൃതി ഇറാനി. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഡല്‍ഹിയില്‍ സി.പി.ഐയെ കെട്ടിപ്പിടിക്കുകയും കേരളത്തില്‍ എതിരിടുകയും ചെയ്യേണ്ട അവസ്ഥയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്ന് അവര്‍ പരിഹസിച്ചു. ഇടതുപക്ഷത്തിനായി ആനി രാജയാണ് രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിക്കുന്നത്. സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയുടെ ഭാര്യയാണ് ആനി രാജ.
കേന്ദ്രത്തിലെ പ്രതിപക്ഷസഖ്യം കേരളത്തില്‍ അന്യോന്യം മത്സരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശില്‍ പോയി മത്സരിച്ചുകൂടേ എന്നാണ് കേരളത്തിലെ ഇടതുപക്ഷം ചോദിക്കുന്നത്. അതേസമയം, ഡല്‍ഹിയില്‍ ഇന്ത്യ സഖ്യത്തിന്റെ ചര്‍ച്ചകള്‍ക്കായി എത്തിയാല്‍ അവര്‍ രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിക്കും. ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും കേരളത്തില്‍ യാചനയും, അതാണ് കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നിലവിലെ അവസ്ഥ - സ്മൃതി ഇറാനി പറഞ്ഞു.
നിലവില്‍ വയനാട്ടിലെ സിറ്റിങ് എം.പിയാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ എതിരിടാന്‍ ദേശീയരാഷ്ട്രീയത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി എന്ന നിലയിലാണ് സി.പി.ഐ. ആനി രാജയെ കളത്തിലിറക്കിയത്. ബി.ജെ.പിയാകട്ടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയാണ് വയനാട്ടില്‍ ഇറക്കിയിരിക്കുന്നത്. സുരേന്ദ്രന്റെ പ്രചാരണ പരിപാടികള്‍ക്കായി സ്മൃതി ഇറാനി വയനാട്ടില്‍ എത്തിയിരുന്നു. നിലവില്‍ ശക്തമായ ത്രികോണ മത്സരം നിലനില്‍ക്കുന്ന മണ്ഡലമാണ് വയനാട്.
വന്യമൃഗങ്ങളുടെ ആക്രമണം കാരണം വയനാട്ടിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. രാത്രി യാത്രാ നിരോധനവുമുണ്ട്. ഇതിനൊന്നും സിറ്റിങ് എം.പി. പരിഹാരം കാണുന്നില്ല. വയനാടിനെ സ്വന്തമായി എഴുതിയെടുത്ത പോലെയാണ് രാഹുല്‍ ഗാന്ധി പെരുമാറുന്നത്. അവര്‍ക്കുവേണ്ടി ഒന്നും ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം കരുതുന്നു. ഇക്കാരണങ്ങളാല്‍ സിറ്റിങ് എം.പി. എന്ന നിലയിലെ രാഹുലിന്റെ പ്രവര്‍ത്തനത്തില്‍ വയനാട്ടിലെ ജനങ്ങള്‍ അസംതൃപ്തരാണ് എന്ന് സ്മൃതി കുറ്റപ്പെടുത്തി.
അതേസമയം, കേരളത്തില്‍ എന്ത് സംഭവിച്ചാലും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു ചേരിയില്‍ എത്തില്ലെന്ന് ഡി. രാജ വ്യക്തമാക്കി. ഇന്ത്യയില്‍ എവിടെ വേണമെങ്കിലും അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചേക്കും എന്നാല്‍ കേരളത്തില്‍ അത് നടക്കില്ല. ഇന്ത്യ സഖ്യത്തിന്റെ ചര്‍ച്ചകളില്‍ ഇതൊക്കെ സംസാരിച്ചിട്ടുള്ളതാണ്. എന്നിട്ടും എന്തിനാണ് രാഹുല്‍ മത്സരിക്കാനായി കേരളം തന്നെ തിരഞ്ഞെടുത്തത് എന്ന് മനസിലാകുന്നില്ല. എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ നല്‍കുന്നതെന്ന് മനസിലാകുന്നില്ല എന്നും രാജ പറഞ്ഞു.
Content Highlights: cpi and rahul hug in delhi and fight in kerala smriti irani mocks india alliance
Published: 06 Apr 2024, 10:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented