അതിഥിയായെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ തവണ മാലയിട്ട സ്വീകരിച്ച വയനാട് മണ്ഡലം ആ കൈ വിടാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് ഈ തിരഞ്ഞെടുപ്പിലും നടത്തിയത്. കഴിഞ്ഞ തവണത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ തിളക്കം അല്‍പം കുറഞ്ഞെങ്കിലും ഇന്ത്യാ മുന്നണിയുടെ നായകന്‍ രാഹുല്‍ ഗാന്ധിയെ തന്നെയാണ് വയനാട് ഇത്തവണയും ഹൃദയത്തിലേറ്റിയത്. തുടര്‍ച്ചയായ നാലാം തവണയും മണ്ഡലത്തിലെ ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതോടെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട കോട്ടയെന്ന പേര് വയനാട് നിലനിര്‍ത്തി. 364111 വോട്ടാണ് ഇത്തവണത്തെ ലീഡ്. കഴിഞ്ഞ തവണ 4,31,770 വോട്ടായിരുന്നു കഴിഞ്ഞ തവണത്തെ രാഹുലിന്റെ ലീഡ്. ഇത്തവണ ആകെ ആറര ലക്ഷത്തോളം വോട്ടുകളാണ് രാഹുലിന് ലഭിച്ചത്. 2014-ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച 431770 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇത്തവണ എഴുപതിനായിരത്തിലധികം വോട്ടിന്റെ കുറവാണ് വന്നത്.
ശക്തമായ പ്രചാരണ പരിപാടികളുമായി നേരത്തെ മണ്ഡലത്തില്‍ സജീവമായിരുന്ന സി.പി.ഐ ദേശീയ നേതാവ് ആനിരാജയ്ക്ക് രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ സാധിച്ചുള്ളു. 2019ല്‍ ലഭിച്ചതിനേക്കാള്‍ ഏതാനും വോട്ടുകള്‍ നേടാനായി എന്ന കാര്യത്തില്‍ ഇടത് ക്യാമ്പിന് ആശ്വസിക്കാം. കഴിഞ്ഞ തവണത്ത പോലെ ഇത്തവണയും ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഒരിടത്തുപോലും എല്‍ഡിഎഫിന് മുന്നിലെത്താന്‍ സാധിച്ചില്ല. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും 282760 വോട്ടാണ് ആനിരാജ നേടിയത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആറായിരത്തോളം വോട്ടുകളാണ് ഇത്തവണ ഇടതുമുന്നണി നേടിയത്.
മൂന്നാമതെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഒന്നര ലക്ഷത്തിനടുത്ത് വോട്ടുകള്‍ നേടാനായി എന്നത് മാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന ഏക ഘടകം. 78816 വോട്ടായിരുന്നു കഴിഞ്ഞ തവണ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ തുഷാര്‍ വെള്ളാപ്പള്ളി നേടിയത്. ഇത്തവണ അത് 140854 വോട്ടായി മാറി. സംസ്ഥാന പ്രസിഡന്റിനെ തന്നെ മത്സരിപ്പിച്ചിട്ടും ദേശീയ നേതാക്കളുള്‍പ്പടെ മണ്ഡലത്തിലെത്തി പ്രചരണം നടത്തിയിട്ടും രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തില്‍ പോലും നിര്‍ണായകമാകാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല.
ഇത്തവണയും എല്ലാ നിയമസഭാ മണ്ഡലത്തിലും വലിയ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് വിജയിച്ചുകയറിയത്. കഴിഞ്ഞ തവണത്തേത് പോലെ മണ്ഡലത്തിലെ സ്ത്രീ വോട്ടുകളും ചുരത്തിനു താഴെയുള്ള നാല് നിയോജക മണ്ഡലങ്ങളിലെ ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി. റായ്ബറേലിയിലും മികച്ച വിജയം നേടിയതോടെ രാഹുലിന് വയനാട് ഇരട്ടി മധുരമായി മാറി. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നു കൂടി വിജയിച്ച രാഹുൽ വയനാടിനെ കൈവിടാനാണ് സാധ്യതയെന്നാണ് അഭ്യൂഹങ്ങള്‍. അങ്ങനെ വരുമ്പോൾ ആരാവും പകരക്കാരനായി വരികയെന്നത് ഒരു വലിയ ചോദ്യമാണ്.
Content Highlights: Wayanad loksabha election result rahul gandhi
Published: 04 Jun 2024, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented