
പരീക്ഷണങ്ങള്‍ കൈവിടാത്ത തിരഞ്ഞെടുപ്പ് ചരിത്രമാണ് വടകരയില്‍ കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസിനുള്ളത്. ഇടതിന്റെ പുലിമടയില്‍ പി. സതീദേവിയെ അട്ടിമറിച്ച് 2009-ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിവെച്ച ഈ പരീക്ഷണ വിജയം 2019-ല്‍ മുരളീധരനില്‍വരെയെത്തിയിരുന്നു. അത്തരമൊരു പരീക്ഷണം ഒരിക്കല്‍കൂടി കാണാന്‍പോവുകയാണ് വടകരയില ജനങ്ങള്‍. ഒപ്പം തൃശ്ശൂരും. ഇത്തവണയും 20-20 ലക്ഷ്യമിട്ട് രംഗത്തിറങ്ങാനിരിക്കുന്ന യു.ഡി.എഫിന് പത്മജയുടെ ബി.ജെ.പി പ്രവേശനം അവസാനനിമിഷം കിട്ടിയ മര്‍മംനോക്കിയുള്ള അടിയായെങ്കിലും ഇതിന് സര്‍പ്രൈസ് സ്ഥാനാര്‍ഥികളെ നിരത്തി മറുപടി പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വടകരയും തൃശ്ശൂരും. വടകരയില്‍നിന്ന് തൃശ്ശൂരിലേക്ക് കെ. മുരളീധരന്റേയും പാലക്കാട് എം.എല്‍.എ സ്ഥാനത്തുനിന്ന് വടകരയിലേക്ക് ഷാഫി പറമ്പിലിന്റേയും എന്‍ട്രിയെ വേണമെങ്കില്‍ കോണ്‍ഗ്രസിന്റെ മികച്ച രാഷ്ട്രീയതന്ത്രമെന്ന് വിലയിരുത്താം. ഒപ്പം, മുരളീധരന് ഒരിക്കല്‍ക്കൂടി രക്ഷകന്‍ റോളും ലഭിച്ചിരിക്കുന്നു.
- ആരും വരാത്ത വടകര പിടിച്ച മുരളി
വടകരയില്‍ മത്സരിച്ച് ജയിക്കുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരുകാലത്ത് ബാലികേറാമലയായിരുന്നു. ഇടതുകോട്ട, ഒഞ്ചിയത്തിന്റെ മണ്ണ്, നിരവധി കര്‍ഷക സമരങ്ങള്‍ക്ക് സാക്ഷിയായ മലയോര ഗ്രാമങ്ങള്‍. ഇവിടെയായിരുന്നു 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അട്ടിമറി വിജയം നേടുകയും 2014-ല്‍ അത് ആവര്‍ത്തിക്കുകയും ചെയ്തത്. ഇവിടേക്കായിരുന്നു 2019-ല്‍ കെ.മുരളീധരന്റെ മാസ് എന്‍ട്രി. മണ്ഡലം തിരിച്ചുപിടിക്കാന്‍ സാക്ഷാല്‍ പി.ജയരാജനെ സി.പി.എം ഇറക്കിയപ്പോള്‍ അവസാന നിമിഷമായിരുന്നു മുരളീധരന്റെ വരവ്.
പലപേരുകള്‍ വടകരയില്‍ കേട്ടെങ്കിലും അന്ന് ജയരാജനോട് മത്സരിക്കാന്‍ കോണ്‍ഗ്രസില്‍നിന്ന് ആരും തയ്യാറായിരുന്നില്ല. ഇക്കാര്യം മുരളീധരന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഏറ്റവും ഒടുവിലായിരുന്നു രക്ഷകപരിവേഷത്തില്‍ മുരളീധരന്റെ വരവ്. ജയരാജന്‍ എത്തിയതോടെ വടകരയുടെ തെരുവുകള്‍ അന്ന് ഇളകി മറിഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരന്‍ ആര്‍.എം.പി രൂപീകരിച്ച് മൂലം ഇടതുവോട്ടുകള്‍ വിഘടിച്ച് പോയതായിരുന്നു 2009-ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിൽ നിര്‍ണായകമായത്. എന്നാല്‍, 2014-ആവുമ്പോഴേക്കും ആര്‍.എം.പി അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ടി.പിയുടെ കൊലപാതകം പ്രധാന ചര്‍ച്ചയായി. അങ്ങനെ കാലങ്ങള്‍ക്ക് ശേഷം ഇടതുകോട്ട കുലുങ്ങി. ഇതോടെയാണ് 2019-ല്‍ പി.ജയരാജനെ തന്നെ സി.പി.എം മണ്ഡലത്തില്‍ ഇറക്കിയത്.

കൊലപാതക രാഷ്ട്രീയത്തിന്റ ഇരയെന്ന രീതിയില്‍ എതിര്‍ പ്രചാരണത്തെ ജയരാജനിലൂടെ മറികടക്കാന്‍ കഴിയുമെന്നായിരുന്നു അന്ന് സി.പി.എം കണക്ക് കൂട്ടിയിരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി വൈകിയതോടെ സി.പി.എമ്മിന്റെ പ്രചാരണത്തിന് ഊര്‍ജവും കൂടി. തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കെങ്കിലും സ്ഥാനാര്‍ഥിയെത്തുമോയെന്നതായിരുന്നു അന്നുയർന്ന പരിഹാസം. ഇവിടേക്കാണ് അപ്രതീക്ഷിതമായി കെ. മുരളീധരന്‍ എത്തിയത്. അങ്ങനെ മുരളീധരന് വിപ്ലവ നായകന്റെ പരിവേഷവും ലഭിച്ചു. പാര്‍ട്ടി നിര്‍ണായക ഘട്ടത്തില്‍ ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ അനുസരിക്കുകയെന്നതാണ് താന്‍ പഠിച്ചതെന്നും അതാണ് തന്റെ പാരമ്പര്യമെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. എങ്കിലും, ജയരാജന് മുന്നില്‍ മുരളി അടിയറവ് പറയുമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടിയത്.
ഇന്ദിരാഗന്ധിയുടെ മരണശേഷം കോണ്‍ഗ്രസിന് അനുകൂലമായി ആഞ്ഞടിച്ച സഹതാപതരംഗത്തിലും ഇടത് സ്വഭാവം മായാതെനിന്ന മണ്ഡലമായിരുന്നു വടകര. മാത്രമല്ല അടിയന്തരാവസ്ഥക്കാലത്തുപോലും സോഷ്യലിസ്റ്റുകള്‍ അവരുടെ കോട്ടയായി കാത്ത മണ്ഡലവും ഇടതിന്റെ ചരിത്രമുറങ്ങുന്ന ഗ്രാമങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളുമായിരുന്നു ഇത്. ഇവിടെയായിരുന്നു മുല്ലപ്പള്ളി തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളില്‍ മണ്ഡലം പിടിച്ചെടുത്തത്. അതുകൊണ്ടു തന്നെ 2019-ല്‍ മുരളീധരന്‍ വടകരയെത്തുമ്പോള്‍ ചെറിയ വെല്ലുവിളിയായിരുന്നില്ല അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്. പക്ഷെ, സാക്ഷാല്‍ പി.ജയരാജന് അന്ന് തോറ്റുമടങ്ങേണ്ടി വന്നു. ഇത് സി.പി.എമ്മിനുണ്ടാക്കിയ നാണക്കേട് ചെറുതായിരുന്നില്ല. ഇത്തവണയും കെ.മുരളീധരന്‍തന്നെ വടകരയില്‍ മത്സരിക്കാനെത്തുമെന്ന് കരുതിയിരിക്കുന്നിടത്താണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടാവുകയും കെ.മുരളീധരന്‍ തൃശ്ശൂരിലേക്ക് മാറുകയും ചെയ്തത്. ഇതിന് പത്മജയുടെ ബി.ജെ.പി പ്രവേശനമടക്കം കാരണമാവുകയും ചെയ്തു.

- തൃശ്ശൂരിലും രക്ഷകന്റെ റോൾ?
കഴിഞ്ഞ തവണത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് 2024-ല്‍ തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് സാഹചര്യമെങ്കിലും വിജയം ആവര്‍ത്തിക്കാമെന്ന് ഉറച്ചുവിശ്വസിച്ച് ടി.എന്‍. പ്രതാപന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചതിന്റെ പിറ്റേദിവസമാണ് ഇവിടെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാവുന്നത്. ഇതിന് പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനവും കാരണമായിട്ടുണ്ട്. കരുണാകരന്റെ മണ്ണില്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ അതിന് മറുപടിപറയാന്‍ കഴിയുന്ന ഏറ്റവുംനല്ല ആള്‍ എന്ന നിലയിലാണ് മുരളീധരനെ കോണ്‍ഗ്രസ് തൃശ്ശൂരിലെത്തിച്ചിരിക്കുന്നത്. ഒരുപക്ഷെ, പത്മജവഴി കരുണകാരന്റെ അലയൊലി ഏറ്റവുംകൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്ന ജില്ലയാണ് തൃശ്ശൂര്‍.
തൃശ്ശൂരിൽ മുരളീധരനെത്തിയാല്‍ പത്മജയുണ്ടാക്കിയ നെഗറ്റീവ് ഇമേജിനെ പ്രതിരോധിക്കാനാവുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മാത്രമല്ല, ഹിന്ദുവോട്ടുകളെ കുറെക്കൂടി സ്വാധീനിക്കാന്‍ കഴിയുന്ന നേതാവെന്ന വിലയിരുത്തലും മുരളീധരന് അനുകൂലമായി. അതിന് ഉദാഹരണമായിരുന്നു 2016-ലെ നേമത്തെ തിരഞ്ഞെടുപ്പ്. 2016 ല്‍ ആയിരുന്നു കേരളത്തില്‍ ഒ.രാജഗോപാലിലൂടെ നേമത്ത് ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നത്. 2011-ല്‍ ഒ.രാജഗോപാലിന് ലഭിച്ച 43,663 വോട്ടില്‍നിന്ന് 2016-ല്‍ എത്തുമ്പോഴേക്കും 67,813 വോട്ട് നേടിയാണ് അവിടെ താമര വിരിയിച്ചത്. എന്നാല്‍, 2021-ല്‍ മണ്ഡലം നിലനിര്‍ത്താന്‍ ബി.ജെ.പി കുമ്മനം രാജശേഖരനെ ഇറക്കിയിരുന്നെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ.മുരളീധരന്‍ എത്തിയതോടെ കഥമാറുകയായിരുന്നു.
2016-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.സുരേന്ദ്രന്‍ പിള്ളക്ക് 13,860 വോട്ട് മാത്രമായിരുന്നു നേമത്ത് ലഭിച്ചിരുന്നതെങ്കില്‍ 2021-ല്‍ മുരളീധരന്‍ എത്തിയതോടെ 36,524 ആയി യു.ഡി.എഫ് വോട്ട് വിഹിതം വര്‍ധിച്ചു. വി.എസ് ശിവന്‍കുട്ടി മണ്ഡലത്തില്‍ വിജയിക്കുകയും മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്‌തെങ്കിലും മുരളീധരന്‍ പിടിച്ച 22,664 അധികവോട്ടുകള്‍ കുമ്മനത്തിന്റെ പരാജയമുറപ്പാക്കുന്നതില്‍ നിര്‍ണായകമായി. അങ്ങനെ അവിടേയും കെ.മുരളീധരന് വീരപരിവേഷം ലഭിച്ചു. ഇവിടെനിന്നാണ് അതേവര്‍ഷം വടകരയില്‍ വെല്ലുവിളിയേറ്റെടുത്ത് എത്തുകയും മണ്ഡലം കാക്കുകയും ചെയ്തത്.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ക്ക് മുമ്പേ തിരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറിയ ഇടമായിരുന്നു തൃശ്ശൂര്‍. അതിന് ചുക്കാന്‍പിടിച്ചത് ബി.ജെ.പിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ രണ്ടുതവണ തൃശ്ശൂരിലെത്തി സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം അനൗദ്യോഗികമായി പ്രഖ്യാപിച്ചതോടെ മത്സരം കനക്കുമെന്ന കണക്കുകൂട്ടലിലുമായിരുന്നു. കാരണം, കേരളത്തില്‍ രണ്ടക്ക സീറ്റെന്ന മോദിയുടെ സ്വപ്‌നത്തിന് എ പ്ലസ് നല്‍കേണ്ട മണ്ഡലമായിട്ടാണ് തൃശ്ശൂരിനെ അദ്യമേ ബി.ജെ.പി നേതൃത്വം കണക്കുകൂട്ടിയിരുന്നത്. 2014-ല്‍ ബി.ജെ.പിയുടെ കെ.പി ശ്രീശന്‍ നേടിയ 1,02,681 എന്ന വോട്ടില്‍നിന്ന് 2019 ആവുമ്പോഴേക്കും 2,93,822 എന്ന വന്‍ കുതിപ്പിലേക്ക് സുരേഷ് ഗോപി നടത്തിയ പ്രകടനവും അവർക്ക് ആത്മവിശ്വാസം നൽകിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തൃശ്ശൂരില്‍ ബി.ജെ.പിക്ക് അനുകൂലമായ ഒരു സാഹചര്യം നിലവിലുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. മാത്രമല്ല വി.എസ് സുനില്‍കുമാര്‍ കൂടി എത്തിയതോടെ മത്സരം തീപാറുമെന്നുമുറപ്പായിരുന്നു. ഇവിടെ മുരളീധരനെ ഇറക്കിയാല്‍ ബി.ജെ.പി വോട്ടുകളെ പ്രതിരോധിക്കാനാവുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടുതന്നെ മുരളിയുടെ തൃശ്ശൂരിലേക്കുള്ള വരവ് ബിജെപിക്ക് എതിരേയുള്ള കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ തന്ത്രമായും വിലയിരുത്താം.
ഇതിന് പുറമെ വി.എസ് സുനില്‍കുമാറിനെ പോലെ ഏറെ ജനകീയനായ നേതാവ് എല്‍.ഡി.എഫില്‍നിന്ന് ജനവിധി തേടിയിറങ്ങുമ്പോള്‍ അതിനൊത്ത എതിരാളിയെന്ന പരിവേഷവും മുരളീധരന് നറുക്കുവീഴാന്‍ കാരണമായി. വി.എസ് സുനില്‍കുമാറിന് സമാനമായി തൃശ്ശൂരില്‍ പാര്‍ട്ടിഭേദമന്യേ മറ്റ് പ്രമഖര്‍ക്കിടയിലും നല്ല വ്യക്തിബന്ധമുള്ളയാളാണ് മുരളീധരന്‍. മാത്രമല്ല പാര്‍ട്ടി പാരമ്പര്യത്തേപ്പറ്റിയും കരുണാകരന്റെ മഹത്വത്തേപ്പറ്റിയുമെല്ലാം പ്രസംഗവേദിയില്‍ ആഞ്ഞടിക്കാന്‍ കഴിവുള്ള നേതാവെന്നതും മുരളീധരന്റെ തൃശ്ശൂര്‍ ടിക്കറ്റിന് കാരണമായിട്ടുണ്ട്.

- ഷാഫി പരീക്ഷണവും വിജയിക്കുമോ വടകരയില്‍
കഴിഞ്ഞ മൂന്നുതവണയായി പരീക്ഷണങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഷാഫി പറമ്പിലെന്ന യുവമുഖത്തെ കോണ്‍ഗ്രസ് ഇത്തവണ വടകരയില്‍ പരീക്ഷിക്കുന്നത്. കെ. മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇത്തവണ അവിടെ കെ.കെ ശൈലജയെ തന്നെ സി.പി.എം രംഗത്തിറക്കിയത്. ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ ജനപ്രിയത നേടിയ കെ.കെ ശൈലജയെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കുന്നതോടെ സ്ത്രീവോട്ടുകളിലടക്കം വലിയ സ്വാധീനമുണ്ടാക്കാമന്നായിരുന്നു സി.പി.എം കണക്കുകൂട്ടല്‍. നിപ കാലത്തടക്കം നിര്‍ണായകമായി മാറിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വടകരയില്‍ കെ.കെ ശൈലജ നേരിട്ട് വോട്ടുചോദിച്ചെത്തുന്നതോടെ മുരളീധരനെതിരേ പ്രയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പൂഴിക്കടകനാണ് ശൈലജയുടെ സ്ഥാനാര്‍ഥിത്വമെന്നായിരുന്നു സി.പി.എം കരുതിയത്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ നേരിയ ആശങ്കയും ഉയര്‍ന്നിരുന്നു. പാര്‍ട്ടി നേതൃത്വങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമപ്പുറം വടകര മണ്ഡലത്തില്‍ മുരളീധരന്റെ വ്യക്തിബന്ധമായിരുന്നു പ്ലസ് പോയിന്റ്. ഇത് വോട്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ ശൈലജ എത്തിയതോടെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റംവന്നൂവെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസിന്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 60,963 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷമാണ് മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് കെ.കെ ശൈലജയ്ക്ക് ലഭിച്ചത്. ആ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷവും കെ.കെ ശൈലജയ്ക്കായിരുന്നു. ഇതിനിടെയാണ് കെ. മുരളീധരനെ തൃശ്ശൂരിലേക്ക് വിളിച്ച് കോണ്‍ഗ്രസ് വന്‍ സര്‍പ്രൈസ് ഒരുക്കിയിരിക്കുന്നത്. പകരം ഷാഫി പറമ്പിലിനെ പരീക്ഷണാര്‍ഥം വടകരയിലേക്ക് മാറ്റുകയും ചെയ്തു. മുസ്‌ലിം വോട്ടുകള്‍ ഏറെയുള്ള മണ്ഡലം എന്നതിനപ്പുറം പ്രതിപക്ഷ നിരയിലെ ഏറ്റവും ഊർജസ്വലനായ യുവനേതാവ് എന്നതാണ് ഷാഫി പറമ്പിലിനെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. മാത്രമല്ല, മുല്ലപ്പള്ളിയില്‍ തുടങ്ങി മുരളീധരനില്‍ വരെയത്തിയ പരീക്ഷണം വിജയിച്ചതിന്റെ തുടര്‍ച്ചയും ഷാഫിയിലൂടെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

ഏഴ് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വടകരയില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വടകര പോലുള്ളവ ഉദാഹരണങ്ങൾ. ലീഗില്‍നിന്ന് കുറ്റ്യാടി മണ്ഡലം 2021-ല്‍ സി.പി.എം തിരിച്ചുപിടിച്ചെങ്കിലും അവരുടെ സ്വാധീനം ഒട്ടും കുറയാത്ത മണ്ഡലമാണിവയെല്ലാം. ഇത് ഷാഫിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഒപ്പം, യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവെന്ന നിലയ്ക്ക് ഷാഫിയെ പരീക്ഷിക്കുന്നത് ഗുണകരമാവുമെന്നും കണക്കുകൂട്ടുന്നു.
പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് പോകാന്‍ തുടങ്ങുന്നുവെന്ന സൂചന ലഭിച്ചപ്പോൾത്തന്നെ മുരളിക്കെതിരേ വന്‍ സോഷ്യല്‍മീഡീയ കാംപയിനായിരുന്നു ഇടതുകേന്ദ്രങ്ങളില്‍നിന്നുണ്ടായത്. ഇതിന് പി.ജയരാജന്‍തന്നെ തുടക്കമിടുകയും ചെയ്തു. 'പെങ്ങള് പോയി സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോവു'മെന്ന് പറഞ്ഞായിരുന്നു ഇതിന് ജയരാജന്‍ തുടക്കമിട്ടത്. ഈ കാംപയിനുകള്‍ മുരളിക്ക് നെഗറ്റീവ് ഇമേജുണ്ടാക്കിയിരുന്നു. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പിയെന്ന സി.പി.എം പ്രചാരണം പത്മജയേയും അനില്‍ ആന്റണിയേയും ഉദാഹരണമായെടുത്ത് സി.പി.എം വടകരയില്‍ ശക്തമാക്കാനിരിക്കെയാണ് ട്വിസ്റ്റുണ്ടായിരിക്കുന്നത്. വടകരയിലെ അപ്രതീക്ഷിത സ്ഥാനാര്‍ഥിമാറ്റത്തിലൂടെ സി.പി.എമ്മിന്റെ പ്രചാരണത്തിന് പ്രതിരോധം തീര്‍ക്കാനാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
Content Highlights: Twist in Congress candidate list k muraleedharn will contest in thrissur
Published: 08 Mar 2024, 07:47 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented